by liji HP News | May 31, 2024 | Latest News, കേരളം
കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിൽ ധ്യാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 45 മണിക്കൂർ നീളുന്ന ധ്യാനം ഇന്നലെ രാത്രി ഏഴരയോടെ ആരംഭിച്ചു. ജൂണ്‍ ഒന്നുവരെ ധ്യാനത്തിലിരിക്കും. ധ്യാനമണ്ഡപത്തിൽ നിലത്താണ് അദ്ദേഹം വിശ്രമിച്ചത്. പ്രധാനമന്ത്രിക്കായി പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല.
സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത്. തുടർച്ചയായ ധ്യാനത്തിലല്ല പ്രധാനമന്ത്രി, പകരം ഇന്ന് പുലർച്ചെ സൂര്യോദയം കാണാൻ അദ്ദേഹം പുറത്തിറങ്ങിയിരുന്നു. ഇന്നലെ വിവേകാനന്ദപ്പാറയിലെത്തിയ പ്രധാനമന്ത്രി തിരുവള്ളൂർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തിരുന്നു. നാളെ ഉച്ചയോടെ ധ്യാനം അവസാനിപ്പിച്ച് അദ്ദേഹം ഡൽഹിക്ക് മടങ്ങും.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ കന്യാകുമാരിയിൽ വന്നിറങ്ങിയ മോദി കന്യാകുമാരി ദേവിയെ തൊഴുത ശേഷം നേവിയുടെ ബോട്ടിലാണ് വിവേകാനന്ദപ്പാറയിലേക്ക് പോയത്. വെള്ളവസ്ത്രം ധരിച്ചെത്തിയ പ്രധാനമന്ത്രി കാവിയുടുത്താണ് ധ്യാനത്തിലിരിക്കുന്നത്.
അതീവ സുരക്ഷയാണ് കന്യാകുമാരിയിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി 2000 ലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വിവേകാനന്ദ സ്മാരത്തിലേക്ക് സന്ദർശകർക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ പൂജാരിമാർ പൂർണകുംഭം നൽകിയാണ് സ്വീകരിച്ചത്. കന്യാകുമാരി ദേവിയുടെ ചില്ലിട്ട ചിത്രവും മോദിക്ക് സമ്മാനിച്ചിരുന്നു.
by liji HP News | May 31, 2024 | Latest News, കേരളം
ആലപ്പുഴ: പേവിഷബാധയേറ്റ് എട്ടു വയസ്സുകാരന്‍ മരിച്ചതില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. പള്ളിപ്പാട് സ്വദേശി ദേവനാരായണനാണ് മരിച്ചത്. ദേവനാരായണന് പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ കുത്തിവെയ്പ് നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
രണ്ടു വട്ടം ഡോക്ടര്‍മാരെ കണ്ടിട്ടും കുത്തിവെയ്പ് നല്‍കിയില്ലെന്ന് മുത്തച്ഛന്‍ കുറ്റപ്പെടുത്തി. ഒരുമാസം മുമ്പാണ് ദേവനാരായണനെ തെരുവുനായ ആക്രമിച്ചത്. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ വീടിന് മുന്നിലൂടെ പോയ അമ്മയെയും കുഞ്ഞിനെയും തെരുവുനായ കടിക്കാന്‍ ഓടിയെത്തിയതു കണ്ട ദേവനാരായണന്‍ കയ്യിലിരുന്ന പന്ത് നായയുടെ നേര്‍ക്ക് എറിഞ്ഞു. ഇതോടെ നായ ദേവനാരായണന് നേര്‍ക്ക് തിരിഞ്ഞു.
by liji HP News | May 31, 2024 | Latest News, കേരളം
തിരുവനന്തപുരം: അമ്മയെ വീട്ടിനുള്ളിലാക്കി മാനസിക രോഗിയായ മകന്‍ വീടിന് തീവെച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിലാണ് ദാരുണ സംഭവം നടന്നത്. നാട്ടുകാര്‍ ഉടനെത്തി തീ അണച്ചതിനാല്‍ ദുരന്തം ഒഴിവായി.വീടിന് തീയിട്ട യുവാവിനെ പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാള്‍ മദ്യലഹരിയിലും ആയിരുന്നതായി പൊലീസ് പറഞ്ഞു.
by liji HP News | May 31, 2024 | Latest News, കേരളം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇന്ന് 60 വയസ് തികയുന്നു. പി ടി ചാക്കോക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം വിശ്രമമില്ലാത്ത ഓട്ടങ്ങള്‍ക്കിടയിലാണ് ഷഷ്ടിപൂര്‍ത്തി.
എറണാകുളം ജില്ലയിലെ പറവൂര്‍ മണ്ഡലത്തില്‍ നിന്നും 2001 മുതല്‍ തുടര്‍ച്ചയായി നിയമസഭാ സാമാജികനാണ് വി ഡി സതീശന്‍. നെട്ടൂരില്‍ വടശ്ശേരി ദാമോദരന്റേയും വി വിലാസിനിയമ്മയുടേയും മകനായി ജനനം. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശം. 1996ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റുകൊണ്ടാണ് സതീശന്റെ തെഞ്ഞെടുപ്പു രാഷ്ട്രീയ തുടക്കം. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കെ എം ദിനകരനെ 7,792 വോട്ടിന് തോല്‍പ്പിച്ചു ആദ്യമായി നിയമസഭയിലെത്തി.
2006-ലും 2011-ലും 2016-ലും 2021-ലും ഇതേ മണ്ഡലത്തില്‍ വിജയം ആവര്‍ത്തിച്ചു. പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതല്‍ മാധ്യമശ്രദ്ധ നേടി.
2006-11 കാലത്ത് ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡ് സതീശനാണ്. ഇതര സംസ്ഥാന ലോട്ടറി പ്രശ്‌നത്തില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കുമായി തുടരെ രാഷ്ട്രീയ സംവാദങ്ങള്‍ നടത്തി. എഐസിസി സെക്രട്ടറി പദവിയും കെപിസിസി വൈസ് പ്രസിഡന്റിന്റെ ചുമതലയും വഹിച്ചു.
by liji HP News | May 31, 2024 | Latest News, കേരളം
മലപ്പുറം: ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ എസ്എച്ച്ഒയ്ക്കും എസ്‌ഐയ്ക്കും സസ്‌പെന്‍ഷന്‍. വളാഞ്ചേരി എസ്എച്ച്ഒ യു എച്ച് സുനില്‍ദാസ് (53), എസ്‌ഐ പിബി ബിന്ദുലാല്‍ (48) എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മലപ്പുറം എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്‌ഐ ബിന്ദുലാലിനെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. സിഐ സുനില്‍ദാസ് ഒളിവിലാണ്.
സ്‌ഫോടകവസ്തു പിടിച്ചെടുത്ത കേസിലെ പ്രതിയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരി എസ്‌ഐ ബിന്ദുലാലും ഇന്‍സ്‌പെക്ടര്‍ സുനില്‍ദാസും ചേര്‍ന്ന് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ഭീഷണി.
കേസില്‍ പ്രതിയായ തിരൂര്‍ മുത്തൂര്‍ സ്വദേശി നിസാറിനെയും കൂട്ടാളികളെയും റിമാന്‍ഡിലാക്കുമെന്ന് എസ്‌ഐയും ഇന്‍സ്‌പെക്ടറും ഭീഷണിപ്പെടുത്തി. ഇവരുടെ കൂടെയുള്ള ചില ഭൂവുടമകള്‍ക്കെതിരെ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കൈക്കൂലി ആവശ്യപ്പെട്ടു. ഇതുപ്രകാരം ബിന്ദുലാല്‍ 10 ലക്ഷം രൂപയും സുനില്‍ദാസ് 8 ലക്ഷം രൂപയും കൈക്കൂലിയായി വാങ്ങി. ഇതിനെല്ലാം ഇടനിലക്കാരനായിനിന്ന അസൈനാര്‍ 4 ലക്ഷം രൂപയും കൈപ്പറ്റി.
നിസാര്‍ ഈ വിവരം പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം, മലപ്പുറം ഡിവൈഎസ്പി ടി മനോജാണു പ്രാഥമിക അന്വേഷണം നടത്തിയത്. കേസ് തിരൂര്‍ ഡിവൈഎസ്പിക്കു കൈമാറി. തിരൂര്‍ ഡിവൈഎസ്പി ഇന്നലെ രാവിലെ വളാഞ്ചേരി സ്റ്റേഷനിലെത്തി പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും എസ്‌ഐയെയും ഇടനിലക്കാരനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ ഇന്നലെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
by liji HP News | May 31, 2024 | Latest News, കേരളം
തിരുവനന്തപുരം: മത്സരയോട്ടം നടത്തിയും വേഗം കൂട്ടിയും കെഎസ്ആര്‍ടിസി ബസ് ഓടിക്കരുതെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയില്‍ വാഹനം ഓടിക്കരുത്. അവരാണ് യഥാര്‍ഥ യജമാനന്മാര്‍. സമയം പാലിക്കണം. സമയത്തിന് വണ്ടി സ്റ്റേഷനില്‍ നിന്ന് എടുത്തെന്നും സമയത്ത് വണ്ടി സ്റ്റേഷനില്‍ എത്തിയെന്നും ഉറപ്പാക്കണം. ചെറുവാഹനങ്ങള്‍ കാണുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ വാഹനം ഓടിക്കണം. പ്രൈവറ്റ് ബസുമായി മത്സരത്തിന് പോകരുത്. റോഡില്‍ സമാന്തരമായി വാഹനം നിര്‍ത്തണം. റോഡില്‍ ആര് കൈ കാണിച്ചാലും നിര്‍ത്തി കൊടുക്കണമെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരോട് ഗണേഷ് കുമാര്‍ പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രിയുടെ വീഡിയോ പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ ഡ്രൈവര്‍ വിഭാഗം ജീവനക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു മന്ത്രി.
‘കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അച്ചടക്കം പാലിക്കണം. കെഎസ്ആര്‍ടിസി എല്ലാ കാലത്തും അപകടങ്ങള്‍ ഉണ്ടാക്കുന്നു എന്ന ആരോപണമുണ്ട്. ഓരോ ദിവസവും നാലായിരത്തോളം കെഎസ്ആര്‍ടിസി ബസുകളാണ് റോഡില്‍ ഇറങ്ങുന്നത്. അതുകൊണ്ട് അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ അതില്‍ കെഎസ്ആര്‍ടിസിയുടെ പങ്ക് കൂടുതലായിരിക്കും. ഇത് കുറയ്ക്കാന്‍ ശ്രമിക്കണം. അടുത്തിടെയായി മദ്യപിച്ച് വാഹനം ഓടിക്കേണ്ട എന്ന നിലപാട് മാനേജ്‌മെന്റ് എടുക്കുകയും സിഎംഡിയുടെ നിര്‍ദേശപ്രകാരം മദ്യപിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്ത ശേഷം വളരെയധികം അപകടങ്ങള്‍ കുറഞ്ഞിട്ടുണ്ട്. നേരത്തെ ഒരാഴ്ച ഏഴും ആറും അപകടമരണങ്ങളാണ് കെഎസ്ആര്‍ടിസി മൂലം സംഭവിച്ചിരുന്നത്. ഇത് ഒന്നും രണ്ടുമായി കുറയ്ക്കാന്‍ സാധിച്ചു. സ്വിഫ്റ്റ് ബസ് ഓടിക്കുന്നത് ചെറുപ്പക്കാരാണ്. മറ്റു കെഎസ്ആര്‍ടിസി ബസ് ഡ്രൈവരുടെ അത്രയും അനുഭവ സമ്പത്ത് കുറവാണ്. അതുകൊണ്ട് കുറച്ചും കൂടി ശ്രദ്ധിക്കണം.’- മന്ത്രി ഓര്‍മ്മപ്പെടുത്തി.
‘അതുകൊണ്ട് വേഗം കൂട്ടിയും മത്സരയോട്ടം നടത്തിയും വാഹനം ഓടിക്കരുത്. കെഎസ്ആര്‍ടിസി ബസിന്റെ യജമാനന്‍, അത് സിഎംഡിയും മന്ത്രിയും ഒന്നുമല്ല. യാത്രക്കാരാണ് കെഎസ്ആര്‍ടിസിയുടെ യജമാനന്മാര്‍. അവരെ ഭയപ്പെടുത്തുന്ന രീതിയില്‍ വണ്ടി ഓടിക്കരുത്. സമയം പാലിക്കണം. സമയത്തിന് വണ്ടി സ്റ്റേഷനില്‍ നിന്ന് എടുക്കുക. സമയത്തിന് വണ്ടി സ്റ്റേഷനില്‍ എത്തിക്കുക. സമയത്തിന് ഇറങ്ങി സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയും എന്ന് അറിഞ്ഞാല്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ കൂടുതലായി ആശ്രയിക്കും. ചെറുവാഹനങ്ങള്‍ കാണുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ ഓടിക്കുക. ചെറു വാഹനങ്ങള്‍ മുട്ടിയാല്‍ വലിയ വാഹനങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. എന്നാല്‍ ചെറുവാഹനങ്ങള്‍ക്ക് അങ്ങനെയല്ല. സ്‌കൂട്ടറില്‍ സര്‍ക്കസ് കാണിക്കുന്നവരെ കണ്ടാല്‍ അവരെ വിട്ടേക്ക്. അവരെ ക്ഷമിച്ച് വിട്ടേക്ക്. നിങ്ങള്‍ കുറച്ചുംകൂടി പക്വത കാണിക്കണം.’- മന്ത്രി പറഞ്ഞു.
പ്രൈവറ്റ് ബസുമായി മത്സരത്തിന് പോകേണ്ട. അങ്ങനെ മത്സരത്തിന് പോകുമ്പോള്‍ പലപ്പോഴും റോഡരികില്‍ നില്‍ക്കുന്ന നിരപരാധിയായ വ്യക്തികളുടെ ജീവനാണ് ഭീഷണിയാവുന്നത്. കെഎസ്ആര്‍ടിസി ബസായാലും പ്രൈവറ്റ് ബസായാലും വാഹനം നിര്‍ത്തുമ്പോള്‍ പരമാവധി ഇടതുവശം ചേര്‍ത്തുനിര്‍ത്താന്‍ ശ്രദ്ധിക്കണം. എതിര്‍വശത്ത് നിന്നു വരുന്ന ബസുമായി സമാന്തരമായി ബസ് നിര്‍ത്താന്‍ പാടില്ല. ചിലപ്പോള്‍ സ്‌റ്റോപ്പ് ആയിരിക്കാം. കുറച്ചു മുന്നോട്ട് മാറ്റി നിര്‍ത്തുക. സമാന്തരമായി വാഹനം നിര്‍ത്തുന്നത് മറ്റു വാഹന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി മാറും. ഇത് ഗതാഗതക്കുരുക്കിന് കാരണമാകും. മുന്നില്‍ കൊണ്ടുപോയി ബസ് നിര്‍ത്തുന്നത് പ്രൈവറ്റ് ബസുകാരുടെ ഒരു രീതിയാണ്. മറ്റുള്ള വാഹനങ്ങള്‍ കയറി പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. മറ്റുള്ളവര്‍ക്കും റോഡില്‍ യാത്ര ചെയ്യാന്‍ അവകാശമുണ്ട്. റോഡിന്റെ നടുവില്‍ ഒരു കാരണവശാലും വാഹനം നിര്‍ത്തരുത്.’- ഗണേഷ് കുമാര്‍ ഓര്‍മ്മിപ്പിച്ചു.
‘ഫോണില്‍ സംസാരിച്ച് കൊണ്ട് വാഹനം ഓടിക്കരുത്. വണ്ടി ഓടിക്കുമ്പോള്‍ ഒരു കാരണവശാലും മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവും. ഒരേ റൂട്ടിലേക്ക് വരിവരിയായി വണ്ടി ഓടിച്ച് പോകരുത്. കാണുന്ന ആളുകള്‍ക്ക് അത് പരിഹാസമാകും. മുന്നില്‍ അതേ റൂട്ടില്‍ ഓടുന്ന ബസ് ഉണ്ടെങ്കില്‍ വേഗം കുറച്ച് വരിവരിയായി പോകുന്നത് ഒഴിവാക്കുക. വരിവരിയായി ബസ് ഓടുന്നത് നഷ്ടം കൂട്ടാന്‍ ഇടയാക്കും. നാട്ടുകാരും പറയും. കാലിയായി ബസ് ഓടിക്കുന്നു എന്ന്. വെറുതെയല്ല ഇവര്‍ നഷ്ടത്തിലായത് എന്ന് പറഞ്ഞ് പരിഹസിക്കും. ബസില്‍ ആളുകള്‍ കയറി എന്ന് ഉറപ്പാക്കിയ ശേഷം വണ്ടിയെടുക്കുക. കൈ കാണിച്ചാല്‍ വണ്ടി നിര്‍ത്തി കൊടുക്കണം. വണ്ടി നിര്‍ത്തി ആളെ കയറ്റിയാലെ കളക്ഷന്‍ കിട്ടൂ. ആക്‌സിലേറ്ററില്‍ കൂടുതല്‍ കാല് കൊടുത്ത് ഡീസല്‍ അമിതമായി കത്തിച്ചുകളയുന്നത് ഒഴിവാക്കണം. പരമാവധി മൈലേജ് കിട്ടുന്ന രീതിയില്‍ വേണം വണ്ടിയോടിക്കാന്‍.’- മന്ത്രി കൂട്ടിച്ചേര്‍ത്തു.
Recent Comments