ഓട്ടത്തിനിടെ മുന്‍ചക്രം ഇളകിത്തെറിച്ചുപോയി; കാര്‍ പാഞ്ഞത് 15 കിലോമീറ്റര്‍ ദൂരം

ഓട്ടത്തിനിടെ മുന്‍ചക്രം ഇളകിത്തെറിച്ചുപോയി; കാര്‍ പാഞ്ഞത് 15 കിലോമീറ്റര്‍ ദൂരം

കൊല്ലം: ഓട്ടത്തിനിടെ മുന്‍ചക്രം ഇളകിത്തെറിച്ചുപോയ കാര്‍ ദേശീയപാതയിലൂടെ പാഞ്ഞത് 15 കിലോമീറ്റര്‍ ദൂരം. ഒടുവില്‍ റോഡരികിലെ മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറിയ കാറില്‍നിന്നു ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കുണ്ടറ ഇളമ്പള്ളൂര്‍ ചരുവിളവീട്ടില്‍ കെ സാംകുട്ടി(60)യാണു കാറോടിച്ചത്. ഇയാള്‍ക്കെതിരെ മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനു കൊട്ടാരക്കര പൊലീസ് കേസെടുത്തു.

കഴിഞ്ഞ രാത്രി പത്തരയോടെയാണു സംഭവം. പുനലൂര്‍ ഭാഗത്തു നിന്നു കുണ്ടറയിലേക്കു പോവുകയായിരുന്നു കാര്‍. കുന്നിക്കോട് ഭാഗത്തു വച്ചാണു ടയര്‍ ഊരിത്തെറിച്ചതെന്ന് പൊലീസ് പറയുന്നു. ഇതറിയാതെ പാഞ്ഞുപോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും തടയാനായില്ല. ഇതിനിടെ ഏതാനും വാഹനങ്ങളില്‍ ഇടിച്ചതായും പരാതിയുണ്ട്. കൊട്ടാരക്കര പൊലീസ് സ്റ്റേഷനു മുന്നിലൂടെയും കുതിച്ചുപാഞ്ഞ കാര്‍ കിള്ളൂരിനു സമീപം മണ്‍തിട്ടയില്‍ ഇടിച്ചുനിന്നു. തലയ്ക്കും മുഖത്തും മുറിവേറ്റ സാംകുട്ടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഴിക്കോട് ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ; 11 കാരി ഐസിയുവില്‍

കോഴിക്കോട് ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ; 11 കാരി ഐസിയുവില്‍

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ. 11 കാരി ആരാധ്യ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വൈത്തിരിയിലെ ഒരു റസ്റ്റോറന്റില്‍ നിന്നും കഴിഞ്ഞദിവസം ഇവര്‍ ബിരിയാണി കഴിച്ചിരുന്നു.

രാജേഷ്, ഷിംന, ആദിത് എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണ്. മീനങ്ങാടിയിലെ സുഹൃത്തിന്റെ വീട്ടിലെത്തി അല്‍പ്പസമയത്തിനകം പെണ്‍കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായായി. മറ്റുള്ളവര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.

ഉടന്‍ തന്നെ അമ്പല വയലിലെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. എന്നാല്‍ രോഗശമനം ഇല്ലാത്തതിനാല്‍ ഇവരെ കോഴിക്കോട് മുക്കത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. 11 കാരി ഐസിയുവിലാണ്. സംഭവത്തില്‍ പരാതി നല്‍കുമെന്ന് വീട്ടുകാര്‍ സൂചിപ്പിച്ചു.

ഒരു മാസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തി; ലൈംഗിക പീഡന കേസില്‍ പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍

ഒരു മാസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തി; ലൈംഗിക പീഡന കേസില്‍ പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍

ബംഗളൂരു: ലൈംഗിക പീഡന കേസില്‍ പ്രതിയായ ജനതാദള്‍ (എസ്) നേതാവ് പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍. ലൈംഗിക പീഡന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജര്‍മനിയിലേക്ക് കടന്ന പ്രജ്വല്‍ രേവണ്ണയെ(33) പുലര്‍ച്ചെ ഒന്നിനു ബം​ഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് കര്‍ണാടക പൊലീസ് പിടികൂടിയത്.

ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ വിമാനത്തില്‍നിന്ന് നേരിട്ട് പിടികൂടി വിഐപി ഗേറ്റിലൂടെ പുറത്തെത്തിച്ചു. 34 ദിവസത്തെ ഒളിവിനു ശേഷമാണു തിരിച്ചെത്തിയത്. ബിസിനസ് ക്ലാസില്‍ 8ജി സീറ്റില്‍ പ്രജ്വല്‍ യാത്ര ചെയ്ത ലുഫ്താന്‍സ വിമാനം മ്യൂണിക്കില്‍ നിന്നു പുറപ്പെട്ട് ഇന്നു പുലര്‍ച്ചെ 12.48നാണ് ബംഗളൂരുവില്‍ ടെര്‍മിനല്‍ രണ്ടില്‍ ലാന്‍ഡ് ചെയ്തത്. ബംഗളൂരു വിമാനത്താവളത്തില്‍ കാത്തുനിന്ന പൊലീസ് സംഘം തൊട്ടു പിന്നാലെ വിമാനത്തിലേക്ക് എത്തുകയായിരുന്നു. 9 അംഗ പ്രത്യേക അന്വേഷണ സംഘവും മഫ്തിയില്‍ വിമാനത്താവളത്തിലുണ്ടായിരുന്നു.

പുറത്തെത്തിച്ചതിനു പിന്നാലെ പ്രജ്വലിനെ ബൗറിങ് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിമാനത്താവളത്തിനു ചുറ്റും കനത്ത സുരക്ഷാസന്നാഹമാണ് ഒരുക്കിയത്. ജീവനക്കാരുടെ മൊബൈല്‍ഫോണുകള്‍ക്കുള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ 10ന് എസ്‌ഐടിക്കു മുന്നില്‍ ഹാജരാകുമെന്ന പ്രജ്വലിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജനപ്രതിനിധികളുടെ പ്രത്യേക കോടതി എംപിക്കെതിരെ നേരത്തേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗിക ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഏപ്രില്‍ 26ന് രാത്രിയാണ് പ്രജ്വല്‍ രാജ്യം വിട്ടത്. 60 വയസ് പിന്നിട്ട വീട്ടുജോലിക്കാര്‍ അടക്കമാണ് പ്രജ്വലിനെതിരെ പരാതിയുമായി രംഗത്തുവന്നത്. പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന കര്‍ണാടകയുടെ ആവശ്യത്തെ തുടര്‍ന്ന്, കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ജൂണ്‍ 2 വരെയാണ് സമയം അനുവദിച്ചിരുന്നത്. 10 ദിവസത്തെ സമയപരിധി അവസാനിക്കുന്നതോടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം വക്താവ് രണ്‍ദീപ് ജയ്‌സ്വാള്‍ അറിയിച്ചിരുന്നു.

എഫ്‌ഐആര്‍ ഇല്ലാതെ പൊലീസ് വീട്ടില്‍ കയറി, സ്ത്രീകള്‍ക്കു നേരെ കൈയേറ്റം, ഒന്നര ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

എഫ്‌ഐആര്‍ ഇല്ലാതെ പൊലീസ് വീട്ടില്‍ കയറി, സ്ത്രീകള്‍ക്കു നേരെ കൈയേറ്റം, ഒന്നര ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ചെന്നൈ: എഫ്‌ഐആറും മുന്നറിയിപ്പുകളുമില്ലാതെ പൊലീസ് വീട്ടില്‍ക്കയറി സ്ത്രീകളെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ ചെയ്ത് മനുഷ്യാവകാശ കമ്മീഷന്‍. കുറ്റക്കാരായ പൊലീസുകാരില്‍ നിന്ന് തുക പിരിച്ചെടുത്തു നല്‍കാനാണ് തമിഴ്നാട് സര്‍ക്കാരിന് നല്‍കിയിട്ടുള്ള നിര്‍ദേശം. പൊലീസ് ഒഴിഞ്ഞുമാറിയ കേസില്‍ 11 വര്‍ഷത്തിനുശേഷമാണ് മനുഷ്യാവകാശ കമ്മീഷനില്‍നിന്ന് വാസുകിക്ക് നീതി ലഭിക്കുന്നത്.

ചെന്നൈ ബസന്റ് നഗറില്‍ താമസിക്കുന്ന വാസുകിയാണ് പരാതി നല്‍കിയത്. 2013 ജൂലായ് 11-നാണ് കേസിനാസ്പദമായ സംഭവം. നാല് പൊലീസുകാര്‍ പുലര്‍ച്ചെ അഞ്ചോടെ മതില്‍ ചവിട്ടിപ്പൊളിച്ച് വീടിനകത്ത് കടന്നു. അന്ന് നെതര്‍ലന്‍ഡ്‌സില്‍ ശാസ്ത്രജ്ഞനായി ജോലിചെയ്യുകയായിരുന്നു വാസുകിയുടെ ഭര്‍ത്താവ് രാജഗോപാല്‍. സ്വത്തുകേസില്‍ രാജഗോപാലിനെ ചോദ്യംചെയ്യാനാണെന്നു പറഞ്ഞാണ് പൊലീസുകാര്‍ എത്തിയത്. വീട്ടില്‍ കയറിയ പൊലീസുകാര്‍ വാസുകിയെയും ബന്ധുവായ മറ്റൊരു സ്ത്രീയെയും മര്‍ദിക്കുകയായിരുന്നു.

സംഭവ സമയത്ത് സബ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എസ് രാജശേഖരന്‍, എസ് ഇസ്മയില്‍ എന്നിവരില്‍നിന്ന് 50,000 രൂപ വീതവും ഹെഡ് കോണ്‍സ്റ്റബിള്‍മാരായിരുന്ന പത്മനാഭന്‍, എല്‍ ഉമാശങ്കര്‍ എന്നിവരില്‍ നിന്ന് 25,000 രൂപ വീതവും തിരിച്ചുപിടിച്ച് വാസുകിക്ക് നഷ്ടപരിഹാരമായി നല്‍കാനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി കണ്ണദാസന്‍ ശുപാര്‍ശ ചെയ്തത്. അഞ്ചാം പ്രതിയാക്കിയിരുന്ന റിട്ട. ഡിഎസ്പി ധര്‍മലിംഗത്തിന്റെ പേരിലുണ്ടായിരുന്ന പരാതി തള്ളി.

സ്വര്‍ണവിലയില്‍ മാറ്റമില്ല; 53,500ല്‍ താഴെ തന്നെ

സ്വര്‍ണവിലയില്‍ മാറ്റമില്ല; 53,500ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6670 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെയും.

20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞുമാണ് സ്വര്‍ണവില. ഓഹരി വിപണിയിലെ മുന്നേറ്റവും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.

സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിന്‍ അന്തരിച്ചു

സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിന്‍ അന്തരിച്ചു

കൊച്ചി: മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യയും സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷന്‍ അംഗവുമായ

ലിസമ്മ അഗസ്റ്റിന്‍ (74) അന്തരിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജിയുമായിരുന്നു. എറണാകുളം പ്രോവിഡന്‍സ് റോഡില്‍ മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. കാസര്‍കോഡ് ഭീമനടിയില്‍ പരേതനായ അഗസ്റ്റിന്‍ പാലമറ്റത്തിന്റെയും പരേതയായ അനസ്താസിയയുടെയും മകളാണ്.

1985ല്‍ കാസര്‍കോട് മുന്‍സിഫായി ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രിബ്യൂണല്‍, നിയമവകുപ്പില്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാര്‍ഷികാദായ നികുതി വില്‍പന നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ ചെയര്‍പഴ്‌സനും ചെന്നൈയിലെ കമ്പനി ലോ ബോര്‍ഡില്‍ ജുഡീഷ്യല്‍ അംഗവും ആയിരുന്നു.

പോള്‍സ് ലോ അക്കാദമിയുടെ ഡയറക്ടറും ഹൈക്കോടതി ആര്‍ബിട്രേറ്ററുമായിരുന്നു. ‘ഫൊര്‍ഗോട്ടണ്‍ വിക്ടിം’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. സംസ്‌കാരം ശനിയാഴ്ച രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ സെമിത്തേരിയില്‍.

മക്കള്‍: ഡോണ്‍ സെബാസ്റ്റ്യന്‍ (മാധ്യമപ്രവര്‍ത്തകന്‍, നോര്‍വേ), റോണ്‍ സെബാസ്റ്റ്യന്‍ (ഹൈക്കോടതി അഭിഭാഷകന്‍), ഷോണ്‍ സെബാസ്റ്റ്യന്‍ (മാധ്യമപ്രവര്‍ത്തകന്‍/ ഡോക്യുമെന്ററി സംവിധായകന്‍). മരുമക്കള്‍: ഡെല്‍മ ഡൊമിനിക് ചാവറ ( നോര്‍വെ), സബീന പി. ഇസ്മയില്‍ (ഗവണ്‍മെന്റ് പ്ലീഡര്‍, ഹൈക്കോടതി).