by Midhun HP News | May 29, 2024 | Latest News, കേരളം
കൊച്ചി: കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ ഉള്‍പ്പെട്ട പണമിടപാടു കേസില്‍ കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരില്‍ ഒരാളായ ഷോണ്‍ ജോര്‍ജ്. നിലവില്‍ അന്വേഷണം നടക്കുന്ന സിഎംആര്‍എല്‍-എക്സാലോജിക്ക് ഇടപാടില്‍നിന്നുള്ള വലിയ തുക അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലാണു സൂക്ഷിച്ചിരുന്നതെന്ന് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഷോണ്‍ പറഞ്ഞു.
എക്സാലോജിക് കണ്‍സള്‍ട്ടിങ്, മീഡിയ സിറ്റി, യുഎഇ എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത്. വീണാ തായ്ക്കണ്ടിയില്‍, എം സുനീഷ് എന്നിവരാണ് 2016 മുതല്‍ 2019 വരെ ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്തിരുന്നത്. ഇതു വഴി വലിയ തുക അമേരിക്കയിലെ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും ഷോണ്‍ പറഞ്ഞു.
ഈ വിവരങ്ങള്‍ ഏപ്രില്‍ 19ന് ചെന്നൈയിലെ ഇ ഡി സ്പെഷ്യല്‍ ഡയറക്ടര്‍ക്കു നല്‍കി. മറ്റൊരാള്‍ നല്‍കിയ വിവരങ്ങളാണിതെന്നും അന്വേഷണത്തിന് ഗുണകരമാകുമെന്നു കരുതുന്നതിനാലാണ് അധികൃതര്‍ക്കു സമര്‍പ്പിക്കുന്നതെന്നും ഷോണ്‍ പറഞ്ഞു.
രണ്ട് വിദേശ കമ്പനികളില്‍നിന്ന് അബുദാബിയിലെ അക്കൗണ്ടുകളിലേക്ക് 3 കോടി രൂപ വീതം എത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനു പുറമെ ഒട്ടേറെ കമ്പനികളില്‍നിന്ന് ഈ അക്കൗണ്ടിലേക്ക് പണമെത്തിയിരുന്നുവെന്നും ഇതെല്ലാം യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
by Midhun HP News | May 29, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ 9 റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ (ആര്‍ആര്‍ടി) രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ നടത്തിപ്പിനായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവയുടെ 9 തസ്തികകള്‍ വീതം സൃഷ്ടിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി.
തിരുവനന്തപുരം ഡിവിഷനില്‍ പാലോട്, പുനലൂര്‍ ഡിവിഷനില്‍ തെന്മല, കോട്ടയം ഡിവിഷനില്‍ വണ്ടന്‍പതാല്‍, മാങ്കുളം ഡിവിഷനില്‍ കടലാര്‍, കോതമംഗലം ഡിവിഷനില്‍ കോതമംഗലം എന്നിവിടങ്ങളിലും ചാലക്കുടി ഡിവിഷനില്‍ പാലപ്പിള്ളി, നെന്മാറ ഡിവിഷനില്‍ കൊല്ലങ്കോട്, നിലമ്പൂര്‍ സൗത്ത് ഡിവിഷനില്‍ കരുവാരക്കുണ്ട്, നോര്‍ത്ത് വയനാട് ഡിവിഷനില്‍ മാനന്തവാടി എന്നിവിടങ്ങളിലുമാണ് പുതുതായി രൂപീകരിക്കുന്ന ആര്‍ആര്‍ടികള്‍.
by Midhun HP News | May 29, 2024 | Latest News, കേരളം
കൊച്ചി: വരാപ്പുഴയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അല്‍ഷിഫാഫ് ആണ് നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.
രണ്ടാഴ്ച മുമ്പാണ് ഇവര്‍ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസം ആരംഭിച്ചത്. സംഭവസമയത്ത് അല്‍ഷിഫാഫിന്റെ ഭാര്യ വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് പരിസരവാസികള്‍ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും.
by Midhun HP News | May 29, 2024 | Latest News, കേരളം
മലപ്പുറം: തൊഴില്‍തേടി അബുദാബിയില്‍ നിന്ന് തായ്‌ലന്റിലെത്തിയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ യുവാക്കളെ സായുധ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. യുവാക്കള്‍ ഇപ്പോള്‍ മ്യാന്‍മാറിലെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് വിവരം. സംഭവത്തില്‍ ബന്ധുക്കള്‍ വിദേശകാര്യ മന്ത്രാലയത്തിലുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് 27നാണ് മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ ശുഹൈബ്, സഫീര്‍ എന്നിവര്‍ സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയത്. പിന്നീട് തായ്‌ലന്റ് ആസ്ഥാനമായ കമ്പനിയിയില്‍ ജോലി ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷ നല്‍കി. ഓണ്‍ലൈന്‍ അഭിമുഖത്തിനു ശേഷം ജോലി ലഭിച്ചതായുളള അറിയിപ്പിനൊപ്പം തായ്‌ലന്റിലേക്കുള്ള വിമാനടിക്കറ്റും ലഭിച്ചു.
ഈ മാസം 22നാണ് തായ് ലാന്റിലെ സുവര്‍ണഭൂമി വിമാനത്താവളത്തിലെത്തിയത്. പുറത്തിറങ്ങിയ ഇവരെ ഏജന്റ് വാഹനത്തില്‍ കയറ്റി സായുധ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇടക്ക് ഫോണില്‍ ബന്ധപ്പെട്ട ഇരുവരും പറഞ്ഞാണ് ഇക്കാര്യം കുടുംബം അറിഞ്ഞത്. മലയാളികളുള്‍പ്പെടെ നിരവധി പേര്‍ കെണിയില്‍ പെട്ടിട്ടുണ്ടെന്ന് യുവാക്കള്‍ അറിയിച്ചത്. ഇരുവരുടേയും മോചനത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു.
by Midhun HP News | May 29, 2024 | Latest News, കേരളം
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അഡ്മിഷന്‍ ഗേറ്റ്‌വേ വഴി ഫലം പരിശോധിക്കാം. എസ്.എസ്.എല്‍.സി പുനര്‍മൂല്യനിര്‍ണയത്തിലെ ഫലം ട്രയല്‍ അലോട്ട്‌മെന്റില്‍ പരിഗണിച്ചിട്ടില്ല. ട്രയല്‍ അലോട്ട്‌മെന്റിന് ശേഷം അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം നല്‍കും. മെയ് 31ന് വൈകിട്ട് അഞ്ച് വരെ ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം.
തിരുത്തലുകള്‍ ആവശ്യമെങ്കില്‍ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകള്‍/ ഉള്‍പ്പെടുത്തലുകള്‍ വരുത്തി മെയ് 31ന് വൈകിട്ട് അഞ്ചിനകം ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. ഇതിന് ശേഷം തിരുത്തലുകള്‍ വരുത്താന്‍ കഴിയില്ല. ഇതിനുള്ള സഹായം സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറികളിലെ ഹെല്‍പ് ഡെസ്‌ക്കുകളില്‍ ലഭ്യമാണ്. ജൂണ്‍ അഞ്ചിനാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക.
സംസ്ഥാനത്ത് ആകെ പ്ലസ് വണ്‍ പ്രവേശനത്തിനായി 4,65,960 വിദ്യാര്‍ഥികളാണ് ഇക്കുറി ഏകജാലകം മുഖേന അപേക്ഷിച്ചിട്ടുള്ളത്. പ്ലസ് വണ്‍ അപേക്ഷകരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്.8 2434 വിദ്യാര്‍ഥികളാണ് മലപ്പുറത്ത് ഇക്കുറി അപേക്ഷിച്ചിട്ടുള്ളത്. മുന്‍വര്‍ഷത്തേക്കാള്‍ 6,600ഓളം അപേക്ഷകര്‍ കൂടുതലാണ്, മലബാറില്‍ മാത്രം 5000 അപേക്ഷകള്‍ വര്‍ധിച്ചു. അതുകൊണ്ടു തന്നെ സീറ്റ് പ്രതിസന്ധിയും രൂക്ഷമാകാനാണ് സാധ്യത.
by Midhun HP News | May 29, 2024 | Latest News, കേരളം
കോഴിക്കോട്: രാജ്യ തലസ്ഥാനത്തെ കടുത്ത ചൂടില്‍ മലയാളി പൊലീസുകാരന്‍ സൂര്യാഘാതമേറ്റു മരിച്ചു. കോഴിക്കോട് വടകര സ്വദേശി കെ ബിനേഷ് (50)ആണ് മരിച്ചത്. ഡല്‍ഹി പൊലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ്.
വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. ബിനേഷ് ഉള്‍പ്പെടെ 12 മലയാളികളാണ് പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. ചൂടേറ്റു തളര്‍ന്നു തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാര്‍ ബാലാജി ആശുപത്രിയിലേക്കു മാറ്റി. അവിടെ വച്ചായിരുന്നു മരണം. മൃതദേഹം ഇന്നു നാട്ടിലെത്തിക്കും.
കനത്ത ചൂടു കാരണം ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 49.9 ഡിഗ്രി സെല്‍ഷ്യസ് ആണ് ഉയര്‍ന്ന താപനില. ഡല്‍ഹിയിലെ മുങ്കേഷ്പുര്‍, നരേല തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നലെ ഉയര്‍ന്ന താപനില 49.9 രേഖപ്പെടുത്തി. ജൂണ്‍ 1,2 തീയതികളില്‍ പൊടിക്കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
വരും ദിവസങ്ങളില്‍ കടുത്ത ശുദ്ധജലക്ഷാമം ഉണ്ടാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പൈപ്പ് വെള്ളം ഉപയോഗിച്ചു വാഹനങ്ങള്‍ കഴുകരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. വീടുകള്‍ക്കു മുകളിലുള്ള വാട്ടര്‍ടാങ്കില്‍ നിന്ന് വെള്ളം നിറഞ്ഞൊഴുകുന്ന് ശ്രദ്ധയില്‍ പെട്ടാലും പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
Recent Comments