സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 200 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 200 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 200 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,680 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീട് ഇന്നുള്‍പ്പെടെ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്.

കെഎസ്ആര്‍ടിസിയിലെ ശൗചാലയങ്ങള്‍ വൃത്തിഹീനം,പരിപാലനമില്ല കരാറുകാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

തിരുവനന്തപുരം: വൃത്തിഹീനമായ സാഹചര്യവും ശരിയായ പരിപാലനം ഇല്ലായ്മയും ചൂണ്ടിക്കാണിച്ച് വിവിധ കെഎസ്ആര്‍ടിസി ബസ്റ്റാന്റുകളിലെ ശൗചാലയം നടത്തിപ്പുകാര്‍ക്കെതിരെ നടപടിക്കു നിര്‍ദേശം.

സംസ്ഥാനത്തെ വിവിധ കെഎസ്ആര്‍ടിസി യൂണിറ്റുകളിലെ ബസ്റ്റാന്‍ഡുകളിലെ ശൗചാലയങ്ങളുടെ പരിപാലനം പരിശോധിക്കാന്‍ ഗതാഗത മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് ശൗചാലയം നടത്തിപ്പിന് കരാര്‍ എടുത്തിരുന്നവര്‍ക്കെതിരെ നടപടിയ്ക്ക് നിര്‍ദേശം നല്‍കിയത്.

കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ കെഎസ്ആര്‍ടിസിയുടെ ചില ഡിപ്പോകള്‍ സന്ദര്‍ശിക്കുകയും ശൗചാലയങ്ങളില്‍ മാനദണ്ഡം അനുസരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളോ പരിപാലനമോ നടക്കുന്നില്ല എന്നും കണ്ടെത്തിയത്. കെഎസ്ആര്‍ടിസിയുടെ കോട്ടയം, തിരുവല്ല യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പിനുളള കരാര്‍ ഉടമ്പടിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പല വ്യവസ്ഥകളും പാലിക്കുന്നില്ലെന്നും അധികൃതര്‍ക്ക് ബോധ്യപ്പെട്ടു.

യാത്രക്കാരെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ കുറച്ചുകൂടി ഗൗരവകരമായ സമീപനം കൈക്കൊള്ളണമെന്നും കേരളത്തിലെ എല്ലാ യൂണിറ്റുകളിലും ഇത്തരത്തിലുള്ള മിന്നല്‍ പരിശോധനകള്‍ കര്‍ശനമാക്കണമെന്നും സി എം ഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ശക്തമായ മഴ: സംസ്ഥാനത്ത് മരണം ആറായി, രണ്ട് പേരെ കാണാതായി

ശക്തമായ മഴ: സംസ്ഥാനത്ത് മരണം ആറായി, രണ്ട് പേരെ കാണാതായി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ സംസ്ഥാനത്ത് മരണം ആറായി. രണ്ടു പേരെ കാണാതായി. അരുവിക്കര പൈക്കോണം ദുര്‍ഗാ ക്ഷേത്രത്തിന് സമീപം അനു നിവാസില്‍ അശോകന്‍ (56) കിള്ളിയാറില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ബുധനൂരില്‍ കാല്‍വഴുതി തോട്ടില്‍ വീണ വയോധിക മരിച്ചു. ബുധനൂര്‍ കടമ്പൂര്‍ ഒന്നാം വാര്‍ഡില്‍ ചന്ദ്ര വിലാസത്തില്‍ പരേതനായ രാഘവന്റെ ഭാര്യ പൊടിയമ്മയാണ് (80) മരിച്ചത്. ഞായറാഴ്ച രാത്രി 7.30ഓടെയാണ് അപകടം സംഭവിച്ചത്. തോടിനുമുകളിലെ സ്ലാബില്‍ ചവിട്ടിയപ്പോള്‍ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.

അതേസമയം, കോട്ടയം മുണ്ടക്കയത്ത് മണിമലയാറ്റില്‍ ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായി. കല്ലേപ്പാലം കളപ്പുരയ്ക്കല്‍ തിലകനെ (46) മണിമലയാറ്റില്‍ കാണാതായി. വക്കം വേമ്പനാടു കായലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദന്‍ (58) ആണ് മരിച്ചത്. ശക്തമായ കാറ്റിനെ തുടര്‍ന്നു വള്ളം മറിഞ്ഞാണ് അപകടം.ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാ അപകടമുണ്ടായത്.

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം മരിച്ചു. കാഞ്ഞങ്ങാട്ട് കൂട്ടുകാര്‍ക്കൊപ്പം അരയിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അരയി വട്ടത്തോട് മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്.

ഇടുക്കി മറയൂര്‍ കോവില്‍ക്കടവില്‍ ഒഴുക്കില്‍പ്പെട്ട് മധ്യവയസ്‌കന്‍ മരിച്ചു. പാമ്പാര്‍ സ്വദേശി രാജന്‍ (57) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടയില്‍ കാല്‍ വഴുതി ആറ്റിലേക്ക് വീഴുകയായിരുന്നു. കൊച്ചിയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വേങ്ങൂര്‍ മേയ്ക്കപ്പാല ഐക്കരപ്പടി ഷൈബിന്റെ മകന്‍ എല്‍ദോസാണ് മരിച്ചത്ണ്.

കല്ലടയാറ്റിലെ കുത്തൊഴുക്കിൽ അകപ്പെട്ട് കിലോ മീറ്ററോളം ഒഴുകിപ്പോയ വീട്ടമ്മയ്ക്ക് പുനർജന്മം

കല്ലടയാറ്റിലെ കുത്തൊഴുക്കിൽ അകപ്പെട്ട് കിലോ മീറ്ററോളം ഒഴുകിപ്പോയ വീട്ടമ്മയ്ക്ക് പുനർജന്മം

ശാസ്താംകോട്ട: കല്ലടയാറ്റിൽ അബദ്ധത്തിൽ വീണതിനെ തുടർന്ന് കുത്തൊഴുക്കിൽ അകപ്പെട്ട് കിലോ മീറ്ററുകളോളം ഒഴുകിപ്പോയ വീട്ടമ്മയ്ക്ക് ഒടുവിൽ പുനർജന്മം ലഭിച്ചു. ഏനാത്ത് താഴത്തുകുളക്കട മനോജ് ഭവനത്തിൽ ശ്യാമളയമ്മയാണ്(61) വീടിനു സമീപം വച്ച് കല്ലടയാറ്റിൽ വീണത്. ഞാങ്കടവ് പാലം – കുന്നത്തൂർ പാലം വഴി കിലോ മീറ്ററുകളോളം ഒഴുകിപ്പോയ ശ്യാമളയമ്മ ചെറുപൊയ്ക മണമ്പേൽ കടവിന് സമീപം വച്ച് വള്ളിപ്പടർപ്പിൽ പിടിച്ച് കിടക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. നാട്ടുകാർ പുത്തൂർ പൊലീസിൽ വിവരമറിയിച്ചു.തുടർന്ന് ശാസ്താംകോട്ട ഫയർഫോഴ്സിൽ പുത്തൂർ പൊലീസ് വിവരം കൈമാറി.

ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം നാട്ടുകാരുടെ സഹായത്തോടെ വീട്ടമ്മയെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു.പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ശക്തമായ മഴയെ തുടർന്ന് കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ടായാരുന്നു.അടിയൊഴുക്കും ശക്തമാണ്.അപകട സാധ്യതയും ആഴവും കൂടിയ സ്ഥിരം ആത്മഹത്യാമുനമ്പായ കുന്നത്തൂർ പാലത്തിനു സമീപത്തുകൂടി ഒഴുകിപ്പോയ ശ്യാമളയമ്മ തിരികെ ജീവിതത്തിലേക്ക് എത്തിയെന്ന വാർത്ത അമ്പരപ്പും അതിശയവുമാണ് നാട്ടുകാർക്കിടയിൽ സൃഷ്ടിച്ചത്.

കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി യാത്ര; യൂട്യൂബര്‍ക്കെതിരെ നടപടി

കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി യാത്ര; യൂട്യൂബര്‍ക്കെതിരെ നടപടി

ആലപ്പുഴ: കാറിനുള്ളില്‍ ആവേശം സിനിമാ മോഡല്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി. സഫാരി കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആണ് സഞ്ജു ടെക്കിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. വാഹനം പിടിച്ചെടുത്ത അധികൃതര്‍ കാര്‍ ഉടമയുടെയും ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കി.

യൂട്യൂബര്‍ വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. കാര്‍ സ്വിമ്മിങ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. വെള്ളം പൊതു നിരത്തിലേയ്ക്ക് ഒഴുക്കി വിട്ടുള്ള ഇത്തരം യാത്രകള്‍ അത്യന്തം അപകടകരമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ രമണന്‍ പറഞ്ഞു.ആവേശം സിനിമയിലെ രംഗയുടെ സന്തത സഹചാരി അമ്പാന്‍ ലോറിയ്ക്ക് പിന്നില്‍ ഒരുക്കിയ സ്വിമ്മിങ് പൂളിന്റെ മാതൃകയിലാണ് സഞ്ജു ടെക്കി കാറിനുള്ളില്‍ പൂളൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. അപകടകരമായ വിധത്തില്‍ പൊതുനിരത്തിലൂടെയാണ് ഈ പൂള്‍ കാര്‍ ഓടിച്ചിരുന്നത്. കാറിന്റെ പിന്‍ഭാഗത്ത് പാസഞ്ചേഴ്‌സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് അവിടെ ടാര്‍പോളിന്‍ വലിച്ചുകെട്ടി സ്വിമ്മിങ് പൂള്‍ സെറ്റ് ചെയ്തത്.

ഗായകന്‍ ഹരിശ്രീ ജയരാജ് അന്തരിച്ചു

ഗായകന്‍ ഹരിശ്രീ ജയരാജ് അന്തരിച്ചു

കൊച്ചി: ഗായകന്‍ ഹരിശ്രീ ജയരാജ് (54) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ജയറാം നായകനായ ‘കുടുംബശ്രീ ട്രാവല്‍സ്’ സിനിമയിലെ ‘തപ്പും തകിലടി’ എന്ന ഗാനത്തിലൂടെയാണ് ഹരിശ്രീ ജയരാജ് പിന്നണി ഗാനരംഗത്തെത്തിയത്. ആലുവ അശോകപുരം സ്വദേശിയാണ്.

മൂന്നു പതിറ്റാണ്ടായി സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജയരാജ് കലാഭവന്‍, ഹരിശ്രീ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീത ലോകത്തെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന തിരുവനന്തപുരം ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ജെ സി ഡാനിയേല്‍ പുരസ്‌കാരം ജയരാജ് നേടിയിട്ടുണ്ട്. ആകാശവാണി തൃശൂര്‍, കൊച്ചി നിലയങ്ങളില്‍ ലളിതഗാനത്തിന് ബി ഹൈഗ്രേഡ് നേടിയ ഹരിശ്രീ ജയരാജ്, ഒട്ടേറേ ഭക്തിഗാനങ്ങള്‍ പാടുകയും സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്തു.

മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തെത്തിയ അല്ലു അര്‍ജുന്‍, വിജയ് തുടങ്ങിയവരുടേതടക്കം നൂറോളം ചിത്രങ്ങളിലും ഹരിശ്രീ ജയരാജ് ഗാനങ്ങള്‍ ആലപിച്ചു. മ്യൂസിക് സ്റ്റാര്‍സ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന സംഗീത കലാലയം സ്ഥാപിച്ചു. കൊച്ചിന്‍ മ്യൂസിക് സ്റ്റാര്‍സിന്റെ പേരില്‍ ഗാനമേള അവതരിപ്പിച്ചിരുന്നു. രാധാകൃഷ്ണ പണിക്കര്‍, നളിനി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ രശ്മി. മീനാക്ഷി ഏക മകളാണ്. കലാരംഗത്തെ ഒട്ടേറെ പേര്‍ ഹരിശ്രീ ജയരാജിന് ആദരാഞ്ജലികളര്‍പ്പിച്ചു.