മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വൻ അവയവക്കടത്ത്; ഇഡി വലയിൽ പ്രമുഖ ആശുപത്രികളും ഡിടിപി കേന്ദ്രങ്ങളും

മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വൻ അവയവക്കടത്ത്; ഇഡി വലയിൽ പ്രമുഖ ആശുപത്രികളും ഡിടിപി കേന്ദ്രങ്ങളും

കൊച്ചി: കേരളത്തിൽ വൻ തോതിൽ നടന്നുവന്ന നിയമവിരുദ്ധ അവയവക്കടത്ത് മാഫിയ പ്രവർത്തിച്ചിരുന്നത് മെഡിക്കൽ ടൂറിസം കമ്പനിയുടെ മറവിലാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന സാധാരണക്കാരെ ചൂഷണം ചെയ്ത് വൻ ലാഭമുണ്ടാക്കിയ സംഘത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചു.

കേരള പൊലീസിന്റെ എഫ്ഐആറുകളുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുത്ത കേന്ദ്ര ഏജൻസി, കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ ആശുപത്രികൾ ഉൾപ്പെടെ കേരളത്തിലെ ഒമ്പത് പ്രധാന കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നിവയിലൂടെ ജീവകാരുണ്യപരമായ അവയവദാനമെന്ന വ്യാജേനയാണ് ഈ അന്താരാഷ്ട്ര ക്രിമിനൽ സിൻഡിക്കേറ്റ് പ്രവർത്തിച്ചിരുന്നതെന്ന് ഇഡി വ്യക്തമാക്കി.

5 ലക്ഷത്തിന് വാങ്ങി 35 ലക്ഷത്തിന് വിൽപ്പന

കണ്ണൂർ സ്വദേശിയായ മുഖ്യസൂത്രധാരൻ മുഹമ്മദ് നജീബ് കെ., പങ്കാളി റഷീദ എഎ. എന്നിവരുടെ നേതൃത്വത്തിൽ ‘കല്ലത്തറാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്’ എന്ന വ്യാജ കമ്പനി വഴിയാണ് ഈ റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. വിവിധ ഏജന്റുമാരെയും ഇടനിലക്കാരെയും ഉപയോഗിച്ച് കടുത്ത കടബാധ്യതയുള്ള പാവപ്പെട്ട മനുഷ്യരെ കണ്ടെത്തി 5 ലക്ഷം മുതൽ 15 ലക്ഷം വരെ നൽകിയാണ് ഇവർ അവയവങ്ങൾ വാങ്ങിയിരുന്നത്. എന്നാൽ അവയവം സ്വീകരിക്കുന്ന രോഗികളിൽ നിന്നും 20 ലക്ഷം മുതൽ 35 ലക്ഷത്തിലധികം രൂപ വരെ ഈ സംഘം ഈടാക്കിയിരുന്നു.

ജില്ലാതല അനുമതി കമ്മിറ്റികളുടെ അംഗീകാരം നേടിയെടുക്കുന്നതിനായി ഇവർ വ്യാജരേഖകൾ നിർമ്മിച്ചിരുന്നു. പൊലീസിന്റെ പേരിൽ വ്യാജ ജീവകാരുണ്യ സർട്ടിഫിക്കറ്റുകൾ, ജനപ്രതിനിധികളുടെ ശുപാർശ കത്തുകൾ, തിരിച്ചറിയൽ രേഖകൾ, റേഷൻ കാർഡുകൾ എന്നിവയെല്ലാം ഇവർ വ്യാജമായി ചമച്ചതായും ഇഡി കണ്ടെത്തി.

എറണാകുളത്തെ ഡിടിപി കേന്ദ്രങ്ങൾ റെയ്ഡ് ചെയ്തു

എറണാകുളം ജില്ലയിലെ പള്ളിക്കരയിലുള്ള ‘സൺ കമ്മ്യൂണിക്കേഷൻസ് ഡിടിപി സെന്റർ’, ‘സൈൻ എച്ച്.ഡി ഡിജിറ്റൽ സ്റ്റുഡിയോ’ എന്നിവടങ്ങളിൽ വെച്ചാണ് ഈ വ്യാജരേഖകളെല്ലാം നിർമ്മിച്ചിരുന്നതെന്ന് ഇഡി പ്രസ്താവനയിൽ അറിയിച്ചു. തുടർന്ന് എറണാകുളത്തെ പ്രമുഖ കോർപ്പറേറ്റ് ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ഈ നിയമവിരുദ്ധ അവയവമാറ്റ ശസ്ത്രക്രിയകൾ സുഗമമായി നടപ്പാക്കിയിരുന്നത്.

കഴിഞ്ഞ ദിവസം നടന്ന വ്യാപക റെയ്ഡുകളിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ദാതാക്കളുടെയും സ്വീകർത്താക്കളുടെയും നിർണ്ണായക വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ തെളിവുകളും പണം കൈമാറിയതിന്റെ രേഖകളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾ കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി ഇവരുടെ പേരിലുള്ള ഭൂമിയുടെയും ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങൾ ശേഖരിച്ചു. ഇടനിലക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ ഇതിനകം തന്നെ ഇഡി മരവിപ്പിച്ചിട്ടുണ്ട് . കഴിഞ്ഞ മാസം ഉത്തർപ്രദേശിൽ നിന്നും പിടിയിലായ മുഖ്യസൂത്രധാരൻ മുഹമ്മദ് നജീബടക്കം ആറ് പേരെയാണ് ഈ കേസിൽ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഇന്നും നാളെയും ശക്തമായ മഴ; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

ഇന്നും നാളെയും ശക്തമായ മഴ; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത് അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എട്ട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കണക്ഷൻ നൽകാൻ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചാത്തന്നൂരിൽ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

കണക്ഷൻ നൽകാൻ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചാത്തന്നൂരിൽ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

കൊല്ലം ചാത്തന്നൂർ..കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് ഡിവിഷൻ എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ. തഴുത്തല സ്വദേശി നസീറിനെയാണ് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ചാത്തന്നൂരിൽ വെച്ച് പിടികൂടിയത്.
ഒരു യുവ സംരംഭകൻ തന്റെ പുതിയ കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ ആവശ്യപ്പെട്ട് ആറുമാസം മുമ്പ് കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, അസിസ്റ്റന്റ് എഞ്ചിനീയറായ നസീർ രണ്ടുതവണ കെട്ടിടത്തിൽ എത്തി പരിശോധന നടത്തിയെങ്കിലും കണക്ഷൻ അനുവദിച്ച് നൽകാൻ തയ്യാറായില്ല. തുടർന്ന് ‘നടപടിക്രമങ്ങൾ അറിയില്ലേ?’ എന്ന് ചോദിച്ച് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടതായി യുവാവ് വിജിലൻസിന് പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച ഓഫീസിൽ വെച്ച് കൈക്കൂലി പണം വാങ്ങുന്നതിനിടെ നസീറിനെ വിജിലൻസ് പിടികൂടുകയുമായിരുന്നു. പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് വിജിലൻസ് അധികൃതർ വ്യക്തമാക്കി.

തനിക്കും കുടുംബത്തിനും ഭീഷണി, തെരഞ്ഞെടുപ്പിന് ശേഷം പണം വാഗ്ദാനം ചെയ്‌തെന്നു സിമിറോസ് ബെല്‍ ജോണ്‍; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

തനിക്കും കുടുംബത്തിനും ഭീഷണി, തെരഞ്ഞെടുപ്പിന് ശേഷം പണം വാഗ്ദാനം ചെയ്‌തെന്നു സിമിറോസ് ബെല്‍ ജോണ്‍; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: മുന്‍ കോണ്‍ഗ്രസ് നേതാവ് സിമി റോസ് ബെല്‍ ജോണ്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രി വി ഡി സതീശന് ഹൈക്കോടതി നോട്ടീസ്. മുഖ്യമന്ത്രിയുടെ സഹോദരന്‍ വി ഡി അജയകുമാറിനോടും കോടതി വിശദീകരണം തേടി. തെരഞ്ഞെടുപ്പിന് ശേഷം വി ഡി സതീശന്‍ പണം വാഗ്ദാനം ചെയ്‌തെന്നും ഹര്‍ജിയില്‍ സിമി റോസ് ബെല്‍ ജോണ്‍ ഹര്‍ജിയില്‍ ആരോപിച്ചു.

തനിക്കും കുടുംബത്തിനും മുഖ്യമന്ത്രിയും സഹോദരനും അടക്കമുള്ള സംഘത്തില്‍ നിന്നും ഭീഷണിയുണ്ട്. തന്റെ മകനെയും സഹപ്രവര്‍ത്തകനെയും നേരത്തെ ആക്രമിച്ചിരുന്നു. തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് സിമിറോസ് ബെല്‍ ജോണ്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നേരത്തെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ കൃത്യമായ നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസില്‍ നിന്നും പുറത്തായ സിമി രോസ് ബെല്‍ജോണ്‍ നേരത്തെ വിഡി സതീശന്‍ അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസില്‍ പവര്‍ ലോബി ഉണ്ടെന്നും, അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് മാത്രമേ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കൂയെന്നും സിമി റോസ് ബെല്‍ ജോണ്‍ ആരോപിച്ചിരുന്നു.

പാര്‍ട്ടിയില്‍ പല തരത്തിലൂള്ള ചൂഷണങ്ങള്‍ നടക്കുന്നുണ്ടെന്നും സിമി റോസ് ബെല്‍ ജോണ്‍ ആരോപിച്ചു. ഇതേത്തുടര്‍ന്നാണ് മുന്‍ എഐസിസി അംഗമായ സിമിറോസ് ബെല്‍ ജോണിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. പൊതുസമൂഹത്തിന് മുന്നില്‍ ആരോപണം ഉന്നയിച്ചതിനു പിന്നാലെ തനിക്കു നേരെ ഭീഷണി ഉണ്ടായിയെന്നാണ് സിമിറോസ് ബെല്‍ജോണ്‍ പറയുന്നത്.

ബംഗലൂരു- ചെന്നൈ വെറും ഒന്നേകാല്‍ മണിക്കൂര്‍; രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകള്‍ക്ക് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബംഗലൂരു- ചെന്നൈ വെറും ഒന്നേകാല്‍ മണിക്കൂര്‍; രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകള്‍ക്ക് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് പാതയ്ക്ക് പുറമെ, രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകള്‍ക്ക് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഡല്‍ഹി, വാരണാസി, പൂനെ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവയുള്‍പ്പെടെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് പുതിയ നിര്‍ദ്ദിഷ്ട ഇടനാഴികള്‍.

അതിവേഗ റെയില്‍ രാജ്യത്ത് വ്യാപിപ്പിക്കുക ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ നീക്കം. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരാണസി, വാരണാസി-സിലിഗുരി എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ റൂട്ടുകള്‍.

ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക, വ്യാവസായിക, സാങ്കേതിക, ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുക എന്നതാണ് ഈ റൂട്ടുകളുടെ ലക്ഷ്യം. ഇത് വിശാലമായ ദേശീയ ബുള്ളറ്റ് ട്രെയിന്‍ ശൃംഖലയ്ക്ക് വഴിയൊരുക്കുമെന്ന് റെയില്‍വേ മന്ത്രാലയം സൂചിപ്പിച്ചു. പുതിയ റൂട്ടുകളുടെ നിര്‍മ്മാണ സമയപരിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഓരോ ഇടനാഴിയും ജോലി ആരംഭിക്കുന്നതിന് മുമ്പ് സാധ്യതാ പഠനങ്ങള്‍, അംഗീകാരങ്ങള്‍, ഫണ്ടിങ് ക്രമീകരണങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ എന്നിവയ്ക്ക് വിധേയമാക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ 1 മണിക്കൂര്‍ 57 മിനിറ്റില്‍ എത്തിച്ചേരാനാകുമെന്നാണ് നിഗമനം.

മുംബൈയ്ക്കും പൂനെയ്ക്കും ഇടയില്‍ 48 മിനിറ്റ്, ബംഗളൂരുവിനും ചെന്നൈയ്ക്കും ഇടയില്‍ 73 മിനിറ്റ്, ബംഗളൂരുവിനും ഹൈദരാബാദിനും ഇടയില്‍ 2 മണിക്കൂര്‍ 10 മിനിറ്റ്, പൂനെയ്ക്കും ഹൈദരാബാദിനും ഇടയില്‍ 2 മണിക്കൂര്‍ 8 മിനിറ്റ്, ഡല്‍ഹിക്കും ലഖ്നൗവിനും ഇടയില്‍ 2 മണിക്കൂര്‍, ഡല്‍ഹിക്കും വാരണാസിക്കും ഇടയില്‍ 3 മണിക്കൂര്‍ 15 മിനിറ്റ്, ഡല്‍ഹിക്കും സിലിഗുരിക്കും ഇടയില്‍ 6 മണിക്കൂര്‍ എന്നിങ്ങനെയാണ് യാത്രാ സമയം ലക്ഷ്യമിടുന്നത്.

ബിയറും വൈനുമല്ലാതെ എന്താണ് വീര്യം കുറഞ്ഞ മദ്യം? ബെവ്‌കോ കൗണ്ടറുകളിലെത്തും റെഡി ടു ഡ്രിങ്ക് ബിവറേജസ്; ലക്ഷ്യം കോടികളുടെ വരുമാനം

ബിയറും വൈനുമല്ലാതെ എന്താണ് വീര്യം കുറഞ്ഞ മദ്യം? ബെവ്‌കോ കൗണ്ടറുകളിലെത്തും റെഡി ടു ഡ്രിങ്ക് ബിവറേജസ്; ലക്ഷ്യം കോടികളുടെ വരുമാനം

കൊച്ചി: മുഖ്യമന്ത്രി വിഡി സതീശന്‍ വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ഏറെ ചര്‍ച്ചയായ പ്രഖ്യാപനങ്ങളിലൊന്നാണ് വീര്യം കുറഞ്ഞ മദ്യത്തിനായുള്ള പ്രത്യേക വില്‍പ്പന നികുതി ഘടന. സംസ്ഥാനത്ത് കുറഞ്ഞ അളവില്‍ ആല്‍ക്കഹോളുള്ള പുതിയ ഉല്‍പ്പന്നങ്ങളുടെ വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കാനും നികുതി വ്യവസ്ഥയില്‍ വ്യക്തത വരുത്താനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. സംസ്ഥാനത്ത് നിലവിലുള്ള ബിയര്‍, വൈന്‍, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം എന്നിവയുടെ നികുതിയിലോ വീര്യത്തിലോ യാതൊരു മാറ്റവും വരുത്താതെ, പൂര്‍ണമായും പുതിയൊരു വിഭാഗമായാണ് ‘വീര്യം കുറഞ്ഞ മദ്യത്തെ’ ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആല്‍ക്കഹോളിന്റെ അളവ് അടിസ്ഥാനമാക്കി ഈ വിഭാഗത്തെ രണ്ടായി തിരിച്ചാണ് വില്‍പ്പന നികുതി നിശ്ചയിച്ചിരിക്കുന്നത്: 0.5% മുതല്‍ 10% വരെ വീര്യമുള്ളവയ്ക്ക് – 120%, 10% മുതല്‍ 20% വരെ വീര്യമുള്ളവയ്ക്ക് – 175% വില്‍പ്പന നികുതി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അബ്കാരി നയത്തിന്റെ അടിസ്ഥാനത്തില്‍ വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി, 0.5% മുതല്‍ 20% വരെ ആല്‍ക്കഹോള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളെ ‘വീര്യം കുറഞ്ഞ മദ്യം’ എന്ന പ്രത്യേക കാറ്റഗറിയായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഈ വിഭാഗത്തില്‍ നിന്നുള്ള നികുതി എത്രയെന്ന കാര്യത്തില്‍ ഇതുവരെ കൃത്യതയുണ്ടായിരുന്നില്ല. ബജറ്റിലൂടെ ഈ നികുതി ഘടന കൃത്യമായി നിര്‍വചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ബിയര്‍, വൈന്‍ എന്നിവയൊഴികെ വിപണിയിലിറങ്ങാന്‍ പോകുന്ന പുതിയ തരം ഉല്‍പ്പന്നങ്ങള്‍ക്കാണ് ഈ നികുതി ബാധകമാകുക.

പുതിയ നികുതി വ്യവസ്ഥ നടപ്പിലാകുന്നതോടെ വലിയ ബിസിനസ്സ് സാധ്യതയാണ് സംസ്ഥാനത്ത് തുറക്കുന്നത്. ആഗോളതലത്തില്‍ തന്നെ വലിയ ജനപ്രീതിയുള്ള ‘റെഡി-ടു-ഡ്രിങ്ക്’ ബിവറേജുകള്‍, ഫ്‌ളേവേര്‍ഡ് ലോ-ആല്‍ക്കഹോള്‍ ഡ്രിങ്കുകള്‍ എന്നിവയ്ക്ക് ബെവ്‌കോ വഴി ഔദ്യോഗികമായി വിപണിയിലെത്താന്‍ ഇത് വഴിയൊരുക്കും.

എന്നാല്‍, ഈ പ്രഖ്യാപനം സഭയ്ക്കകത്തും പുറത്തും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഈ നീക്കത്തെ വിമര്‍ശിക്കുകയുണ്ടായി. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്‍ഷിക വിളകളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും ചെറുകിട വ്യവസായങ്ങളിലൂടെ മദ്യം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും, എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ നയം വന്‍കിട സ്വകാര്യ കമ്പനികള്‍ക്ക് വീര്യം കുറഞ്ഞ മദ്യം വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

ലക്ഷ്യം സാമ്പത്തിക സമാഹരണം

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് വരുമാന സ്രോതസ്സുകള്‍ കണ്ടെത്തുക എന്നത് ബജറ്റിലെ പ്രധാന വെല്ലുവിളിയായിരുന്നു. മദ്യത്തിന്മേലുള്ള നികുതി പരിഷ്‌കരണത്തിലൂടെയും വിപണി വിപുലീകരണത്തിലൂടെയും വലിയ തോതില്‍ നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍. നിലവില്‍ സാധാരണ മദ്യത്തിന് (400 രൂപയ്ക്ക് മുകളില്‍) 251 ശതമാനവും ബിയറിന് 116 ശതമാനവുമാണ് വില്‍പ്പന നികുതി. ഇതില്‍ നിന്നും വ്യത്യസ്തമായി, പുതിയ കാറ്റഗറിക്ക് നിശ്ചയിച്ചിട്ടുള്ള 120%, 175% നികുതി നിരക്കുകള്‍ ഈ മേഖലയിലേക്ക് പുതിയ നിക്ഷേപകരെയും ഉപഭോക്താക്കളെയും ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഉപഭോഗ സംസ്‌കാരത്തിലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിനൊപ്പം സംസ്ഥാന ഖജനാവിലേക്ക് കൂടുതല്‍ വരുമാനമെത്തിക്കാനുള്ള ചുവടുവെപ്പായാണ് വിഡി സതീശന്‍ തന്റെ കന്നി ബജറ്റില്‍ ഈ നികുതി ഘടന മുന്നോട്ട് വെച്ചിരിക്കുന്നത്.

നിലവില്‍ കേരളത്തില്‍ ലഭ്യമല്ല

നിലവില്‍ ഈ പ്രത്യേക നികുതി ഘടനയില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍ ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ ലഭ്യമല്ല. മുന്‍ സര്‍ക്കാര്‍ അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഇത്തരം മദ്യങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും, കൃത്യമായ വില്‍പ്പന നികുതി എത്രയെന്ന് നിശ്ചയിച്ചിരുന്നില്ല. നികുതി നിരക്കില്‍ വ്യക്തതയില്ലാത്തതിനാല്‍ പ്രമുഖ കമ്പനികളൊന്നും തന്നെ ഈ വിഭാഗത്തിലുള്ള മദ്യം കേരള വിപണിയില്‍ ഇറക്കാന്‍ തയ്യാറായിരുന്നില്ല. ബജറ്റിലെ നികുതി ഇളവുകളുടെ പശ്ചാത്തലത്തില്‍ വന്‍കിട മദ്യനിര്‍മ്മാണ കമ്പനികള്‍ തങ്ങളുടെ ‘റെഡി-ടു-ഡ്രിങ്ക്’ ഉല്‍പ്പന്നങ്ങളും ഫ്‌ളേവേര്‍ഡ് ലോ-ആല്‍ക്കഹോള്‍ ബിവറേജുകളും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കും.

കേരളത്തില്‍ ഇപ്പോള്‍ ലഭ്യമായ കുറഞ്ഞ വീര്യമുള്ള മദ്യം പരമ്പരാഗത കാറ്റഗറിയില്‍ പെടുന്നവയാണ്:

ബിയര്‍ – സാധാരണയായി 4% മുതല്‍ 6% വരെ വീര്യമുള്ളവ (ബജറ്റില്‍ ഇതിന്റെ നികുതി 116% ആയി തുടരുന്നു).

വൈന്‍ – 10% മുതല്‍ 15.5% വരെ വീര്യമുള്ളവ (ഇതിന്റെ നികുതി 86% ആണ്).

ബജറ്റ് പ്രഖ്യാപനത്തോടെ, അന്താരാഷ്ട്ര വിപണിയില്‍ വലിയ ചലനമുണ്ടാക്കുന്ന ചിലഉല്‍പ്പന്നങ്ങള്‍ വൈകാതെ ബെവ്‌കോ കൗണ്ടറുകളില്‍ എത്തും:

ഫ്‌ളേവേര്‍ഡ് ആല്‍ക്കഹോളിക് ബിവറേജസ്: വോഡ്കയോ വിസ്‌കിയോ കലര്‍ത്തിയ, പഴങ്ങളുടെ രുചിയുള്ള ലൈറ്റ് ഡ്രിങ്കുകള്‍ (ഉദാഹരണത്തിന് Bacardi Breezer പോലുള്ള ബിവറേജുകള്‍ പുതിയ നികുതി ഘടനയിലേക്ക് മാറിയേക്കാം).

ലോ-ആല്‍ക്കഹോള്‍ കോക്ടെയിലുകള്‍: കാനുകളിലും കുപ്പികളിലുമായി നേരിട്ട് കുടിക്കാനാകുന്ന തരത്തില്‍ പാക്ക് ചെയ്ത് വരുന്ന കുറഞ്ഞ വീര്യമുള്ള മിശ്രിതങ്ങള്‍.

നിയമപരമായ തടസ്സങ്ങള്‍ ബജറ്റോടെ നീങ്ങിയതിനാല്‍, വരും മാസങ്ങളില്‍ കമ്പനികള്‍ എക്‌സൈസ് അനുമതി വാങ്ങി ഈ വിഭാഗത്തിലുള്ള പുത്തന്‍ മദ്യങ്ങള്‍ കേരള വിപണിയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലഭ്യമാണ് ഈ സംസ്ഥാനങ്ങളില്‍

രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും റെഡി ടു ഡ്രിങ്ക് വിഭാഗം സജീവമാണ്. പ്രധാനമായും ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഇത് നിലവില്‍ ലഭ്യമായിട്ടുള്ളത്. മെട്രോ നഗരങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലുമാണ് ഏറെയും വിറ്റഴിക്കപ്പെടുന്നത്. ഹാര്‍ഡ് സെല്‍റ്റ്സറുകള്‍ (Hard Seltzers), പ്രീ-മിക്‌സ്ഡ് കോക്ടെയിലുകള്‍ (Pre-mixed Cocktails), ഫ്‌ളേവേര്‍ഡ് ബിവറേജുകള്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രധാനമായും വരുന്നത്. ഇന്ത്യന്‍ വിപണിയിലെ പ്രമുഖ ബ്രാന്‍ഡുകളാണ് ചുവടെ പറയുന്നവ:

Bacardi Breezer: ഇന്ത്യയില്‍ ഈ വിഭാഗത്തില്‍ ഏറ്റവും ജനപ്രിയമായ ബ്രാന്‍ഡ്. വോഡ്ക അടിസ്ഥാനമാക്കിയുള്ള ഇതില്‍ ആല്‍ക്കഹോളിന്റെ അളവ് 4.8% മാത്രമാണ്. (ക്രാന്‍ബെറി, ജമൈക്കന്‍ പാഷന്‍, ഓറഞ്ച് തുടങ്ങിയ ഫ്‌ളേവറുകള്‍).

InACan: കാനുകളില്‍ ലഭ്യമാകുന്ന പ്രീമിയം ക്രാഫ്റ്റ് കോക്ടെയിലുകളാണിവ. വിസ്‌കി കോളിന്‍സ്, വോഡ്ക മ്യൂള്‍, ലിറ്റ് (LIIT), ജിന്‍ ആന്‍ഡ് ടോണിക് എന്നിവ ഈ ബ്രാന്‍ഡിലുണ്ട്. ഇതിന്റെ വീര്യം 7 മുതല്‍ 9% വരെയാണ്.

Wild Drum & IST Hard Seltzer: കാര്‍ബണേറ്റഡ് വാട്ടറും ആല്‍ക്കഹോളും സ്വാഭാവിക ഫ്‌ളേവറുകളും ചേര്‍ത്ത ‘ഹാര്‍ഡ് സെല്‍റ്റ്സര്‍’ വിഭാഗത്തില്‍ പെടുന്നവയാണിത്. വീര്യം 4.5 മുതല്‍ 8% വരെ. കലോറി വളരെ കുറവാണെന്നതാണ് ഇതിന്റെ പ്രത്യേകത.

Mr. Jerry’s: ഇന്ത്യയിലെ ആദ്യത്തെ റെഡി-ടു-സെര്‍വ് പ്രോപ്പര്‍ കോക്ടെയില്‍ ബ്രാന്‍ഡുകളില്‍ ഒന്ന്. എസ്പ്രെസ്സോ മാര്‍ട്ടിനി, നെഗ്രോണി, ലോങ് ഐലന്‍ഡ് ഐസ്ഡ് ടീ എന്നിവ ലഭ്യമാണ്.

Moonshine Meadery: തേന്‍ പുളിപ്പിച്ചുണ്ടാക്കുന്ന ‘മീഡ്’ (Mead) എന്ന പ്രത്യേക തരം കുറഞ്ഞ വീര്യമുള്ള മദ്യമാണിത്. ആപ്പിള്‍ പൈ, കോഫി, മാംഗോ തുടങ്ങിയ ഫ്‌ളേവറുകളില്‍ 4 മുതല്‍ 7% വരെ** വീര്യത്തില്‍ ലഭ്യമാണ്.

Salud: ജിന്‍ അടിസ്ഥാനമാക്കിയുള്ള റെഡി-ടു-ഡ്രിങ്ക് കോക്ടെയിലുകളാണ് ഇവരുടെ പ്രധാന ഉല്‍പ്പന്നം.

കേരളത്തില്‍ നിലവില്‍ ബ്രീസറും ബിയറുകളും ലഭ്യമാണെങ്കിലും, വരും മാസങ്ങളില്‍ മറ്റ് ഇന്ത്യന്‍-അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ കാനുകളും കോക്ടെയിലുകളും കൂടി വിപണിയിലെത്തിക്കാന്‍ പുതിയ ബജറ്റ് പ്രഖ്യാപനം വഴിയൊരുക്കും.