കേരളത്തിൽ കാലവർഷം നേരത്തേയെത്തും

കേരളത്തിൽ കാലവർഷം നേരത്തേയെത്തും

തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തുന്ന സമയത്തില്‍ മാറ്റം വന്നേക്കാമെന്ന് വിദഗ്ധര്‍. ഈ മാസം 31 ഓടെ കാലവര്‍ഷം കേരളത്തിലെത്തുമെന്നായിരുന്നു നേരത്തേയുള്ള പ്രവചനം. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ സമയക്രമത്തില്‍ മാറ്റം വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

നിലവില്‍ കാലവര്‍ഷം ശ്രീലങ്കയുടെ മധ്യമേഖല കടന്ന് വടക്കന്‍ മേഖലയിലേക്ക് കൂടി വ്യാപിച്ചു. ആന്‍ഡമാനില്‍ പൂര്‍ണമായി വ്യാപിച്ച് മ്യാന്‍മര്‍ വരെയെത്തി. കേരളത്തില്‍ പ്രവചിച്ചതിലും നേരത്തേ കാലവര്‍ഷം എത്താനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.

മഴയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമെന്ന് റവന്യുമന്ത്രി കെ. രാജന്‍. 2 എന്‍ഡിആര്‍എഫ് ടീമുകള്‍ കേരളത്തിലുണ്ട്. ജൂണില്‍ 7 ടീമുകള്‍ കൂടി എത്തും. 3,953 ക്യാംപുകള്‍ തുടങ്ങാന്‍ സ്ഥലങ്ങള്‍ കണ്ടെത്തി. ഡാമുകളില്‍ നിന്ന് നിയന്ത്രിതമായി വെള്ളം ഒഴുക്കിവിടുന്നുണ്ട്. സമൂഹ മാധ്യമങ്ങില്‍ വ്യാജ പ്രചരണം ഒഴിവാക്കണം. ദുരന്തങ്ങളില്ലാതെ മഴക്കാലം പൂര്‍ത്തിയാക്കാന്‍ വലിയ മുന്‍കരുതല്‍ സ്വീകരിക്കണം- മന്ത്രി പറഞ്ഞു.

നടി മീര വാസുദേവ് വിവാഹിതയായി; വരൻ ‘കുടുംബവിളക്ക്’ ഛായാഗ്രാഹകൻ

നടി മീര വാസുദേവ് വിവാഹിതയായി; വരൻ ‘കുടുംബവിളക്ക്’ ഛായാഗ്രാഹകൻ

നടി മീര വാസുദേവ് വിവാഹിതയായി. സിനിമ-ടെലിവിഷന്‍ ഛായാഗ്രാഹകനായ വിപിൻ പുതിയങ്കമാണ് വരൻ. കൊയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സോഷ്യൽ മീ‍ഡിയയിലൂടെ മീര വാസുദേവ് തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. മീര പ്രധാന വേഷത്തിലെത്തുന്ന കുടുംബവിളക്ക് ഉള്‍പ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ് വിപിന്‍. ഈ സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമെത്തിയത്. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് വിപിൻ.

‘ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരായി. ഞാനും വിപിനും കോയമ്പത്തൂരില്‍വെച്ച് ഏപ്രിൽ 24നാണ് വിവാഹിതരായത്. ഇന്ന് ദമ്പതിമാരായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഞാന്‍ വിപിനെ പരിചയപ്പെടുത്തട്ടെ. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ്. അദ്ദേഹം ഒരു ഛായാഗ്രാഹകനാണ്. രാജ്യാന്തര അവാര്‍ഡ് ജേതാവാണ്. ഞാനും വിപിനും 2019 മുതല്‍ ഒരു പ്രൊജക്റ്റില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഒടുവില്‍ ആ സൗഹൃദം വിവാഹത്തിലെത്തി. ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും രണ്ട് മൂന്ന് സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളു. എന്റെ പ്രൊഫഷണല്‍ യാത്രയില്‍ എനിക്ക് പിന്തുണ നല്‍കിയ എന്റെ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ സന്തോഷം നിറഞ്ഞ വാര്‍ത്ത പങ്കുവെയ്ക്കുന്നു. എന്റെ ഭര്‍ത്താവ് വിപിനോടും നിങ്ങള്‍ അതേ സ്‌നേഹവും പിന്തുണയും പങ്കിടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’- എന്ന കുറിപ്പിലാണ് വിവാഹ ചിത്രങ്ങൾ ഉൾപ്പെടുത്തിയ വിഡിയോ മീര പങ്കുവച്ചത്.

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ന്യൂനമര്‍ദം രാത്രിയോടെ ചുഴലിക്കാറ്റാകും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശനിയാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നണ് മുന്നറിയിപ്പ്.

ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച എറണാകുളം, ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരയെുള്ള ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യുന മര്‍ദം അതിതീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. രാത്രിയോടെ വീണ്ടും ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. തുടര്‍ന്ന് മെയ് 26 രാവിലെയോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായി മാറി അര്‍ധരാത്രിയോടെ ബംഗ്ലാദേശ്-സമീപ പശ്ചിമ ബംഗാള്‍-തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അമ്പെയ്ത്ത് ലോകകപ്പ്; വനിതകളുടെ കോംപൗണ്ട് ടീം ഇനത്തില്‍ സ്വര്‍ണം എയ്ത് വീഴ്ത്തി ഇന്ത്യ

അമ്പെയ്ത്ത് ലോകകപ്പ്; വനിതകളുടെ കോംപൗണ്ട് ടീം ഇനത്തില്‍ സ്വര്‍ണം എയ്ത് വീഴ്ത്തി ഇന്ത്യ

സോള്‍: അമ്പെയ്ത്ത് ലോകകപ്പില്‍ വീണ്ടും നേട്ടം സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ കോംപൗണ്ട് ടീം വിഭാഗത്തിലാണ് ഇന്ത്യയുടെ നേട്ടം. ഫൈനലില്‍ തുര്‍ക്കിയെ വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം എയ്തിട്ടത്.

ജ്യോതി സുരേഖ വെന്നം, പര്‍ണീത് കൗര്‍, അദിതി സ്വാമി എന്നിവരടങ്ങിയ സംഘമാണ് മത്സരിച്ചത്. 232-226 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീമിന്റെ ജയം. ലോകകപ്പില്‍ ഇന്ത്യന്‍ സംഘത്തിന്റെ ഹാട്രിക്ക് സ്വര്‍ണ നേട്ടം കൂടിയാണിത്. കോംപൗണ്ട് ടീമിനത്തില്‍ ഒന്നാം റാങ്കിലുള്ള സംഘമാണ് ഇന്ത്യയുടേത്. ലോകകപ്പിന്റെ രണ്ടാം ഘട്ട പോരാട്ടമാണ് ദക്ഷിണ കൊറിയയില്‍ അരങ്ങേറുന്നത്.

നെയ്യാര്‍ കനാലിലെ 25 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു; 5വയസുകാരിയും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു

നെയ്യാര്‍ കനാലിലെ 25 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു; 5വയസുകാരിയും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം നെയ്യാറ്റിന്‍ കരയില്‍ കാര്‍ കനാലിലേക്ക് വീണ് അപകടം. നെയ്യാര്‍ കനാലിലെ 25 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. ഇന്നലെ രാത്രിയിലുണ്ടായ അപകടത്തില്‍ അഞ്ചുവയസുകാരി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ആരുടെയും പരിക്ക് സാരമല്ല. ഇന്നലെ രാത്രി പത്തുമണിക്ക് ബന്ധുവീട്ടില്‍ പോയി തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകം ഉണ്ടായത്. റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചതിനാല്‍ മറ്റ് വഴിക്ക് ഇവര്‍ യാത്ര തുടരുകയായിരുന്നു. മണ്ണ് ഇടിഞ്ഞുപോയതിനാല്‍ കാര്‍ കനാലിലേക്ക് മറിyuകുകയായിരുന്നു.

ബാര്‍ കോഴക്കേസ്; കേസ് എടുക്കാതെ പ്രാഥമിക അന്വേഷണം; പ്രത്യേക സംഘം രൂപീകരിച്ചു; എസ്പിക്ക് ചുമതല

ബാര്‍ കോഴക്കേസ്; കേസ് എടുക്കാതെ പ്രാഥമിക അന്വേഷണം; പ്രത്യേക സംഘം രൂപീകരിച്ചു; എസ്പിക്ക് ചുമതല

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. കേസ് എടുക്കാതെയുള്ള പ്രാഥമിക അന്വേഷമാണ് നടക്കുക. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനനാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി ബിനുവാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

ഇന്നലെ രാത്രിയാണ് മന്ത്രി എംബി രാജേഷ് ഡിജിപിക്ക് പരാതി നല്‍കിയത്. മന്ത്രിയുടെ പരാതി ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറിയിരുന്നു. വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബിന് നല്‍കിയ കത്തില്‍ മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ മദ്യനയം നടപ്പാക്കുന്നതിന് സംസ്ഥാനത്തെ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം ആകെ 25 കോടി കോഴ വാങ്ങാന്‍ നീക്കമുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തല്‍. മദ്യ നയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലും ആയിട്ടില്ലെന്നും ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നടപടികളില്‍ പലര്‍ക്കും അസ്വസ്ഥത ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാര്‍ ഉടമകളുമായി എന്നല്ല, എക്‌സൈസ് പോളിസിയുമായി ബന്ധപ്പെട്ട ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. കഴിഞ്ഞ സര്‍ക്കാറല്ല ഈ സര്‍ക്കാര്‍. നിയമസഭ തുടങ്ങുകയല്ലേ, പ്രതിപക്ഷത്തെ അവിടെ വച്ച് കാണാമെന്നും എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം രാജി ആവശ്യപ്പെട്ടിരുന്നല്ലോ എന്ന ചോദ്യത്തിന്, എന്തേ ആവശ്യപ്പെടാത്തതെന്ന് താന്‍ ചിന്തിക്കുകയായിരുന്നുവെന്നയായിരുന്നു രാജേഷിന്റെ പ്രതികരണം.