by Midhun HP News | May 26, 2024 | Latest News, കേരളം
കൊച്ചി: അവയവക്കച്ചവട കേസില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. പിടിയിലായ സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. അവയവക്കടത്തില്‍ കൂടുതല്‍ ഇരകളെ കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. അവയവക്കടത്തിനായി മനുഷ്യക്കടത്തും നടത്തിയിരുന്നതായി സബിത്ത് അന്വേഷണസംഘത്തോട് വ്യക്തമാക്കിയിരുന്നു.
സംഘത്തിലെ കണ്ണികളും ഇരകളും തമിഴ്നാട്ടില്‍ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തിയിട്ടുണ്ട്. ഇരകളെ കണ്ടെത്തി മൊഴിയെടുക്കുകയും, കണ്ണികളെക്കുറിച്ച് കൂടുതല്‍ അന്വേഷണവും സംഘം നടത്തും. ബംഗളൂരുവിലും ഹൈദരാബാദിലും ആവശ്യമെങ്കില്‍ പരിശോധന നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു. സബിത്തിന്റെ അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
വൃക്ക നല്‍കിയവരും സ്വീകരിച്ചവരും ഏറെയും അന്യസംസ്ഥാനക്കാരാണെന്ന് സബിത്ത് പൊലീസിനോട് വ്യക്തമാക്കിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നവരെ ലക്ഷ്യമിട്ടാണ് അവയവക്കടത്ത് സംഘം പ്രവര്‍ത്തിച്ചിരുന്നത്. സംഘത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് സജിത്താണെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ മധു കേസിലെ പ്രധാന കണ്ണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സംഘമാണ് അവയവക്കടത്തിനു പിന്നിലെന്നാണ് സാബിത്തില്‍നിന്ന് ലഭിച്ച വിവരം. അവയവക്കടത്ത് കേസില്‍ കൊച്ചി പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം കൂടി പിടിയിലായിട്ടുണ്ട്. പിടിയിലായ സജിത്ത് ശ്യാമിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് നാളെ അപേക്ഷ സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
by Midhun HP News | May 26, 2024 | Latest News, കേരളം
തൊടുപുഴ: കൂവപ്പള്ളിയില്‍ അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു. പുലിയാണെന്നാണ് സംശയം. കൂവപ്പള്ളി സ്വദേശി മനോജിന്റെ ആടുകളെയാണ് ആക്രമിച്ചത്.
ഇന്നലെ വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം. തീറ്റ കൊടുക്കാനായി ആടുകളെ പറമ്പിലേക്ക് അഴിച്ചുവിട്ട സമയത്താണ് അജ്ഞാത ജീവി ആക്രമിച്ചത്. പുലിയാണോ എന്ന കാര്യത്തില്‍ വനംവകുപ്പില്‍ നിന്ന് സ്ഥിരീകരണം ലഭിക്കാനുണ്ട്. കാല്‍പ്പാടുകള്‍ അടക്കം പരിശോധിച്ച് എത്തിയത് പുലി തന്നെയാണോ എന്ന് സ്ഥിരീകരിക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.
എന്നാല്‍ ആടിന്റെ കടിയേറ്റ ഭാഗത്തുള്ള പല്ലിന്റെ ആഴം പരിശോധിച്ച വനംവകുപ്പ് ഇത് പുലിയാകാനുള്ള സാധ്യതയില്ലെന്നാണ് നല്‍കുന്ന വിശദീകരണം. എങ്കിലും കാമറകള്‍ അടക്കം സ്ഥാപിച്ച് പുലിയാണോ വന്നത് എന്ന് ഉറപ്പാക്കാനാണ് വനംവകുപ്പിന്റെ നീക്കം. പുലിയാണ് എന്ന് സ്ഥിരീകരിച്ചാല്‍ പുലിയെ പിടികൂടാനായി കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് പറയുന്നു.
എന്നാല്‍ ആടിനെ കടിച്ചുകൊന്ന പശ്ചാത്തലത്തില്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങള്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അതുകൊണ്ട് ഇത് പുലി തന്നെയായിരിക്കുമെന്നാണ് കൂവപ്പള്ളിയിലുള്ള നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് 200 ഓളം കുടുംബങ്ങള്‍ ഉണ്ട്. കൂട് സ്ഥാപിച്ച് അജ്ഞാത ജീവിയെ ഉടന്‍ തന്നെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
by Midhun HP News | May 26, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം അവസാനിച്ചപ്പോള്‍ 4,65,960 അപേക്ഷകര്‍. മലപ്പുറം ജില്ലയില്‍ നിന്നുമാണ് കൂടുതല്‍ അപേക്ഷ. 82,434 അപേക്ഷകളാണ് മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ചത്.
48,140 പേര്‍ അപേക്ഷിച്ച കോഴിക്കോട് ജില്ലയിലാണ് തൊട്ടുപിന്നില്‍. 29ന് ട്രയല്‍ അലോട്ട്‌മെന്റും ജൂണ്‍ അഞ്ചിന് ആദ്യ അലോട്ട്‌മെന്റും നടത്തും. ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചശേഷം അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ വഴി തിരുത്താന്‍ അവസരമുണ്ടാകും. വെബ്‌സൈറ്റ് https : //hscap.kerala.gov.in
by liji HP News | May 25, 2024 | Latest News, കേരളം
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമലീനീകരണമല്ലെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തള്ളി കേരള ഫിഷറിസ് സമുദ്ര പഠന സര്‍വകലാശാല. പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍ കണ്ടെത്തിയതായി കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കുഫോസ് ഫിഷറിസ് വകുപ്പിന് കൈമാറി
വെള്ളത്തില്‍ ഓക്‌സിജന്റെ ലെവല്‍ കുറവായിരുന്നുവെന്നും രാസവസ്തുക്കള്‍ എവിടെ നിന്നെത്തിയെന്നറിയാന്‍ വിശദമായ രാസപരിശോധനാഫലം വരണമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഷിഷറീസ് വകുപ്പിന്റെ നിര്‍ദേശാനുസരണം സര്‍വകലാശാല വിസിയാണ് ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ടത്.
പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം ഏലൂരിലെ ഷട്ടര്‍ തുറന്നതിന് പിന്നാലെ, ഓക്സിജന്‍ ലെവല്‍ കുത്തനെ താഴേക്ക് പോയതാണെന്നും നദിയില്‍ രാസമാലിന്യം കണ്ടെത്തിയില്ലെന്നുമായിരുന്നു മലീനീകരണ നിയന്ത്രണബോര്‍ഡിന്റെ റിപ്പോര്‍ട്ട്. വെള്ളം നിയന്ത്രിച്ചുവിട്ടിരുന്നെങ്കില്‍ ഓക്സിജന്‍ ലെവല്‍ നിയന്ത്രിക്കാനാകുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു,
മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകള്‍ തുറന്നത്. അന്ന് രാവിലെ വെട്ടുകാട് നിന്ന് ശേഖരിച്ച വെള്ളം പരിശോധിച്ചപ്പോള്‍ ഓക്സിജന്‍ ലെവല്‍ 6.4 ആയിരുന്നു ഷട്ടര്‍ തുറന്ന ശേഷം ഓക്സിജന്‍ ലെവല്‍ 2.1 ആയി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏലൂരിലെ ഷട്ടറുകള്‍ ഒരുമിച്ച് തുറന്നിരുന്നില്ലെന്നും ഇത്തവണ വെള്ളം നിയന്ത്രിച്ച് വിടുന്നതില്‍ ഇറിഗേഷന്‍ വകുപ്പിന് ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്നും കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
by liji HP News | May 25, 2024 | Latest News, കേരളം
ആറ്റിങ്ങൽ: സ്വാതന്ത്ര്യ സമര രംഗത്ത് രക്തസാക്ഷിത്വം വഹിച്ച ഐ.എൻ.എ ഭടൻ വക്കം ഖാദറിന്റെ 107മത് ജന്മവാർഷികം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വക്കം ഖാദർ 107-ാം ജന്മവാർഷിക ദിന സമ്മേളനവും സെമിനാറും തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ നടന്നു.

ജന്മദിനാഘോഷം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൗരാവകാശം വർത്തമാന കാലഘട്ടത്തിൽ എന്ന വിഷയത്തിലെ സെമിനാർ കുമാരനാശാൻ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. അനുസ്മരണ വേദി ചെയർമാനും മുൻ കെ.പി.സി.സി സെക്രട്ടറിയുമായ എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. മംഗലപുരം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീചന്ദ്, ബി.സി.അജയരാജ്, എം.എ.ഉറൂബ്, കലാ നികേതൻ സാംസ്കാരിക സമിതി സെക്രട്ടറി ടി.അബ്ദുൽ നാസർ, ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, കവി ആനന്ദക്കുട്ടൻ മുരളീധരൻ, സഞ്ജു,വക്കം ഖാദറിൻ്റെ കുടുംബാംഗം എ.ശാമില, ആബിദ്, നാസർ തുടങ്ങിയവർ സംസാരിച്ചു.
by liji HP News | May 25, 2024 | Latest News, കേരളം
മുംബൈ: ഹൈക്കോടതി ജഡ്ജിയുടെ ചിത്രം വാട്‌സ് ആപ് ഡിപിയാക്കിയ അജ്ഞാതന്‍ ജില്ലാ ജഡ്ജിയുടെ കൈയില്‍ നിന്നും അന്‍പതിനായിരം രൂപ തട്ടിയെടുത്തു. ഹൈക്കോടതി രജിസ്ട്രാറുടെ പരാതിയില്‍ ഐടി നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം മുംബൈ പൊലീസ് കേസ് എടുത്തു.
വെള്ളിയാഴ്ച ജഡ്ജിയുടെ ഡിപിയുള്ള ഫോണില്‍ നിന്നും ജില്ലാ ജഡ്ജിക്ക് ഒരു മെസേജ് ലഭിക്കുകയായിരുന്നു. അടിയന്തരമായി അന്‍പതിനായിരം രൂപവേണമെന്നും വൈകീട്ട് തിരിച്ച് തരാമെന്നുമായിരുന്നു മെസേജില്‍ പറഞ്ഞത്. ജില്ലാ ജഡ്ജിയും ഹൈക്കോടതി ജഡ്ജിയും നേരത്തെ പരിചയമുള്ളവരായതിനാല്‍ മറ്റു കാര്യങ്ങള്‍ ഒന്നും തിരക്കാതെ തന്നെ ജില്ലാ ജഡ്ജി അന്‍പതിനായിരം രൂപ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു.
എന്നാല്‍ കുറച്ച് കഴിഞ്ഞ് വീണ്ടും കുടുതല്‍ തുക ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയത്. തുടര്‍ന്ന് ജില്ലാ ജഡ്ജി ഹൈക്കോടതിയിലെ രജിസ്ട്രാര്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന് ഇരയായതായി ബോധ്യപ്പെട്ടത്.
Recent Comments