മഴ തുടരും; ഇന്ന് 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കടലാക്രമണ മുന്നറിയിപ്പ്

മഴ തുടരും; ഇന്ന് 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ആറ് ജില്ലകളില്‍ യല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ നിലവില്‍ മുന്നറിയിപ്പില്ല.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ മുന്നറിയിപ്പൊന്നും ഇല്ല.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം

കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍േേക്കാട് വരെ ഇന്ന് രാത്രി 11.30 വരെ 0.4 മുതല്‍ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 16 സെന്റി മീറ്ററിനും 81 സെന്റി മീറ്ററിനും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ട്.

തെക്കന്‍ തമിഴ്‌നാട് തീരത്ത് കുളച്ചല്‍ മുതല്‍ കിലക്കരെ വരെ ഇന്ന് രാത്രി 11.30 വരെ 0.6 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 22 സെന്റി മീറ്ററിനും 83 സെന്റി മീറ്ററിനും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

പേഴ്സ് മോഷണം പോയി

പേഴ്സ് മോഷണം പോയി

ആറ്റിങ്ങൽ നിന്നും കൊല്ലത്തേക്ക് ബസിൽ കയറിയ ബീന എന്ന യുവതിയുടെ ബാഗിൽ നിന്നും പേഴ്സ് മോഷണം പോയി അതിൽ അധാർ, എ ടി എം, റേഷൻ കാർഡ്, പോസ്പ്പിറ്റലിലെ തുണ്ട്, പൈസ എന്നിവയുണ്ടായിരന്നു. കണ്ടു കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപെടുക
+91 9895732934 – അൽ അമീൻ
+91 95397 91811- ബീന
+91 99953 70781- ഷാജഹാൻ

പകര്‍ച്ചവ്യാധി പ്രതിരോധം: അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനിന്നാല്‍ പിരിച്ചുവിടും, ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

പകര്‍ച്ചവ്യാധി പ്രതിരോധം: അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനിന്നാല്‍ പിരിച്ചുവിടും, ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: അനധികൃതമായി ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. അനധികൃതമായി വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ച് പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. എന്നാല്‍ ചില ജീവനക്കാര്‍ അനധികൃതമായി അവധിയിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ലെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ജില്ലകളില്‍ അനധികൃതമായി അവധിയിലുള്ള ജീവനക്കാരുടെ വിവരങ്ങള്‍ അടുത്ത 5 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃത അവധിയിലുള്ള ജീവനക്കാരില്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ താത്പര്യമുള്ളവര്‍ ഒരാഴ്ചയ്ക്കകം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് പൊതു അറിയിപ്പ് നല്‍കാന്‍ നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ഇതനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

തുടര്‍ച്ചയായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാരണം അനേകം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിന് കാരണമാകുന്നുണ്ട്. ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്നത്. ഈ സമയത്ത് ആരോഗ്യ മേഖലയില്‍ നിന്നും ജീവനക്കാര്‍ മാറി നില്‍ക്കാന്‍ പാടില്ല. കൂടുതല്‍ മികവുറ്റ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമിതരായ ജീവനക്കാരില്‍ അനധികൃത ഹാജരില്ലായ്മ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ, അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ശക്തമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ചിരുന്നു. ഇത് കൂടാതെ ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. പ്രധാന ആശുപത്രികളില്‍ പ്രത്യേകം ഫീവര്‍ ക്ലിനിക്ക് ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ദേശീയപാതയിലെ ഗതാഗത കുരുക്ക്; പരിശോധിക്കാന്‍ മന്ത്രി ഗണേഷ് കുമാര്‍ നാളെ നേരിട്ട് ഇറങ്ങുന്നു

തിരുവനന്തപുരം: തൃശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഗതാഗതകുരുക്ക് പരിശോധിക്കാന്‍ മന്ത്രി നേരിട്ട് ഇറങ്ങുന്നു. നാളെ നടക്കുന്ന പരിശോധനയില്‍ കലക്ടര്‍മാരും ഗതാഗത കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രി കെബി ഗണേഷ് കുമാറിനെ അനുഗമിക്കും.

മഴ കൂടി കനത്തതോടെ വലിയ ഗതാഗതകുരുക്കാണ് തൃശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാതയില്‍ അനുഭവപ്പെടുന്നത്. എന്താണ് ഗതാഗതകുരുക്കിന്റെ യഥാര്‍ഥ പ്രശ്‌നമെന്നത് പരിശോധിക്കുന്നതിനായാണ് മന്ത്രി നേരിട്ട് പരിശോധന നടത്തുന്നത്. മന്ത്രിക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉണ്ടാകും.

വിശദമായ പരിശോധന നടത്തിയ ശേഷം ഏതൊക്കെ ട്രാഫിക് പോയിന്റില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്ന റിപ്പോര്‍ട്ട് നാളത്തന്നെ തയ്യാറാക്കും. ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കും. രാവിലെ പത്ത് മണിക്ക് ചാലക്കുടിയില്‍ നിന്ന് മന്ത്രിയുടെ പരിശോധന ആരംഭിക്കുക.

പുലി ചത്തത് ഹൃദയാഘാതം മൂലം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പുലി ചത്തത് ഹൃദയാഘാതം മൂലം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലം ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കമ്പിവേലിയില്‍ കുരുങ്ങിയത് പുലിയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിയുടെ കാലുകള്‍ക്ക് തളര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പില്‍ പുലി കമ്പിവേലിയില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മയക്കുവെടിവെച്ച ശേഷമാണ് കമ്പിവേലിയില്‍ നിന്ന് പുലിയെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലിയെ ചികിത്സയുടെ ഭാഗമായി നിരീക്ഷിക്കുന്നതിനിടെയാണ് പെട്ടെന്ന്് തന്നെ ചത്തത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് നാട്ടുകാരുടെ ഇടയില്‍ ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്.

ആന്തരിക രക്തസ്രാവം മൂലമാണ് പുലി ചത്തതെന്ന് പറയുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കമ്പി വയറിനകത്ത് ഉള്‍പ്പെടെ കുത്തിക്കയറിയത് മൂലമാണ് പരിക്ക് പറ്റിയതെന്നും പറയുന്നു. പരിക്കിനെ തുടര്‍ന്ന് ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയില്‍ രക്തം കട്ടപിടിച്ചു. ഇതുമൂലമാണ് ഹൃദയാഘാതം സംഭവിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുലി കുടുങ്ങിയത് പന്നിക്കെണിയിലെന്ന നിഗമനം ശരിവെയ്ക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

മഴക്കെടുതി; കണ്‍ട്രോള്‍ റൂം തുറന്നു; 24 മണിക്കൂറും പ്രവര്‍ത്തിക്കും

മഴക്കെടുതി; കണ്‍ട്രോള്‍ റൂം തുറന്നു; 24 മണിക്കൂറും പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. 0471 2317214 ആണ് നമ്പര്‍.

മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകള്‍, പെട്ടെന്നുണ്ടായ പകര്‍ച്ചവ്യാധികള്‍ മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണ്. പൊതുജനങ്ങള്‍ ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എംജി രാജമാണിക്യം അഭ്യര്‍ഥിച്ചു.