സ്വർണവിലയിൽ വൻ ഇടിവ്; പവന് ഇന്ന് കുറഞ്ഞത് 800 രൂപ

സ്വർണവിലയിൽ വൻ ഇടിവ്; പവന് ഇന്ന് കുറഞ്ഞത് 800 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ്. പവന് ഇന്ന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,840 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞു.

ഒരു ഗ്രാം സ്വർണത്തിന് 6730 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 90 രൂപ കുറഞ്ഞ് 5600 രൂപയിലെത്തി. അന്താരാഷ്ട്ര സ്വർണവില 2370 ഡോളറാണ്. ഡോളർ സൂചിക ഉയർന്നതും സ്വർണ വില കുറയാൻ വഴിയൊരുക്കി. പുതിയ സാഹചര്യങ്ങളിൽ സെപ്റ്റംബറിന് പകരം ഫെഡ് നവംബറിൽ പലിശ നിരക്ക് കുറച്ചേക്കാം.

യാത്രയില്‍ എപ്പോഴാണ് സീറ്റ് ബെല്‍റ്റ് ആവശ്യം വരുക?; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

യാത്രയില്‍ എപ്പോഴാണ് സീറ്റ് ബെല്‍റ്റ് ആവശ്യം വരുക?; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: കാറുകള്‍ ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. ഒരു വാഹനം റോഡില്‍ ഏതു നിമിഷത്തിലും ഒരു അപകടത്തില്‍പ്പെടാം. ആ ഒരു അടിയന്തിര ഘട്ടത്തില്‍ വാഹനം നമ്മുടെ നിയന്ത്രണത്തിലോ അല്ലാതേയോ പെട്ടെന്ന് നിര്‍ത്തപ്പെടും. ചിലപ്പോള്‍ മലക്കംമറിയാം. ഇത്തരം അടിയന്തിരഘട്ടങ്ങളില്‍ കാലന്റെ ബെല്‍റ്റില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ നാം കണ്ടുപിടിച്ച ഒന്നാണ് സീറ്റ്‌ബെല്‍റ്റ്. കാറുകളില്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ശരിയായും നിര്‍ബന്ധമായും ധരിക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

മോട്ടോര്‍ വാഹനവകുപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കുറിച്ച്

സീറ്റ് ബെല്‍റ്റ് – ഒരു അധിക സുരക്ഷാ വള്ളി

*ഉപയോഗിക്കുമ്പോള്‍ ആവശ്യമില്ലെന്ന് തോന്നുന്ന, ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയാത്ത ഒന്നിനെ സുരക്ഷ എന്നു പറയാം*

സീറ്റ് ബെല്‍റ്റ് എന്ന അധികസുരക്ഷാ ഉപാധിയും അങ്ങിനെയാണ്, ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയില്ല. യാത്രയില്‍ എപ്പോഴാണ് സീറ്റ് ബെല്‍റ്റ് ആവശ്യം വരുക ? ഉത്തരം ലളിതം : വഴിയില്‍ ഒരു കാക്കിക്കുപ്പായക്കാരനെ കാണുമ്പോള്‍ …..അന്നേരം വലിച്ചാല്‍ ഇതൊട്ട് വരുകയുമില്ല…. 1000 രൂപ പോയി കിട്ടും…. സീറ്റ് ബെല്‍റ്റെന്ന വള്ളിക്കെട്ടിന്റെ സ്വഭാവം അതാണ്.

ഒരു വാഹനം റോഡില്‍ ഏതു നിമിഷത്തിലും ഒരു അപകടത്തില്‍പ്പെടാം. ആ ഒരു അടിയന്തിര ഘട്ടത്തില്‍ വാഹനം നമ്മുടെ നിയന്ത്രണത്തിലോ അല്ലാതേയോ പെട്ടെന്ന് നിര്‍ത്തപ്പെടും. ചിലപ്പോള്‍ മലക്കംമറിയാം. ഇത്തരം അടിയന്തിരഘട്ടങ്ങളില്‍ കാലന്റെ ബെല്‍റ്റില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ നാം കണ്ടുപിടിച്ച ഒന്നാണ് സീറ്റ്‌ബെല്‍റ്റ്

കാറുകളില്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ശരിയായും നിര്‍ബന്ധമായും ധരിക്കുക. മരണത്തിന്റെ വക്കില്‍ നിന്നും ഒരു പക്ഷെ പിന്നിലേയ്ക്ക് വലിയ്ക്കാന്‍ ഒരു പിടിവള്ളി – അതാണ് സീറ്റ് ബെല്‍റ്റ്.

കോവിഡ് ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കിയില്ല; 76,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

കോവിഡ് ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കിയില്ല; 76,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: കോവിഡ് ചികിത്സയ്ക്ക് ഇര്‍ഷുറന്‍സ് തുക നല്‍കാത്ത സംഭവത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ട പരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.

ക്യാഷ് ലെസ് ചികിത്സക്ക് അവകാശം ഉണ്ടായിരുന്നിട്ടും ചികിത്സാ ചെലവ് നല്‍കാതിരുന്ന കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ കച്ചവട രീതിയുമാണെന്ന് കോടതി പറഞ്ഞു. ചികിത്സ ചെലവായ 46,203 രൂപയും നഷ്ടപരിഹാരവും കോടതി ചെലവുമായി 30,000 രൂപയും കമ്പനി പരാതിക്കാരന് നല്‍കണമെന്നാണ് കോടതി ഉത്തരവ്.

എറണാകുളം പുത്തന്‍ കുരിശ് സ്വദേശി റെജി ജോണ്‍ സമര്‍പ്പിച്ച പരാതിയില്‍ ഡി.ബി. ബിനു പ്രസിഡന്റും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് ഉത്തരവിട്ടത്. വ്യാപാരി വ്യവസായി സംഘടനയുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമാണ് ഡ്രൈവറായ പരാതിക്കാരന്‍ എതിര്‍കക്ഷിയില്‍ നിന്നും ഇന്‍ഷുറന്‍സ് പോളിസി എടുത്തത്. 2021 ജനുവരിയില്‍ ഡെങ്കിപ്പനിയും കോവിഡും പരാതിക്കാരനെ ബാധിച്ചതായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോളിസി വ്യവസ്ഥ പ്രകാരം ക്യാഷ് ലെസ് ചികിത്സക്ക് അവകാശം ഉണ്ടായിരുന്നിട്ടും ആശുപത്രി ചെലവ് നല്‍കാന്‍ എതിര്‍കക്ഷി തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു.

ഇന്‍ഷുറന്‍സ് കമ്പനിയുടെ എം പാനല്‍ ആശുപത്രിയില്‍ തന്നെയാണ് പരാതിക്കാരന്‍ ചികിത്സ സ്വീകരിച്ചത്. എന്നാല്‍, ക്ലെയിം അനുവദിക്കാന്‍ ആവശ്യമായ മുഴുവന്‍ ഒറിജിനല്‍ രേഖകളും പരാതിക്കാരന്‍ ഹാജരാക്കിയില്ല എന്ന നിലപാടാണ് എതിര്‍കക്ഷി കോടതി മുമ്പാകെ സ്വീകരിച്ചത്.

രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; എട്ടിടത്ത് ഓറഞ്ച്; മധ്യകേരളത്തില്‍ മഴ കനക്കും; ന്യൂനമര്‍ദം തീവ്രമാകും

രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; എട്ടിടത്ത് ഓറഞ്ച്; മധ്യകേരളത്തില്‍ മഴ കനക്കും; ന്യൂനമര്‍ദം തീവ്രമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രാകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകളും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കിവരെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി / മിന്നല്‍ / കാറ്റോട്കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. മെയ് 23 മുതല്‍ 24 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍അതി ശക്തമായ മഴക്കും, മെയ് 23 മുതല്‍ 25 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുന മര്‍ദം നിലനില്‍ക്കുന്നു . വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദം മെയ് 24 ഓടെ മധ്യബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുനമര്‍ദമായും ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വ്യാപക നാശം വിതച്ച് പെരുമഴ; ഒരു മരണം; പലയിടത്തും ഗതാഗതക്കുരുക്ക്; കരിപ്പൂരില്‍ വിമാനങ്ങള്‍ വൈകുന്നു

വ്യാപക നാശം വിതച്ച് പെരുമഴ; ഒരു മരണം; പലയിടത്തും ഗതാഗതക്കുരുക്ക്; കരിപ്പൂരില്‍ വിമാനങ്ങള്‍ വൈകുന്നു

കൊച്ചി: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ പരക്കെ നാശനഷ്ടം. കനത്തമഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കോട്ടയത്ത് യുവാവ് മരിച്ചു. ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശ് വിമോദ് കുമാര്‍ (38) ആണ് മരിച്ചത്. ചൂണ്ടയിടാന്‍ പോയ യുവാവ് തോട്ടില്‍ വീണു മരിച്ചതായാണ് നിഗമനം. ബുധനാഴ്ച വൈകീട്ടാണ് വിമോദിനെ കാണാതായത്.

കോഴിക്കോട് പന്തീരാങ്കാവ് ദേശീയ പാതയില്‍ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നു വീണു. കോഴിക്കോട് സായ്കേന്ദ്രത്തിലും വെള്ളം കയറി. മാവൂര്‍ തെങ്ങിലക്കടവ് ആയംകുളം റോഡ് 30 മീറ്ററോളം പുഴയിലേക്കിടിഞ്ഞു. കോഴിക്കോട് വ്യാപക കൃഷിനാശമുണ്ടായി. ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു.

കൊച്ചിയില്‍ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരം വര്‍ക്കല ഹെലിപ്പാഡ് ഭാഗത്തെ കുന്ന് ഇടിഞ്ഞു. രാവിലെ ഒമ്പതു മണിയോടെയാണ് കുന്ന് ഇടിഞ്ഞത്. സന്ദര്‍ശകര്‍ക്ക് കാഴ്ചകള്‍ കാണുന്നതിനും വിശ്രമിക്കുന്നതിനുമായി പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടങ്ങളുടെ ഭാഗത്തെ കുന്നാണ് ഇടിഞ്ഞത്. ഏതാണ്ട് 25 മീറ്ററോളം താഴ്ച്ചയാണ് ഈ ഭാഗത്ത് ഉള്ളത്.

തൃശ്ശൂരിലെ അപ്രതീക്ഷിത വെള്ളക്കെട്ടില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് വിശദീകരണം തേടുമെന്ന് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ അറിയിച്ചു. ഓട വൃത്തിയാക്കുന്നതിന് തെരഞ്ഞെടുപ്പ് തടസ്സമായിരുന്നില്ല. എന്താണ് തടസ്സമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ആരായും. മഴ വെള്ളം ഒഴുകിപ്പോകാന്‍ ആവശ്യമെങ്കില്‍ ഏമ്മാക്കല്‍ ബണ്ട് തുറക്കുമെന്നും കലക്ടര്‍ അറിയിച്ചു.

കനത്ത മഴയില്‍ കൊല്ലം കിഴക്കേ കല്ലടയില്‍ തെങ്ങ് വീണ് വീടു തകര്‍ന്നു. കൊച്ചു പ്ലാമൂട് ഷാജിയുടെ വീടാണ് തകര്‍ന്നത്. രാവിലെ ആറേകാലോടെയാണ് സംഭവം. വീടിന്റെ കിടപ്പുമുറിയും അടുക്കളയും തകര്‍ന്നു. വീട്ടുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മയ്യനാട് മഴയത്ത് വീടു തകര്‍ന്ന് ഒരു കുട്ടിക്ക് പരിക്കേറ്റിരുന്നു.

സബിത്ത് അവയവക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍; ഡല്‍ഹിയില്‍ നിന്നും ആളുകളെ കടത്തി; പണമിടപാടിന്റെ രേഖകള്‍ കണ്ടെത്തി

സബിത്ത് അവയവക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍; ഡല്‍ഹിയില്‍ നിന്നും ആളുകളെ കടത്തി; പണമിടപാടിന്റെ രേഖകള്‍ കണ്ടെത്തി

കൊച്ചി: അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കൂടുതല്‍ പേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസില്‍ പിടിയിലായ സബിത്ത് നാസര്‍ ഇടനിലക്കാരന്‍ അല്ലെന്നും, മുഖ്യസൂത്രധാരകരിലൊരാളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങള്‍ക്ക് പുറമെ ഡല്‍ഹിയില്‍ നിന്നും ആളുകളെ കടത്തിയതായും അന്വേഷണം സംഘം പറഞ്ഞു.

പണം വാങ്ങിയതിന്റെ സൈബര്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. അവയവക്കടത്ത് സംഘത്തിലെ പ്രധാനികള്‍ ഉത്തരേന്ത്യക്കാരാണെന്നും സബിത്ത്, സുഹൃത്ത് കൊച്ചി സ്വദേശി, എന്നിവരാണ് അവയവക്കടത്തിലെ പ്രധാന കണ്ണികളെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍നിന്ന് പ്രതി സബിത്ത് നാസര്‍ പൊലീസിന്റെ പിടിയിലാകുന്നത്. തൃശ്ശൂര്‍ വലപ്പാട് സ്വദേശിയാണ്. ആദ്യം നെടുമ്പാശ്ശേരിയില്‍ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സബിത്ത് നാസര്‍ അറസ്റ്റിലായത്.

കേസില്‍ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ പലസംസ്ഥാനങ്ങളില്‍ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ചെന്ന് വിവരം പുറത്തുവന്നിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കെത്തിച്ച് സ്വീകര്‍ത്താവില്‍ നിന്ന് പണം വാങ്ങിയെടുത്തു.

അവയവത്തിനായി കടത്തുന്നവര്‍ക്ക് സബിത്ത് വ്യാജ ആധാറും പാസ്‌പോര്‍ട്ടും സംഘടിപ്പിച്ചിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. നിയമപരമായ രീതിയിലാണ് വൃക്കദാനം എന്നു വിശേഷിപ്പിച്ചാണ് ഇയാള്‍ ഇരകളെ ഇറാനിലേക്ക് കൊണ്ടുപോയിട്ടുള്ളത്. ഇവരില്‍ ചിലര്‍ തിരികെ എത്തിയിട്ടില്ലെന്നും മരിച്ചു എന്നും വിവരമുണ്ട്. 10 ലക്ഷം വരെയാണ് ഇരകള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് എങ്കിലും ആറു ലക്ഷം രൂപയൊക്കെയാണ് നല്‍കുന്നത് എന്ന് സബിത്ത് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആള്‍ക്ക് ഒന്നിന് 5 ലക്ഷം രൂപയാണ് സബിത്തിന്റെ കമ്മിഷന്‍.