കേരളത്തിൽ ഇന്നും നാളെയും തീവ്രമഴ

കേരളത്തിൽ ഇന്നും നാളെയും തീവ്രമഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് ആന്ധ്രാ തീരത്തിനു അകലെയായിട്ടാണ് ന്യുനമര്‍ദ്ദം രൂപപ്പെട്ടത്. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം വെള്ളിയാഴ്ച രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.

തുടര്‍ന്ന് വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദമാണിത്. കാലവര്‍ഷത്തിന്റെ വരവിനെ ന്യൂനമര്‍ദ്ദം സ്വാധീനിച്ചേക്കും. ഇതു കൂടാതെ വടക്കന്‍ കേരളത്തിന് മുകളിലായി ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്.

ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും അതിതീവ്രമായ മഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ച വരെ മെയ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

പാലക്കാട് കമ്പിവേലിയില്‍ കുടുങ്ങി പുലി; മയക്കുവെടിവെച്ച് പിടികൂടും

പാലക്കാട് കമ്പിവേലിയില്‍ കുടുങ്ങി പുലി; മയക്കുവെടിവെച്ച് പിടികൂടും

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്പിവേലിയില്‍ പുലി കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് പുലിയ കുടുങ്ങിയത്.

രാവിലെയാണ് പുലി കുടുങ്ങിയത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. പുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഉണ്ണികൃഷ്ണന്റെ മാവിന്‍തോപ്പിലെ കമ്പിവേലിയിലാണ് പുലി കുടുങ്ങിയത്. പെണ്‍പുലിയാണ്. കുടുങ്ങിയിരിക്കുന്നത് കമ്പിവേലിയില്‍ ആയതിനാല്‍ ഒന്ന് കുതറിയാല്‍ പുലി രക്ഷപ്പെടാന്‍ സാധ്യതയുണ്ട്. കുതറിയോടുന്നതിനിടെ ആരെയെങ്കിലും ആക്രമിച്ചാലോ എന്ന് മുന്‍കൂട്ടി കണ്ട് സ്ഥലത്ത് വടംകെട്ടി ജനങ്ങളെ സുരക്ഷിതസ്ഥലത്തേയ്ക്ക് മാറ്റിനിര്‍ത്തിയിട്ടുണ്ട്.

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 55,000ല്‍ താഴെ തന്നെ

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 55,000ല്‍ താഴെ തന്നെ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 54,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6830 രൂപ നല്‍കണം.

കഴിഞ്ഞദിവസം 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. ഇന്നലെ ഒറ്റയടിക്ക് 480 രൂപ കുറഞ്ഞ് സ്വര്‍ണവില 55,000ല്‍ താഴെ എത്തി. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.

രാത്രിയില്‍ രാസമാലിന്യം ഒഴുക്കിവിട്ടു, പെരിയാറില്‍ മീനുകളുടെ കൂട്ടക്കുരുതി; എടയാറില്‍ പ്രതിഷേധം

രാത്രിയില്‍ രാസമാലിന്യം ഒഴുക്കിവിട്ടു, പെരിയാറില്‍ മീനുകളുടെ കൂട്ടക്കുരുതി; എടയാറില്‍ പ്രതിഷേധം

കൊച്ചി: എടയാര്‍ വ്യവസായ മേഖലയ്ക്ക് സമീപം പെരിയാറില്‍ രാസമാലിന്യം കലര്‍ന്നതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. എടയാര്‍ വ്യവസായ മേഖലയില്‍ നിന്ന് പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതാണ് ഇതിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. മത്സ്യകൃഷി നടത്തിയ കര്‍ഷകരെയും ഇത് ബാധിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു.

ഇന്നലെ രാത്രിയിലാണ് മീനുകള്‍ ചത്തുപൊന്താന്‍ തുടങ്ങിയത്. തുടക്കത്തില്‍ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. തുടര്‍ന്ന് കടമക്കുടി, ചേരാനെല്ലൂര്‍ ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇവിടെ മത്സ്യകൃഷി ചെയ്തവര്‍ക്കാണ് നഷ്ടം ഉണ്ടായത്. ലക്ഷങ്ങള്‍ മുടക്കി കൃഷി ചെയ്തവരുടെ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ശക്തമായ മഴയ്ക്കിടെ വ്യവസായ ശാലകളില്‍ നിന്ന് പുഴയിലേക്ക് രാസമാലിന്യങ്ങള്‍ ഒഴുക്കിയതിനെ തുടര്‍ന്നാണ് മീനുകള്‍ ചത്തുപൊങ്ങിയത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. മാലിന്യം ഒഴുക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുമ്പോഴും അധികൃതര്‍ ഇക്കാര്യത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. സെനറ്റിലേക്ക് വിദ്യാര്‍ത്ഥി പ്രതിനിധികളിലായി നാലുപേരെയാണ് ഗവര്‍ണര്‍ സ്വന്തം നിലയില്‍ നാമനിര്‍ദേശം ചെയ്തിരുന്നത്. ഈ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നാമനിര്‍ദേശം നടത്താന്‍ ഹൈക്കോടതി ഗവര്‍ണറോട് നിര്‍ദേശിച്ചു.

സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പട്ടിക അവഗണിച്ചാണ് ഗവര്‍ണര്‍ സ്വന്തം നിലയില്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്തത്. ഹ്യുമാനിറ്റീസ്, സയന്‍സ്, ഫൈന്‍ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് വിഭാഗങ്ങളിലാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഇവരെല്ലാം എബിവിപി പ്രവര്‍ത്തകരായിരുന്നു എന്നും രാഷ്ട്രീയ പശ്ചാത്തലം നോക്കിയാണ് നാമനിര്‍ദേശം ചെയ്തതെന്നുമായിരുന്നു പ്രധാന ആരോപണം.

ആര്‍ട്‌സ് മേഖലയിലോ കലോത്സവങ്ങളിലോ പ്രാവീണ്യമോ സമ്മാനങ്ങളോ നേടിയവരെയാണ് സാധാരണ വിദ്യാര്‍ത്ഥി പ്രതിനിധികളായി നാമനിര്‍ദേശം ചെയ്യാറുള്ളത്. എന്നാല്‍ ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ പ്രാവീണ്യം ഉള്ളവരായിട്ടും തങ്ങളെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാല സമര്‍പ്പിച്ച പട്ടികയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. എന്തു കൊണ്ടാണ് ഇവരെ പരിഗണിക്കാതിരുന്നതെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തിന് പ്രൗഢി പകര്‍ന്ന് കിഴക്കേ നടയില്‍ ഇനി അലങ്കാര ഗോപുരം; താഴികക്കുടം സ്ഥാപിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന് പ്രൗഢി പകര്‍ന്ന് കിഴക്കേ നടയില്‍ ഇനി അലങ്കാര ഗോപുരം; താഴികക്കുടം സ്ഥാപിച്ചു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേനടയില്‍ നിര്‍മ്മിക്കുന്ന അലങ്കാര ഗോപുരത്തില്‍ താഴികക്കുടം സ്ഥാപിച്ചു. ഇന്നലെ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ താഴികക്കുടം സ്ഥാപിക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ചു.

പ്രവൃത്തി സ്‌പോണ്‍സര്‍ ചെയ്ത പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമറിന്റെ അച്ഛന്‍ വിജയകുമാറില്‍ നിന്നുമാണ് ദേവസ്വം ചെയര്‍മാന്‍ താഴികക്കുടം ഏറ്റുവാങ്ങിയത്. ചടങ്ങില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ പി വിശ്വനാഥന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ശില്‍പികളായ എളവള്ളി നന്ദന്‍, മാന്നാര്‍ മനോഹരന്‍,ദേവസ്വം മരാമത്ത് ചീഫ് എന്‍ജിനിയര്‍ എം ജി രാജന്‍, എക്‌സി.എന്‍ജീനിയര്‍ എം കെ അശോക് കുമാര്‍, അസി.എക്‌സി.എന്‍ജീനിയര്‍ വി ബി സാബു, അസി.എന്‍ജീനിയര്‍ നാരായണനുണ്ണി, മറ്റ് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.