by Midhun HP News | May 21, 2024 | Latest News, കേരളം
മംഗളൂരു: അനധികൃതമായി തോക്ക് കൈവശം വെച്ചതിന് കര്‍ണാടകയില്‍ രണ്ടു മലയാളികള്‍ അറസ്റ്റില്‍. ഉള്ളാലിലെ തലപ്പാടിയില്‍ വെച്ചാണ് പിസ്റ്റളുമായി കാറില്‍ വരുമ്പോള്‍ രണ്ടുപേര്‍ പിടിയിലാകുന്നത്. മഞ്ചേശ്വരം കടമ്പാര്‍ സ്വദേശി മുഹമ്മദ് അസ്ഗര്‍, ഉടമ്പയില്‍ സ്വദേശി അബ്ദുള്‍ നിസാര്‍ എന്നിവരാണ് പിടിയിലായത്.
തോക്കിന് ലൈസന്‍സോ, ഇവര്‍ സഞ്ചരിച്ച കാറിന് മതിയായ രേഖകളോ ഉണ്ടായിരുന്നില്ല. പിസ്റ്റളിനൊപ്പം തിരകള്‍, ഇവരുടെ മൊബൈല്‍ ഫോണുകള്‍, ഇവര്‍ സഞ്ചരിച്ച കാര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ഇവരെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. മുഹമ്മദ് അസ്ഗറിനെതിരെ നേരത്തെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയ്ക്കും ഉള്ളാല്‍ സ്‌റ്റേഷനില്‍ കഞ്ചാവ് വില്‍പ്പനയ്ക്കും കേസുണ്ട്. അബ്ദുള്‍ നിസാറിനെതിരെ ബംഗളൂരുവില്‍ കഞ്ചാവ് കടത്തല്‍ ഉള്‍പ്പെടെ എട്ടു ക്രിമിനല്‍ കേസുകളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
by Midhun HP News | May 21, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. റെഡ് അലര്‍ട്ട് പൂര്‍ണമായും പിൻവലിച്ചിരിക്കുകയാണ്. ഒരു ജില്ലയിലും അതിതീവ്ര മഴയ്ക്ക് സാധ്യത കല്‍പിക്കുന്നില്ല. എന്നാല്‍ എട്ട് ജില്ലകളില്‍ ശക്തമായ മഴ തുടരും.
തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളിലാണ് മഴ ശക്തമായി ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. ബാക്കി എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണിനി നിലനില്‍ക്കുന്നത്. നാളെ പക്ഷേ പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലര്‍ട്ടാണ്. മറ്റന്നാള്‍ ഇടുക്കിയിലും പാലക്കാടും റെഡ് അലര്‍ട്ടുണ്ട്.
മഴയ്ക്ക് പുറമെ ശക്തമായ കാറ്റും കടല്‍ക്ഷോഭവുമുണ്ടാകാം എന്നതിനാല്‍ ജാഗ്രതയോടെ തന്നെ തുടരണം. തീരദേശത്തുള്ളവര്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തണം. അറിയിപ്പുണ്ടാകുന്നത് വരെ മത്സ്യബന്ധനം പാടുള്ളതല്ല. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോരമേഖലയില്‍ താമസിക്കുന്നവരും ശ്രദ്ധിക്കണം.
മറ്റന്നാളോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. പിന്നീടിത് തീവ്രന്യൂനമര്‍ദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവുമെല്ലാം കണക്കിലെടുത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്ന് തന്നെയാണ് മുന്നറിയിപ്പ്.
by Midhun HP News | May 21, 2024 | Latest News, കേരളം
പാലക്കാട്: പാലക്കാട് തോലന്നൂരില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. രണ്ടാം പ്രതിയും കൊല്ലപ്പെട്ട ദമ്പതികളുടെ മകന്റെ ഭാര്യയുമായ ഷീജയ്ക്ക് ജീവപര്യന്തം ശിക്ഷയുമാണ് വിധിച്ചത്.
പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 സെപ്റ്റംബറിലാണ് വിമുക്തഭടനായ പുളിക്കപ്പറമ്പ് അംബ്ദേകര്‍ കോളനിയിലെ താമസക്കാരായ സ്വാമിനാഥനും ഭാര്യ പ്രേമകുമാരിയും കൊല്ലപ്പെടുന്നത്. പ്രതികള്‍ തമ്മിലുള്ള ബന്ധം സ്വാമിനാഥന്‍ അറിഞ്ഞതോടെയാണ് ദമ്പതികളെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ദമ്പതികളുടെ മരുമകള്‍ ഷീജയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സുഹൃത്തായ സദാനന്ദനെ ഉപയോഗിച്ച് ദമ്പതികളെ വകവരുത്തുകയായിരുന്നു. സദാനന്ദനും ഷീജയും തമ്മിലുള്ള ബന്ധം സൈനികനായ മകനെ അറിയിക്കുമെന്ന് സ്വാമിനാഥന്‍ മുന്നറിയിപ്പ് നല്‍കിയതാണ് കൊലപാതകത്തിന് ഇവരെ പ്രേരിപ്പിച്ചത്.
by Midhun HP News | May 21, 2024 | Latest News, കേരളം
ആലപ്പുഴ: മാവേലിക്കര ചിങ്ങോലി ജയറാം വധക്കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം. ചിങ്ങോലി തറവേലിക്കകത്ത് പടീറ്റതിൽ ഹരികൃഷ്ണൻ (ഹരീഷ് -36), കലേഷ് ഭവനത്തിൽ കലേഷ് (33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികൾക്ക് ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു.
മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട ജയറാമിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. 2020 ജൂലായ് 19-നു രാത്രി 7.30-നാണ് നെടിയാത്ത് പുത്തൻവീട്ടിൽ ജയറാമി (31) നെ കൊലപ്പെടുത്തുന്നത്. ചിങ്ങോലി പഴയ വില്ലേജ് ഓഫീസിനു വടക്കുവശത്തുള്ള ബേക്കറിക്ക് മുന്നിൽ വെച്ചാണ് കൊലപാതകം നടന്നത്.പ്രതികൾ ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരം കുറ്റക്കാരാണെന്ന് കോടതി ശനിയാഴ്ച കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ജയറാമിന്റെ സുഹൃത്തുക്കളാണ് പ്രതികൾ ഇരുവരും. ജയറാമും പ്രതികളും കോൺക്രീറ്റ് ജോലികൾ ചെയ്യുന്നവരാണ് പ്രതികളുടെ സുഹൃത്തായ മറ്റൊരാൾ ജോലിക്കു വിളിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
by Midhun HP News | May 21, 2024 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ മഴയത്ത് കടവരാന്തയില്‍ കയറി നിന്ന 19 കാരന്‍ ഷോക്കേറ്റ് മരിച്ചത് സര്‍വീസ് വയറിലെ ചോര്‍ച്ച മൂലമെന്ന് കെഎസ്ഇബി. സര്‍വീസ് വയറില്‍ ചോര്‍ച്ചയുണ്ടായിരുന്നു. ഇതോടൊപ്പം കാറ്റിലും മഴയിലും കടയ്ക്ക് മുകളിലുള്ള മരച്ചില്ലകള്‍ വൈദ്യുത കമ്പിയിലും കടയുടെ തകര ഷീറ്റിലും തട്ടിയതിനെത്തുടര്‍ന്നും വൈദ്യുതി പ്രവഹിച്ചിരിക്കാമെന്നും കെഎസ്ഇബിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
കടയില്‍ രാത്രി സമയത്ത് ഒരു ബള്‍ബ് പ്രവര്‍ത്തിച്ചിരുന്നു. ബള്‍ബ് കണക്ട് ചെയ്ത വയറിലും ചോര്‍ച്ചയുണ്ട്. ഇതിലൂടെ തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. തലേന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ലീക്ക് കണ്ടെത്തിയിരുന്നില്ലെന്നും കെഎസ്ഇബി വിശദീകരിക്കുന്നു.
കോഴിക്കോട് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള കെഎസ്ഇബി അന്വേഷണ സംഘം ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. കടയുടമയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ മൊഴിയും മരിച്ച യുവാവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ച ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രിക്ക് സമര്‍പ്പിക്കുക.
ഇന്നലെയാണ് കുറ്റിക്കാട്ടൂരില്‍ മഴയത്ത് കടയുടെ സൈഡില്‍ കയറി നിന്ന യുവാവ് ഷോക്കേറ്റ് മരിച്ചത്. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു റിജാസ്. സ്കൂട്ടർ കേടായതിനെത്തുടർന്ന് കടയുടെ സൈഡിൽ നിർത്തി, കയറി നിൽക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോഴാണ് റിജാസിന് ഷോക്കേറ്റത്. സംഭവത്തിൽ കെഎസ്ഇബിക്കെതിരെ നാട്ടുകാർ പ്രതിഷേധം നടത്തിയിരുന്നു.
by Midhun HP News | May 21, 2024 | Latest News, കേരളം
ചെന്നൈ: ടൂത്ത് പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ടു പല്ല് തേച്ച യുവതി മരിച്ചു. തിരിച്ചിറപ്പള്ളിയിലാണ് ദാരുണ സംഭവം. കെകെ നഗർ സ്വദേശി രേവതി (27) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയാണ് ടൂത്ത് പേസ്റ്റാണെന്നു തെറ്റിദ്ധരിച്ച് രേവതി എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന പേസ്റ്റ് എടുത്തു പല്ല് തേച്ചത്. പിന്നീട് യുവതി ജോലിക്ക് പോകുകയും ചെയ്തു. വൈകീട്ട് വീട്ടിൽ തിരിച്ചെത്തിയ രേവതി നിരവധി തവണ ഛർദ്ദിച്ചതായി ബന്ധുക്കൾ വ്യക്തമാക്കി. പിന്നാലെ ബന്ധുക്കൾ യുവതിയെ തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കെകെ നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Recent Comments