by Midhun HP News | May 22, 2024 | Latest News, കേരളം
കണ്ണൂര്‍: തിരക്ക് കുറയ്ക്കാന്‍ തുടങ്ങിയ ആറ് പ്രത്യേക ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുന്നുവെന്ന് റെയിൽവെ. കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര ട്രെയിനുകൾ ഇതില്‍ ഉള്‍പ്പെടുന്നു. നടത്തിപ്പ്-സുരക്ഷ പ്രശ്‌നങ്ങൾ എന്നി ചൂണ്ടിക്കാട്ടിയാണ് സർവീസ് അവസാനിപ്പിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.
ശനിയാഴ്ചകളില്‍ ഓടുന്ന മംഗളൂരു-കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര ട്രെയിൻ (06041/06042) ജൂണ്‍ എട്ടു മുതല്‍ 29 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. മേയ് 25, ജൂണ്‍ ഒന്ന് സര്‍വീസുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. മംഗളൂരു-കോട്ടയം-മംഗളുരു റൂട്ടിലെ പ്രത്യേക ട്രെയിൻ (06075/06076) റെയില്‍വെ നേരത്തേ റദ്ദാക്കിയിരുന്നു. ഒരു സര്‍വീസ് നടത്തിയ വണ്ടിയാണ് പൊടുന്നനെ നിര്‍ത്തിയത്. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്നുവരെയായിരുന്നു (ശനിയാഴ്ചകളില്‍) ട്രെയിൻ പ്രഖ്യാപിച്ചത്. ഏപ്രില്‍ 20-ന് ഓടിക്കുകയും ചെയ്തു. അതേസമയം ജോലിഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഒന്നു മുതല്‍ ദക്ഷിണ റെയില്‍വെയിലെ ലോക്കോപൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
റദ്ദാക്കിയ ട്രെയിനുകൾ
മംഗളൂരു-കോയമ്പത്തൂര്‍ എക്‌പ്രസ് (ശനി)-06041- (ജൂണ്‍ എട്ടുമുതല്‍ 29 വരെ).
കോയമ്പത്തൂര്‍-മംഗളൂരു എക്‌പ്രസ് (ശനി)-06042- (ജൂണ്‍ എട്ട്- 29).
കൊച്ചുവേളി-നിസാമുദ്ദീന്‍ എക്‌പ്രസ് (വെള്ളി)-06071- (ജൂണ്‍ ഏഴ്-28).
നിസാമുദ്ദീന്‍-കൊച്ചുവേളി എക്‌പ്രസ് (തിങ്കള്‍)-06072- (ജൂണ്‍ 10-ജൂലായ് ഒന്ന്).
ചെന്നൈ-വേളാങ്കണ്ണി (വെള്ളി, ഞായര്‍)-06037 (ജൂണ്‍ 21-30).
വേളാങ്കണ്ണി-ചെന്നൈ (ശനി, തിങ്കള്‍) 06038 (ജൂണ്‍ 22-ജൂലായ് ഒന്ന്).
by Midhun HP News | May 22, 2024 | Latest News, കേരളം
പാലക്കാട്: കല്ലടിക്കോട് വീടിന് സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ മുങ്ങി മരിച്ചു. കോണിക്കുഴി സ്വദേശികളായ അഭയ്(20), മേഖജ്(18) എന്നിവരാണ് മരിച്ചത്. പ്രദേശത്ത് മഴ ശക്തമായിരുന്നു. രാത്രിയോടെയാണ് ഇരുവരും കുളിക്കാനിറങ്ങിയത്. എന്നാൽ കുളിക്കുന്നതിനിടെ കയത്തില്‍ പെടുകയായിരുന്നു.
ഉടന്‍ നാട്ടുകാരുടെയും അന്ധിരക്ഷാ സേനയും ചേർന്ന് മണിക്കൂറുകളോളം നടത്തിയ പരിശോധനയിലാണ് ഇരുവരെയും പുറത്തെത്തിച്ചത്. പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചപ്പൊഴേക്കും ഇരുവരുടെയും മരണം സ്ഥിരീകരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
by Midhun HP News | May 22, 2024 | Latest News, കേരളം
കൊച്ചി: ചെറായി ഗൗരീശ്വര ക്ഷേത്രത്തില്‍ ഇനി പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ഊരാതെ ദര്‍ശനം നടത്താം. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തില്‍ 112 വര്‍ഷമായി തുടരുന്ന ആചാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരി മാത്രമേ ദര്‍ശനം നടത്താവു എന്ന ആചാരം അവസാനിപ്പിക്കാന്‍ ഞായറാഴ്ച പ്രസിഡന്റ് വികാസ് മാളിയേക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗമാണ് തീരുമാനിച്ചത്.
ക്ഷേത്രത്തിന്റെ താന്ത്രിക അവകാശമുള്ള ശിവഗിരി മഠവും ഈ അനാചാരം അവസാനിപ്പിക്കണം എന്നു നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിജ്ഞാന വര്‍ധിനി സഭയുടെ കീഴിലാണ് ക്ഷേത്രം. ഈ സഭയുടെ കീഴില്‍ തന്നെയുള്ള വലിയ വീട്ടില്‍ കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നേരത്തെ തന്നെ ഷര്‍ട്ട് ഊരാതെ തന്നെ ദര്‍ശനം നടത്തുവാന്‍ ഭക്തര്‍ക്ക് കഴിയുമായിരുന്നു. ഷര്‍ട്ട് ഊരാതെ തന്നെ പുരുഷന്മാര്‍ക്ക് ക്ഷേത്രദര്‍ശനം നടത്താമെന്ന് എസ്എന്‍ഡിപി യോഗം നേരത്തെ തന്നെ തീരുമാനിക്കുകയും എസ്എന്‍ഡിപി യൂണിയനുകള്‍ക്കും ശാഖകള്‍ക്കും യോഗം ജനറല്‍ സെക്രട്ടറി നിര്‍ദേശം നല്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആചാരം അവസാനിപ്പിച്ചത്.
by Midhun HP News | May 22, 2024 | Latest News, കേരളം
തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി അയച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്ഭവന്റെ നടപടി. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു.
ഗവര്‍ണര്‍ ഒപ്പിടാതെ ഓര്‍ഡിനന്‍സ് ഫയല്‍ മടക്കി അയച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് സംസ്ഥാനത്തെ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ഗവര്‍ണര്‍ ഫയല്‍ മടക്കിയതോടെ, എത്രയും വേഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം.
അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാർഡ് വിഭജനം നടത്താൻ ഉദ്ദേശിച്ചാണ് സർക്കാർ പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് ഓർഡിനൻസ് ഗവർണർക്ക് അയച്ചത്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ചുരുങ്ങിയത് ഒരു വാർഡ് വീതം കൂടുന്ന രൂപത്തിലായിരിക്കും വിഭജനം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഒന്നിലധികം വാർഡുകൾ വർധിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുമുണ്ടാകും. വാർഡ് വിഭജനത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ രൂപീകരിക്കും.
by Midhun HP News | May 22, 2024 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ മെമ്മറി കാര്‍ഡ് കേസില്‍ ഉപഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍. ഡിജിറ്റല്‍ തെളിവുകള്‍ സൂക്ഷിക്കുന്നതില്‍ സര്‍ക്കുലര്‍ വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഉപഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മെമ്മറി കാര്‍ഡ് കേസില്‍ ഹൈക്കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലര്‍ ആയി കീഴ്ക്കോടതികള്‍ക്ക് നല്‍കണം. സെഷന്‍സ്, മജിസ്ട്രേറ്റ് കോടതികള്‍ക്ക് സര്‍ക്കുലര്‍ ബാധകമാക്കണം.
ഇത്തരത്തില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉപഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഹര്‍ജി ജസ്റ്റിസ് കെ ബാബുവിന്റെ സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.
കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചുവെന്ന അതിജീവിതയുടെ ആരോപണം ശരിവച്ച് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവര്‍ക്കെതിരെയായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
by Midhun HP News | May 22, 2024 | Latest News, കേരളം
കോഴിക്കോട്: ബസ് യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച ശേഷം ഇറങ്ങിയോടിയ തമിഴ്നാട് സ്വദേശിയെ ഓടിച്ചിട്ട് പിടിച്ച് സഹയാത്രിക. മുൻകായികതാരം കൂടിയായ തലക്കുളത്തൂർ എടക്കര സ്വദേശിനി താഴയൂരിങ്കൽ മിധു ശ്രീജിത്താണ് (34) മോഷ്ടാവിനെ അരക്കിലോമീറ്ററോളം ഓടിച്ചിട്ട് പിടിച്ചത്. കോഴിക്കോട് എരഞ്ഞിപ്പാലം ജങ്ഷനിലാണ് സംഭവമുണ്ടായത്. പിടിയിലായ തമിഴ്നാട് മധുര മാരിയമ്മൻ കോവിൽ സ്വദേശിനി മാരിയമ്മയെ (45) പൊലീസിന് കൈമാറി.
എരഞ്ഞിപ്പാലത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് മിധു. രാവിലെ ജോലിക്കായി പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. സ്റ്റോപ്പിൽ മിധു ഉൾപ്പടെയുള്ളവർ ഇറങ്ങിയതിനു പിന്നാലെ ബസിലുണ്ടായിരുന്ന ചേളന്നൂർ സ്വദേശിനി ജലജ മാല നഷ്ടപ്പെട്ടതായി ബഹളം വച്ചു. ഇതോടെ ആരും പോകരുതെന്ന് കളക്ടർ ആവശ്യപ്പെടുകയായിരുന്നു.
ബസിറങ്ങി ആൾക്കൂട്ടത്തിൽ നിൽക്കുകയായിരുന്ന മാരിയമ്മ ആ സമയത്തു ബസിനകത്തേക്കു തിരികെക്കയറി മാല താഴെയിട്ടു. അതു കണ്ടവർ ഒച്ചവച്ചതോടെ മാരിയമ്മ പിൻവാതിലിലൂടെ ഇറങ്ങി ഓടി. ഉടൻ മിധുവും പിന്നാലെ ഓടുകയായിരുന്നു. എരഞ്ഞിപ്പാലം ജംക്‌ഷനിലെത്തിയ മാരിയമ്മ അതുവഴി വന്ന ഓട്ടോയിലും ബസിലും കയറാൻ ശ്രമിച്ചെങ്കിലും മോഷ്ടാവാണെന്നു മിധു ഉറക്കെ വിളിച്ചു പറഞ്ഞു. അതോടെ എരഞ്ഞിപ്പാലം ജംക്‌ഷനിൽ നിന്നു മാരിയമ്മ കാരപ്പറമ്പ് ഭാഗത്തേക്ക് ഓടി. 400 മീറ്ററോളം പിന്നാലെ ഓടിയ മിധു ഒടുവിൽ ബലപ്രയോഗത്തിലൂടെ മാരിയമ്മയെ കീഴ്പ്പെടുത്തിയത്.
ഇതിനിടയിൽ മാരിയമ്മയുടെ ചുരിദാർ കീറിയെങ്കിലും നഗ്നത പുറത്തുകാണാതിരിക്കാൻ മിധു അവരെ പൊതിഞ്ഞുപിടിക്കുകയായിരുന്നു. ജങ്ഷനിലെ ട്രാഫിക് പൊലീസുകാരനും അതുവഴി വന്ന ഓട്ടോ തൊഴിലാളികളും മോഷ്ടാവിനെ തടഞ്ഞുവയ്ക്കാൻ സഹായിച്ചു.
Recent Comments