തിരുവനന്തപുരത്ത് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരത്ത് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം പോത്തൻകോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ഇടത്തറ സ്വദേശി ശ്രീകല(61)യാണ് മരിച്ചത്. മഴയിൽ കുതിർന്നിരുന്ന പഴയ വീടിന്റെ ചുമരാണ് ഇടിഞ്ഞുവീണത്. ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പഴയ വീടിന്റെ ഒരു ഭാഗം പൂർണമായും പൊളിച്ചുനീക്കിയിരുന്നില്ല. കഴിഞ്ഞ രണ്ടു ദിവസമായി തിരുവനന്തപുരത്ത് ശക്തമായ മഴയായിരുന്നു. ഈ മഴയിൽ കുതിർന്ന അവസ്ഥയിലായിരുന്നു ചുമരുണ്ടായിരുന്നത്. ഇന്ന് രാവിലെ ഈ ഭാഗത്ത് നിന്ന് വീട്ടമ്മയുടെ മുകളിലേക്ക് ചുമര് ഇടിഞ്ഞുവീഴുകയായിരുന്നു.

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി

കൊച്ചി: സിപിഎം നേതാവ് ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കേസില്‍ കെ സുധാകരന്‍ വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസില്‍ സുധാകരനെതിരെ തെളിവുകളുടെ അഭാവം ഉണ്ടെന്ന് കോടതി വിലയിരുത്തി. വധശ്രമക്കേസില്‍ കെ സുധാകരനെതിരെ ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരുന്നത്.

കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ മേൽക്കോടതി ഇരുവരേയും കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 2016 ലാണ് സുധാകരൻ തന്നെയും കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

ഒറ്റയടിക്ക് 480 രൂപയുടെ ഇടിവ്; സ്വര്‍ണവില 55,000ല്‍ താഴെ

ഒറ്റയടിക്ക് 480 രൂപയുടെ ഇടിവ്; സ്വര്‍ണവില 55,000ല്‍ താഴെ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് 55,000 കടന്നും മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. 54,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 6830 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെയാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇന്നലെ ഒറ്റയടിക്ക് 400 രൂപ വര്‍ധിച്ചതോടെയാണ് റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയത്. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം.

കുതിരാനില്‍ ആവശ്യത്തിനു ശുദ്ധവായുവും വെളിച്ചവും ഇല്ലെന്ന് പരാതി

കുതിരാനില്‍ ആവശ്യത്തിനു ശുദ്ധവായുവും വെളിച്ചവും ഇല്ലെന്ന് പരാതി

തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന്‍ തുരങ്കത്തില്‍ 4 മാസമായി ആവശ്യത്തിനു ശുദ്ധവായുവും വെളിച്ചവും അടിയന്തര രക്ഷാമാര്‍ഗവുമില്ലെന്ന് പരാതി. തൃശൂര്‍ ഭാഗത്തേക്കുള്ള തുരങ്കം അടയ്ക്കുകയും ഇരുവശത്തേക്കുമുള്ള യാത്ര ഒരേ തുരങ്കത്തിലൂടെയാക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തുരങ്കത്തിനകത്തു മലിനവായു വലിച്ചെടുക്കുന്ന എക്‌സോസ്റ്റ് ഫാനുകള്‍ ഉണ്ടെങ്കിലും ഒരു ദിശയിലെ പൊടിപടലങ്ങള്‍ മാത്രം വലിച്ചെടുക്കുന്ന രീതിയിലാണിവ. തുരങ്കത്തിനുള്ളില്‍ വാഹനങ്ങള്‍ കൂടുതല്‍ സമയം നിര്‍ത്തിയിട്ടാല്‍ യാത്രക്കാര്‍ക്കു ശ്വാസതടസ്സം അനുഭവപ്പെടുന്നതും പതിവാണ്. അപകടങ്ങളുണ്ടാകുമ്പോള്‍ വാഹനങ്ങള്‍ നീക്കുന്നതിനും അഗ്‌നിരക്ഷാ സേനയുടെ വാഹനം എത്തിക്കുന്നതിനുമായി 2 ഇടനാഴി തുരങ്കങ്ങളുണ്ടെങ്കിലും പ്രധാന തുരങ്കം അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈദ്യുതി തടസ്സത്തെത്തുടര്‍ന്നു തുരങ്കത്തിനുള്ളില്‍ ഇരുട്ടു പരന്നതു വലിയ ആശങ്കയ്ക്കിടയാക്കിയിരുന്നു.

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ (അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. മലപ്പുറം മുന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കല്‍ ഹസ്സന്‍ കുട്ടി- ഫസ്ന ദമ്പതികളുടെ മകള്‍ ഫദ്വ (5) ആണു മരിച്ചത്.

ഈ മാസം 13 മുതല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുട്ടി. ഒരാഴ്ചയായി വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരുന്നു.

മൂന്നിയൂറിലെ കുളത്തില്‍ കുളിച്ചതിനെ തുടര്‍ന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്തത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കബറടക്കം ഇന്നു കടവത്ത് ജുമാ മസ്ജിദില്‍ നടക്കും. സഹോദരങ്ങള്‍: ഫംന, ഫൈഹ.സ്രവ പരിശോധനാഫലം നെഗറ്റീവായി നിരീക്ഷണത്തിലുണ്ടായിരുന്ന മറ്റു 4 കുട്ടികളും ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് അറിയിച്ചു.

ഭാര്യയുമായി വഴക്കിട്ടു; ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

ഭാര്യയുമായി വഴക്കിട്ടു; ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കോട്ടയം: ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ കാല്‍ ഒടിഞ്ഞു. സാരമായി പരിക്കേറ്റ വൈക്കം ഇടയാഴം സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 4.30-നാണ് സംഭവം.

തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നാട്ടകത്തിന് സമീപമെത്തിയപ്പോഴായിരുന്നു സംഭവം. ചങ്ങനാശ്ശേരി മുതല്‍ ദമ്പതികള്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. നാട്ടകം മറിയപ്പള്ളി ഭാഗം എത്തിയപ്പോള്‍ ബസിനുള്ളില്‍നിന്ന് ഇറങ്ങണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍, ഇതിനിടെ ഇയാള്‍ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു.

തുടര്‍ന്ന് ഡ്രെവര്‍ ബസ് നിര്‍ത്തി. 108 ആംബുലന്‍സ് വിളിച്ചുവരുത്തി ഭാര്യതന്നെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇടത് കാലിന് ഒടിവുണ്ടെന്നും രോഗി തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.