ഭാര്യയുമായി വഴക്കിട്ടു; ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

ഭാര്യയുമായി വഴക്കിട്ടു; ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കോട്ടയം: ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ കാല്‍ ഒടിഞ്ഞു. സാരമായി പരിക്കേറ്റ വൈക്കം ഇടയാഴം സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 4.30-നാണ് സംഭവം.

തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നാട്ടകത്തിന് സമീപമെത്തിയപ്പോഴായിരുന്നു സംഭവം. ചങ്ങനാശ്ശേരി മുതല്‍ ദമ്പതികള്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. നാട്ടകം മറിയപ്പള്ളി ഭാഗം എത്തിയപ്പോള്‍ ബസിനുള്ളില്‍നിന്ന് ഇറങ്ങണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍, ഇതിനിടെ ഇയാള്‍ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു.

തുടര്‍ന്ന് ഡ്രെവര്‍ ബസ് നിര്‍ത്തി. 108 ആംബുലന്‍സ് വിളിച്ചുവരുത്തി ഭാര്യതന്നെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇടത് കാലിന് ഒടിവുണ്ടെന്നും രോഗി തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരം

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരം

കൊച്ചി: വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം. പ്രദേശത്ത് രണ്ട് പേരാണ് ഒരുമാസത്തിനിടെ രോഗം ബാധിച്ച് മരിച്ചത്.

ഇന്നലെ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വേങ്ങൂര്‍ കരിയാംപുറം സ്വദേശി കാര്‍ത്യായനി മരിച്ചിരുന്നു. മൂന്നാഴ്ചയായി ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. നിലവില്‍ വേങ്ങൂര്‍ പഞ്ചായത്തില്‍ 208 പേര്‍ക്കാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്. ജലവകുപ്പിന്റെ സംഭരണിയിലെ വെളളം ഉപയോഗിച്ചവര്‍ക്കാണ് രോഗം ബാധിച്ചതെന്ന പരാതിയില്‍ അന്വേഷണം നടക്കുകയാണ്. വേങ്ങൂര്‍ വക്കുവളളി സ്വദേശിയും തൊട്ടടുത്ത പഞ്ചായത്തായ മുടക്കുഴ സ്വദേശിക്കുമാണ് മഞ്ഞപ്പിത്തത്തെത്തുടര്‍ന്ന് നേരത്തേ ജീവന്‍ നഷ്ടമായത്.

രോഗം പടര്‍ന്നു പിടിച്ചതിനെക്കുറിച്ച് മൂവാറ്റുപുഴ ആര്‍ഡി.ഒയുടെ നേതൃത്വത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്നുണ്ട്. മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായതിന്റെ കാരണവും രോഗം പടര്‍ന്നുപിടിക്കുന്നത് തടയാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കും.

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണം.

വ്യാഴാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമര്‍ദമായി മാറാന്‍ സാധ്യത ഉണ്ട്. തെക്കന്‍ തീരദേശ തമിഴ്‌നാടിനു മുകളിലായി ചക്രവാതചുഴിയും വടക്കന്‍ കര്‍ണാടക വരെ ന്യുന മര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ വരെ അതിതീവ്രമായ മഴയ്ക്കാണ് സാധ്യത. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും

മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നൽകിയ പരാതിയിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. വൈകീട്ട് മൂന്നിന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുക്കുക. യദു അശ്ലീല ആം​ഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി.

കേസ് ആദ്യം കന്റോൺമെന്റ് പൊലീസാണ് അന്വേഷിച്ചത്. പിന്നീട് ഇത് മ്യൂസിയം പൊലീസിനു കൈമാറി. കെഎസ്ആർടിസി ഡ്രൈവർ അശ്ലീല ആം​ഗ്യം കാണിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നു മേയർ ആരോപിച്ചിരുന്നു.

മേയറും എംഎൽഎയും ഭർത്താവുമായ സച്ചിൻ ദേവും ഉൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘം കെഎസ്ആർടിസി ബസിനു കുറകെ കാർ ഇട്ട് തടഞ്ഞ സംഭവത്തിനു പിന്നാലെയാണ് വാക്കേറ്റമുണ്ടായത്. ഡ്രൈവിങുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. പിന്നാലെ അന്ന് രാത്രി തന്നെ മേയർ നൽകിയ പരാതിയിൽ ഡ്രൈവർ യദുവിനെ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. അതിനിടെ യദു കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായൊന്നും ഉണ്ടായിട്ടില്ല. പിന്നാലെ ഡ്രൈവർ കോടതിയെ സമീപിച്ചു. അതിനിടെ അഭിഭാഷകനായ ബൈജു നോയലും കോടതിയെ സമീപിച്ചു. ജില്ലാ കോടതിയിൽ അഭിഭാഷകൻ നൽകിയ പരാതിയിൽ പൊലീസ് മേയർക്കെതിരെ കേസെടുത്തിട്ടുണ്ട്.

മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്തുകയറി; കണ്ണൂരില്‍ പ്രവാസിയുടെ വീട്ടില്‍ നിന്ന് 75 പവന്‍ കവര്‍ന്നു

മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്തുകയറി; കണ്ണൂരില്‍ പ്രവാസിയുടെ വീട്ടില്‍ നിന്ന് 75 പവന്‍ കവര്‍ന്നു

കണ്ണൂര്‍: പെരുമ്പയിലെ പ്രവാസിയുടെ വീട്ടില്‍ നിന്ന് 75 പവന്‍ സ്വര്‍ണം കവര്‍ന്നു. വാതില്‍ കുത്തിത്തുറന്ന് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പ്രവാസിയായ റഫീക്കിന്റെ വീട്ടിലാണ് മോഷണം നടന്നത്. മുന്നിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.വീട്ടുകാര്‍ മുകളിലത്തെ നിലയിലാണ് താമസിച്ചിരുന്നത്. താഴത്തെ നിലയിലെ മുറിയിലെ അലമാരയില്‍ കവറിലാക്കി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്.

വീട്ടില്‍ റഫീക്കിന്റെ ഭാര്യയും മക്കളും ഇളയ അനുജത്തിയും മാത്രമാണ് ഉണ്ടായിരുന്നത്. റഫീക്കിന്റെ അച്ഛനും അമ്മയും ആശുപത്രിയില്‍ ചികിത്സയിലാണ്. അലമാരയില്‍ നിന്ന് കവറെടുത്ത് പുറത്ത് കൊണ്ടുവന്ന ശേഷം ആവശ്യമായ സ്വര്‍ണം എടുത്ത് മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

മോഷണത്തിന് ഉപയോഗിച്ച കമ്പിപ്പാര അടക്കമുള്ള ആയുധങ്ങള്‍ വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. തുടര്‍ അന്വേഷണത്തില്‍ മാത്രമേ കൂടുതല്‍ മോഷണം നടന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു.

നെഞ്ചിനകത്ത് ലാലേട്ടൻ… താരരാജാവിന് പിറന്നാൾ ആശംസകൾ

നെഞ്ചിനകത്ത് ലാലേട്ടൻ… താരരാജാവിന് പിറന്നാൾ ആശംസകൾ

പഴകുന്തോറും വീര്യമേറുന്ന വീഞ്ഞു പോലെയാണ് മലയാളികൾക്ക് മോഹൻലാലെന്ന വികാരം. കണ്ണുകളിലും കൈവിരലുകളിലും അഭിനയം ഒളിപ്പിച്ചു വച്ചിരിക്കുന്ന അതുല്യ പ്രതിഭ. പ്രായഭേദമന്യേ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ. കുസൃതിച്ചിരിയും ചരിഞ്ഞ തോളുമായി ചിരിപ്പിച്ചും കരയിപ്പിച്ചും അമ്പരപ്പിച്ചും ചിന്തിപ്പിച്ചും മോഹൻലാൽ മലയാളി മനസിൽ കുടിയേറി പാർക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി.

ഇന്ന് 64-ാം പിറന്നാൾ നിറവിലാണ് മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ. തിരനോട്ടത്തിൽ തുടങ്ങി ആദ്യം പുറത്തുവന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലനിലൂടെ മോഹൻലാൽ നടന്നു കയറിയത് ഇന്ത്യൻ സിനിമയുടെ മാറിലേക്ക് തന്നെയാണ്. എൺപതുകളിൽ സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുകയും തൊണ്ണൂറുകളിൽ ബ്ലോക് ബസ്റ്ററുകളുടെ ഒരു നീണ്ട നിര തന്നെ മലയാളികൾക്ക് സമ്മാനിക്കുകയും ചെയ്തു അദ്ദേഹം.

സിനിമയിലെ തിരക്കുകൾക്കിടയിലും നാടകത്തെ നെഞ്ചോട് ചേർക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് അഭിനയത്തോടുള്ള അടങ്ങാനാകാത്ത അഭിനിവേശം തന്നെ. തോമയായും നീലകണ്ഠനായും ജോജിയായും സേതുവായും ജയകൃഷ്ണ‌നായുമൊക്കെ ഓരോ മലയാളികളുടേയും തൊട്ടരികിൽ തന്നെയുണ്ട് എന്നും മോഹൻലാൽ.