by Midhun HP News | May 20, 2024 | Latest News, കേരളം
കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിന് വധശിക്ഷ. വിചാരണക്കോടതി വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്.
നിരപരാധിയാണെന്നും തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നും, കേസില്‍ നിന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് പ്രതി അമീറുള്‍ ഇസ്‌ലാം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. വധശിക്ഷയില്‍ ഇളവു വേണമെന്ന പ്രതിയുടെ ആവശ്യവും കോടതി നിരാകരിച്ചു. നിലവിലെ നിയമം അനുസരിച്ച് വിചാരണക്കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇതനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ വധശിക്ഷയ്ക്ക് അനുമതി തേടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.
2016 ഏപ്രില്‍ 28-നാണ് പെരുമ്പാവൂര്‍ ഇരിങ്ങോള്‍ സ്വദേശിനിയായ നിയമവിദ്യാര്‍ത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടത്. വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ജിഷ പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഏതാണ്ട് രണ്ടാഴ്ചയ്ക്ക് ശേഷം ജൂണ്‍ 16-നാണ് അസം സ്വദേശിയായ അമീറുല്‍ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരുന്നു.
by Midhun HP News | May 20, 2024 | Latest News, കേരളം
കോട്ടയം: മുറിയിൽ കയറി അബദ്ധത്തിൽ വാതിൽ പൂട്ടി കിടന്നുറങ്ങിപ്പോയ കുഞ്ഞിനെ കാണാതെ വീട്ടുകാർ അങ്കലാപ്പിലായി. ഒടുവിൽ അവരുടെ രക്ഷയ്ക്ക് ഫയർഫോഴ്സെത്തി. കുട്ടി കിടക്കുന്ന മുറി തുറക്കാൻ സാധിക്കാതെ വന്നതും മുറിയിലെ കർട്ടൻ കാരണം അകത്തേക്കു കാണാത്തതും വീട്ടുകാരുടെ ആശങ്ക ഇരട്ടിപ്പിച്ചു. പിന്നാലെയാണ് അവർ ഫയർ ഫോഴ്സിനെ വിളിച്ച് രക്ഷ തേടിയത്.
കാഞ്ഞിരപ്പള്ളി സുഖോദയ റോഡിലുള്ള വീട്ടിലാണ് സംഭവം. രാത്രി പത്തരയോടെയാണ് കുഞ്ഞ് മുറിയിൽ കയറി കതക് പൂട്ടി കിടന്നുറങ്ങിയത്. പിന്നാലെയാണ് വീട്ടുകാർ കുട്ടിയെ കാണാനില്ലെന്നു കരുതി തിരച്ചിൽ നടത്തിയത്. തുടർന്നു കുട്ടിയുടെ പിതാവ് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെത്തി വിവരം പറയുകയായിരുന്നു.
സീനിയർ റസ്ക്യു ഓഫീസർ നൗഫൽ പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുറിയുടെ പൂട്ട് തകർത്ത് ഫയർ ഫോഴ്സ് സംഘം അകത്തു കടന്നു. ഈ സംഭവങ്ങളെല്ലാം നടക്കുമ്പോഴും കുട്ടി സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു.
by Midhun HP News | May 20, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. കേരളത്തിലെ റെഡ് അലര്‍ട്ടും മഴ ശക്തമാകുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും അവഗണിച്ച് ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
റെഡ് അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട ടൂറിസം കേന്ദ്രങ്ങളില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യതയുള്ള മലയോര മേഖലകളില്‍ മഴ കഴിയും വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.
ഇത്തരം സ്ഥലങ്ങളിലെ റോഡുകളില്‍ മണ്ണിടിച്ചില്‍ സാധ്യതുണ്ടാകുമെന്നാണ് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇതു കണക്കിലെടുത്ത് എല്ലായിടത്തും സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കാനും യാത്രകള്‍ക്ക് ആവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്താനും ശ്രദ്ധ പുലര്‍ത്തണം. രാത്രി സഞ്ചാരത്തിന് നിയന്ത്രണം ആവശ്യമായ മേഖലകളില്‍ ഇതുസംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ കലക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ വിവിധ വകുപ്പുകളെ കൂട്ടിചേര്‍ത്തുകൊണ്ട് ആരംഭിച്ചിട്ടുണ്ട്. എല്ലാവരും സര്‍ക്കാരും കാലാവസ്ഥ വിദഗ്ധരും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളെയും നിയന്ത്രണങ്ങളെയും മാനിക്കണമെന്നും മന്ത്രി കെ രാജന്‍ അഭ്യര്‍ത്ഥിച്ചു.
by Midhun HP News | May 20, 2024 | Latest News, കേരളം
കൊച്ചി: കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് ജോസഫ് പൊലീസിൽ കീഴടങ്ങി.
ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവമുണ്ടായത്. ജോസഫും ലീലയും ഓസ്ട്രേലിയയിലുള്ള മകനൊപ്പമായിരുന്നു താമസം. മൂന്നു മാസം മുൻപാണ് ജോസഫ് നാട്ടിലെത്തിയത്. ഒരാഴ്ച മുൻപ് ലീലയും തിരിച്ചെത്തി. വൈകിട്ട് വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് അരിവാൾ ഉപയോഗിച്ച് ജോസഫ് ഭാര്യയെ വെട്ടുകയായിരുന്നു.
തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി ജോസഫ് കീഴടങ്ങുകയായിരുന്നു. അപ്പോഴാണ് കൊലപാതക വിവരം പൊലീസും നാട്ടുകാരും അറിയുന്നത്. വീടിന്റെ അടുക്കളയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ശരീരമാസകലം വെട്ടേറ്റ നിലയിലാണ്. സ്വത്തുക്കൾ ഭാര്യയും മക്കളും തട്ടിയെടുക്കാൻ ശ്രമിച്ചതിന്റെ പകയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു ജോസഫ് പൊലീസിനോട് പറഞ്ഞു. ദമ്പതികളുടെ മൂന്ന് മക്കളും വിദേശത്താണ്.
by Midhun HP News | May 20, 2024 | Latest News, കേരളം
കോഴിക്കോട് : മഴയില്‍ സ്‌കൂട്ടര്‍ കേടായതിനെത്തുടര്‍ന്ന് കടയുടെ സൈഡില്‍ കയറി നിന്നപ്പോള്‍ തൂണില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു റിജാസ്. സ്‌കൂട്ടര്‍ കേടായതിനെത്തുടര്‍ന്ന് സഹോദരനെ വിളിച്ചു. സ്‌കൂട്ടര്‍ കടയുടെ സൈഡിലേക്ക് കയറ്റിവെക്കുന്നതിനിടെ, വണ്ടി ചരിഞ്ഞപ്പോള്‍ കടയിലെ തൂണില്‍ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. രക്ഷിക്കാന്‍ ശ്രമിച്ച റിജാസിന്റെ സഹോദരനും ഷോക്കേറ്റു.
പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു റിജാസ്. ഈ അപകടം ഉണ്ടാകുന്നതിന് മുമ്പ് മറ്റൊരാള്‍ക്കും ഷോക്കേറ്റിരുന്നു. രാത്രി 9.30 ഓടെ കടയില്‍ തേങ്ങ കൊണ്ടു കൊടുക്കുന്നതിന് എത്തിയപ്പോഴാണ് കടയുടെ തൂണില്‍ നിന്നും വൈദ്യുതാഘാതമേറ്റതെന്ന് ഇയാള്‍ പറയുന്നു.
കടയുടെ തൂണില്‍ ഷോക്കുണ്ടെന്ന് പരാതിപ്പെട്ടിട്ടും കെഎസ്ഇബി അനങ്ങിയില്ലെന്ന് കടയുടമ പരാതിപ്പെട്ടു. അപകടം ഉണ്ടായത് അറിഞ്ഞതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കടയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുക മാത്രമാണ് ചെയ്തത്. സര്‍വീസ് ലൈന്‍ മുറിച്ചിടുകയാണ് ചെയ്തത്. കടയുമായി മുട്ടി നില്‍ക്കുന്ന മരച്ചില്ലകള്‍ ഒന്നും വെട്ടി മാറ്റാന്‍ തയ്യാറായിട്ടില്ലെന്നും കടയുടമ പറയുന്നു.
അതേസമയം വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
by Midhun HP News | May 20, 2024 | Latest News, കേരളം
ടെഹ്‌റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഇറാന്‍ റെഡ് ക്രെസന്റ് സൊസൈറ്റി തലവന്‍ പിര്‍ ഹുസൈന്‍ കോലിവന്‍ഡ് അറിയിച്ചു. ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും അപകടത്തില്‍ മരിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തിയതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. അതിശൈത്യത്തിലും മഞ്ഞുവീഴ്ചക്കുമിടയിലാണ് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നത്. കാല്‍നടയായാണ് മലഞ്ചെരുവില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്.
കിഴക്കന്‍ അസര്‍ബയ്ജാനിലെ ജോഫയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അസര്‍ബയ്ജാനുമായി ചേര്‍ന്ന അതിര്‍ത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകള്‍ ഉദ്ഘാടനം ചെയ്തശേഷം വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു ഇബ്രാഹിം റെയ്‌സി.
ഹെലികോപ്റ്റർ അപകടത്തിൽ ഒമ്പതു പേരാണ് കൊല്ലപ്പെട്ടത്. പ്രവിശ്യാ ഗവർണർ മാലിക് റഹ്മതി, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും ഹെലികോപ്റ്റിൽ ഇബ്രാഹിം റെയ്സിക്ക് ഒപ്പമുണ്ടായിരുന്നു. ഇവരെല്ലാം കൊല്ലപ്പെട്ടു. 1960-ൽ ജനിച്ച റെയ്സി, ടെഹ്റാനിലെ പ്രോസിക്യൂട്ടർ ജനറലും നിയമകാര്യവിഭാഗം ഉപമേധാവിയും പ്രോസിക്യൂട്ടർ ജനറലുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജുഡീഷ്യറിയുടെ തലവനായിരിക്കെ 2021ലാണ് ഇബ്രാഹിം റെയ്സി ഇറാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.

Recent Comments