നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോട് കിഴക്കേകരയില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദയാണ് (13) മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. നൃത്ത പരിശീലനത്തിനിടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിക്ക് നേരത്തെ മറ്റു അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

സര്‍വീസ് മുടങ്ങിയാല്‍ 24 മണിക്കൂറില്‍ മുഴുവന്‍ തുക റീഫണ്ട്: വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ: നയം പുതുക്കി കെഎസ്ആര്‍ടിസി

സര്‍വീസ് മുടങ്ങിയാല്‍ 24 മണിക്കൂറില്‍ മുഴുവന്‍ തുക റീഫണ്ട്: വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ: നയം പുതുക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നയം പുതുക്കി കെഎസ്ആര്‍ടിസി. ബസ് സര്‍വീസ് റദ്ദാക്കിയാല്‍ ഓണ്‍ലൈനായി ടിക്കറ്റ് റിസര്‍വ് ചെയ്തവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ പണം തിരിച്ചുനല്‍കും. ടിക്കറ്റ് റീഫണ്ടിന് കാലതാമസം നേരിട്ടാല്‍ ഉദ്യോഗസ്ഥനില്‍ നിന്നു പിഴ ഈടാക്കുന്നത് ഉള്‍പ്പടെയുള്ള മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്.

രണ്ട് മണിക്കൂറില്‍ അധികം വൈകി ബസ് പുറപ്പെടുകയോ സര്‍വീസ് മുടങ്ങുകയോ ചെയ്താല്‍ മുഴുവന്‍ തുകയും തിരികെ നല്‍കും. തകരാന്‍, അപകടം മറ്റെന്തെങ്കിലും കാരണങ്ങളാല്‍ സര്‍വീസ് പൂര്‍ണമായി നടത്താതെ വന്നാല്‍ രണ്ട് ദിവസത്തിനകം റീഫണ്ട് ചെയ്യും. കാലതാമസം നേരിട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്നു പിഴയായി ഈ തുക ഈടാക്കും.

സാങ്കേതിക തകരാര്‍ മൂലം ട്രിപ് ഷീറ്റില്‍ ടിക്കറ്റ് വിശദാംശങ്ങള്‍ രേഖപ്പെടുത്താതെ യാത്ര മുടങ്ങുകയാണെങ്കിലും നിശ്ചിത പിക്കപ് പോയിന്റില്‍നിന്നു യാത്രക്കാരനെ ബസില്‍ കയറ്റാതിരുന്നതിനു കെഎസ്ആര്‍ടിസി ഉത്തരവാദി ആണെങ്കിലും മുഴുവന്‍ തുകയും തിരികെ നല്‍കും.

ഷെഡ്യൂള്‍ ചെയ്ത ഉയര്‍ന്ന ക്ലാസിനു പകരം താഴ്ന്ന ക്ലാസ് സര്‍വീസ് ഉപയോഗിച്ചെങ്കില്‍ യാത്രാനിരക്കിലെ വ്യത്യാസമായിരിക്കും തിരികെ ലഭിക്കുക. കൂടാതെ ഓണ്‍ലൈന്‍ ടിക്കറ്റ് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അതേ ബസില്‍ സാധാരണ ടിക്കറ്റ് വാങ്ങി യാത്ര ചെയ്യേണ്ടിവന്നാല്‍ അടിസ്ഥാന നിരക്കിന്റെ 50 ശതമാനം റീഫണ്ട് ചെയ്യുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 55,000 കടന്നു

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 55,000 കടന്നു

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി 55,000 കടന്നു. 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 55,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഓഹരി വിപണിയിലെ ചാഞ്ചാട്ടം ഉള്‍പ്പെടെയുള്ള ഘടകങ്ങളെ തുടര്‍ന്ന് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുകയായിരുന്നു. 54,720 രൂപയായി ഉയര്‍ന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്.

ഹിന്ദി യു പി വിഭാഗം പഞ്ചദിന പരിശീലനം സംഘടിപ്പിച്ചു

ഹിന്ദി യു പി വിഭാഗം പഞ്ചദിന പരിശീലനം സംഘടിപ്പിച്ചു

കിളിമാനൂർ: ഹിന്ദി യു പി വിഭാഗം പഞ്ചദിന പരിശീലനം സംഘടിപ്പിച്ചു. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി മാറിയ പാഠപുസ്തകങ്ങൾക്കനുസൃതമായിരുന്നു പരിശീലനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളത്തിന്റെയും നേതൃത്വത്തിൽ ഒന്നാം ഘട്ടം പൂർത്തിയായി. പൊതുവിദ്യാലയങ്ങളിൽ ഹിന്ദി ഭാഷാപഠനം അഞ്ചാം തരത്തിലാണ് ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളെ സംബന്ധിച്ചിടത്തോളം പുതിയ ഭാഷാ പഠനം രസകരമാക്കേണ്ടതുണ്ട്.

കോഡ് സ്വിച്ചിംഗ്, ആഖ്യാനവും, അഭിനയവും നൃത്തവും, ഭാഷാ-കളികളും പരിശീലന വിഷയമായി മാറി. അധ്യാപകർ തന്നെ പാഠഭാഗത്തിലെ കഥാപാത്രങ്ങളായി അഭിനയിച്ചും, പാടിയും ആടിയും, കൊറിയോഗ്രാഫിയും, നാടകവുമായി പാഠപുസ്തകത്തെ ഏറ്റെടുത്തു.
5,7,9 ക്ലാസുകളിലെ ഹിന്ദി പാഠപുസ്തകങ്ങളാണ് മാറിയത്. ഭാഷാപഠനത്തിലും ആരോഗ്യ കലാകായിക പ്രവൃത്തി പരിചയ ഐടി വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നു.

പാപ്പാല ഗവ. എൽ പി എസിൽ വച്ച് നടന്ന ഹിന്ദി യു പി വിഭാഗം പഞ്ചദിന പരിശീലനം പൂർത്തിയായപ്പോൾ അധ്യാപകർ തയ്യാറാക്കിയ പഠനോൽപ്പന്നങ്ങളടങ്ങിയ പോർട്ട്ഫോളിയോ സുരീലി സഞ്ചികയും, സുരീലി പത്രികയും, നാം കാർഡും ഇത്തവണ വിദ്യാലയങ്ങളിൽ മാതൃകയാകും. മാറിയ പാഠഭാഗങ്ങൾക്കനുസൃതമായ വായന, ലേഖന, എഡിറ്റിംഗ് പ്രവർത്തനങ്ങളുടെ നിരന്തര വിലയിരുത്തൽ സാധ്യതകളും, സമഗ്രാസൂത്രണവും സൂക്ഷ്മാസൂത്രണവും, നടത്തിയാണ് അധ്യാപകർ വിദ്യാലയങ്ങളിലേക്ക് എത്താനൊരുങ്ങുന്നത്.

രക്ഷകർതൃ വിദ്യാഭ്യാസം, ഡിജിറ്റൽ ടെക്സ്റ്റ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പഠന പ്രവർത്തനങ്ങളിലെ സാധ്യതകളും പരിശീലന വിഷയമായി മാറി. ബി ആർ സി പരിശീലകരായ വൈശാഖ് കെ എസ്, ശ്രീദേവി എസ്, പ്രീത എ നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. അതുകൊണ്ടുതന്നെ ഹിന്ദി അധ്യാപകർ ഒന്നടങ്കം പറയുന്നു കിതനാ സുന്ദർ പരിശീലനം.

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

തിരുവനന്തപുരം: തോരാതെ പെയ്ത മഴയില്‍ തിരുവനന്തപുരം നഗരത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. മുക്കോലയ്ക്കലില്‍ വീടുകളിലും കടകളിലും വെള്ളം കയറി. അട്ടക്കുളങ്ങര കിളിപ്പാലം റോഡിലും ചാലയിലും വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു.

സ്മാര്‍ട്ട് സിറ്റി റോഡ് പണി പൂര്‍ത്തിയാകാത്തതാണ് പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. കോണ്‍ക്രീറ്റ് കമ്പികള്‍ പലയിടത്തും കൂടിക്കിടക്കുന്നതും വെള്ളക്കെട്ടിന് കാരണമായി. തോടുകള്‍ കരകവിഞ്ഞ് ഒഴുകി. മഴക്കാലത്തിനു മുന്‍പുള്ള ശുചീകരണം പാളിയതും തിരിച്ചടിയായി. രാത്രി ഒന്നരയ്ക്ക് ശേഷം മഴ പെയ്തിട്ടില്ലെങ്കിലും വെള്ളക്കെട്ട് നിലനില്‍ക്കുകയാണ്.

വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളില്‍ നഗരസഭ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ശക്തമായ മഴ കാരണം തിരുവനന്തപുരത്ത് മലയോര മേഖലയിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി. കഴക്കൂട്ടം, ഗൗരീശപട്ടം അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളും ദുരിതത്തിലാണ്.

ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചതിന്റെ വൈരാഗ്യം; പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമം; അറസ്റ്റ്

ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചതിന്റെ വൈരാഗ്യം; പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമം; അറസ്റ്റ്

ആലപ്പുഴ: കായംകുളത്ത് യുവാവിനെ ഗുണ്ടാ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. കേസില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. യുവാവിനെ ആക്രമിച്ച കൃഷ്ണപുരം സ്വദേശികളായ അമല്‍ ചിന്തു, അഭിമന്യു, അനൂപ് ശങ്കര്‍ എന്നിവരാണ് പിടിയിലായത്. അരുണ്‍ പ്രസാദ് എന്ന യുവാവിനെയാണ് നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച നടന്ന സംഭവങ്ങളാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമത്തിലേക്ക് കലാശിച്ചത്.

വെള്ളിയാഴ്ച രാത്രി 11 മണിക്ക് ഒരു സംഘം പൊലീസ് സിവില്‍ ഡ്രസ്സില്‍ കായംകുളത്തെ ഹോട്ടലില്‍ ചായകുടിക്കുകയയിരുന്നു. ഇതിനിടെ ഹോട്ടലിന് പുറത്ത് ഒരു യുവാവ് സിഗരറ്റ് വലിച്ചത് പൊലീസുകാര്‍ ചോദ്യം ചെയ്തു. പൊലീസുകാരാണെന്ന് മനസിലാക്കാതെ യുവാവും സുഹൃത്തുക്കളും പൊലീസുകാരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു

ഇതില്‍ ഒരാളെ പൊലീസുകാര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ സംഘര്‍ഷത്തിനിടെ ഗുണ്ടാ നേതാവിന്റെ ഫോണ്‍ നഷ്ടപ്പെട്ടു. ഈ ഫോണ്‍ പൊലീസില്‍ ഏല്‍പ്പിച്ചത് മര്‍ദ്ദനമേറ്റ അരുണ്‍ പ്രസാദായിരുന്നു. ഈ വൈരാഗ്യത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. യുവാവിനെ മര്‍ദിക്കുന്നത് ഗുണ്ടകള്‍ തന്നെ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളും പുറത്ത് വന്നു.