സംവിധായകന്‍ രഞ്ജിത്തിന് നിര്‍ണായകം, ജാമ്യാപേക്ഷയില്‍ ഇന്ന് വിധി; കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

സംവിധായകന്‍ രഞ്ജിത്തിന് നിര്‍ണായകം, ജാമ്യാപേക്ഷയില്‍ ഇന്ന് വിധി; കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിന് ഇന്ന് നിര്‍ണായകം. രഞ്ജിത്ത് നല്‍കിയ ജാമ്യാപേക്ഷയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്.

കഴിഞ്ഞദിവസം വോട്ടു ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്ത് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ജാമ്യം അനുവദിച്ചില്ല. ജയിലിലുള്ളയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 1951ലെ നിയമപ്രകാരം ജയിലില്‍ കിടക്കുന്ന പ്രതിക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും പ്രോസിക്യൂഷന്‍ നിലപാട് കോടതി അം​ഗീകരിച്ചു.

കനത്ത പോളിങ് , 60 ശതമാനം പിന്നിട്ടു

കനത്ത പോളിങ് , 60 ശതമാനം പിന്നിട്ടു

ഉച്ചകഴിഞ്ഞ് 3 മണിവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 62.71 ശതമാനമാണ് പോളിങ്. നിലവിലെ കണക്കുകള്‍ പ്രകാരം ഉയര്‍ന്ന പോളിങ് എറണാകുളം ജില്ലയിലാണ്. 66 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.

‘യുഡിഎഫിന് 100 സീറ്റുകള്‍ വരെ സാധ്യത, പേരാവൂരില്‍ ഒരട്ടിമറിയുണ്ടാകില്ല’

‘യുഡിഎഫിന് 100 സീറ്റുകള്‍ വരെ സാധ്യത, പേരാവൂരില്‍ ഒരട്ടിമറിയുണ്ടാകില്ല’

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച ഒരിക്കലും അനുവദിക്കില്ലെന്നും യുഡിഎഫ് അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ നൂറു ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ‘തുടര്‍ഭരണം അവസാനിക്കില്ല’ എന്ന് പറഞ്ഞെങ്കിലും തിരുത്തി തുടര്‍ഭരണം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫിന്റെ ആധിപത്യം എല്ലാവര്‍ക്കും കാണാന്‍ കഴിയുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തകരും അനുഭാവികളും സജീവമായി പങ്കെടുത്തുവെന്നും തനിക്ക് ലഭിച്ച വിവരങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പേരാവൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറി സാധ്യതകളെ അദ്ദേഹം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. താന്‍ നേരിട്ട് ആ ഭാഗം പരിശോധിച്ചതാണെന്നും അവിടെ വലിയ അപാകതകളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫിനെ തോല്‍പ്പിക്കാന്‍ സുധാകരന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സണ്ണി ജോസഫ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സണ്ണി ജോസഫ് എഐസിസിക്ക് അയച്ചു എന്ന് പറയപ്പെടുന്ന വിവാദമായ കത്തിനെ കുറിച്ചും സുധാകരന്‍ പ്രതികരിച്ചു. ഈ കത്ത് യഥാര്‍ത്ഥമാണോ എന്ന് പരിശോധിക്കാന്‍ കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വസ്തുത സ്ഥിരീകരിക്കാന്‍ ശരിയായ വഴിയിലൂടെയുള്ള പരിശോധനയും ഇന്‍വെസ്റ്റിഗേഷനും ആവശ്യമാണെന്നും അക്കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു

വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു

വാണിയംപാറ ഇകെഎം യുപി സ്‌കൂളില്‍ 37-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. കൊമ്പട രാമന്‍ചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കന്‍-65)ആണ് മരിച്ചത്.

കനത്ത പോളിങ്, 50 കടന്ന് പോളിങ്; എറണാകുളം മുന്നില്‍

കനത്ത പോളിങ്, 50 കടന്ന് പോളിങ്; എറണാകുളം മുന്നില്‍

കനത്ത പോളിങ്, 50 കടന്ന് പോളിങ്

നിയമസഭാ തെരഞ്ഞെടുപ്പന്റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ചയ്ക്ക് ഒരു രണ്ട് മണി വരെയുള്ള കണക്ക് പ്രകാരം 53.01 ശതമാനമാണ് പോളിങ്. എസ്‌ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന

പോളിങ്ങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണട ധരിച്ച് എത്തി; യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് പിടിയിൽ

പോളിങ്ങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണട ധരിച്ച് എത്തി; യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് പിടിയിൽ

കാസർകോട് : നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ, കാസർകോട് ജില്ലയിലെ ഉദുമയിൽ ഒളികാമറയുള്ള കണ്ണട ധരിച്ച് പോളിങ്ങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് പിടിയിലായി. യുഡിഎഫ് സ്ഥാനാർഥി കെ നീലകണ്ഠന്റെ ചീഫ് ഇലക്ഷൻ ഏജന്റും അഭിഭാഷകനുമായ ബി.എം. ജമാൽ ആണ് പിടിയിലായത്.

ബേക്കൽ ഇസ്ലാമിക് എഎൽപി സ്കൂളിലെ പോളിങ്ങ് ബൂത്തിൽ വെച്ച് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചീഫ് ഏജന്റിനെ പിടികൂടിയത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ ചീഫ് ഏജന്റിന്റെ കണ്ണട പൊലീസ് പിടിച്ചെടുത്തു.

കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിൽ ബഡാജെ ഗവ എൽപി സ്കൂളിലെ 21 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയതിനേക്കാൾ അധികം വോട്ടിങ്ങ് യന്ത്രത്തിൽ തെളിഞ്ഞു. 202 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ യന്ത്രത്തിൽ 204 എന്നാണ് തെളിഞ്ഞതെന്ന് ബൂത്ത് ഏജൻ്റുമാർ പരാതിപ്പെട്ടു. ഇതേ തുടർന്ന് വോട്ടിങ്ങ് കുറച്ചുസമയം നിർത്തിവച്ചു.