by Midhun HP News | May 18, 2024 | Latest News, കേരളം
തിരുവനന്തപുരം: വഞ്ചിയൂര്‍ചിറക്കുളം കോളനിയില്‍ അക്രമിസംഘം യുവാവിനെ ആക്രമിച്ചു. ആക്രമണത്തിനു പിന്നാലെ മാരകായുധങ്ങളുമായി വാഹനത്തില്‍ എത്തിയ സംഘം പിടിയിലായി.
കാഞ്ഞിരംപാറ കരിത്തോട് ലെയ്ന്‍ ചാമവിളവീട്ടില്‍ അരുണ്‍(30), കമലേശ്വരം പെരുനെല്ലി പുതുവല്‍ പുത്തന്‍വീട്ടില്‍ ആനന്ദ്(30), മെഡിക്കല്‍ കോളേജ് മഞ്ചാട് മഞ്ഞടിക്കുന്നില്‍വീട്ടില്‍ സിബിന്‍ (30), കാഞ്ഞിരംപാറ പഴവിള പുത്തന്‍വീട്ടില്‍ ആരോമല്‍(30) എന്നിവരെയാണ് വഞ്ചിയൂര്‍ പൊലീസ് പിടികൂടിയത്. ഇരുമ്പുവാളുകള്‍, കത്തികള്‍ എന്നിവ വാഹനത്തില്‍നിന്നു കണ്ടെടുത്തു.
കഴിഞ്ഞ ദിവസം രാത്രി വഞ്ചിയൂര്‍ ചിറക്കുളം കോളനി ടി.സി. 27/2146ല്‍ സുധി(22)നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കണ്ണിനു കുത്തേറ്റ് സുധിന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ചിറക്കുളം സ്വദേശികളായ അഞ്ചുപേര്‍ക്കെതിരേ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. സുധിന്റെ മുഖത്താണ് കുത്തിയത്. പൊലീസ് എത്തുന്നതിനു മുമ്പ് പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സ്ഥലത്തെ ലഹരിസംഘമാണ് സുധിനെ ആക്രമിച്ചതെന്നു കുടുംബം പറയുന്നു. ഈ ആക്രമണത്തിനു പിന്നാലെയാണ് മാരകായുധങ്ങളുമായി കാറിലെത്തിയ നാലംഗസംഘത്തെ പിടികൂടിയത്. ഇവര്‍ സുധിനും സംഘത്തിനും നേരേയുള്ള ആക്രണത്തിനു പ്രതികാരം ചെയ്യാനെത്തിയതാണന്നാണ് പൊലീസ് പറയുന്നത്.
സുധിന്റെ വീട്ടില്‍ എത്തിയ സുഹൃത്തുക്കളെ അക്രമിസംഘം തടഞ്ഞതാണ് തുടക്കം. വ്യാഴാഴ്ച രാത്രി രണ്ടുപേര്‍ സുധിന്റെ വീട്ടില്‍ എത്തിയത് അഞ്ചംഗസംഘം തടയുകയും സുഹൃത്തുക്കളെയും സുധിനെയും ആക്രമിക്കുകയും ചെയ്തു.
by Midhun HP News | May 18, 2024 | Latest News, കേരളം
ആലപ്പുഴ: പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്‍ (24) വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചത് അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. നഴ്‌സായ സൂര്യ വിദേശത്തു ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു മരണം. അതേസമയം, ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും മൂന്നാഴ്ച മുന്‍പ് തിരുവനന്തപുരത്തെ ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല. അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കുക.
കഴിഞ്ഞ 28നാണ് സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുത്തിരുന്നു. യാത്ര പുറപ്പെടുന്നതിനു മുന്‍പ് ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ അശ്രദ്ധമായി ഏതോ ചെടിയുടെ ഇലയും പൂവും നുള്ളി വായിലിട്ടു ചവച്ചെന്നും അപ്പോള്‍ തന്നെ തുപ്പിക്കളഞ്ഞെന്നും സൂര്യ ഡോക്ടര്‍മാരോടു പറഞ്ഞിരുന്നു. പരിശോധനയില്‍ ഇത് അരളിച്ചെടിയാണെന്നു കണ്ടെത്തി.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ആന്തരികാവയവ പരിശോധനയ്ക്കാണു തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചത്. അരളിച്ചെടിയുടെ ഇലകള്‍ക്കും പൂവിനും കായ്ക്കുമെല്ലാം വിഷാംശമുണ്ടെന്നും മരണകാരണമാകാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് പല ദേവസ്വം ബോര്‍ഡുകളും അരളിപ്പൂ നിവേദ്യത്തില്‍ ഇടുന്നതു നിരോധിച്ചിട്ടുണ്ട്.
by Midhun HP News | May 18, 2024 | Latest News, കേരളം
തെങ്കാശി: കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ ശക്തമായ ഒഴുക്കിൽപെട്ടു ഒരു വിദ്യാർഥിയെ കാണാതായി. തിരുനെൽവേലി സ്വദേശിയായ അശ്വിനെ(17) ആണ് കാണാതായത്. കുളിച്ചു കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി ജില്ലാഭരണകൂടം അറിയിച്ചു. വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം വിലക്കിയിട്ടുണ്ട്. തെങ്കാശിയിലും സമീപ ജില്ലകളിലും അടുത്ത രണ്ട് ദിവസം തീവ്രമഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.
by Midhun HP News | May 18, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ക ണ്ണൂര്‍, കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നു മഴ കനക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
തീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശേഷിച്ച എല്ലാ ജില്ലകളിലും ഈ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

by Midhun HP News | May 18, 2024 | Latest News, കേരളം
കൊച്ചി: ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണ് വിദ്യാലയങ്ങള്‍. കുട്ടികളുടെ ബുദ്ധിവികാസമടക്കം അവരുടെ പൊതുവായ വളര്‍ച്ചക്ക് വേദിയാകേണ്ട ഇടമാണ് വിദ്യാലയങ്ങള്‍. പൊതുസ്വത്തായതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ വിദ്യാഭ്യാസപരമല്ലാത്ത കാര്യങ്ങള്‍ക്കുപോലും ഉപയോഗിക്കാമെന്ന സങ്കല്‍പ്പം പഴഞ്ചനാണ്. കുട്ടികളെ മികച്ച പൗരന്മാരായി വളര്‍ത്താന്‍ കഴിയും വിധം വിദ്യാഭ്യാസത്തിന്റെ അത്യുന്നതങ്ങളിലെത്തിക്കാന്‍ ശ്രമിക്കുന്ന ആധുനിക കാലത്ത് നമ്മുടെ ചിന്തകള്‍ക്കും മാറ്റമുണ്ടാകണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം മണ്ണന്തല ഗവ. സ്‌കൂള്‍ ഓപണ്‍ ഓഡിറ്റോറിയം മതപരമായ ഒരു ചടങ്ങിന് വിട്ടുനല്‍കാത്ത പ്രധാന അധ്യാപികയുടെ നടപടി ചോദ്യം ചെയ്ത് എസ്എന്‍ഡിപി യോഗം മണ്ണന്തല ശാഖ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പ്രസ്താവന. സ്‌കൂള്‍ സമയത്തിന് ശേഷം പരിപാടി സംഘടിപ്പിക്കാനാണ് അനുമതി തേടിയതെന്നും കാരണമില്ലാതെയാണ് ആവശ്യം നിരസിച്ചതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. മറ്റ് പല സംഘടനകളുടെയും പരിപാടികള്‍ക്ക് സ്‌കൂള്‍ മൈതാനം മുമ്പ് വിട്ടുനല്‍കിയതും ചൂണ്ടിക്കാട്ടി. എന്നാല്‍, കുട്ടികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ മറ്റൊന്നിനും സ്‌കൂളും സൗകര്യങ്ങളും ഉപയോഗിക്കാനാവില്ലെന്ന ഹൈക്കോടതിയുടെതന്നെ മുന്‍ ഉത്തരവുകള്‍ മുന്‍നിര്‍ത്തിയാണ് പ്രധാന അധ്യാപിക ഈ നിലപാട് സ്വീകരിച്ചതെന്ന് കോടതി വ്യക്തമാക്കി.
സാധാരണ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്നിടങ്ങളാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍. ഈ കുട്ടികളെ സാധ്യമായത്രയും ഉന്നതിയിലെത്തിക്കുകയെന്നത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടുത്തരവാദിത്തമാണ്. സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ഓരോ കുട്ടിക്കും ലഭ്യമാക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്നും കോടതി കൂട്ടിച്ചേര്‍ത്തു.

by Midhun HP News | May 18, 2024 | Latest News, കേരളം
ദുബായ്–തിരുവനന്തപുരം വിമാനത്തിൽ ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ് കുടുംബത്തോടൊപ്പം മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളുടെ കുട്ടിയുമുണ്ടായിരുന്നു. ദുബായ്, സിംഗപൂർ, ഇന്തോനീഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചശേഷമാണ് മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയത്. വിദേശയാത്ര സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
സ്വകാര്യ യാത്രയ്ക്കുശേഷം ഇന്നലെ രാത്രിയാണ് ദുബായിൽനിന്ന് മുഖ്യമന്ത്രിയും കുടുംബവും യാത്ര തിരിച്ചത്. ഈ മാസം ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്.
Recent Comments