by Midhun HP News | May 17, 2024 | Latest News, കേരളം
പാലക്കാട്: ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് എഐ കാമറകൾ വരുന്നു. ഡിജിറ്റൽ അക്വാസ്റ്റിക് സെൻസിങ് (ഡിഎഎസ്) എന്ന നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനത്തിന്‍റെ ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയിൽ സ്ഥാപിച്ചു.
ഭൂമിക്കടിയിൽ ഒരു മീറ്റർ ആഴത്തിൽ കുഴിച്ചിട്ട ഒപ്ടിക്കൽ ഫൈബർ കേബിൾ വഴി കൺട്രോൾ സ്റ്റേഷനിൽ വിവരം കിട്ടുന്നവിധത്തിലാണ് സംവിധാനം. കൂടാതെ രാത്രിയും പകലും ചിത്രങ്ങൾ പകർത്താൻ കഴിയുന്ന തെർമൽ കാമറയുടെ പരീക്ഷണവും നടന്നു. സഹകരണ സ്ഥാപനമായ കണ്ണൂരിലെ കേരള ദിനേഷ് ഐടി സിസ്റ്റമാണ് നിരീക്ഷണ സംവിധാനം തയ്യാറാക്കിയത്.
വനംവകുപ്പിന്റെ കുങ്കിയാനയായ അഗസ്ത്യനെ ഉപയോഗിച്ച് നടന്ന ആദ്യപരീക്ഷണം വിജയമായിരുന്നെന്ന് ദിനേഷ് ഐടി സിസ്റ്റം ഓപ്പറേഷൻസ് വിഭാഗം ഹെഡ് അഭിലാഷ് രവീന്ദ്രൻ പറഞ്ഞു. മനുഷ്യനോ മൃഗങ്ങളോ നടക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനങ്ങളെ ഒപ്റ്റിക്കൽ ഫൈബർ കേബിളിലൂടെ നിരന്തരം കടന്നുപോകുന്ന ലേസർ തരംഗങ്ങൾ പിടിച്ചെടുത്ത്, നിർമിതബുദ്ധി അധിഷ്ഠിത സോഫ്റ്റ്‌വെയറിൽ വിശകലനം ചെയ്താണ് വിവരം നൽകുക. ഇത് തത്സമയം ദ്രുത പ്രതികരണ സേന (ആർആർടി) ടീമിനെ വാട്സ്ആപ്പ്, ടെലിഗ്രാം, എസ്എംഎസ്, ഇ-മെയിൽ എന്നിവവഴി അറിയിക്കും.
മൃഗങ്ങളുടെ യഥാർഥ ലൊക്കേഷൻ ജിപിഎസ് കോർഡിനേറ്റസ് എന്നിവ സഹിതം ലഭ്യമാകും. ഓസ്ട്രേലിയൻ സാങ്കേതികവിദ്യയോടു കൂടിയ സംവിധാനം രാജ്യത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. വടക്കൻ റെയിൽവേയും ഈ രീതി പിന്തുടരുന്നുണ്ട്. പന്നിമട വനമേഖലയിൽ നാല് കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കേരള ദിനേഷ് ഐടി സിസ്റ്റം തയ്യാറാക്കിയ പദ്ധതിയുടെ പരീക്ഷണം നടത്താൻ വനംവകുപ്പിന്റെ കിഴക്കൻമേഖല സിസിഎഫ് ആണ് അനുമതി നൽകിയത്. സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കിയ ശേഷം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

by Midhun HP News | May 17, 2024 | Latest News, കേരളം
മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാലുവയസുകാരിക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയിൽ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികള്‍ പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കാന്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. സംഭവത്തിൽ കുടുംബം പൊലീസിലും പരാതി നൽകിയിരുന്നു. ചികിത്സയ്ക്കുശേഷം കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തിരിക്കുകയാണ്. ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് നേരത്തെ അറിയിച്ചിരുന്നു. കൈയിലെ ആറാംവിരൽ നീക്കംചെയ്യാനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ നാവിനായിരുന്നു ഓപ്പറേഷൻ നടത്തിത്.

by Midhun HP News | May 17, 2024 | Latest News, കേരളം
തിരുവനന്തപുരം: മേയറും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തും. ഡ്രൈവർക്കെതിരായ ലൈംഗികാതിക്ഷേപ കേസിലാണ് മൊഴി രേഖപ്പെടുത്തുന്നത്.
തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കന്റോൺമെന്റ് പൊലീസ് അപേക്ഷ നൽകി. ഡ്രൈവർ അശ്ലീലം കാണിച്ചതാണ് പ്രശ്നത്തിന്റെ തുടക്കമെന്നു മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചിരുന്നു. പിന്നാലെ പരാതിയും നൽകി.
മേയറും ഭാർത്താവും എംഎൽഎയുമായി സച്ചിൻ ദേവുമുൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് കെഎസ്ആർടിസിക്ക് കുറുകെ കാർ ഇട്ട് വണ്ടി തടഞ്ഞത്. പിന്നാലെയാണ് മേയറും ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടായത്. ഡ്രൈവിങുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.
സംഭവം നടന്ന രാത്രിയിൽ തന്നെ മേയർ നൽകിയ പരാതിയിൽ ഡ്രൈവർ യദുവിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. പിന്നാലെ യദു കമ്മീഷണർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ യദു കോടതിയെ സമീപിച്ചു. അതിനിടെ അഭിഭാഷകനായ ബൈജു നോയലും കോടതിയെ സമീപിച്ചു. ജില്ലാ കോടതിയിൽ അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മേയർക്കെതിരെയും കേസെടുത്തു.

by Midhun HP News | May 17, 2024 | Latest News, കേരളം
കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ആക്രമിച്ച കേസിൽ പ്രതി രാഹുൽ പി ഗോപാൽ രാജ്യം വിട്ടുവെന്ന് സ്ഥിരീകരണം. രാഹുൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നും ഭീഷണിയുണ്ടെന്നും നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥായായിരുന്നുവെന്നും രാഹുൽ പറഞ്ഞു. അതേസമയം പെൺകുട്ടിയെ മർദ്ദിച്ചുവെന്ന് രാഹുൽ സമ്മതിച്ചു.
എന്നാൽ അത് സ്ത്രീധനത്തിന്റെ പേരില്ലെന്നും പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ ചിലത് കണ്ടതോടെയാണ് മർദ്ദിച്ചതെന്നും രാഹുൽ പറഞ്ഞു. കാർ ആവശ്യപ്പെട്ടിട്ടില്ല, ജർമ്മനിയിൽ ജോലി ചെയ്യുന്ന തനിക്ക് കാറിന്റെ ആവശ്യമില്ലെന്നും രാഹുൽ പറഞ്ഞു.
രാഹുലിന്റെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലാണെന്നാണ് സൂചന. കോഴിക്കോടു നിന്ന് റോഡ് മാര്‍ഗം ബംഗളൂരുവിലെത്തിയ പ്രതി ഇവിടെ നിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയിക്കുന്നത്. പെൺകുട്ടിയെ മർദ്ദിച്ചതിൽ രാഹുലിന്റെ അമ്മയ്‌ക്കും പങ്കുണ്ടെന്നാണ് മൊഴി. അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും. മൊഴിയെടുപ്പ് പൂർത്തിയായ ശേഷമായിരിക്കും നടപടി. വീട് ഇപ്പോൾ പൂട്ടിയിട്ട നിലയിലാണ്. വിദേശത്തേക്ക് കടന്ന രാഹുലിനെ നാട്ടിൽ എത്തിക്കുന്നതിന് വിവിധ ഏജൻജികളുടെ സഹായം അന്വേഷണ സംഘം തേടിയിട്ടുണ്ട്.

by Midhun HP News | May 17, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വർഷത്തെ ബിഎസ് സി നഴ്‌സിംഗ്, ബിഎസ് സി എംഎൽറ്റി, ബിഎസ് സി പെർഫ്യൂഷൻ ടെക്‌നോളജി, ബിഎസ് സി. ഒപ്‌റ്റോമെട്രി, ബിപിറ്റി, ബിഎഎസ്സ്എൽപി., ബിസിവിറ്റി, ബിഎസ് സി ഡയാലിസിസ് ടെക്‌നോളജി, ബിഎസ് സി ഒക്യൂപേഷണൽ തെറാപ്പി, ബിഎസ് സി മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബിഎസ് സി റേഡിയോതെറാപ്പി ടെക്‌നോളജി, ബിഎസ് സി ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. പുതിയ കോഴ്‌സുകൾക്ക് സർക്കാർ അംഗീകാരം ലഭിക്കുന്ന പ്രകാരം പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതാണ്.
എൽബിഎസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ 2024 മേയ് 17 മുതൽ ജൂൺ 12 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ജനറൽ, എസ്ഇബിസി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ അന്തിമ സമർപ്പണത്തിനുള്ള അവസാന തീയതി ജൂൺ 15 വരെ. പ്രോസ്സ്‌പെക്ടസ്സ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ബിഎസ് സി നഴ്‌സിംഗിനും, ബിഎഎസ്എൽപി ഒഴികെയുള്ള മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്കും കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ +2/ ഹയർ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തിൽ 50% മാർക്കോടെ ജയിച്ചവർ പ്രവേശനത്തിന് അർഹരാണ്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസായിരിക്കണം.
ബിഎഎസ്സ്എൽപി കോഴ്‌സിന് കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ +2/ ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ മാത്തമറ്റിക്‌സ്/ കമ്പ്യൂട്ടർസയൻസ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ ഇലക്‌ട്രോണിക്‌സ്/ സൈക്കോളജി എന്നിവയ്ക്കു മൊത്തത്തിൽ 50% മാർക്കോടെ ജയിച്ചവർ ആയിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസായിരിക്കണം. കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ കേരള ഹയർ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്കും, ഭിന്നശേഷി വിഭാഗക്കാർക്കും 5% മാർക്ക് ഇളവ് അനുവദിക്കുന്നതാണ്. പട്ടികജാതി/ പട്ടികവർഗ്ഗ വിദ്യാർഥികൾ യോഗ്യതാപരീക്ഷ ജയിച്ചാൽ മാത്രം മതിയാകും. OEC അപേക്ഷകർക്ക് പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ ഒഴിവുളള സീറ്റുകൾ നൽകിയാലും മാർക്കിളവിന് യോഗ്യതാ പരീക്ഷയിൽ SEBC അപേക്ഷകർക്ക് അനുവദിക്കുന്ന സൗജന്യം മാത്രമേ ലഭ്യമാകുകയുളളു.
അപേക്ഷാർത്ഥികൾ 2024 ഡിസംബർ 31 ന് 17 വയസ് പൂർത്തീകരിച്ചിരിക്കണം. ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനുള്ള ഉയർന്ന പ്രായപരിധി 35 വയസ്സാണ്. നിശ്ചിത പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതല്ല. പാരാമെഡിക്കൽ കോഴ്‌സുകൾക്ക് ഉയർന്ന പ്രായപരിധിയില്ല. ബിഎസ് സി(എം.എൽ.റ്റി.), ബിഎസ് സി(ഒപ്‌റ്റോമെട്രി) എന്നീ കോഴ്‌സുകളിലെ സർവീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് ഉയർന്ന പ്രായപരിധി 31.12.2024 ൽ പരമാവധി 46 വയസ്സാണ്. കൂടുതൽ വിവരങ്ങൾ 0471 2560363, 364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്
by Midhun HP News | May 17, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. രാവിലെ എട്ട് മണി മുതൽ 12 വരെയും വൈകീട്ട് നാല് മണി മുതൽ ഏഴ് മണി വരെയുമായിരിക്കും റേഷൻ കടകൾ പ്രവർത്തിക്കുക.
കേരളത്തിൽ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്തായിരുന്നു നേരത്തെ സമയം ക്രമീകരിച്ചത്. ഇതു പിൻവലിച്ചു.
Recent Comments