ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു, ജാഗ്രത വേണം

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

നാളെ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 20വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് 20ന് പത്തനംതിട്ടയിലും ഇടുക്കിയിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മെയ് 20ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മെയ് 20ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മെയ് 18ന് പാലക്കാടും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് 19ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ശക്തമായ മഴയുണ്ടാകും.

മെയ് 19 ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.

കോമറിന് തീരത്ത്, തമിഴ് നാട് തീരത്തോട് ചേർന്ന് ഒരു ചക്രവാത ചുഴി നിലനിൽക്കുന്നു. ഇതിനാല്‍ തന്നെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ തെക്കൻ കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കാലവർഷം മെയ്‌ 19 ഓടു കൂടി തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. തുടർന്ന് മെയ് 31 ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്.

തെക്കൻ തമിഴ് നാട് തീരത്തിനും കോമറിൻ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ചക്രവാത ചുഴിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം ഇടി / മിന്നൽ / കാറ്റ് ( 49-50 km/hr) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 20 ന് അതിതീവ്രമായ മഴക്കും, മെയ്‌ 18 മുതൽ 19 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും, മേയ് 16 മുതൽ 20 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

‘രാഹുല്‍ മുമ്പും വിവാഹം കഴിച്ചിട്ടുണ്ട്’; ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നുവെന്ന് അമ്മ

‘രാഹുല്‍ മുമ്പും വിവാഹം കഴിച്ചിട്ടുണ്ട്’; ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നുവെന്ന് അമ്മ

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ആക്രമിച്ച കേസിലെ പ്രതി രാഹുല്‍ മുന്‍പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് അമ്മ. ഈരാറ്റുപേട്ട സ്വദേശിനിയുമായി റജിസ്റ്റര്‍ വിവാഹം നടന്നിട്ടുണ്ടെന്നും അമ്മ പറഞ്ഞു. കേസില്‍ രാഹുലിനെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മറ്റൊരു പെണ്‍കുട്ടിയുമായും രാഹുലിന്റെ വിവാഹം നടന്നതായി അമ്മ പറഞ്ഞത്.

”ആ പെണ്‍കുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. പറവൂരിലെ പെണ്‍കുട്ടിയുമായി സ്ത്രീധനത്തെപ്പറ്റി സംസാരിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. രാഹുല്‍ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു. വിഷമമുണ്ട്.” രാഹുലിന്റെ അമ്മ പറഞ്ഞു.

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് ഇടിച്ചുപൊട്ടിച്ചു; വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് ഇടിച്ചുപൊട്ടിച്ചു; വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം: വനത്തിനുള്ളിലേക്ക് ഭാര്യയെ വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാട്ടില്‍ നിന്ന് സ്ത്രീയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഗിരിജയെ ചുറ്റികകൊണ്ട് കാല്‍മുട്ടുകള്‍ തകര്‍ത്തശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ഒരുവര്‍ഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നെന്നാണ് വിവരം. എന്നാല്‍ ഇവര്‍ തമ്മില്‍ പരസ്പരം ഫോണ്‍ വിളി തുടര്‍ന്നിരുന്നു. ഇന്ന് ഷൈനിയെ ഭര്‍ത്താവ് സോജോ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു. അതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ കൈയില്‍ കരുതിയ ചുറ്റിക കൊണ്ട് യുവതിയുടെ ഇരുകാല്‍മുട്ടുകളും അടിച്ചുതകര്‍ക്കുകയായിരുന്നു. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ശനി, ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും അതിശക്തമായ മഴ സാധ്യത കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

തിങ്കളാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ വേനല്‍മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും പ്രതീക്ഷിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം

കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം

കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ മലയാളികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞിരത്തുംമൂട് സ്വദേശികളായ ജോര്‍ജ് പി സ്‌കറിയ
(60), ഭാര്യ മേഴ്‌സി (58), മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് സൂചന.

കമ്പം-കമ്പംമേട് റോഡില്‍ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാന്റ് ഐ10 കാറിനകത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോട്ടയം രജിസ്‌ട്രേഷനിലുള്ള (കെഎല്‍ 05 എയു 9192)വാഹനമാണിത്. അഖിലിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. മൂവരെയും കാണാനില്ലെന്ന് കാണിച്ച് വാകത്താനം പൊലീസില്‍ രണ്ടു ദിവസം മുന്‍പ് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തമിഴ്നാട് പൊലീസിന്റെ ഫൊറന്‍സിക് സംഘം സ്ഥലത്തെത്തിയ ശേഷം കാര്‍ തുറന്ന് പരിശോധിച്ചു. കാറിനകത്ത് നിന്ന് കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. ഇതോടെ മൂവരും ആത്മഹത്യ ചെയ്തതാകാമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ. തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നവജാത ശിശുവിന്‍റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

നവജാത ശിശുവിന്‍റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

കൊച്ചി: പനമ്പള്ളിനഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ആൺ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശി ഷെഫീഖിനെതിരെയാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. പീഡനം നടന്നത് തൃപ്പുണിത്തുറയിലായതിനാല്‍ കേസ് ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഈ മാസം മൂന്നിനാണ് പ്രവസിച്ച ഉടനെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി ഫ്ലാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസില്‍ അറസ്റ്റിലായ അമ്മ നിലവിൽ റിമാന്‍ഡിലാണ്.