സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവഗുരുതരാവസ്ഥയില്‍

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവഗുരുതരാവസ്ഥയില്‍

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. അസുഖബാധിതയായ മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തീവ്ര പരിചരണ യൂണിറ്റിലെ വെന്റിലേറ്ററിലാണ് കുട്ടി തുടരുന്നത്.

ഒരാഴ്ച മുമ്പ് കുട്ടി പുഴയില്‍ കുളിക്കാന്‍ പോയിരുന്നു. ഇവിടെ നിന്നും അണുബാധയേറ്റതാവാമെന്നാണ് സംശയിക്കുന്നത്. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാലു കുട്ടികളെക്കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ 2023 ജൂലൈയില്‍ ആലപ്പുഴ സ്വദേശീയായ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചിരുന്നു. രോഗം ബാധിച്ച പതിനഞ്ചുവയസ്സുകാരന്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നാണ് അമീബ തലച്ചോറില്‍ പ്രവേശിക്കുന്നത്.

ഇനി പ്രൊമോഷണല്‍ കോളുകള്‍ക്ക് ഗുഡ്‌ബൈ!; നടപടി കടുപ്പിക്കാന്‍ കേന്ദ്രം

ഇനി പ്രൊമോഷണല്‍ കോളുകള്‍ക്ക് ഗുഡ്‌ബൈ!; നടപടി കടുപ്പിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ വരുന്ന പ്രൊമോഷണല്‍ കോളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയും ഉപഭോക്തൃ അവകാശങ്ങളും സംരക്ഷിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

നിലവില്‍ വിവിധ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രൊമോഷനുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ക്ക് നിരവധി കോളുകള്‍ വരുന്നുണ്ട്. പലപ്പോഴും ഇത് ശല്യമാകുന്നതായി ഉപയോക്താക്കളുടെ ഭാഗത്ത് നിന്ന് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. രജിസ്റ്റര്‍ ചെയ്യാത്ത ഫോണ്‍ നമ്പറുകളില്‍ നിന്നുള്ള ഇത്തരത്തിലുള്ള അനാവശ്യ കോളുകള്‍ വിളിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്താനാണ് ആലോചന. കൂടാതെ വ്യാപാരരംഗത്ത് തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കമ്പനികളെ ലേബല്‍ ചെയ്യാനും വ്യവസ്ഥ ചെയ്യും. ഉപഭോക്താക്കളുടെ അവകാശങ്ങളെയും സ്വകാര്യതയെയും ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്താനുള്ള നീക്കം രാജ്യത്ത് ആദ്യമാണ്.

മലയാള സിനിമയിൽ വീണ്ടും റിവ്യു ബോംബിങ് പരാതി; യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ നിർമാതാവ് സിയാദ് കോക്കർ

മലയാള സിനിമയിൽ വീണ്ടും റിവ്യു ബോംബിങ് പരാതി; യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ നിർമാതാവ് സിയാദ് കോക്കർ

മലയാള സിനിമയിൽ വീണ്ടും റിവ്യു ബോംബിങ് പരാതി. നിർമാതാവ് സിയാദ് കോക്കറാണ് അശ്വന്ത് കോക്ക് എന്ന യുട്യൂബർക്കെതിരെ കൊച്ചി സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയത്. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമ റിലീസായ ഉടൻ റിവ്യൂ ബോംബിങ് നടത്തിയെന്നാണ് പരാതി.

പ്രതിസന്ധിഘട്ടത്തെ അതിജീവിച്ച് മലയാള സിനിമ മികവാർന്ന കാലത്തിലൂടെ മുന്നേറുമ്പോഴാണ് വീണ്ടും റിവ്യൂ ബോംബിങ് പരാതി ഉയരുന്നത്. താൻ നിർമ്മിച്ച മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമ റിലീസ് ആയതിന്റെ തൊട്ടടുത്ത ദിവസം ഉള്ളടക്കം മനസ്സിലാകുന്ന രീതിയിൽ റിവ്യൂ ബോംബിങ് നടത്തിയെന്നാണ് പരാതി. ഹൈക്കോടതി അടക്കം ഇടപെട്ടിട്ടും ചില നിക്ഷിപ്ത താല്പര്യക്കാർ മലയാള സിനിമയെ നശിപ്പിക്കുന്നതിനായി ബോധപൂർവ്വം ഇറങ്ങിയിരിക്കുന്നു എന്നും പരാതിയിൽ പറയുന്നു.

പൊലീസിന്റെ ഭാഗത്തുനിന്ന് നിയമസഹായം ലഭിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയെ സമീപിക്കാനാണ് നിർമാതാവിന്റെ തീരുമാനം. പരാതി നൽകിയതോടെ സിനിമയുമായി ബന്ധപ്പെട്ട വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും യഥാർത്ഥ വസ്തുതകൾ ഉൾപ്പെടുത്തി യൂട്യൂബിൽ തന്നെ വീഡിയോ പോസ്റ്റ് ചെയ്യണമെന്നും അതുവരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും നിർമ്മാതാവ് നിലപാടെടുത്തു. നേരത്തെ റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കേസുകൾ എടുക്കുകയും നവമാധ്യമങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അവസാനിച്ച പ്രശ്നങ്ങളാണ് വീണ്ടും ഉയർന്നു വരുന്നത്.

കൊച്ചി വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ അതിക്രമിച്ച് കടന്ന റഷ്യൻ പൗരൻ അറസ്റ്റിൽ

കൊച്ചി വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ അതിക്രമിച്ച് കടന്ന റഷ്യൻ പൗരൻ അറസ്റ്റിൽ

കൊച്ചി വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ അതിക്രമിച്ച് കടന്ന റഷ്യൻ പൗരൻ അറസ്റ്റിൽ. റഷ്യൻ പൗരനായ ഇല്യ ഇക്കിമോവിനെ മുളവുകാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. അതീവ സുരക്ഷാ മേഖലയിൽ അതിക്രമിച്ച കയറിയതിനെ തുടർന്നാണ് അറസ്റ്റ്. പിടിയിലായ റഷ്യൻ പൗരൻ ലഹരിക്ക് അടിമയെന്ന് പൊലീസ് പറയുന്നു.

ചൊവ്വാഴ്ച പുലർച്ചെ 6.30 ഓടേയാണ് സംഭവം. ഡിപി വേൾഡിന് നടത്തിപ്പ് ചുമതലയുള്ള രാജ്യാന്തര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിന്റെ അതീവ സുരക്ഷാമേഖലയിൽ കിഴക്കുവശത്തുള്ള മതിൽ ചാടിക്കടന്നാണ് 26കാരനായ റഷ്യൻ പൗരൻ അതിക്രമിച്ച് കയറിയത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ റഷ്യൻ പൗരനെ തടയുകയായിരുന്നു.

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; കുട്ടി ആശുപത്രിയില്‍

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; കുട്ടി ആശുപത്രിയില്‍

കാസര്‍കോട്: രാത്രി വീട്ടില്‍ ഉറങ്ങി കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് അധികം ദൂരെയല്ലാതെ ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയി. കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.

പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയ സമയത്ത് അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയില്‍ വീടിന് അധികം ദൂരെയല്ലാതെ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയി. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പന്തീരങ്കാവ് ​ഗാർഹിക പീഡനം: പ്രതി രാഹുൽ വേറെയും വിവാഹം കഴിച്ചു; പരാതിയുമായി പനക്കപ്പാലം സ്വദേശിനി

പന്തീരങ്കാവ് ​ഗാർഹിക പീഡനം: പ്രതി രാഹുൽ വേറെയും വിവാഹം കഴിച്ചു; പരാതിയുമായി പനക്കപ്പാലം സ്വദേശിനി

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തിലെ പ്രതി രാഹുൽ മുമ്പും വിവാഹം കഴിച്ചിരുന്നതായി വിവരം. രാഹുലിനെതിരെ പരാതിയുമായി ഈരാറ്റുപേട്ട പനക്കപ്പാലം സ്വദേശിനിയായ യുവതി. നേരത്തെ ഈ യുവതിയുമായി രാഹുലിൻ്റെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും ഇത് നിലനിൽക്കെയാണ് രാഹുൽ വീണ്ടും വിവാഹിതനായതെന്നും യുവതി വെളിപ്പെടുത്തി. രാഹുലിൻ്റെ വിവാഹം നടന്നത് അറിഞ്ഞത് സാമൂഹിക മാധ്യമങ്ങളിലൂടെയെന്ന് യുവതി പറയുന്നു.

അതേ സമയം, പന്തീരങ്കാവ് ഗാർഹിക പീഡന പരാതി ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അന്വേഷിക്കും. പന്തീരങ്കാവ് പൊലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനം. കേസിലെ പ്രതി രാഹുൽ ഒളിവിൽ പോയ സാഹചര്യത്തിൽ ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും.

കേസിൽ ഇന്ന് തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. പ്രതി രാഹുൽ രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ഇത് തടയാനാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നത്. ഫറോക്ക് എസിപി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഏഴ് പേരാണ് പുതിയ അന്വേഷണ സംഘത്തിലുള്ളത്. ഈ സംഘം ഇന്ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് കൊച്ചിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തും.