by Midhun HP News | May 14, 2024 | Latest News, കേരളം
തിരുവനന്തപുരം: ഇരുചക്രവാഹനയാത്രയിൽ വസ്ത്രധാരണപിശകുകളും ചിലപ്പോൾ അപകടങ്ങൾക്ക് കാരണമായേക്കാം. പിന്നിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ വസ്ത്രഭാഗങ്ങൾ ടയറുകളിൽ കുടുങ്ങാതിരിക്കാനുള്ള സുരക്ഷാ കവചമാണ് സാരീഗാർഡ്. ഇരുചക്രവാഹനങ്ങളിൽ വസ്ത്രധാരണത്തിലും യാത്രാസുരക്ഷ പരിഗണിക്കുക തന്നെ വേണം. ചൂട്, കാറ്റ്, പൊടി പുക, വെയിൽ, മഴ, മഞ്ഞ് തുടങ്ങിയ വിവിധ പ്രതികൂലാവസ്ഥകളെ പ്രതിരോധിക്കാനും സങ്കീർണ്ണ സാങ്കേതിക, ഡ്രൈവിംഗ് വെല്ലുവിളികളെ കൈകാര്യം ചെയ്യാനാവും വിധത്തിലുമാവണം വസ്ത്രധാരണമെന്ന് കേരള മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകി.
‘മുണ്ട്, ഷർട്ട്, സാരി, ചുരിദാർ, ഷോളുകൾ, വിശേഷ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള അയഞ്ഞവസ്ത്രങ്ങൾ ശരീരത്തോട് ഇറുകി ചേർന്നുനിൽക്കുന്ന വിധത്തിലാക്കാൻ ഓരോ യാത്രയിലും പ്രത്യേകം ശ്രദ്ധിക്കുക. വസ്ത്രധാരണം ഒരു സ്വകാര്യവൈകാരികവിഷയമാണെങ്കിലും ജീവന്മരണാവസ്ഥകൾക്കിടയിലെ ഏക കച്ചിത്തുരുമ്പ് സുരക്ഷാ മുൻകരുതലുകൾ മാത്രമാണ്. സുരക്ഷാ നിർദ്ദേശങ്ങൾ ഒരിക്കലും സുഖദായകങ്ങളോ സൗകര്യപ്രദങ്ങളോ വിശ്വാസപ്രമാണാനുസാരിയോ ആയിരിക്കുകയുമില്ല’- കേരള മോട്ടോർ വാഹനവകുപ്പ് കുറിച്ചു.

കുറിപ്പ്:
ഇരുമെയ്യാണെങ്കിലും…11.O
വസ്ത്രധാരണം തികച്ചും ഒരു വ്യക്തിസ്വാതന്ത്ര്യവിഷയമാണ് എന്ന പൊതുബോധത്തിൽ, മിക്കപ്പോഴും വിവാദമാക്കപ്പെടുന്ന ഒരു രാഷ്ട്രീയസാമൂഹികകാലഘട്ടമാണിത്. സ്വകാര്യമാണെങ്കിലും, ആവിഷ്കാരസ്വാതന്ത്ര്യമായും അഹങ്കാരപ്രദർശനമായും പൊതുയിടപ്രധാനവുമാണത്. തൊഴിലിടങ്ങളിൽ മാത്രമല്ല വിശേഷാവസരങ്ങളിലും വിവിധ വിശ്വാസങ്ങൾക്കും ഒക്കെ വ്യത്യസ്ത വസ്ത്രധാരണനിഷ്ഠകളുള്ള ഒരു സമൂഹമാണ് നമ്മുടേത്
യാത്രകളിൽ സുരക്ഷയ്ക്ക് നാം അത്ര പരിഗണന നൽകുന്നില്ല എന്നതിൻ്റെ സൂചനകളാണ് വർദ്ധിച്ചുവരുന്ന അപ്രതീക്ഷിതമായ പുതുമയാർന്ന കാരണങ്ങളാലുള്ള റോഡപകടങ്ങൾ. വസ്ത്രധാരണപിശകുകൾ മരണകാരണമായ ഇരുചക്രവാഹന അപകടങ്ങൾ എണ്ണത്തിൽ അത്ര കുറവല്ല എന്ന് കണക്കുകളും പറയുന്നു
വസ്ത്രവുമായി ബന്ധപ്പെട്ട ഒരു സുരക്ഷാ കവചം, പിന്നിലിരിക്കുന്നയാളുടെ വസ്ത്രഭാഗങ്ങൾ ടയറുകളിൽ കുടുങ്ങാതിരിക്കാനുള്ള ഒന്ന് മോട്ടോർ സൈക്കിളുകളിൽ MVAct Sec 128, CMV Rule 123, KMV Rule 255 പ്രകാരം നിർബന്ധമാക്കിയിട്ടുള്ളത് പരക്കെ അറിയപ്പെടുന്നതു തന്നെ സാരീ ഗാർഡ് എന്നാണ്
Saree Guard, Mud Guard, Exhaust heat Guard, Hand guard, തുടങ്ങി നിരവധി സുരക്ഷാകവചങ്ങളുണ്ടെങ്കിലും ടൂ വീലറിൽ യാത്രക്കാരൻ്റെ “ബോഡി ഗാർഡ്” ആയി ഒന്നുമില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക
ടൂവീലറുകളിൽ വസ്ത്രധാരണത്തിലും യാത്രാസുരക്ഷ പരിഗണിക്കുക തന്നെ വേണം. ചൂട്, കാറ്റ്, പൊടി പുക, വെയിൽ, മഴ, മഞ്ഞ് തുടങ്ങിയ വിവിധ പ്രതികൂലാവസ്ഥകളെ പ്രതിരോധിക്കാനും സങ്കീർണ്ണ സാങ്കേതിക,ഡ്രൈവിംഗ് വെല്ലുവിളികളെ കൈകാര്യം ചെയ്യാനാവും വിധത്തിലുമാവണമത്. ‘കാലൻ്റെ കയറി’ലും ‘കാലകൈയ്യന്മാർക്കി’ടയിലുമാണ് എന്നും യാത്രയെന്നതിനാൽ ഒരപകടം പ്രതിരോധിക്കാൻ തക്കവിധമുള്ള കവച കുണ്ഡലങ്ങൾ കൂടിയാവണം വസ്ത്രധാരണം
ചീറിപ്പാഞ്ഞുവരുന്ന കുഞ്ഞൻ ബോളിനെ നേരിടാൻ ബാറ്റ്സ്മാനും വിക്കറ്റ്-ഗോൾകീപ്പർമാരും ഏറെ കവചങ്ങൾ ധരിക്കുന്നത് നമുക്കറിയാം. ഒരു ബൈക്ക് റാലി റൈഡർ അഭിമുഖീകരിക്കുന്നതിനേക്കാൾ അപ്രതീക്ഷിത സാഹചര്യങ്ങളുള്ള റോഡുകളിൽ ഒരു സുരക്ഷാശീലം വസ്ത്രധാരണത്തിലും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്
മുണ്ട്, ഷർട്ട്, സാരി, ചുരിദാർ, ഷോളുകൾ, വിശേഷവിശ്വാസവസ്ത്രങ്ങൾ ഉൾപ്പെടെയുള്ള അയഞ്ഞവസ്ത്രങ്ങൾ ശരീരത്തോട് ഇറുകി ചേർന്നുനിൽക്കുന്ന വിധത്തിലാക്കാൻ ഓരോ യാത്രയിലും പ്രത്യേകം ശ്രദ്ധിക്കുക
വസ്ത്രധാരണം ഒരു സ്വകാര്യവൈകാരികവിഷയമാണെങ്കിലും, ജീവന്മരണാവസ്ഥകൾക്കിടയിലെ ഏക കച്ചിത്തുരുമ്പ് സുരക്ഷാ മുൻകരുതലുകൾ മാത്രമാണ്. സുരക്ഷാ നിർദ്ദേശങ്ങൾ ഒരിക്കലും സുഖദായകങ്ങളോ സൗകര്യപ്രദങ്ങളോ വിശ്വാസപ്രമാണാനുസാരിയോ ആയിരിക്കുകയുമില്ല.
by Midhun HP News | May 14, 2024 | Latest News, കേരളം
കോഴിക്കോട് : ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തു മരിച്ചു. കോഴിക്കോട് നഗരത്തില്‍ പുലച്ചെ 3.50നാണ് അതിദാരുണമായ അപകടമുണ്ടായത്. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്.
കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചനയെ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
മലബാര്‍ മെഡിക്കല്‍ കോളജില്‍ നിന്നും ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് സുലോചനയെ മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലന്‍സ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
by Midhun HP News | May 14, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,400 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 6675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50000ന് മുകളില്‍ നില്‍ക്കാന്‍ കാരണം.
മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്. 10ന് രേഖപ്പെടുത്തിയ 54,040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. നാലുദിവസത്തിനിടെ 640 രൂപയാണ് കുറഞ്ഞത്.
by Midhun HP News | May 13, 2024 | Latest News, കേരളം
കണ്ണൂർ: കേരളത്തെ നടുക്കിയ പാനൂർ വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവും പത്ത് വർഷം തടവും വിധിച്ച് തലശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്). രണ്ട് ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാൽ മതി. കൂടാതെ രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി വിധിച്ചിരുന്നു.
വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയതിനാണ് ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് പത്ത് വർഷം തടവും വിധിച്ചു. പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ പ്രതി മാനന്തേരി താഴക്കളത്തിൽ ശ്യാംജിത്ത് (27) വീട്ടിൽ കയറി വിഷ്ണുപ്രിയയെ മാരകമായി കുത്തി പരുക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

2022 ഒക്‌ടോബർ 22 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. 2023 സെപ്റ്റംബർ 21 നാണ് വിചാരണ തുടങ്ങിയത്. തലശേരി അഡീഷണൽ ജില്ലാ കോടതി ജഡ്ജി മുൻപാകെയാണ് പ്രതിഭാഗം വാദം പൂർത്തിയാക്കിയത്. കേസിൽ 73 സാക്ഷികളെ വിസ്തരിച്ചിരുന്നു. ശ്യാംജിത്ത് മുൻ കൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന് ദൃക് സാക്ഷികളുണ്ടായിരുന്നില്ല. കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് പ്രതി കൂത്തുപറമ്പിലെ കടയിൽ നിന്നും ചുറ്റികയും കൈയുറയും വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
വിഷ്ണുപ്രിയയുടെ ശരീരത്തിൽ 29 മുറിവുകളുണ്ടായിരുന്നു. അതിൽ പത്ത് മുറിവുകൾ മരണശേഷമുള്ളതാണ്. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു. വിഷ്ണുപ്രിയയും പ്രതിയും തമ്മിൽ നേരത്തെ സംസാരിച്ചതിന്റെ ഫോൺ രേഖകളും തെളിവായി കോടതിയിൽ ഹാജരാക്കി.
അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാവരും പോയ സമയത്താണ് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തിയത്. ബന്ധുവിട്ടിലുണ്ടായിരുന്ന വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന വിഷ്ണുപ്രിയയെ കണ്ടത്. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
പിടിയിലായപ്പോഴും യാതൊരു കുറ്റബോധവും ഇല്ലാതെയാണ് പ്രതി പ്രതികരിച്ചതെന്നത് ഏറെ ശ്രദ്ധയേമായിരുന്നു. തനിക്ക് 25 വയസായതേയുള്ളൂ, 14 വർഷത്തെ ശിക്ഷയല്ലേ. അത് ഗൂഗിളിൽ കണ്ടിട്ടുണ്ട്. 39 വയസാകുമ്പോൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങും.ഒന്നും നഷ്ടപ്പെടാനില്ലെന്നായിരുന്നു ശ്യാംജിത്തിന്റെ പ്രതികരണം.
by Midhun HP News | May 13, 2024 | Latest News, കേരളം
കൊല്ലം: കൊല്ലം ചവറയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ മര്‍ദനം. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനാണ് ഇന്നലെ രാത്രി മര്‍ദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായിരുന്ന ജാന്‍സി ജെയിംസിന്റെ മുഖത്തടിച്ചുവെന്നാണ് പരാതി.
മുഖത്ത് ശക്തമായ അടിയേറ്റതിനെ തുടര്‍ന്ന് കമ്മല്‍ ഉള്‍പ്പടെ തെറിച്ചുപോയതായും ഡോക്ടറുടെ പരാതിയില്‍ പറയുന്നു. പൊലീസിനെ സംഭവസമയത്ത് തന്നെ ഡോക്ടറും ആശുപത്രിയിലുള്ള മറ്റുള്ളവരും വിവരം അറിയിച്ചെങ്കിലും അവര്‍ എത്താന്‍ വൈകിയെന്നും സംഭവത്തില്‍ കേസ് എടുത്തില്ലെന്നും ഡോക്ടര്‍ പറയുന്നു. പിറ്റേദിവസം ഉച്ചയായിട്ടും പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ ഡിഎംഒ തലത്തില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

പതിനെട്ടുകാരിയായ കുട്ടിയുമായാണ് രക്ഷിതാവ് ഇന്നലെ രാത്രി ആശുപത്രിയിലെത്തിയത്. രോഗി മുന്‍പ് ഉപയോഗിച്ച മരുന്ന് ഡോക്ടര്‍ പരിശോധിച്ചില്ലെന്ന് പറഞ്ഞാണ് തര്‍ക്കം തുടങ്ങിയത്. ഇതിന് പിന്നാലെ ആണ് രോഗിക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീ ഡോക്ടറുടെ മുഖത്ത് അടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ ഡോക്ടര്‍ ജാന്‍സി ജെയിംസ് ചവറ പൊലീസില്‍ പരാതി നല്‍കി.
by Midhun HP News | May 13, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നാളെ പത്തനംതിട്ട ജില്ലയിലും, മറ്റന്നാള്‍ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും, വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും അതിശക്തമായ മഴ ( യെല്ലോ അലര്‍ട്ട്) ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Recent Comments