by Midhun HP News | May 11, 2024 | Latest News, കേരളം
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ (43) ആണ് മരിച്ചത്.
നൗഫലിന്റെ വീട്ടിലെ പാറ പൊട്ടിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്‌ഫോടകവസ്തുവിന്റെ തിരിയില്‍ തീ കൊളുത്തിയ ശേഷം മുകളിലേക്ക് കയറുംമുന്‍പ് സ്‌ഫോടനം ഉണ്ടാവുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തിയെങ്കിലും പുക മൂലം കിണറ്റില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമാണ് രാജേന്ദ്രന്റെ മൃതദേഹം കിണറ്റില്‍ നിന്ന് പുറത്ത് എടുക്കാന്‍ സാധിച്ചത്.
by Midhun HP News | May 11, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.
ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട ജില്ലയിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിക്കുന്നത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

by Midhun HP News | May 11, 2024 | Latest News, കേരളം
126-ാമത് ഊട്ടി പുഷ്പ മേളയ്‌ക്ക് തുടക്കമായി. പത്ത് ദിവസം നീണ്ടു നിൽക്കുന്ന പുഷ്പമഹോത്സവം മേയ് 20ന് അവസാനിക്കും. ഒരു ലക്ഷം കാർണീഷ്യം പൂക്കൾ കൊണ്ട് രൂപപ്പെടുത്തിയ ഊട്ടി പർവത തീവണ്ടിയുടെ മാതൃകയാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുക.
ബംഗളൂരു, ഹൊസൂർ ഭാഗങ്ങളിൽ നിന്നാണ് മേളയിലേക്കുള്ള കാർണീഷ്യം പൂക്കൾ എത്തിച്ചിരിക്കുന്നത്. ഏതാണ്ട് പത്ത് ലക്ഷത്തോളം പൂച്ചെടികളുടെ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സസ്യോദ്യാനത്തിലെ പച്ചപുൽ മൈതാനമാണ് മറ്റൊരു ആകർഷണം. ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള പുഷ്പമേളകളിലൊന്നാണ് ഊട്ടി പുഷ്പമേള.
ഊട്ടിയിലെ വസന്തത്തിന്‍റെ വിസ്മയ കാഴ്ചകൾ ഒരുക്കുന്ന ഊട്ടി പുഷ്പമേളയ്ക്ക് നൂറു വർഷത്തിലധികം പഴക്കമുണ്ട്. 1896 ലാണ് ഊട്ടി പുഷ്പമേള ആദ്യമായി നടന്നത്. ഓൺലൈന്‍ ആയും ഓഫ്ലൈൻ ആയും ഊട്ടി പുഷ്പമേളയ്ക്ക് ടിക്കറ്റ് എടുക്കാം. ഹോർട്ടികൾച്ചർ വകുപ്പിന്‍റെ വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ ടിക്കറ്റ് ലഭിക്കുക.

by Midhun HP News | May 11, 2024 | Latest News, കേരളം
കാസർകോട്: ഐസ്ക്രീം എന്ന വ്യാജേന ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം. ഓടി രക്ഷപ്പെട്ടത് കൊണ്ട് ഭാര്യ ആസിഡ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. ആക്രമിക്കാൻ പിന്നാലെ ഓടിയ ഭർത്താവ് എറിഞ്ഞ ‘ഐസ്ക്രീം’ ആസിഡ് അബദ്ധത്തിൽ ദേഹത്ത് വീണ് മകന് ഗുരുതരമായി പൊള്ളലേറ്റു.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാഞ്ഞങ്ങാട് ചിറ്റാരിക്കൽ കമ്പല്ലൂരിലാണ് സംഭവം. ചിറ്റാരിക്കൽ കമ്പല്ലൂരിലെ പി വി സുരേന്ദ്രനാഥിനെതിരെ (49) ചിറ്റാരിക്കൽ പൊലീസ് ഗുരുതരമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സുരേന്ദ്രനാഥിന്റെ മകൻ പിവി സിദ്ധുനാഥിനാണ് (20) ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റത്. സിദ്ധുനാഥിന്റെ പുറത്താണ് ആസിഡ് ബോൾ വീണത്. പുറത്തടക്കം ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സുരേന്ദ്രനാഥ് ഭാര്യക്ക് നേരെയാണ് ആസിഡ് ആക്രമണം നടത്താൻ ഉദ്ദേശിച്ചതെന്ന് പൊലീസ് പറയുന്നു. ഐസ്ക്രീം എന്ന വ്യാജേന ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. ഭാര്യ ഓടിരക്ഷപ്പെട്ടു. പിന്നാലെ ഓടിയപ്പോഴാണ് പ്രതി എറിഞ്ഞ ഐസ്ക്രീം ആസിഡ് സിദ്ധുനാഥിന്റെ മേൽ വീണത്. മുമ്പ് ഭാര്യയെ പ്രതി മദ്യക്കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേൽപിച്ചിരുന്നു. ഇതുസംബന്ധിച്ച് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയ വിരോധമാണ് ആസിഡാക്രമണത്തിന് കാരണമെന്നും പൊലീസ് പറയുന്നു.
by Midhun HP News | May 11, 2024 | Latest News, കേരളം
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു. 55 വയസ്സായിരുന്നു. ഇന്ന് രാവിലെ 9:40ന് തെക്കേപ്പറമ്പിലെ കെട്ടുംതറിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
കോഴിക്കോട് സാമൂതിരി രാജാ 1986 സെപ്റ്റംബര്‍ എട്ടിനാണ് മുകുന്ദനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്. 2006 മുതല്‍ ഇടത്തെ പിന്‍കാല്‍ മടങ്ങാത്ത അവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്ന് മുകുന്ദനെ ആനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാറില്ല.രണ്ടാഴ്ച മുമ്പ് തളര്‍ന്നുവീണ കൊമ്പനെ ക്രെയിന്‍ ഉപയോഗിച്ചാണ് എഴുന്നേല്‍പ്പിച്ചത്. ഇതിനുശേഷം തീര്‍ത്തും അവശനായിരുന്നു. മുകുന്ദന്റെ വിയോഗത്തോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 38 ആയി ചുരുങ്ങി.

by Midhun HP News | May 11, 2024 | Latest News, കേരളം
തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിനായി സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് രണ്ടരലക്ഷത്തോളം അപേക്ഷകൾ. ഡാറ്റാ ബാങ്കിലെ പ്രശ്നങ്ങൾ കൃഷിവകുപ്പ് പരിഹരിക്കാത്തതാണ് പ്രധാന തടസമെന്നാണ് റവന്യുവകുപ്പ് വിശദീകരണം. കുറ്റമറ്റ ഡാറ്റാ ബാങ്ക് തയ്യാറാക്കാൻ പലതവണ കൃഷി വകുപ്പിനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല.
ഭൂമി തരംമാറ്റത്തിന്‍റെ മറവിൽ സംസ്ഥാനത്ത് വൻ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. വിരമിച്ച റവന്യു ഉദ്യോഗസ്ഥരും ചില ഏജൻസികളും ക്രമവിരുദ്ധമായി ഇടപടെുന്നതിന് അന്വേഷണ സംഘം തെളിവ് നിരത്തുന്നതിനിടെയാണ് പുതിയ കണക്കുകൾ പുറത്ത് വരുന്നത്. സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിന് പരിഗണിക്കാൻ ബാക്കിയുള്ളത് 2,67,610 അപേക്ഷകളാണ്. അതിൽ തന്നെ 1,40,814 അപേക്ഷകൾ ഡാറ്റാ ബാങ്കിൽ തെറ്റായി രേഖപ്പെടുത്തിയ ഭൂവിവരത്തിൽ മാറ്റം ആവശ്യപ്പെട്ടാണ്. ഫോം 5 പ്രകാരം നൽകുന്ന അപേക്ഷയിൽ തീര്‍പ്പാക്കേണ്ടത് ഡാറ്റാ ബാങ്കിനെ ആശ്രയിച്ചാണെന്നിരിക്കെ ഡാറ്റാ ബാങ്കിലെ ഭൂവിവരങ്ങളിൽ കടന്നുകൂടിയ പിശകുകളാണ് റവന്യു വകുപ്പിന്‍റെ ഇപ്പോഴത്തെ തലവേദന.

Recent Comments