by Midhun HP News | May 11, 2024 | Latest News, കേരളം
കൊച്ചി: തൃപ്പൂണിത്തുറ ഏരൂരില്‍ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നുകളഞ്ഞതായി പരാതി. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുടമ വീട്ടീലെത്തി പൊലീസിനെ വിവരം അറിയിച്ചു. മകന്‍ അജിത്ത് അച്ഛനെ നോക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. മകനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രിയാണ് 71 വയസുള്ള ഷണ്‍മുഖനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നുകളഞ്ഞതായി പരിസരവാസികള്‍ അറിയുന്നത്. ഉടന്‍ തന്നെ വീട്ടുടമയെ പരിസരവാസികള്‍ അറിയിക്കുകയായിരുന്നു. ഒരു ദിവസം മുഴുവനും ഭക്ഷണം കഴിക്കാതെയും പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കാതെയും ഷണ്‍മുഖന്‍ വീട്ടില്‍ തന്നെ കഴിഞ്ഞതായി പൊലീസ് പറയുന്നു.
ഷണ്‍മുഖന് മകനെ കൂടാതെ രണ്ടു പെണ്‍മക്കള്‍ കൂടിയുണ്ട്. പെണ്‍മക്കള്‍ ആണ് ചികിത്സയ്ക്കും മറ്റുമായി ഷണ്‍മുഖനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നത്. അച്ഛനെ നോക്കാന്‍ തയ്യാറാണെന്ന് പെണ്‍മക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ അച്ഛനെ വിട്ടുകൊടുക്കാന്‍ മകന്‍ തയ്യാറായിരുന്നില്ലെന്നും പൊലീസ് പറയുന്നു.

by Midhun HP News | May 11, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 1120 രൂപയാണ് വര്‍ധിച്ചത്. ഇന്ന് 240 രൂപ കുറഞ്ഞ് സ്വര്‍ണവില 54000ല്‍ താഴെ എത്തി. 53,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 30 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6725 രൂപയായി.
ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം.

by Midhun HP News | May 11, 2024 | Latest News, കേരളം
കണ്ണൂര്‍: നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചെറുകുന്ന് കൃസ്തുകുന്ന് സ്വദേശി കൊയിലേരിയന്‍ ജോയല്‍ ജോസഫ് (23), ചെറുകുന്ന് പാടിയില്‍ നിരിച്ചന്‍ ജോമോന്‍ ഡൊമനിക്ക് (23) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 1.30 ന് തളിപ്പറമ്പ് നഗരത്തിന് സമീപം ദേശീയ പാതയിലായിരുന്നു അപകടം.
ദേശീയപാതയുടെ അരികില്‍ വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പത്ത് അടിയോളം മുന്നോട്ടു നീങ്ങിയ കാര്‍ ഓവുചാലിലേക്ക് മറിഞ്ഞു. ബൈക്ക് ഓടിച്ചയാള്‍ യുവാക്കള്‍ സമീപത്തും പിറകില്‍ സഞ്ചരിച്ച 25 അടിയോളം ദൂരത്തേക്കും തെറിച്ചു വീണു.
ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി കരുതുന്നു. തളിപ്പറമ്പ് ടൗണില്‍ നിന്ന് 150 മീറ്ററോളം അകലെയാണ് അപകടം നടന്നത്.

by Midhun HP News | May 11, 2024 | Latest News, കേരളം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കു കത്തു നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രി വിദേശത്തു പോയതിനെക്കുറിച്ച് തനിക്കറിയില്ല. മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അതിനു നന്ദിയുണ്ട്. മുഖ്യമന്ത്രി മുമ്പ് വിദേശത്തു പോയപ്പോഴും തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രി മുമ്പ് നടത്തിയ വിദേശ സന്ദര്‍ശനങ്ങളും തന്നെ അറിയിച്ചിട്ടില്ല. രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള, മുഖ്യമന്ത്രിയുടെ വിദേശ പര്യടനങ്ങളെക്കുറിച്ച് രാഷ്ട്രപതിക്കു കത്തു നല്‍കിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.
by Midhun HP News | May 10, 2024 | Latest News, കേരളം
മലപ്പുറം: ഷവര്‍മയുടെ കൂടെ നല്‍കിയ മുളകിന് വലുപ്പം കുറഞ്ഞതിന് കടയുടമയെയും മക്കളെയും 4 അംഗ സംഘം മര്‍ദിച്ചതായി പരാതി. കുട്ടികളത്താണിയില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചെന്നാണ് പരാതി. ഹോട്ടല്‍ ഉടമ വയനാട് സ്വദേശി കരീം (47), മക്കളായ മുഹമ്മദ് ഷബില്‍ (26), അജ്മല്‍ (22) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കല്‍പകഞ്ചേരി സ്വദേശികളായ സത്താര്‍ (45), മുഹമ്മദ് ഹനീഫ് (45), മുജീബ്(45), ജനാര്‍ദനന്‍(45) എന്നിവര്‍ക്കെതിരെ കല്‍പകഞ്ചേരി പൊലീസ് കേസെടുത്തു.
by Midhun HP News | May 10, 2024 | Latest News, കേരളം
ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടു കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ചിന്റെ വിധി. ജൂണ്‍ ഒന്നുവരെയാണ് കെജരിവാളിനു ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം പരിഗണിക്കുകയായിരുന്നു. രാഷ്ട്രീയക്കാരന്‍ എന്ന പരിഗണന വച്ച് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഇഡി നിലപാടെടുത്തു. രാഷ്ട്രീയക്കാരന്‍ എന്നതല്ല, ഓരോ വ്യക്തിക്കും അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാവാമെന്ന് കോടതി പറഞ്ഞു. കെജരിവാള്‍ ഡല്‍ഹിയുടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. തെരഞ്ഞെടുപ്പു കാലമാണ്. ഇതൊരു അസാധാരണ സാഹചര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കേസില്‍ അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തതു വരെയുള്ള കേസ് ഫയലുകള്‍ ഹാജരാക്കാന്‍ ഇഡിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി ഇടക്കാല ജാമ്യം പരിഗണിക്കുമെന്നു വ്യക്തമായതോടെ ഇഡി പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള അവകാശം മൗലിക അവകാശമല്ലെന്നാണ് ഇഡി നിലപാടെടുത്തത്.
കേസില്‍ അന്വേഷം ഇഴഞ്ഞുനീങ്ങുന്നതിനെ കോടതി ചോദ്യം ചെയ്തു. രണ്ടു വര്‍ഷമെടുത്താണ് എന്തെങ്കിലുമൊരു പുരോഗതിയുണ്ടാവുന്നത്. പ്രതികളോടും സാക്ഷികളോടും കൃത്യമായ ചോദ്യങ്ങള്‍ ചോദിക്കാതെ ഇഡി വളഞ്ഞ വഴി സ്വീകരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.
കേസില്‍ കെജരിവാളിന്റെ പങ്ക് പിന്നീട് വ്യക്തമായതെന്ന് ഇഡിക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞു. തുടക്കത്തില്‍ കെജരിവാളില്‍ ആയിരുന്നില്ല ഫോക്കസ്. പിന്നീടു കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെട്ടു. ഗോവ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കെജരിവാള്‍ സെവന്‍ സ്റ്റാര്‍ ഹോട്ടലിലാണ് തങ്ങിയതെന്നും ഡല്‍ഹി പൊതു ഭരണ വകുപ്പ് ഇതിനു ഭാഗികമായി പണം നല്‍കിയിട്ടുണ്ടെന്നും എസ് വി രാജു പറഞ്ഞു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കുന്ന കള്ളപ്പണക്കേസില്‍ മാര്‍ച്ച് 21നാണ് കെജരിവാളിനെ അറസ്്റ്റ് ചെയ്തത്. തിഹാര്‍ ജയിലില്‍ കഴിയുന്ന കെജരിവാളിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ കഴിഞ്ഞിട്ടില്ല. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്താണ് കെജരിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
Recent Comments