by Midhun HP News | May 10, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിർമൽ NR 369 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. NN 488286 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ NV 448423 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ആരംഭിച്ചത്. സമാശ്വാസ സമ്മാനമടക്കം നിരവധി സമ്മാനങ്ങൾ നിർമൽ ലോട്ടറിയിലൂടെ ലഭ്യമാകും. 40 രൂപയാണ് നിർമൽ ലോട്ടറി ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിൻറെ ഒഫീഷ്യൽ വെബ്സൈറ്റായ http://www.keralalotteries.com/ ൽ ഫലം ലഭ്യമാകും.
ലഭിച്ച സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റ്, ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കൈമാറണം.
by Midhun HP News | May 10, 2024 | Latest News, കേരളം
ചെന്നൈ: പല യൂട്യൂബ് ചാനലുകളും വരിക്കാരെ കൂട്ടാന്‍ വേണ്ടി മനപ്പൂര്‍വം മറ്റുള്ളവര്‍ക്ക് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം ചാനലുകള്‍ സമൂഹത്തിനു ശല്യമാണെന്ന് ജസ്റ്റിസ് കെ കുമരേഷ് ബാബു പറഞ്ഞു.
അപകീര്‍ത്തി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി യൂട്യൂബ് ചാനല്‍ നടത്തുന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. കേസിന് ആസ്പദമായ സംഭാഷണത്തെ ഇന്റര്‍വ്യൂ എന്നു വിളിക്കാമോയെന്ന് കോടതി ചോദിച്ചു. ഇതിനെയാണോ നിങ്ങള്‍ ഇന്റര്‍വ്യൂ എന്നു വിളിക്കുന്നത്? അപകീര്‍ത്തികരമായ ഉത്തരങ്ങള്‍ വരുമെന്ന് അറിഞ്ഞുകൊണ്ട് ചോദ്യങ്ങള്‍ ചോദിക്കുകയല്ലേ നിങ്ങള്‍ ചെയ്യുന്നത്? കോടതി ചോദിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
യൂട്യൂബര്‍ സവുക്കു ശങ്കറുമായി നടത്തിയ ഇന്റര്‍വ്യൂവിനെത്തുടര്‍ന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ്, യൂട്യൂബര്‍ ജി ഫെലിക്‌സ് ജെറാള്‍ഡ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്റര്‍വ്യൂവില്‍ സവുക്കു ശങ്കര്‍ വനിതാ പൊലീസിനെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഒട്ടേറെ പരാതികള്‍ വന്നതിനെത്തുടര്‍ന്ന് ശങ്കറിനും ഫെലിക്‌സ് ജെറാള്‍ഡിനുമെതിരെ പൊലീസ് കേസെടുത്തു. ഐപിസി, സ്ത്രീകള്‍ക്കെതിരായ അപകീര്‍ത്തി തടയല്‍ നിയമം എന്നിവ പ്രകാരമാണ് കേസ്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശങ്കര്‍ ഇപ്പോള്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

by Midhun HP News | May 10, 2024 | Latest News, കേരളം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആത്മീയ ചൈതന്യവും മാഹാത്മ്യവും വിളിച്ചോതുന്ന ‘കൃഷ്ണലീല’ പ്രകാശനം ചെയ്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് തയ്യാറാക്കിയ, 252 പേജില്‍ ഗുരുവായൂര്‍ ക്ഷേത്ര വിശേഷങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്നതാണ് കോഫി ടേബിള്‍ ബുക്ക് ‘കൃഷ്ണലീല’ .
ഗുരുവായൂര്‍ ലൈലാക് ഹോട്ടലില്‍ കൃഷ്ണലീല സായാഹ്നം എന്ന പേരില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് ബുക്ക് സദസ്സിലുള്ളവരെ പരിചയപ്പെടുത്തിയത്. പരിപാടി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് വിളക്ക് കൊളുത്തിയാണ് ചടങ്ങിന് തുടക്കമിട്ടത്. ക്ഷേത്രത്തിലെ ദേവത- ഉപദേവതകള്‍, ദൈനംദിന പൂജകള്‍, വിശേഷാവസരങ്ങള്‍, ഉത്സവം, പ്രത്യേക ചടങ്ങുകള്‍ എന്നിവയെല്ലാം കൃഷ്ണലീലയില്‍ പ്രതിപാദിക്കുന്നുണ്ട്. കൃഷ്ണനാട്ടത്തെക്കുറിച്ചുള്ള വിവരങ്ങളും പുസ്തകത്തിലുണ്ട്. അപൂര്‍വവും മനോഹരവുമായ നിരവധി ചിത്രങ്ങള്‍ കോഫി ടേബിള്‍ ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിര്‍മ്മാല്യത്തില്‍ ആരംഭിച്ച് ശ്രീകോവില്‍ അടയ്ക്കുന്നത് വരെയുള്ള ചടങ്ങുകളുടെ മനോഹരമായ ചിത്രങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദൈനംദിന ആചാരങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതാണെന്ന് വി കെ വിജയന്‍ പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട ഉത്സവങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, കലാരൂപങ്ങള്‍, ചരിത്രം, ഐതിഹ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവ് പുസ്തകം പകരുന്നതായും അദ്ദേഹം പറഞ്ഞു.
കൃഷ്ണലീലയിലെ ചിത്രങ്ങള്‍ ദൈവികമായ അനുഭവം നല്‍കുകയും വാക്കുകള്‍ക്ക് അതീതമായ വികാരങ്ങള്‍ പകരുകയും ചെയ്യുന്നുവെന്ന് എഴുത്തുകാരി ഡോ.സുവര്‍ണ നാലപ്പാട്ട് പറഞ്ഞു. ദേവസ്വം ബോര്‍ഡ് അംഗം കെ പി വിശ്വനാഥന്‍, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി കെ പ്രകാശന്‍, ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സിഇഒ ലക്ഷ്മി മേനോന്‍, റസിഡന്റ് എഡിറ്റര്‍ കിരണ്‍ പ്രകാശ്, ജനറല്‍ മാനേജര്‍ വിഷ്ണുകുമാര്‍ എന്നിവര്‍ സംസാരിച്ചു.

by Midhun HP News | May 10, 2024 | Latest News, കേരളം
കണ്ണൂർ: കണ്ണൂരിൽ കള്ളനോട്ട് പിടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. പാടിയോട്ടുചാൽ സ്വദേശിനി പിപി ശോഭ (45)യെ ആണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം കേസിൽ പയ്യന്നൂർ സ്വദേശി ഷിജു(36) അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. യുവതിയാണ് കള്ളനോട്ട് നൽകിയതെന്ന് പൊലീസ് പറയുന്നു.
ചൊവ്വാഴ്ച കണ്ണൂർ തെക്കീബസാറിലെ ബാറിൽ മദ്യപിച്ച ശേഷം ബില്ലടയ്ക്കാൻ കള്ളനോട്ട് നൽകിയതിനെ തുടർന്നാണ് പ്രവാസിയായ ഷിജു പിടിയിലായത്. 2,562 രൂപ ബിൽത്തുകയിൽ 500 രൂപയുടെ അഞ്ച് കള്ളനോട്ടുകളും 100 രൂപയും ബിൽ ഫോൾഡറിൽവെച്ച് കടന്നുകളയുകയായിരുന്നു. ബാർ ജീവനക്കാരന്റെ പരാതിയിൽ സിസിടിവി അടക്കം പരിശോധിച്ചാണ് ഷിജുവിനെ പൊലീസ് പിടികൂടുന്നത്.
ഇയാളുടെ പക്കൽ നിന്നും 500 രൂപയുടെ അഞ്ച് കള്ളനോട്ടുകളും പൊലീസ് കണ്ടെത്തി.മെക്കാനിക്കായ തനിക്ക് വർക്ക്‌ഷോപ്പിൽ നിന്ന് കിട്ടിയ കൂലിയാണെന്നാണ് ആദ്യം ഇയാൾ പൊലീസിനോട് പറഞ്ഞത്. കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് നൽകിയത് ശോഭയാണെന്ന് സമ്മതിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം പാടിയോട്ടുചാലിലെ പെട്രോൾ പമ്പിൽ നിന്ന് വാഹനത്തിൽ ഇന്ധനം നിറച്ചശേഷം 500 രൂപ നൽകിയിരുന്നു. പമ്പ് ജീവനക്കാരന് സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവരെ ചീമേനി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കണ്ണൂരിൽ നിന്ന് പിടിച്ച കള്ളനോട്ടുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടത്.

by Midhun HP News | May 10, 2024 | Latest News, കേരളം
ഇടുക്കി: കോവിഡിന് ശേഷം ഒരാഴ്ചയിലെ കണക്ക് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ ആളുകൾ മൂന്നാറിലേക്ക് എത്തിയത് ഇത്തവണയാണ്. വിനോദസഞ്ചാരികളുടെ വരവ് കൂടിയതോടെ മൂന്നാറിലെ വിവിധ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പോലീസുകാർക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത തിരക്ക്. സംസ്ഥാനത്തിന് പുറത്തുനിന്നാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. പതിവിന് വിപരീതമായി ഇത്തവണ സംസ്ഥാനത്തിനകത്തു നിന്നുള്ളവരുടെയും എണ്ണം കൂടിയിട്ടുണ്ട്.
കനത്ത ചൂടിന് ആശ്വാസം തേടിയാണ് പലരും മൂന്നാർ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയും മൂന്നാറിലെത്തിയവർക്ക് ഇരട്ടിമധുരമായി. മൂന്നാമത് ബോട്ടാണിക്കൽ ഗാർഡൻ ഫ്ലവർ ഷോയും തിരക്കിന് പ്രധാന കാരണമാണ്.

by Midhun HP News | May 10, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
ഇടിമിന്നൽ അപകടകാരികളാണ്. അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണമെന്നും നിർദേശിച്ചു.
പകൽ സമയത്ത് കനത്ത ചൂട് തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കും. തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Recent Comments