കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍; തെളിയിച്ച് പൊലീസ്

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍; തെളിയിച്ച് പൊലീസ്

കോഴിക്കോട്: ബാലുശേരി എകരൂലിലെ 61കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ 61കാരന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ മകന്റെ മര്‍ദ്ദനമേറ്റാണ് അച്ഛന്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു. എകരൂല്‍ സ്വദേശി നീരിറ്റിപറമ്പില്‍ ദേവദാസാണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷയ് ദേവ്(28) ആണ് പൊലീസ് പിടിയിലായത്.

തിങ്കളാഴ്ചയാണ് ദേവദാസിനെ പരിക്കേറ്റനിലയില്‍ മകന്‍ ആശുപത്രിയില്‍ എത്തിച്ചത്. കട്ടിലില്‍നിന്ന് വീണ് അച്ഛന് പരിക്കേറ്റെന്നായിരുന്നു അക്ഷയ് ദേവ് ആശുപത്രിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ദേവദാസിന്റെ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് മകനെ വിശദമായി ചോദ്യംചെയ്തതോടെയാണ് അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതെന്നും പൊലീസ് പറയുന്നു.

അച്ഛനും മകനും തമ്മില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതേത്തുടര്‍ന്ന് മകന്‍ അച്ഛനെ മര്‍ദിക്കുകയും പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മകന്റെ മര്‍ദനമാണ് മരണകാരണമായതെന്നും പൊലീസ് പറഞ്ഞു.

ഡ്രൈവറുടെ അശ്രദ്ധ, ഷാര്‍ജയിലെ സ്‌കൂളില്‍ കാറിനുള്ളില്‍ കുടുങ്ങിയ ഏഴു വയസുകാരന് ദാരുണാന്ത്യം

ഡ്രൈവറുടെ അശ്രദ്ധ, ഷാര്‍ജയിലെ സ്‌കൂളില്‍ കാറിനുള്ളില്‍ കുടുങ്ങിയ ഏഴു വയസുകാരന് ദാരുണാന്ത്യം

ഷാര്‍ജ: ഷാര്‍ജയിലെ സ്‌കൂളില്‍ കാറിനുള്ളില്‍ കുടുങ്ങിയ ഏഴു വയസുകാരന് ദാരുണാന്ത്യം. അനുമതിയില്ലാത്ത കാര്‍ സര്‍വീസിലാണ് കുട്ടി സ്‌കൂളില്‍ എത്തിയതെന്നും ഡ്രൈവറിന്റെ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നും ഷാര്‍ജ പൊലിസ് അറിയിച്ചു.

മരിച്ച കുട്ടി ഏഷ്യന്‍ പൗരനാണെന്ന് ഷാര്‍ജ പൊലിസ് അറിയിച്ചു. കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടുപോകാനും തിരികെ കൊണ്ടുവരാനും മാതാപിതാക്കള്‍ ഒരു വനിതാ ഡ്രൈവറെയാണ് ഏര്‍പ്പാടാക്കിയിരുന്നത്. പതിവുപോലെ മറ്റു കുട്ടികള്‍ക്കൊപ്പമാണ് ഏഴു വയസ്സുകാരനും സ്‌കൂളിലേക്ക് പോയത്.

എന്നാല്‍ കാര്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ മറ്റെല്ലാവരും ഇറങ്ങി. ഏഴു വയസ്സുകാരന്‍ കാറിനുള്ളിലുള്ള കാര്യം ഡ്രൈവര്‍ ശ്രദ്ധിച്ചില്ല. കാറിന്റെ അകത്ത് ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കാതെ യുവതിയായ ഡ്രൈവര്‍ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയ ശേഷം ഡോര്‍ ലോക്ക് ചെയ്ത് ഭര്‍ത്താവിനൊപ്പം പോവുകയായിരുന്നു.വൈകിട്ട് വിദ്യാര്‍ഥികളെ വീട്ടിലേക്ക് തിരികെ കൊണ്ടുപോവാനായി കാര്‍ എടുക്കാനെത്തിയപ്പോഴാണ് കുട്ടിയെ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാര്‍ക്കൊപ്പം വിദ്യാര്‍ഥികളെ സ്‌കൂളില്‍ അയക്കുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുട്ടികളെ കൊണ്ടുപോകാന്‍ പരമാവധി സ്‌കൂളിന്റെ ഔദ്യോഗിക ബസുകള്‍ ഉപയോഗിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. അവ എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടിയതും ഉത്തരവാദിത്തപ്പെട്ട അധികാരികളുടെ നിരന്തര നിരീക്ഷണത്തിന് വിധേയവുമാണെന്നും പൊലിസ് പറഞ്ഞു. അല്ലെങ്കില്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി മാതാപിതാക്കള്‍ കുട്ടികളെ നേരിട്ട് സ്‌കൂളില്‍ എത്തിക്കണമെന്നും പൊലിസ് അറിയിച്ചു.

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; ഈ അഞ്ചുകാര്യങ്ങള്‍ മറക്കരുത്!

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; ഈ അഞ്ചുകാര്യങ്ങള്‍ മറക്കരുത്!

പരിസ്ഥിതി സൗഹൃദം എന്ന നിലയില്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം നിരത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പോകുന്നതിന് മുന്‍പ് അഞ്ചുകാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്

1. ചാര്‍ജ് ചെയ്യല്‍

എളുപ്പം ചാര്‍ജ് ചെയ്യാന്‍ കഴിയുമോ എന്ന കാര്യം ഉറപ്പാക്കണം. നഗരങ്ങളില്‍ പല സൊസൈറ്റികളിലും ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിന് താഴേക്ക് പവര്‍ലൈന്‍ വലിക്കുന്നത് പ്രോത്സാഹിപ്പാക്കാറില്ല. മറ്റു പ്രദേശങ്ങളില്‍ ഇത് വലിയ പ്രശ്‌നമാവാറില്ല. വീടുകളില്‍ തന്നെ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കാവുന്നതാണ്. അതുകൊണ്ട് എളുപ്പം ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ചുറ്റിലും ഉണ്ടോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

ഒല പോലെയുള്ള കമ്പനികള്‍ ഫ്രീ ചാര്‍ജിങ് ഓഫര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ നിരത്തില്‍ മുഴുവന്‍ ഇലക്ട്രിക് വാഹനങ്ങളെ കൊണ്ട് നിറഞ്ഞാല്‍ ഇത്തരം ഓഫറുകള്‍ തുടരുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ല. ഒട്ടുമിക്ക ഇലക്ട്രിക് സ്‌കൂട്ടറിന്റെയും ബാറ്ററി ഊരി മാറ്റാവുന്നതാണ്. തുടര്‍ന്ന് വീട്ടില്‍ കൊണ്ടുപോയി ചാര്‍ജ് ചെയ്യാവുന്നതുമാണ്. എന്നാല്‍ വിവിധ കമ്പനികളുടെ ബാറ്ററിക്ക് വ്യത്യസ്ത ഭാരമായിരിക്കും.ഏഴു കിലോ മുതല്‍ 25 കിലോ വരെ ഭാരം വരും. ഇത് എല്ലാവര്‍ക്കും സൗകര്യപ്രദമായിരിക്കണമെന്നില്ല

2. ഇലക്ട്രിക് സ്‌കൂട്ടറിന്റെ മറ്റു നേട്ടങ്ങള്‍ ചെക്ക് ചെയ്യുക

ചെലവ് കുറവാണെന്നതും മലിനീകരണം തീരെയില്ല എന്നതുമാണ് ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് ശബ്ദ മലിനീകരണം ഉണ്ടാക്കുന്നില്ല എന്നതും ഇതിന്റെ സവിശേഷതയാണ്. ഒച്ചപ്പാടും ബഹളവും ഇല്ലാതെ വാഹനം ഓടിച്ച് പോകാം എന്നതാണ് ഇലക്ട്രിക് സ്‌കൂട്ടറിനെ വേറിട്ടതാകുന്നത്. സിറ്റി ട്രാഫിക്കിലാണ് ഇത് കൂടുതല്‍ ഗുണം ചെയ്യുക

3. എത്ര ദൂരം യാത്ര ചെയ്യണം?

സ്ഥിരമായി എത്ര ദൂരം യാത്ര ചെയ്യേണ്ടി വരും എന്നത് പരിശോധിക്കുന്നത് നല്ലതാണ്. പെട്രോള്‍ വാഹനമാണെങ്കില്‍ പെട്രോള്‍ തീര്‍ന്നാലും ഉടന്‍ തന്നെ പമ്പില്‍ കയറ്റി പെട്രോള്‍ അടിച്ച് വാഹനം ഓടിക്കാം. എന്നാല്‍ ഇലക്ട്രിക് വാഹനത്തിന് അതിന് സാധിക്കില്ല. ബാറ്ററി ചാര്‍ജ് ചെയ്യുന്നത് സമയമെടുക്കുന്ന പ്രവൃത്തിയാണ്. അതിനാല്‍ ഒരു ദിവസം എത്രദൂരം യാത്ര ചെയ്യേണ്ടി വരുമെന്ന് കണക്കാക്കിയ ശേഷം മാത്രമേ ഇലക്ട്രിക് സ്‌കൂട്ടര്‍ തെരഞ്ഞെടുക്കാവൂ. ഒരു ദിവസം 40 കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിക്കുന്നതെങ്കില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നല്ല ഓപ്ഷനാണ്. ഒറ്റ ചാര്‍ജില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. യഥാര്‍ഥത്തില്‍ റോഡിന്റെ അവസ്ഥ അടക്കം പരിശോധിച്ച് വേണം ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്

4.എത്ര രൂപ ലാഭിക്കാം?

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയാല്‍ എത്ര രൂപ ലാഭിക്കാം എന്നതിനെ കുറിച്ച് ഒരു ധാരണ വേണം. ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്ന സമയത്ത് പെട്രോള്‍ സ്‌കൂട്ടറുകളെ അപേക്ഷിച്ച് വില കൂടുതലാണ്. പെട്രോളിനും മറ്റും വേണ്ടി വരുന്ന ചെലവ് പിന്നീട് വേണ്ടിവരില്ല എന്നതാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നേട്ടം. എന്നാല്‍ ബാറ്ററി ലൈഫ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കേണ്ടതാണ്. ബാറ്ററി മാറ്റാന്‍ ചെലവ് കൂടുതലാണ് എന്നതാണ് ഇതടക്കമുള്ള കാര്യങ്ങള്‍ കൂടി പരിശോധിക്കണമെന്ന് പറയാന്‍ കാരണം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

5. അംഗീകൃത കമ്പനിയില്‍ നിന്ന് വാങ്ങുക

നിരവധി കമ്പനികള്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ അംഗീകൃതവും വിപണിയില്‍ വിജയം നേടിയതും വിശ്വസനീയവുമായ കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ശ്രമിക്കുക. ഗുണമേന്മ കൂടിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നതാണ് നല്ലത്. വില കുറവാണ് എന്ന് കരുതി ഗുണമേന്മ കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പിന്നാലെ പോകാതിരിക്കുന്നതാണ് നല്ലത്.

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞിട്ടുണ്ട്. ഇന്നലെയും 80 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 53000 ത്തിന് താഴേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52920 രൂപയാണ്.

നാല്‌ ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ സ്വർണവില കുറഞ്ഞത്. സ്വർണവിലയിൽ നേരിയ ഇടിവ് സ്വർണാഭരണ ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. നാളെ അക്ഷയ തൃതീയ ആയതിനാൽ വില കുറയുന്നത് ഉപഭോക്താക്കളിൽ പ്രതീക്ഷ നൽകുന്നുണ്ട്.

ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ സ്വർണവില ഉയരുകയായിരുന്നു. അമേരിക്കയിലുണ്ടാകുന്ന തൊഴിലവസരങ്ങളിലെ ദുർബലമായ വളർച്ചയെത്തുടർന്ന് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നതിനാൽ സ്വർണ്ണ വില ഉയർന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി നേരിയ ഇടിവുണ്ട്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 6615 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞ് 5505 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 88 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

പതിനാറുകാരിക്ക് രാത്രി പിറന്നാള്‍ കേക്കുമായി എത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം, പോക്സോ കേസ്

പതിനാറുകാരിക്ക് രാത്രി പിറന്നാള്‍ കേക്കുമായി എത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം, പോക്സോ കേസ്

പത്തനംതിട്ട: പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനത്തിൽ പരിക്കേറ്റത്. കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍‌കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസെടുത്തു. പെൺകുട്ടിയുടെ ബന്ധുക്കൾ തേങ്ങ തുണിയില്‍ കെട്ടി തന്നെ അടിച്ചെന്നാണ് യുവാവ് പറയുന്നത്. കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചുവെന്നും ആക്ഷേപമുണ്ട്. യുവാവിന്‍റെ ശരീരത്തില്‍ മർദ്ദനത്തിൽ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്. പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി എത്തിയപ്പോഴായിരുന്നു സംഭവം.

വീണ്ടും കാട്ടാന ആക്രമണം: സുഹൃത്തുക്കൾക്കൊപ്പം നടന്നുപോയ ആളെ ചവിട്ടിക്കൊന്നു

വീണ്ടും കാട്ടാന ആക്രമണം: സുഹൃത്തുക്കൾക്കൊപ്പം നടന്നുപോയ ആളെ ചവിട്ടിക്കൊന്നു

പാലക്കാട്: കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വാല്‍പ്പാറ അയ്യര്‍പാടി നെടുങ്കുന്ത്ര ആദിവാസി ഊരിലെ താമസക്കാരനായ രവിയാണ് മരിച്ചത്. 54 വയസ്സായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി കോളനിയിലേക്ക് നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. നടന്നു പോകുന്നതിനിടെ കാട്ടാന ഓടിയെത്തി അടിച്ചു വീഴ്ത്തി ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ വിജയന്‍, രാമചന്ദ്രന്‍ എന്നിവര്‍ക്ക് ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ വീണ് സാരമായി പരിക്കേറ്റു. ഇവര്‍ വാല്‍പ്പാറ ആശുപത്രിയില്‍ ചികിത്സയിലാണ്.