by Midhun HP News | May 9, 2024 | Latest News, കേരളം
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്ന് സിബിഐ. സമൂഹവിചാരണയ്ക്കു വിധേയനാക്കി. സിദ്ധാർഥനെ ആക്രമിക്കാനും അപമാനിക്കാനും പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയതായും സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കി.
ലെതര്‍ ബെല്‍റ്റ്, ഗ്ലൂ ഗണ്ണിന്റെ കേബിള്‍ വയര്‍ തുടങ്ങിയവയെല്ലാം ഉപയോഗിച്ച് പ്രതികൾ സിദ്ധാർത്ഥനെ മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ചശേഷം ചോദ്യം ചെയ്യുന്നതും മർദ്ദിക്കുന്നതും കാണാൻ മറ്റു വിദ്യാർത്ഥികളെ വിളിച്ചുകൂട്ടി. മർദ്ദനത്തിനിടെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ തള്ളി താഴെയിട്ടു. പലവട്ടം മുഖത്തടിക്കുകയും തൊഴിക്കുകയും ചെയ്തു.

by Midhun HP News | May 9, 2024 | Latest News, കേരളം
കൊച്ചി: കൊച്ചി അമ്പലമുകള്‍ ബിപിസിഎല്ലിലെ എല്‍പിജി ബോട്ടിലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ സമരത്തില്‍. സമരത്തെ തുടര്‍ന്ന് ഏഴ് ജില്ലകളിലേക്കുള്ള എല്‍പിജി ഗ്യാസ് സിലിണ്ടര്‍ വിതരണം പ്രതിസന്ധിയിലായി.
തൃശ്ശൂര്‍ കൊടകരയിലെ സ്വകാര്യ ഏജന്‍സിയില്‍ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ ഇന്ന് രാവിലെ മുതല്‍ പണിമുടക്ക് സമരം ആരംഭിച്ചത്. ഡ്രൈവര്‍ ശ്രീകുമാറിനാണ് മര്‍ദനമേറ്റത്.
പരിക്കേറ്റ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാന്റിലെ 200 ഓളം ഡ്രൈവര്‍മാരാണ് പണിമുടക്കുന്നത്. സമരത്തെതുടര്‍ന്ന് 7 ജില്ലകളിലേയ്ക്കുള്ള നൂറ്റി നാല്പതോളം ലോഡ് സര്‍വീസ് ആണ് മുടങ്ങിയത്. ഇതോടെ ഈ ഏഴു ജില്ലകളിലേക്കുള്ള എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിതരണവും പ്രതിസന്ധിയിലായി.

by Midhun HP News | May 9, 2024 | Latest News, കേരളം
തൃശൂര്‍: മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25) ആണ് മരിച്ചത്. എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ യഹിയയെ ഇന്നലെ വൈകീട്ടോടെയാണ് കാണാതായത്. മഹാരാജാസ് കോളജിലെ എംഎസ്സി ബോട്ടണി വിദ്യാര്‍ഥിയാണ്.
മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെ ഡാമില്‍ ഇറങ്ങിയപ്പോഴാണ് യഹിയ അപകടത്തില്‍പ്പെട്ടത്. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. അപകടം നടന്ന് ഉടന്‍ തന്നെ സുഹൃത്തുക്കള്‍ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി ഡാമില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. രാത്രി ഏറെ വൈകി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതോടെ ഇന്നലെ രാത്രി നിര്‍ത്തിയ തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. റവന്യൂ മന്ത്രി കെ രാജന്‍ സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കി. അഗ്നിരക്ഷാസേനയുടെ സ്‌കൂബ ഡൈവിങ് ടീമാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് വെള്ളത്തില്‍ ഇറങ്ങിയത്.

by Midhun HP News | May 9, 2024 | Latest News, കേരളം
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ 0.5 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ആയതിന്റെ വേഗത സെക്കന്‍ഡില്‍ 15 cm നും 50 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കന്‍ തമിഴ്‌നാട് തീരത്ത് ഇന്നുരാത്രി 11.30 വരെ 0.7 മുതല്‍ 1.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ആയതിന്റെ വേഗത സെക്കന്‍ഡില്‍ 15 cm നും 50 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
by Midhun HP News | May 9, 2024 | Latest News, കേരളം
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ ഇന്നു മുതൽ നൽകാം. ഇന്നു മുതൽ 15 വരെയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനാകുക. വെബ്സൈറ്റ്:sslcexam.kerala.gov.in
ഉപരിപഠന അർഹത നേടാത്ത റഗുലർ വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ ഈ മാസം 28 മുതൽ ജൂൺ ആറു വരെ നടത്തും. യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം. ജൂൺ രണ്ടാംവാരം ഫലം പ്രഖ്യാപിക്കും.

ഉപരിപഠനത്തിന് അര്‍ഹതനേടിയവരുടെ ഗ്രേഡ് ഉൾപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ഓൺലൈനായി ലഭ്യമാക്കും. മാർക്ക് ലിസ്റ്റ് മൂന്നുമാസത്തിനകം തന്നെ നൽകാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു.
by Midhun HP News | May 9, 2024 | Latest News, കേരളം
തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങള്‍ ഇന്നു 3നു മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 4 മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. കഴിഞ്ഞ വര്‍ഷം മെയ് 25-ന് ആയിരുന്നു ഫല പ്രഖ്യാപനം നടത്തിയത്.
ഹയര്‍ സെക്കന്‍ഡറി ഫലം ലഭ്യമാകാന്‍ www.keralaresults.nic.in , www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.
വിഎച്ച്എസ്ഇ ഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in , www.prd.kerala.gov.in , www.results.kerala.nic.in ഈ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
4,41,120 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 77 ക്യാമ്പുകളിലായി 25000-ത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 27,798 പ്രൈവറ്റ് വിഭാഗത്തില്‍ 1,502 ഉള്‍പ്പെടെ ആകെ 29,300 പേരാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. എട്ട് ക്യാമ്പുകളിലായി രണ്ടായിരത്തി ഇരുന്നൂറോളം അധ്യാപകരാണ് മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തത്.
Recent Comments