by Midhun HP News | May 9, 2024 | Latest News, കേരളം
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ സംഗമമായ ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള 351 ലധികം പ്രതിനിധികള്‍ ലോക കേരള സഭയില്‍ പങ്കെടുക്കും. നിയമസഭാമന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളാണ് ഇത്തവണയും വേദി.
സാമ്പത്തിക ധൂര്‍ത്താണെന്ന് ആരോപിച്ച് കഴിഞ്ഞതവണ ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. നിലവിലെ നിയമസഭ അംഗങ്ങള്‍, കേരളത്തിനെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗങ്ങള്‍, ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസി കേരളീയര്‍, തിരികെയെത്തിയ പ്രവാസികള്‍,ഉള്‍പ്പെടെയുള്ളവര്‍ ലോക കേരള സഭയുടെ ഭാഗമാകും.
സഭയില്‍ അംഗത്വത്തിന് താല്‍പര്യമുളള പ്രവാസി കേരളീയര്‍ക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നു. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യം വെച്ചാണ് ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് ലോക കേരളസഭ ആരംഭിച്ചത്. ഇതുവരെ ലോക കേരളസഭയുടെ മൂന്നു സമ്മേളനവും മൂന്ന് മേഖലാ സമ്മേളനവുമാണ് സംഘടിപ്പിച്ചത്. 2019ല്‍ ദുബായിലും 2022ല്‍ ലണ്ടനിലും 2023ല്‍ ന്യൂയോര്‍ക്കിലും മേഖലാ സമ്മേളനങ്ങള്‍ നടന്നു.

by Midhun HP News | May 8, 2024 | Latest News, കേരളം
തിരുവനന്തപുരം: കുട്ടികളുടെ അക്കാദമിക് നിലവാരം ദേശീയതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക ലക്ഷ്യമിട്ട് അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാ രീതി മാറ്റുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യസമന്ത്രി വി ശിവന്‍കുട്ടി. പേപ്പര്‍ മിനിമം എര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും ഇതിനായി വിവിധ മേഖലയിലെ വിദഗ്ധന്‍മാരെ സംഘടിപ്പിച്ച് വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിക്കുന്നതിന് നിലവില്‍ നിരന്തരം മൂല്യനിര്‍ണയം, എഴുത്തുപരീക്ഷ എന്നിവ രണ്ടുചേര്‍ത്ത് ആകെ മൂപ്പത് ശതമാനം മാര്‍ക്ക് നേടിയാല്‍ മതി. അതായത് നൂറ് മാര്‍ക്കിന്റെ എഴുത്തുപരീക്ഷയില്‍ വിജയിക്കുവാന്‍ നിരന്തരമൂല്യനിര്‍ണയത്തിന്റെ ഇരുപത് മാര്‍ക്കും ഒപ്പം പത്ത് മാര്‍ക്കിന് എഴുതിയാല്‍ വിജയിക്കാനാവും. 2025ല്‍ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയില്‍ ഹയര്‍സെക്കന്‍ഡറിയില്‍ നിലവില്‍ ഉള്ളതുപോലെ എഴുത്തുപരീക്ഷയില്‍ പ്രത്യേകം പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. വിദ്യാഭ്യാസരംഗത്തെ പ്രമുഖര്‍, അധ്യാപകര്‍, രക്ഷിതാക്കളുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
പരീക്ഷയില്‍ വിജയിക്കുന്നതിന് ഒരോ വിഷയത്തിനും എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് പ്രത്യേകം നേടിയിരിക്കണം. 40 മാര്‍ക്കിന്റെ എഴുത്തുപരീക്ഷ വിജയിക്കാന്‍ ഓരോ വിഷയത്തിനും 12 മാര്‍ക്കും 80 മാര്‍ക്കിന്റെ എഴുത്തുപരീക്ഷ വിജയിക്കാന്‍ ഓരോവിഷയത്തിനും 24 മാര്‍ക്കും നേടിയിരിക്കണം. അതിനൊപ്പം നിരന്തരമൂല്യനിര്‍ണയത്തിന്റെ മാര്‍ക്കും കണക്കാക്കിയാകും ഫലം നിര്‍ണയിക്കുക.
എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി ഫലങ്ങളും പ്രഖ്യാപിച്ചു. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,27,153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,25,563 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.69 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്(0.01)
71,831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത്(99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എ പ്ലസ് നേടിയിട്ടുള്ളത്വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരത്താണ്(99.08%).71831 പേര്‍ ഫുള്‍ എപ്ലസ് നേടി. 4934 പേര്‍ മലപ്പുറത്ത് മുഴുവന്‍ എ പ്ലസ് നേടി.വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്(100%). 892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 ശതമാനം വിജയമുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ വാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാവും. മാര്‍ക്ക് ലിസ്റ്റുകള്‍ മൂന്ന് മാസത്തിനകം ലഭ്യമാക്കും.
പുനര്‍മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷ നാളെ മുതല്‍ ആരംഭിക്കും.മെയ് 28 മുതല്‍ ജൂണ്‍ 6 വരെയാണ് സേ പരീക്ഷ. പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് സേ പരീക്ഷയെഴുതാവുന്നതാണ്. ജൂണ്‍ രണ്ടാം വാരം ഇതിന്റെ ഫലം പ്രസിദ്ധീകരിക്കും.
സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിനായി മെയ് 16 മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക് സ്വന്തമായോ മറ്റ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയോ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. മെയ് 25 ആണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി.
ഏകജാലക അഡ്മിഷന്‍ ഷെഡ്യൂള്‍
ട്രയല്‍ അലോട്ട്മെന്റ്: മെയ് 29
ആദ്യ അലോട്ട്മെന്റ്: ജൂണ്‍ 5
രണ്ടാം അലോട്ട്മെന്റ്: ജൂണ്‍ 12
മൂന്നാം അലോട്ട്മെന്റ്: ജൂണ്‍ 19
ജൂണ്‍ 24 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കും. മുന്‍ വര്‍ഷം ജൂലൈ 5നായിരുന്നു ക്ലാസ്സുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി ജൂലൈ 31 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.
by Midhun HP News | May 8, 2024 | Latest News, കേരളം
ആറ്റിങ്ങൽ അയിലം ഗവ സ്കൂളിൽ ആകെ പരീക്ഷ എഴുതിയ 39 പേരിൽ 39 പേരും വിജയിച്ചു. 3 പേർക്ക് ഫുൾ A പ്ലസ്.
by Midhun HP News | May 8, 2024 | Latest News, കേരളം
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗേൾസിന് എസ്.എസ്.എൽ.സി പരീക്ഷയിൽ 99.76% വിജയശതമാനം. 412 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതിൽ 411 പേർ വിജയിച്ചു. 101 പേർക്ക് ഫുൾ എ പ്ലസ്.
by Midhun HP News | May 8, 2024 | Latest News, കേരളം
കിളിമാനൂർ: കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ നിന്നും കോസ്റ്റൽ ഗാർഡ് കണ്ടെടുത്തു. കിളിമാനൂരിലെ അശ്വതി ടെക്സ്റ്റയിൽ വ്യാപാരശാലയിലെ സെയിൽസ്മാനായ മടവൂർ തുമ്പോട് കൃഷ്ണ കൃപയിൽ രാകേഷി (31) ന്റെ മൃതദേഹമാണ് മുതലപ്പൊഴി ഭാഗത്തുനിന്നും കോസ്റ്റൽ ഗാർഡ് കണ്ടെടുത്തത്. കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹം കാണപ്പെട്ടത്.
ഈ മാസം 5 നു ജോലിക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ രാകേഷിനെ പിന്നീട് കാണാതാവുകയായിരുന്നു. ഇത് സംബന്ധിച്ച് പള്ളിക്കൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അവിവാഹിതനാണ്. പിതാവ്: പരേതനായ മാധവൻ പിള്ള, മാതാവ്: ലീലാഭായിഅമ്മ, സഹോദരൻ: രാജേഷ്.
by Midhun HP News | May 8, 2024 | Latest News, കേരളം
തൃശൂര്‍: തൃശൂരില്‍ 79 വയസുള്ള രോഗിയുടെ മരണം വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ചെന്ന് പരിശോധനാ ഫലം. വാടനപ്പിള്ളി, നടുവേലിക്കര സ്വദേശിയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. ഈ വര്‍ഷം വെസ്റ്റ് നൈല്‍ ബാധയെ തുടര്‍ന്നുള്ള ആദ്യ മരണമാണിത്.
രോഗിക്ക് വാര്‍ധക്യ സഹജമായ രോഗങ്ങള്‍ ഉണ്ടായിരുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനിയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം 3 നാണ് രോഗി മരിച്ചത്. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്.

ജില്ലയില്‍ 70 വയസുള്ള കൊടുങ്ങല്ലൂര്‍ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും രോഗിയുടെ ആരോഗ്യനില ഭേദപ്പെട്ട് വരികയാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ ഇടവിലങ്ങ് ഭാഗത്ത് രോഗം സംശയിക്കുന്നതായും പരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമെ ഇക്കാര്യത്തില്‍ സ്ഥിരീകരണമാകുവെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് 10 പേര്‍ക്കാണ് വെസ്റ്റ്നൈല്‍ പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചു പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. ഇവര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.
വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുകു നശീകരണം പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍നിന്നു സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. 2011 മുതല്‍ സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
Recent Comments