എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.69 % വിജയം

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.69 % വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം.

71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുൻ വർഷത്തേക്കാൾ വര്‍ധനവുണ്ട്. 68604 പേരാണ് കഴിഞ്ഞ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ വിജയ ശതമാനം കോട്ടയം ജില്ലയിലാണ്, 99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08%. https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.

ഫലം വേഗത്തില്‍ അറിയാം പി.ആര്‍.ഡി ലൈവ് ആപ്പിലൂടെ

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടന്‍ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ ഉടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കു കൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

2023-24 അക്കാദമിക വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഒന്‍പതിനു നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം.

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്നും നാളെയും (ബുധന്‍, വ്യാഴം) ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്ന കണക്കുകൂട്ടലിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 38°C വരെയും, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

മാര്‍ഗനിര്‍ദേശങ്ങള്‍:

പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക.

ധാരാളമായി വെള്ളം കുടിക്കുക.

അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.

നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.

വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം.

എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം:

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരമാലയുടെ വേഗത സെക്കന്‍ഡില്‍ 15 cm നും 45 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

മാര്‍ഗനിര്‍ദേശം:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഴ മുന്നറിയിപ്പ്:

അതിനിടെ ഇന്ന് രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ഇടുക്കി, മലപ്പുറം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

ഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച രണ്ടു തവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ലാവലിന്‍ കേസ് പരിഗണിച്ചിരുന്നില്ല. ഹര്‍ജികളില്‍ അന്തിമവാദത്തിലേക്ക് കടക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.

കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ളത്.

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു

പാലക്കാട്: മാധ്യമപ്രവര്‍ത്തകന്‍ എ വി മുകേഷ് (34) കാട്ടാന ആക്രമണത്തില്‍ മരിച്ചു. മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ കാമറമാനായ മുകേഷ് മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു.

മലമ്പുഴ കൊട്ടേക്കാട് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് സംഭവം നടന്നത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ പ്രകോപിതനായ കാട്ടാന മുകേഷിനെ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘത്തില്‍ ഉണ്ടായിരുന്ന റിപ്പോര്‍ട്ടറും ഡ്രൈവറും ഓടി രക്ഷപ്പെടുകയായിരുന്നു.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റിലെ നിലവിലുള്ള ഭരണ സമിതി തുടരും

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റിലെ നിലവിലുള്ള ഭരണ സമിതി തുടരും

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റിന്റെ പ്രസിഡന്റായി പൂജ ഇഖ്ബാലിനേയും സെക്രട്ടറിയായി കണ്ണൻ ചന്ദ്രപ്രസ്സിനെയും ട്രഷററായി അനിൽ ഏജൻസി അനിൽ കുമാറിനെയും ഏകകണ്ഠേന വീണ്ടും തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആറ്റിങ്ങൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം സംസ്ഥന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പെരിങ്ങമ്മല രാമചന്ദ്രൻ നിർവഹിച്ചു.