കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്നു രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിന്റെ വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്നാട് തീരത്ത് ഇന്നു രാവിലെ 02.30 മുതൽ രാത്രി 11.30 വരെ 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിന്റെ വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍മഴ കനത്തേക്കും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

വടക്കന്‍ കേരളത്തിലാകും മഴ കൂടുതല്‍ സജീവമാകുകയെന്നാണ് വിലയിരുത്തല്‍. മഴയ്‌ക്കൊപ്പം, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും ഉയര്‍ന്നേക്കും.

കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

തിരുവനന്തപുരം: 2023-24 വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് നാലുമണിക്ക് മുഴുവൻ വിദ്യാർഥികളുടെയും ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും.

ഇത്തവണ 4,27,105 വിദ്യാർത്ഥികളാണ് എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞവർഷത്തെക്കാൾ 7977 വിദ്യാർത്ഥികൾ കൂടുതൽ. 99.7% ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയശതമാനം. പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

ഫലം വേഗത്തിൽ പിആർഡി ലൈവ് ആപ്പിലൂടെ

ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടൻ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ PRD Live ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

ഫലങ്ങളറിയാൻ സഫലം 2024 മൊബൈൽ ആപ്പും

എസ്എസ്എൽസി / ഹയർ സെക്കൻഡറി/ വിഎച്ച്എസ്.ഇ ഫലങ്ങളറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2024′ എന്ന മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി. എസ്എസ്എൽസിയുടെ വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും’റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ‘Saphalam 2024’ എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപിച്ച യുവാവ് വലിച്ചുതാഴെയിട്ടു. തിരുവല്ല സ്വദേശി ജോജോയാണ് മദ്യലഹരിയില്‍ യുവതിയെ വലിച്ച് താഴെയിട്ടത്. തിരുവല്ല പൊലീസ് സ്റ്റേഷന് മുന്‍പില്‍ വച്ചായിരുന്നു സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തിരുവല്ല പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബൈക്കിലെത്തിയ ജോജോ പൊലീസുകാരോട് കയര്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ, വാഹനം അവിടെ പിടിച്ചുവച്ച് ഇയാളെ സ്റ്റേഷനില്‍ നിന്ന് പറഞ്ഞുവിടുകയായിരുന്നു. സ്റ്റേഷനില്‍ നിന്ന് തിരുവല്ല റോഡില്‍ എത്തിയ ജോജോ ബൈക്കില്‍ വരികയായിരുന്ന യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ച് താഴെയിടുകയായിരുന്നു.

അതിന് പിന്നാലെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം യുവതിയെ മര്‍ദിക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് യുവതിയെ രക്ഷിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

പരിക്ക് സാരമല്ലെങ്കിലും യുവതി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. റെയില്‍വേ സ്റ്റേഷനില്‍ സഹോദരിയെ ഇറക്കിയശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രതിയെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോള്‍ യുവതിയുടെ ബന്ധുക്കള്‍ പ്രതിയെ കൈയ്യേറ്റം ചെയ്തു. തുടര്‍ന്ന് പൊലീസ് ഏറെ പ്രയാസപ്പെട്ടാണ് സ്ഥലത്തുനിന്നും കൊണ്ടുപോയത്.

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 414 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. SX 870457 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75ലക്ഷം രൂപ. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ SH 198378 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.

സംസ്ഥാനത്ത് വേനൽ മഴ സജീവമാകും; നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്യെ

സംസ്ഥാനത്ത് വേനൽ മഴ സജീവമാകും; നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്യെ

കൊടും ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തുമാണ് മുന്നറിയിപ്പ്. രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് ഉള്ളത്. 12 തീയതി വരെ കേരളത്തില്‍ മഴ സാധ്യതയെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇടുക്കിക്കും മലപ്പുറത്തിനും പുറമെ വയനാട്ടിലും അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം ഇന്ന് മലയോരമേഖലകളിലും വടക്കൻ കേരളത്തിലെ ചിലയിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. പലയിടങ്ങളിലും രാത്രിയിലും പുലര്‍ച്ചെയും തന്നെ മഴ പെയ്തു. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഞ്ഞ അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.