കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥ് ആണ് ഹോസ്റ്റലില്‍ നിന്നും ചാടി ജീവനൊടുക്കിയത്.

ഇന്നു രാവിലെ ആറുമണിയോടെയാണ് എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്. പരിക്കേറ്റ യോഗേശ്വര്‍നാഥിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൂന്നാം വർഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരണകാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. നേരത്തെയും കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ഉണ്ടായിട്ടുണ്ട്.

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട്: ഒലവക്കോട് താണാവില്‍ ആസിഡ് ആക്രമണം. താണാവില്‍ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ഷിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

ബര്‍ഷിനയുടെ മുന്‍ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബര്‍ഷിന പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കാജാ ഹുസൈനെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ കടയിലെത്തിയ കാജാ ഹുസൈനുമായി തര്‍ക്കമുണ്ടാകുകയും പിന്നീട് കൈയില്‍ കരുതിയ ആസിഡ് മുഖത്തൊഴിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുയായിരുന്നു. ബര്‍ഷിനയും ഭര്‍ത്താവും ഏറെക്കാലമായി പിരിഞ്ഞുതാമസിക്കുകയാണ്. ഇതിനെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

പ്രതിഷേധങ്ങൾക്ക് താത്കാലിക വിരാമം; ഡ്രൈവിംഗ് ടെസ്റ്റുകൾ നാളെ മുതൽ പുനരാരംഭിക്കും

പ്രതിഷേധങ്ങൾക്ക് താത്കാലിക വിരാമം; ഡ്രൈവിംഗ് ടെസ്റ്റുകൾ നാളെ മുതൽ പുനരാരംഭിക്കും

പ്രതിഷേധങ്ങൾക്ക് വിരാമമിട്ട് സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും. പരിഷ്‌കാരങ്ങൾക്കെതിരായ കടുത്ത നിലപാടിൽ നിന്ന് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ പിൻമാറിയിരുന്നു. പുതുക്കിയ പരിഷ്‌കാരവുമായി മുന്നോട്ട് തന്നെ പോകുമെന്ന് സർക്കാരും പരിഷ്‌കരണങ്ങളോട് യോജിക്കില്ലെന്ന് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും നിലപാട് സ്വീകരിച്ചതോടെയാണ് സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് ദിവസങ്ങളായി നിശ്ചലമായത്

പരിഷ്‌കാരങ്ങളിൽ ഇളവ് വരുത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചതോടെയാണ് സമരം താത്കാലികമായി അവസാനിപ്പിക്കാൻ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സംഘടനകൾ തീരുമാനിച്ചത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടി സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഗതാഗത മന്ത്രി ഗണേഷ് കുമാറുമായി ഈ മാസം 23ന് ചർച്ച നടത്തും.

കള്ളക്കടൽ പ്രതിഭാസം; കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു

കള്ളക്കടൽ പ്രതിഭാസം; കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു

കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് മുന്നറിയിപ്പ് പിൻവലിച്ചു. പകരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത തുടരണമെന്നുമാണ് നിർദേശം. ഇന്ന് രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശം. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പാലിക്കണം. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർക്ക് ഭഷ്യ വിഷബാധ; 15 പേർ ആശുപത്രിയിൽ

ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർക്ക് ഭഷ്യ വിഷബാധ; 15 പേർ ആശുപത്രിയിൽ

കൊല്ലം ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർക്ക് ഭഷ്യ വിഷബാധ. എട്ടുവയസ്സുകാരനും മാതാവും ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹോട്ടൽ പഞ്ചായത്ത് അധികൃതർ അടപ്പിച്ചു.

കൊല്ലം ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യു അയ്യപ്പാസ് ഫാസ്റ്റ് ഫുഡിൽ നിന്നും ഞായറാഴ്ച ഷവർമയും അൽഫാമും കഴിച്ചവർക്കാണ് ഭഷ്യ വിഷബാധയേറ്റത്. തലകറക്കവും, ഛർദ്ദി, പനിയും ഉണ്ടായതിനെ തുടർന്നാണ് ഭക്ഷണം കഴിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 15 പേർ ഭഷ്യ വിഷബാധയേറ്റ് വിവിധ ആശുപത്രികളിൽചികിത്സ തേടി.

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചടയമംഗലം കീഴ്‌തോണി സ്വദേശി അജ്മി മകൻ മുഹമ്മദ് ഫായാസ് എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പഞ്ചായത്ത് ഇടപെട്ട് ഹോട്ടൽ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഭഷ്യ വിഷബാധയേറ്റവരുടെ മൊഴി ആശുപത്രിയിൽ എത്തി രേഖപെടുത്തി. മയോണൈസിൽ നിന്നോ കോഴിയിറച്ചിയിൽ നിന്നോ ആണ് ഭഷ്യ വിഷബാധയേറ്റതെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് ഭഷ്യ സുരക്ഷാ വകുപ്പ്. സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്തു.

വേനലവധിക്ക് ശേഷം ജൂണ്‍ മൂന്നിന് സ്‌കൂളുകള്‍ തുറക്കും

വേനലവധിക്ക് ശേഷം ജൂണ്‍ മൂന്നിന് സ്‌കൂളുകള്‍ തുറക്കും

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികള്‍ നടത്തണം. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്‌കൂളുകളില്‍ നിര്‍ത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയില്‍ സൂക്ഷിക്കുകയോ വേണം. സ്‌കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്സ് എന്നിവ മാറ്റണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്പികള്‍ എന്നിവ ഒഴിവാക്കണം.

സ്‌കൂള്‍ ബസുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഗോത്ര ഭാഷയില്‍ വിദ്യാഭ്യാസം ചെയ്യാന്‍ അവസരം നല്‍കുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും നിയമിച്ച മെന്റര്‍ ടീച്ചര്‍മാര്‍ സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ എത്തുമെന്ന് ഉറപ്പാക്കണം. എല്ലാ കുട്ടികളും സ്‌കൂളുകളില്‍ എത്തുന്നുവെന്ന് ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ ഉറപ്പാക്കണം. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാംപെയ്ന്‍ നടത്തണം. വസ്ത്രം, പുസ്തകം, ഉച്ചഭക്ഷണം ഉറപ്പാക്കണം.

സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എക്സൈസ് വകുപ്പും പൊലീസും നിശ്ചിത ഇടവേളകളില്‍ കടകളും മറ്റും പരിശോധന നടത്തണം. ജില്ലാതല ജനജാഗ്രത സമിതി നിശ്ചിത ഇടവേളകളില്‍ യോഗം ചേര്‍ന്ന് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ബോധവത്കരണ, എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശക്തമാക്കും. പരിഷ്‌കരിച്ച പാഠപുസ്തകങ്ങളില്‍ ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ പ്രതിപാദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കാന്‍ കുട്ടികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കണം. രക്ഷകര്‍ത്താകളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കണ ക്ലാസ് സംഘടിപ്പിക്കും.

ജൂണ്‍ 26ന് ആന്റിനാര്‍ക്കോട്ടിക് ദിനത്തില്‍ കുട്ടികളുടെ പാര്‍ലമെന്റ് നടത്തണം. ഒക്ടോബര്‍ 2ന് കുട്ടികളുടെ താമസസ്ഥലങ്ങളില്‍ ജനങ്ങളെ കൂടി പങ്കെടുപ്പിച്ച് സംവാദ സദസ് നടത്തും. നവംബര്‍ 1ന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം വീടുകളില്‍ എത്തിക്കും. നവംബര്‍ 14ന് പ്രത്യേക ശിശുദിന അസംബ്ലി ചേരും. ഡിസംബര്‍ 10ന് ലഹരി വിരുദ്ധ സെമിനാര്‍ നടത്തും. 2025 ജനുവരി 30ന് ക്ലാസ് സഭകള്‍ ചേര്‍ന്ന് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനവും നടത്തും. തെളിവാനം വരയ്ക്കുന്നവര്‍ എന്ന കൈപുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും കാലതാമസമില്ലാതെ ലഹരി വിരുദ്ധ പോസ്റ്റര്‍ പതിക്കണം. ലഹരി ഉപയോഗം സാമൂഹ്യ വിപത്തായി കണ്ട് ഒറ്റക്കെട്ടായി നേരിടണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, ആര്‍ ബിന്ദു, എംബി രാജേഷ്, കെ രാജന്‍, പി രാജീവ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു