ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

തിരുവനന്തപുരം: ക്ഷേമ നിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ്. വിവിധ ക്ഷേമ നിധി ബോർഡുകളുടെ ഏകോപനം ലക്ഷ്യമിട്ടാണ്. ക്ഷേമനിധി പെൻഷനുകളുടെ അടവും വിതരണവും കെ- സ്മാർട്ടിൽ ഉൾപ്പെടുത്തും.

സംസ്ഥാനത്ത് ആകെ 33 ക്ഷേമനിധി ബോർഡുകളാണ് ഉള്ളത്. ഒരേ സമയം ക്ഷേമനിധി പെൻഷനും ക്ഷേമ പെൻഷനും അർഹതയുള്ളവർക്ക് ഏതെങ്കിലും ഒന്ന് മാത്രമേ ലഭിക്കൂ. ക്ഷേമ പെൻഷനിൽ നിന്ന് ക്ഷേമനിധി പെൻഷൻ തുക കിഴിച്ച് വിതരണം ചെയ്താണ് ഇത് സാധ്യമാക്കുന്നത്. ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാത്തതിനാൽ ഈ പ്രക്രിയ സങ്കീർണ്ണമാണ്. ഇത് മറികടക്കാനാണ് തദേശ സ്വയംഭരണ വകുപ്പ് ലക്ഷ്യമിടുന്നത്.

ക്ഷേമനിധി ബോർഡുകൾക്കായി പ്രത്യേക കെ സ്മാർടിൽ പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും. ഇതിന് വേണ്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നല്‍കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തികൊണ്ട് ഉത്തരവിറങ്ങി. എന്നാൽ തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമ നിധി ബോർഡുകളുടെ ചുമതല കൂടി തദ്ദേശ സ്വയം ഭരണ വകുപ്പിന് മേൽ അടിച്ചേൽപ്പിക്കുന്നതിലേക്ക് ഇത് നയിക്കും എന്നാണ് ജീവനകാരുടെ സംഘടനകളുടെ ആരോപണം. ജൂലൈ മാസത്തോടെ ക്ഷേമ പെൻഷനുകളും ക്ഷേമനിധി പെൻഷനുകളും കെ സ്മാർട്ടിൽ ഉൾപ്പെടുത്താനാണ് നിലവിലെ നീക്കം.

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊച്ചി: മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് സ്വദേശി കത്രിക്കുട്ടി(85) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.

ആറ് മാസത്തിലേറെയായി വയോധിക കിടപ്പുരോഗിയാണ്. മറ്റുള്ളവരുടെ സഹായത്തോടെയാണ് പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റിയിരുന്നത്. കിടപ്പുരോഗിയായിരുന്ന കത്രിക്കുട്ടിയെ ഭര്‍ത്താവ് തന്നെയായിരുന്നു പരിചരിച്ചിരുന്നത്. പ്രായം കൂടുന്നതോടെ ഭാര്യയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടാണ് കൊലപാതകത്തില്‍ നയിച്ചതെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് ജോസഫിനെ(86) പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഇന്നലെ വീട്ടില്‍ മതപരമായ ചടങ്ങ് നടക്കുന്നതിന്റെ ഭാഗമായി ഇവരുടെ രണ്ടു പെണ്‍മക്കളും വീട്ടില്‍ എത്തിയിരുന്നു. രാത്രി പെണ്‍മക്കളിലൊരാള്‍ അമ്മ ഉറങ്ങിയോയെന്നറിയാനായി നോക്കിയപ്പോഴാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മക്കള്‍ക്ക് അമ്മയെ പരിചരിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് ജോസഫ് പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട്

ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട്

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട്.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശം. നാളെ രാത്രി 11.30 വരെ കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്.

ഇന്ന് രാവിലെ 05.30 മുതൽ നാളെ രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കടലേറ്റത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്. തെക്കൻ തമിഴ്‌നാട് തീരത്തും മുന്നറിയിപ്പ് നിലനിൽക്കുകയാണ്.

കാരുണ്യ KR 652 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ KR 652 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR 652 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ 12 പേര്‍ക്കാണ് സ്വന്തമാക്കാനാകുക.

40 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net, http://www.keralalotteries.com എന്നിവയില്‍ ഫലം പ്രസിദ്ധീകരിക്കും.

ലഭിക്കുന്ന സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കൈപ്പറ്റാം. എന്നാല്‍ 5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. ടിക്കറ്റ് കൈമാറേണ്ടത് ഒരുമാസത്തിനുള്ളിലാണെന്നത് നിര്‍ണായകമാണ്.

കഴുത്തിൽ ഷാൾ ഇട്ട് മുറുക്കി, വായിൽ തുണി തിരുകി; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് മൊഴി

കഴുത്തിൽ ഷാൾ ഇട്ട് മുറുക്കി, വായിൽ തുണി തിരുകി; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് മൊഴി

കൊച്ചി പനമ്പള്ളിനഗറിൽ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും യുവതി പൊലീസിന് മൊഴി നൽകി. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം. മുറിയുടെ വാതിലിൽ മാതാവ് മുട്ടിയപ്പോൾ മൃതദേഹം പുറത്തേക്കെറിയുകയായിരുന്നുവെന്ന് മൊഴി.

അതേസമയം കുഞ്ഞിനെ ഒഴിവാക്കാൻ യുവതി നേരത്തെയും ശ്രമിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ കൊലപാതകത്തിൽ മാറ്റാർക്കും പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡിഷ്യൽ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം.

ഇന്നലെ രാവിലെ 8 മണിയോടെ പനമ്പിള്ളി നഗറിൽ നടുറോഡിൽ ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ കേസിലാണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷമാണ് പാഴ്‌സൽ കവറിലാക്കി ഫ്‌ലാറ്റിൽ നിന്ന് പുറത്തെറിഞ്ഞത് എന്ന് കണ്ടെത്തിയിരിക്കുന്നത്. കുട്ടി കൊല്ലപ്പെടും മുൻപ് തന്നെ ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. തലയോട്ടിക്കടക്കം ഗുരുതരമായി പരുക്കേറ്റിരുന്നു.

താൻ പീഡനത്തിന് ഇരയായതായും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിർബന്ധിച്ചു ലൈംഗിക പീഡനം നടത്തിയതെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ആരോപണ വിധേയനായ യുവാവിനെ പോലീസ് ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് ഇനി നാലുവർഷ ബിരുദ കോഴ്സുകൾ; ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാറ്റം; പ്രതീക്ഷകൾ അനവധി

സംസ്ഥാനത്ത് ഇനി നാലുവർഷ ബിരുദ കോഴ്സുകൾ; ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാറ്റം; പ്രതീക്ഷകൾ അനവധി

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റം കേരളത്തിലും വരികയാണ്. വിദേശ നാടുകളിൽ വിജയകരമായി നടപ്പാക്കിയ നാലുവർഷം നീളുന്ന ബിരുദ കോഴ്‌സുകൾ സംസ്ഥാനത്തെ വിവിധ കാമ്പസ്സുകളിൽ ആരംഭിക്കുന്നു. വിദ്യാർത്ഥികൾക്ക് വലിയ പ്രതീക്ഷയും അതേസമയം ആശങ്കയും നൽകുന്നതാണ് ഈ മാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്.

വൈകിയാണെങ്കിലും നാലുവർഷ ബിരുദ കോഴ്സുകൾ കേരളത്തിൽ ആരംഭിക്കുമ്പോൾ പ്രതീക്ഷകൾ അനവധിയാണ്. ആഗോളതലത്തിൽ ബിരുദ കോഴ്സുകളുടെ ദൈർഘ്യം നാലുവർഷമാണെന്നത് വിദേശത്ത് പഠനത്തിന് പോകുന്ന മലയാളി വിദ്യാർത്ഥികൾക്ക് തിരിച്ചടിയായിരുന്നു. പുതിയ പഠനസംവിധാനം ഇതിനുപരിഹാരമാണ്. ഗവേഷണത്തിന് ഇന്ത്യയിൽ ബിരുദാനന്തര ബിരുദമാണ് മാനദണ്ഡം. നാലുവർഷ ഓണേഴ്‌സ് കോഴ്‌സുകൾ കഴിഞ്ഞവർക്ക് നേരിട്ട് ഗവേഷണത്തിന് ചേരാം.

നൈപുണ്യ വികസനം, തൊഴിൽ ക്ഷമത വർധന, മൾട്ടി ഡിസ്‌സിപ്ലിനറി വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കൽ കൂടിയാണ് ലക്ഷ്യം. ഇന്ത്യയിലെ അമ്പത് ശതമാനം ബിരുദധാരികൾക്കും ജോലി ചെയ്യാനാവശ്യമായ നൈപുണ്യമില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പലകാരണങ്ങൾ മൂലം കോഴ്സ് പൂർത്തിയാക്കാത്തവർക്ക് എപ്പോൾ വേണമെങ്കിലും ബിരുദം നേടാനുള്ള അവസരം ലഭിക്കുന്ന മൾട്ടിപ്പിൾ എൻട്രി-എക്സിറ്റ് സംവിധാനമുണ്ട്. ഓരോ വർഷം കോഴ്സ് പൂർത്തിയാകുമ്പോഴും വിവിധ സെർട്ടിഫിക്കേഷനുകളാണ് ലഭിക്കുക.

ഒരു സർവകലാശാലയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള അവസരവും ഉണ്ട്. നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കാൻ സർവകലാശാലകളിൽ അടിസ്ഥാനസൗകര്യ വികസനം ഉടൻ നടപ്പാക്കണം. ക്യാമ്പസുകൾ വിദ്യാർത്ഥി സൗഹൃദമാകുകയും അധ്യാപകർ സജ്ജരാവുകയും ചെയ്താൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല പുതിയ ഉയരങ്ങളിൽ എത്തും.