താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

മലപ്പുറം: താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടില്‍ എത്തി അറസ്റ്റ് ചെയ്തത്.

2021 ഓഗസ്റ്റ് ഒന്നിനാണ് മയക്കുമരുന്ന് കേസില്‍ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി പൊലീസ് സ്റ്റേഷനില്‍ മരിച്ചത്.കസ്റ്റഡിയിലെടുത്ത താമിര്‍ പുലര്‍ച്ചെയോടെ തളര്‍ന്നു വീഴുകയായിരുന്നു. ശ്വാസകോശത്തിലുണ്ടായ അമിത രക്തസ്രാവവും ശരീരത്തിലുണ്ടായ മുറിവുകളുമാണ് താമിര്‍ ജിഫ്രിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായി നടുറോഡിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ, കെഎസ്ആര്‍ടിസി ബസ് പാളയത്ത് നിര്‍ത്തിയപ്പോള്‍ മേയറുടെ ഭര്‍ത്താവും ബാലുശേരി എംഎല്‍എയുമായ കെഎം സച്ചിന്‍ ദേവ് ബസില്‍ കയറിയെന്നും മോശമായ ഭാഷയില്‍ സംസാരിക്കുകയോ, യാത്രക്കാരെ ഇറക്കിവിടുകയോ ചെയ്തിട്ടില്ലെന്നും കണ്ടക്ടര്‍ കന്റോണ്‍മെന്റ് പൊലീന് മൊഴി നല്‍കി. ഡ്രൈവര്‍ യദു ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്നും കണ്ടക്ടറുടെ മൊഴിയിലുണ്ട്

‘ഞാന്‍ ബസിന്റെ പിന്‍സീറ്റിലാണ് ഇരിക്കുന്നതെന്നും മേയറുടെ വണ്ടി ഓവര്‍ടേക്ക് ചെയ്‌തോയെന്ന് അറിയില്ലെന്നും ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം നടത്തിയതായി അറിയില്ലെന്നും’ കണ്ടക്ടര്‍ പറഞ്ഞു. ‘പാളയത്ത് ബസ് നിര്‍ത്തിയപ്പോള്‍ മേയറുടെ ഭര്‍ത്താവ് കെഎം സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി, എന്നാല്‍ മോശമായ ഭാഷയില്‍ സംസാരിക്കുകയോ യാത്രക്കാരെ ബസില്‍ നിന്ന് ഇറക്കിവിടുകയോ ചെയ്തിട്ടില്ല. എംഎല്‍എ യാത്രക്കാരോട് മോശമായി പെരുമാറിയിട്ടില്ലെ’- കണ്ടക്ടര്‍ പറഞ്ഞു.

ആ സമയത്ത് ബസിലുണ്ടായിരുന്ന ചില യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. അതിനിടെ, ഡ്രൈവര്‍ യദു നേരത്തെ മോശമായി സംസാരിച്ചെന്ന് വ്യക്തമാക്കി യുവനടി രോഷ്‌ന ആര്‍ റോയും രംഗത്തെത്തിയരുന്നു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

തിരുവനന്തപുരം: തിരുവനന്തപുരം ‍ഡിവിഷനനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ വഴി തിരിച്ചു വിടും. ചിലത് ഭാ​ഗിമായി റദ്ദാക്കും.

വഴി തിരിച്ചു വിടുന്നവ

ഈ മാസം 9, 11 തീയതികളിൽ ചെന്നൈ എ​ഗ്മൂറിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള ​ഗുരുവായൂർ എക്സ്പ്രസ് (16127), 9നു ​ഗുരുവായൂരിൽ നിന്നു പുറപ്പെടുന്ന എ​ഗ്മൂർ എക്സ്പ്രസ് (16128) എന്നിവ കോട്ടയം വഴി തിരിച്ചു വിടും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

16, 18, 23 തീയതികളിൽ കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള മം​ഗളൂരു ജങ്ഷൻ അന്ത്യോദയ എക്സ്പ്രസ് (16355) കോട്ടയം വഴി തിരിച്ചു വിടും. കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ നിർത്തും.

ഭാ​ഗികമായി റദ്ദാക്കുന്നവ

14 മുതൽ 19 വരെ മം​ഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16605) കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും.

15 മുതൽ 20 വരെ തിരുവനന്തപുരം സെൻട്രലിൽ നിന്നു പുറപ്പെടേണ്ട മം​ഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് (16606) കൊല്ലത്തു നിന്നു രാവിലെ 4.38നു സർവീസ് ആരംഭിക്കും.

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

കോഴിക്കോട്: വൈദ്യുതി നിലച്ചതില്‍ പ്രതിഷേധിച്ച് ഉപഭോക്താക്കള്‍ കോഴിക്കോട് പന്തീരാങ്കാവിലുള്ള കെഎസ്ഇബി ഓഫിസ് ആക്രമിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് അക്രമം ഉണ്ടായത്. സംഘടിച്ചെത്തിയ നാട്ടുകാര്‍ ഓഫിസിന് നേരെ കല്ലെറിയുകയായിരുന്നു. ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി.

ഓഫീസിന്റെ ബോര്‍ഡും അക്രമികള്‍ അടിച്ചുതകര്‍ത്തതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ജീവനക്കാരുടെ അനാസ്ഥയാണ് വൈദ്യുതി നിലയ്ക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ പരമാവധി വൈദ്യുതി ഉപയോഗം ക്രമീകരിക്കണം. രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ അലങ്കാല വെളിച്ചങ്ങളും പരസ്യ ബോര്‍ഡുകളും പ്രവര്‍ത്തിപ്പിക്കരുതെന്നും കെഎസ്ഇബി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറഞ്ഞു.

പൊതുജനങ്ങളുടെ സഹായത്തോടെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനാണ് കെഎസ്ഇബിയുടെ നീക്കം. വീടുകളിലെ എസി 26 ഡിഗ്രിയായി ക്രമീകരിക്കാനും നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ പത്ത് മണിക്ക് ശേഷം വന്‍കിട വ്യവസായ സ്ഥാപനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജലവിതരണത്തെ ബാധിക്കാത്ത രീതിയില്‍ പമ്പിങ് ക്രമീകരിക്കാന്‍ വാട്ടര്‍ അതോറിട്ടിക്കും കെഎസ്ഇബി നിര്‍ദേശം നല്‍കി.

മാത്രമല്ല, ഫീല്‍ഡുകളിലെ സ്ഥിതിഗതികള്‍ അതാത് ചീഫ് എന്‍ജിനീയറുമാര്‍ വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്. ഇതുവഴി വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ കഴിയുമോ എന്ന് രണ്ട് ദിവസം പരിശോധിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 400 രൂപ കുറവു രേഖപ്പെടുത്തിയ പവന്‍ വില ഇന്ന് 80 രൂപ തിരിച്ചു കയറി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,680 രൂപ. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 6585 ആയി.

കഴിഞ്ഞ മാസം അന്‍പതിനായരം കടന്നു മുന്നേറിയ സ്വര്‍ണ വില പിന്നീട് കാര്യമായ ഇടിവില്ലാതെ തുടരുകയാണ്.