കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട് ചൂട് 40 ഡിഗ്രി എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസും വരെ ചൂട് കൂടാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീരദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഉച്ചയ്ക്ക് ശേഷം അന്തരീക്ഷ ആര്‍ദ്രത 55 മുതല്‍ 65 ശതമാനം പരിധിയിലായിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉയര്‍ന്ന ചൂടോടുകൂടിയ അസ്വസ്ഥതയുള്ള അന്തരീക്ഷ സ്ഥിതിക്കും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. കൊടുംചൂട് തുടരുന്നതിനാല്‍ വൈദ്യുതി ഉപഭോഗവും കുതിക്കുകയാണ്. ഇന്നലെ രാത്രി വൈദ്യുതി ആവശ്യകത 5797 മെഗാവാട്ട് രേഖപ്പെടുത്തി. ഇന്നലെ വൈദ്യുതി ഉപഭോഗം 114.18 ദശലക്ഷം യൂണിറ്റില്‍ എത്തി. ഏപ്രില്‍ 30 ലെ റെക്കോഡാണ് മറികടന്നത്.

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറില്‍ നവജാതശിശുവിന്റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതി കുറ്റം സമ്മതിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. യുവതി പീഡനത്തിന് ഇരയായതായി സംശയിക്കുന്നു. അതിജീവിത കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും കഴിഞ്ഞാലേ മരണകാരണം വെളിപ്പെടുത്താനാകൂ എന്നും കമ്മീഷണര്‍ ശ്യാംസുന്ദര്‍ പറഞ്ഞു.

മാതാപിതാക്കള്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്നാണ് പ്രാഥമിക വിവരം. പ്രസവം നടന്ന് മൂന്നുമണിക്കൂര്‍ കഴിഞ്ഞാണ് കുട്ടിയെ താഴേക്ക് വലിച്ചെറിയുന്നത്. മാതാപിതാക്കളുടെ അറിവോടെയല്ല സംഭവം നടന്നതെന്നാണ് അന്വേഷണത്തില്‍ ഇതുവരെ മനസ്സിലായിട്ടുള്ളത്. കുട്ടി ചാപിള്ളയായിരുന്നോ, ജനിച്ചശേഷം കൊലപ്പെടുത്തിയതാണോ എന്ന് പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ.

പെണ്‍കുട്ടി മൈനര്‍ അല്ലെന്നും 23 വയസ്സുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. ബലാത്സംഗം നടന്നിട്ടുണ്ടെന്ന സംശയമുള്ളതിനാല്‍ പേരു വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല. പീഡനം നടന്നിട്ടുണ്ടോ എന്നതിലടക്കം വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. രാവിലെ അഞ്ചരയോടെയാണ് പ്രസവം നടന്നത്. ഡോര്‍ പൂട്ടിയിട്ട് ശുചിമുറിയില്‍ പ്രസവിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് മാതാപിതാക്കള്‍ പറഞ്ഞതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

സംഭവത്തില്‍ അതിജീവിതയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. യുവതി വിവാഹിതയല്ല. യുവതിക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കും. കൊലപാതകക്കേസായാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. കൊച്ചിയെ നടുക്കി ഇന്നു രാവിലെ ഏട്ടേകാലോടെയാണ് പനമ്പള്ളിനഗറിലെ ഫ്ലാറ്റിന് സമീപത്ത് റോഡില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 400 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,600 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 6575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ മാസം മൂന്നാം തീയതി മുതല്‍ വീണ്ടും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് പിന്നീട് കണ്ടത്. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു.

തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്. പത്തുദിവസത്തിനിടെ ഏകദേശം 2000 രൂപ കുറഞ്ഞ ശേഷം ഇന്നലെ വീണ്ടും തിരിച്ചുകയറിയ സ്വര്‍ണവിലയാണ് ഇടിഞ്ഞത്. ഇന്നലെ 560 രൂപയാണ് വര്‍ധിച്ചത്.

കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു

കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു

കൊച്ചി: കൊച്ചി പാലാരിവട്ടത്ത് ഒരാളെ കുത്തിക്കൊലപ്പെടുത്തി. തമ്മനം ഏകെജി കോളനി സ്വദേശി മനീഷ് ആണ് മരിച്ചത്. പരിക്കേറ്റ അജിത്ത് എന്നയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. വാക്കുതര്‍ക്കത്തിനിടെയാണ് മനീഷിന് കുത്തേറ്റത്. പാലാരിവട്ടം തമ്മനം മെയ് ഫസ്റ്റ് റോഡില്‍ വെച്ചാണ് വാക്കുതര്‍ക്കവും കത്തിക്കുത്തും ഉണ്ടായത്.

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറിന് സ്‌റ്റേ ഇല്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളിലെ ആവശ്യം കോടതി നിരാകരിച്ചു.

ഗതാഗത കമ്മീഷണര്‍ ഇറക്കിയ ഡ്രൈവിങ് ടെസ്റ്റിന് പരിഷ്‌കാരം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 4/ 2024 എന്ന സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍, ജീവനക്കാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ കോടതിയെ സമീപിച്ചത്. നാലു ഹര്‍ജികളാണ് ജസ്റ്റിസ് കൈസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിച്ചത്.

എന്നാല്‍ ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ അടിയന്തരമായി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യം കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും. അതേസമയം ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം തുടരുകയാണ്.

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

തൃശൂർ: പ്രസിദ്ധ കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം മാങ്ങാട് സ്വദേശിയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ വിശ്രമത്തിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്‌ച പാറമേക്കാവ്‌ ശാന്തിഘട്ടിൽ.

തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ അടക്കമുള്ള ഗുരുനാഥന്മാരിൽനിന്ന്‌ സംഗീതം അഭ്യസിച്ചു. ആകാശവാണിയിൽ ജോലി ലഭിച്ചതോടെയാണ്‌ തൃശൂരിൽ താമസമാക്കിയത്‌. ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലടക്കം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്‌.

2016ൽ സംസ്ഥാന സർക്കാർ സ്വാതി സംഗീത പുരസ്‌കാരം നൽകി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി കലാരത്ന ഫെലോഷിപ്‌, സംഗീതകലാ ആചാര്യ പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. മങ്ങാട്‌ നടേശനും സുധാവർമയും ചേർന്നുള്ള ആകാശവാണിയിലെ കർണാടക സംഗീതപാഠം വളരെ ജനപ്രിയമായിരുന്നു. ഭാര്യ: നിർമല. മക്കൾ. ഡോ. മിനി, പ്രിയ, പ്രിയദർശിനി. മരുമക്കൾ: സജിത്ത്, സുനിൽ, സുനിൽ.