by Midhun HP News | May 3, 2024 | Latest News, കേരളം
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് ചോരക്കുഞ്ഞിന്‍റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തി. ഒരു ദിവസം പ്രായമായ ആൺകുഞ്ഞിന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ നടുറോഡില്‍ ശുചീകരണ തൊഴിലാളികളും സമീപവാസികളും കണ്ടത്. പൊക്കിള്‍ക്കൊടി മുറിച്ച നിലയിലാരുന്നു മൃതദേഹം. കുഞ്ഞിനെ സമീപത്തുള്ള ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ആരാണ് ഇത് ചെയ്തത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഫ്ലാറ്റില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ ആരുമുണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. ഫ്ളാറ്റിലെ താമസക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവിടെ പല ഫ്ളാറ്റുകളിലും താമസക്കാരില്ല. ഇങ്ങനെ പൂട്ടിക്കിടക്കുന്ന ഫ്ളാറ്റുകളും പരിശോധിക്കും. കുഞ്ഞിനെ മരിച്ച ശേഷം എറിഞ്ഞതാണോ അതോ എറിഞ്ഞുകൊന്നതാണോ എന്ന കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ല. ഫൊറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

by Midhun HP News | May 3, 2024 | Latest News, കേരളം
കാസര്‍കോട്: കാസര്‍കോടിന്റെ വൈവിധ്യങ്ങളിലേക്ക് ആണ്ടിറങ്ങിയാല്‍ ആരെയും അമ്പരിപ്പിക്കുന്ന നിരവധി ചരിത്ര ശേഷിപ്പുകള്‍ കാണാം.അതിലൊന്നാണ് കാസര്‍കോട് നഗരത്തിന് 4 കിലോമീറ്റര്‍ വടക്ക് ദേശീയപാതയോട് ചേര്‍ന്നുള്ള ‘കൂടല്‍’ എന്ന ദേശം.
എട്ടു നൂറ്റാണ്ട് മുമ്പ് നടന്ന ഒരു വേദാന്ത സംവാദത്തിന്റെ ഒടുവിലെ കൂടല്‍ വഴി കൈവന്നതാണ് ഈ പേര്. ഏതാണ്ട് 1300-ാം ആണ്ടിന്റെ മധ്യത്തില്‍ 17 ദിവസങ്ങളിലായി ഇവിടെത്തെ കാവുഗോളി കാവു മനയ്ക്കടുത്തുള്ള വിഷ്ണു മംഗലം ക്ഷേത്രത്തില്‍വച്ചാണ് പണ്ഡിത ആചാര്യന്മാരുടെ പൊരിഞ്ഞ വേദാന്ത സംവാദം നടന്നത്. സംവാദത്തിനൊടുവില്‍ ദ്വൈതം വിജയിച്ചെങ്കിലും ദ്വൈതത്തിനുമാത്രമായി നാടിനെ വിട്ടുകൊടുക്കാന്‍ ഇവിടെയുള്ളവര്‍ തയ്യാറായില്ലെന്നുമാണ് ചരിത്രം. അങ്ങനെ അദ്വൈതവുമായി കൂടിച്ചേര്‍ന്ന് ‘കൂടല്‍’ ഉണ്ടായി എന്ന് കാവുമന പരമ്പരയിലെ ഇപ്പോഴത്തെ അധികാരി ലക്ഷ്മിനാരായണ പട്ടേരി പറയുന്നു.

കൂടലിന്റെ ചരിത്രപരമായ പ്രാധാന്യം സംബന്ധിച്ച് മലബാര്‍ മാന്വലിലും പ്രതിപാദിക്കുന്നുണ്ട്. ചില ചരിത്ര ശേഷിപ്പുകളും സ്മാരകങ്ങളും ഇപ്പോഴും ഇവിടെ അതേപടി നിലനില്‍ക്കുന്നുണ്ട്.അദ്വൈതത്തിനുവേണ്ടി കര്‍ണാടകയില്‍ അദ്വൈത പണ്ഡിതനായ മാധവാചാര്യരും ദ്വൈതത്തിനുവേണ്ടി ത്രിവിക്രമ പണ്ഡിതാചാര്യരുമായിരുന്നു സംവാദത്തില്‍ ഏറ്റുമുട്ടിയത്. ഈ സംവാദത്തിന്റെ സ്മാരകമായി വടക്കും പടിഞ്ഞാറും ഓരോ ശൈവ-വൈഷ്ണവ ക്ഷേത്രങ്ങളുമുണ്ട്.
ദ്വൈതാചാര്യന്‍ ത്രിവിക്രമ പണ്ഡിതാചാര്യരുടെ സമാധിസ്ഥാനം സ്ഥിതി ചെയ്യുന്നത് പട്ടേരിമനയുടെ മുമ്പിലുള്ള വയലിലാണ്. മനയുടെ വകയാണ് 30 ഏക്കറില്‍ നീണ്ടുകിടക്കുന്ന വയലും പറമ്പും. ഇതിനകത്ത് കല്ലിലും കോണ്‍ക്രീറ്റിലുമായി പണിത കെട്ടിടത്തില്‍ ത്രിവിക്രമാചാര്യരുടെ സ്മാരകമുണ്ട്. ഇവിടെ മുടങ്ങാതെ ദിവസവും വിളക്ക് കത്തിച്ച് വെക്കുന്നുണ്ട്. ചുമരില്‍ വിരിച്ച മാര്‍ബിളില്‍ ആചാര്യന്മാര്‍ രചിച്ച സംസ്‌കൃത ശ്ലോകങ്ങളും അതേപ്പടി സൂക്ഷിക്കുന്നു. വായുസ്മൃതി, നരസിംഹസ്മൃതി, വിഷ്ണു സ്തൂതി തുടങ്ങിയ ഗ്രന്ഥങ്ങളിലെ ശ്ലോകങ്ങളാണ് പകര്‍ത്തിവെച്ചിരിക്കുന്നത്. ഈ കൃതികള്‍ക്കു പുറമെ ഉഷാഹരണ, മാധ്വസ്‌തോത്രം, തത്വപ്രദീപ തുടങ്ങിയ കൃതികളും ത്രിവിക്രമ പണ്ഡിതാചാര്യര്‍ രചിച്ചു. സ്മാരകത്തിനുതൊട്ട് പുരാതന രീതിയില്‍ പടവുകള്‍ കെട്ടി പൊക്കിയ വലിയ ഒരുകുളവുമുണ്ട്.18 ദിവസം നിശ്ചയിച്ച സംവാദം 17 ആം ദിവസം കുമ്പള ജയസിംഹ രാജാവിന്റെ മധ്യസ്ഥതയില്‍ അവസാനിപ്പിച്ചതായും ലക്ഷ്മിനാരായണ പട്ടേരി പറയുന്നു.
അദ്വൈത പ്രചാരണവുമായി ഊരുചുറ്റുന്നതിനിടെയാണ് കര്‍ണാടക ഉഡുപ്പി സ്വദേശിയായ മാധവാചാര്യര്‍ കാവുമനയിലെത്തുന്നത്. സംവാദാനന്തരം തിരിച്ചുപോയ മാധവാചാര്യര്‍ ഉഡുപ്പി ശിവക്ഷേത്രത്തിലെ താമസസ്ഥലത്തുവെച്ച് പിന്നീട് സമാധിയായി. ത്രിവിക്രമാചാര്യര്‍ കാവുമനയില്‍ വെച്ചുമാണ് മരിക്കുന്നത്. നാരായണ പണ്ഡിതാചാര്യയും കല്യാണി ദേവിയും ത്രിവിക്രമാചാര്യരുടെ മക്കളാണ്. പിതാവിനെ പോലെ ഇരുവരും വേദ ഇതിഹാസങ്ങളിലും ഉപനിഷത്തുക്കളിലും പുരാണങ്ങളിലുമൊക്കെ പണ്ഡിതരായിരുന്നു. ഗായത്രി മന്ത്രത്തിന്റെ ലളിതസാരമായ കല്യാണിമന്ത്രംരചിച്ചത് കല്യാണി ദേവിയാണ്. മാധവാചാര്യരുടെ ജീവചരിത്രമായി മാധവ വിജയം രചിച്ചത് നാരായണ പണ്ഡിതരാണ്. നാരായണ പണ്ഡിതരുടെ ശവകുടിരവും കാവുമന പരിസരത്തുണ്ട്. ത്രിവിക്രമ പണ്ഡിതാരാചര്യരുടെ രചനകളും ജീവചരിത്രവും കാവുമന സംവാദത്തിന്റെ വിവരങ്ങളുമെല്ലാം അടങ്ങിയ ഗ്രന്ഥം ‘സുമന്തവിജയം’ എന്ന പേരില്‍ കന്നഡയിലുണ്ട്.
by Midhun HP News | May 3, 2024 | Latest News, കേരളം
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ അമിതമായി ഭാരം കയറ്റികൊണ്ടുപോകുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടു പോകേണ്ടുന്ന വസ്തുക്കള്‍ മോട്ടോര്‍ സൈക്കിളില്‍ കയറ്റുന്നത് നിയവിരുദ്ധമാണ്. ഇത് വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന്‍ അപകടത്തിലാക്കുമെന്നും എവിഡി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് രണ്ടു പേര്‍ക്ക് യാത്ര ചെയ്യുന്നതിനായി രൂപ കല്പന ചെയ്തിട്ടുള്ള വാഹനമാണ് മോട്ടോര്‍ സൈക്കിള്‍. ബോഡിയുടെ ബാലന്‍സിങ് മോട്ടോര്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഘടകമാണ്. മോട്ടോര്‍ സൈക്കിളില്‍ കയറ്റുന്ന വസ്തുക്കള്‍ സുരക്ഷിതമായ റൈഡിങ്ങിനെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യേകിച്ചും വശങ്ങളിലേക്ക് തള്ളി നില്‍ക്കുന്നവ.
ചെറിയ സാമ്പത്തിക ലാഭത്തിനായി ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടു പോകേണ്ടുന്ന വസ്തുക്കള്‍ ഇത്തരത്തില്‍ മോട്ടോര്‍ സൈക്കിളില്‍ കയറ്റുന്നത് നിയവിരുദ്ധമാണ്. ഇത് വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന്‍ അപകടത്തിലാക്കാന്‍ തക്ക സാധ്യതയുള്ളതാണ്. നിയമവിധേയമായി,സുരക്ഷിതമായി വാഹനങ്ങള്‍ ഉപയോഗിക്കൂ…..സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിചേരൂ.നമ്മുടെ ജീവന്‍ പോലെത്തന്നെ അമൂല്യമാണ് മറ്റുള്ളവരുടെയും ജീവന്‍.

by Midhun HP News | May 3, 2024 | Latest News, കേരളം
തിരുവനന്തപുരം: കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഞായര്‍ മുതല്‍ സര്‍വീസ് നടത്തുന്ന നവകേരള ബസ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. ബുധനാഴ്ച ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നു.
ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ബുധനാഴ്ച കോഴിക്കോട്ടേക്ക് ബസ് എത്തിക്കാനുള്ള യാത്ര തിരുവനന്തപുരം- കോഴിക്കോട് സര്‍വീസായി മാറി. ബുക്ക് ചെയ്ത 9 യാത്രക്കാരാണ് ബസ് പുറപ്പെട്ട തമ്പാനൂര്‍ ടെര്‍മിനലില്‍ നിന്നുള്ള യാത്രക്കാരായത്. വഴിയിലും ആളെ കയറ്റി.
എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറാനാണ് ഹൈഡ്രോളിക് ലിഫ്റ്റ്. ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ എന്നീ സൗകര്യവുമുണ്ട്. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ ഒരുക്കിയ ചെയര്‍ മാറ്റി ഡബിള്‍ സീറ്റാക്കി. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോടുനിന്നും യാത്രതിരിച്ച് 11.35 ന് ബംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബംഗളൂരുവില്‍നിന്നും തിരിച്ച് രാത്രി 10.05 ന് കോഴിക്കോട്ട് എത്തിച്ചേരും. 1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും നല്‍കണം.
by Midhun HP News | May 3, 2024 | Latest News, കേരളം
തിരുവനന്തപുരം: പ്രൈമറി ക്ലാസ് മുതൽ ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കാൻ അധ്യാപകരുടെ യോഗ്യത നിർണയിക്കുന്ന കെ–ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി മേയ് അഞ്ചു വരെ നീട്ടി. കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന പരീക്ഷയാണിത്.
അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭിവിച്ചിട്ടുള്ളവർക്ക് തിരുത്തുവാനുള്ള അവസരം മേയ് ആറു മുതൽ ഒമ്പതു വരെ https://ktet.kerala.gov.in എന്ന വെബ്സൈറ്റിലെ CANDIDATE LOGIN – ൽ ലഭ്യമാകുമെന്ന് സെക്രട്ടറി അറിയിച്ചു.

by Midhun HP News | May 3, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: ആചാരപ്രകാരം ചടങ്ങുകളോടെയുള്ള വിവാഹങ്ങള്‍ക്കു മാത്രമേ ഹിന്ദു വിവാഹനിയമ പ്രകാരം സാധുതയുള്ളൂവെന്ന് സുപ്രീംകോടതി. രജിസ്‌ട്രേഷന്‍ നടത്തിയതുകൊണ്ട് മാത്രം വിവാഹത്തിന് സാധുത ലഭിക്കില്ലെന്നും ജഡ്ജിമാരായ ബിവി നാഗരത്‌ന, അഗസ്റ്റിന്‍ ജി മസി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി
1955ലെ ഹിന്ദു വിവാഹ നിയമത്തിലെ ഏഴാം വകുപ്പനുസരിച്ച് ആചാരപ്രകാരമുള്ള ചടങ്ങുകളോടെയാവണം വിവാഹം. ചടങ്ങുകളോടെ വിവാഹം നടന്നുവെന്നതിന്റെ തെളിവു മാത്രമാണ് രജിസ്‌ട്രേഷന്‍. അല്ലാതെ രജിസ്‌ട്രേഷന്‍ മാത്രം നടത്തിയതുകൊണ്ട് നിയമപരമാവില്ല. ചടങ്ങുകളോടെ വിവാഹം നടത്തിയില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ രജിസ്ട്രാര്‍ക്ക് ആവില്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹം കച്ചവടമല്ലെന്നും രണ്ട് പേര്‍ ബന്ധം സ്ഥാപിക്കുന്ന പവിത്രമായ ചടങ്ങാണെന്നും കോടതി പറഞ്ഞു. വിസ നേടി മറ്റു രാജ്യങ്ങളിലേക്ക് പോവുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ പലരും ആദ്യം വിവാഹം രജിസ്റ്റര്‍ ചെയ്യാറുണ്ട്. മാറ്റിവച്ച ചടങ്ങ് പിന്നീട് നടന്നില്ലെങ്കിലും കക്ഷികളുടെ സ്ഥിതി എന്താവും. ഇവരെ ഭാര്യയും ഭര്‍ത്താവുമായി കാണാനാവുമോ എന്നാണ് സുപ്രീംകോടതി ചോദിക്കുന്നത്. ചടങ്ങുകളില്ലാതെ രജിസ്‌ട്രേഷന്‍ മാത്രം നടത്തിയുള്ള വിവാഹങ്ങള്‍ അസാധുവെന്ന് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് രണ്ട് പേര്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജി അനുവദിച്ചുള്ള ഉത്തരവിലാണ് കോടതി വിധി.
Recent Comments