by Midhun HP News | May 3, 2024 | Latest News, കേരളം
ഇടുക്കി: കുളിര് തേടി മൂന്നാറിലേക്ക് വരുന്നവരെ നിരാശരാക്കി ചൂട് ഉയരുന്നു. ഏപ്രില്‍ 29ന് 29 ഡിഗ്രി സെല്‍ഷ്യസും 30ന് 30 ഡിഗ്രി സെല്‍ഷ്യസുമാണ് മൂന്നാറില്‍ രേഖപ്പെടുത്തിയത്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രണ്ടുമുതല്‍ നാലു ഡിഗ്രി വരെ മൂന്നാറില്‍ ചൂട് കൂടിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. നല്ലതണിയില്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ നിരീക്ഷണ കേന്ദ്രത്തിലെ കണക്കുകള്‍ പ്രകാരമാണിത്.

ഇത്തവണ ഏപ്രില്‍ 15 മുതല്‍ 30 വരെ പകല്‍ 28 മുതല്‍ 30 ഡിഗ്രി വരെയായിരുന്നു ചൂട്. ഇക്കാലയളവില്‍ രാത്രിയും പുലര്‍ച്ചെയും 11 ഡിഗ്രി സെല്‍ഷ്യസ് വരെയായും താപനില താഴ്ന്നു. 1989-2000 കാലത്ത് പകല്‍ ഏറ്റവും കൂടിയ താപനില 25.6 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 16 മുതല്‍ 17.4 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു. 2011- 20ല്‍ പകല്‍ ഏറ്റവും ഉയര്‍ന്ന താപനില 26.1 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 15.7 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു.
by Midhun HP News | May 3, 2024 | Latest News, കേരളം
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റില്‍ വരുത്തിയ പരിഷ്‌കാരത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചതോടെ സംസ്ഥാനത്ത് ടെസ്റ്റുകള്‍ മുടങ്ങിയ പശ്ചാത്തലത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ സിഐടിയു നേതൃത്വത്തില്‍ വെള്ളിയാഴ്ച മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തും. പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് വ്യാഴാഴ്ച പ്രാബല്യത്തില്‍ വന്നതോടെയാണ് ടെസ്റ്റുകള്‍ തടഞ്ഞും പരീശീലന വാഹനങ്ങള്‍ വിട്ട് നല്‍കാതെയും വിവിധ യൂണിയനുകള്‍ പ്രതിഷേധിച്ചത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിക്കുന്നതിനോട് എതിര്‍പ്പില്ലെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌ക്കരണം അപ്രായോഗികമാണെന്നും ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) അറിയിച്ചു.
ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറുമായി സിഐടിയു നേതാക്കള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് വെള്ളിയാഴ്ച പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങിയേക്കും. പ്രതിദിനം 30 ടെസ്റ്റുകള്‍ എന്ന നിബന്ധന മാറ്റി പുതുതായി 40 പേര്‍ക്കും നേരത്തെ പരാജയപ്പെട്ട 20 പേര്‍ക്കും അവസരം നല്‍കാമെന്നാണ് ധാരണ. ടെസ്റ്റ് പരിഷ്‌കരിച്ചുള്ള സര്‍ക്കുലര്‍ പിന്‍വലിക്കുംവരെ ഡ്രൈവിങ് ടെസ്റ്റുകള്‍ തടഞ്ഞും ആര്‍ടിഒ ഓഫീസ് സംബന്ധമായ സേവനങ്ങര്‍ നിര്‍ത്തിവച്ചും പ്രതിഷേധിക്കുമെന്നും യൂണിയന്‍ അറിയിച്ചു.
by Midhun HP News | May 3, 2024 | Latest News, കേരളം
ഗുരുവായൂര്‍: താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട്ടുകാരനായ നവനീത് ഗിരീഷാണ് വരന്‍. ഗുരുവായൂരില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഈ വര്‍ഷം ജനുവരിയില്‍ കുടകില്‍ വച്ച് മാളവികയുടേയും നവനീതിന്റേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത്. നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ്.
ചുവന്ന സാരിയില്‍ അതിസുന്ദരിയായിരുന്നു മാളവിക. നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ജയറാമിന്റേയും പാര്‍വതിയുടേയും മൂത്ത മകനും നടനുമായ കാളിദാസും വിവാഹത്തിനുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയറാമും പാര്‍വതിയും വിവാഹിതരായതും ഗുരുവായൂര്‍ നടയില്‍ വച്ചായിരുന്നു.
by Midhun HP News | May 2, 2024 | Latest News, കേരളം
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷും മലപ്പുറം സ്വദേശി മുഹമ്മദ് അനീഫയുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ 43കാരനായ വിജേഷിന് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ വിജേഷിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു.
മരിച്ച മുഹമ്മദ് അനീഫ നിര്‍മാണ തൊഴിലാളിയാണ്. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനായി വാഹനം കാത്തു നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തളര്‍ന്നു വീണ ഹനീഫയെ ആദ്യം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിക്കും ഇന്നു രാവിലെ മരിച്ചു.

by Midhun HP News | May 2, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി പ്രതിസന്ധിക്ക് മറ്റു വഴികൾ തേടാന്‍ സര്‍ക്കാര്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടു. വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ലോഡ് ഷെഡ്ഡിങ് വേണമെന്ന കെഎസ്ഇബിയുടെ നിര്‍ദേശം സര്‍ക്കാര്‍ നിരാകരിച്ചത്.
നിലവിലെ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താതെ തരമില്ല എന്ന് യോഗത്തില്‍ കെഎസ്ഇബി ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിസന്ധിക്ക് ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കാനാണ് നിര്‍ദേശം. വൈദ്യുതി ഉപഭോഗം കൂടുതലുള്ള പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് വേണ്ടത്ര ശേഷിയില്ലാത്ത മേഖലകളില്‍ താല്‍ക്കാലിക വൈദ്യുതി നിയന്ത്രണം അടക്കം പരിഗണിക്കാനാണ് നീക്കം.

കെഎസ്ഇബി ഉദ്യോഗസ്ഥരുമായിട്ടുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വൈദ്യുതി മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിക്കും. മറ്റു മാര്‍ഗങ്ങള്‍ എന്തെല്ലാം എന്നു ചര്‍ച്ച ചെയ്യാനായി കെഎസ്ഇബിയുടെ ഉന്നതതല യോഗം ഇന്ന് വൈകീട്ട് ചേരും. ഇതിനു ശേഷമാകും വൈദ്യുതി പ്രതിസന്ധിയില്‍ അന്തിമ തീരുമാനമുണ്ടാകുക.
by liji HP News | May 2, 2024 | Latest News, കേരളം
തിരുവനന്തപുരം:ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവ് കെഎസ്ആര്‍ടിസി ബസില്‍ കയറി ആളുകളെ ഇറക്കിവിട്ടു എന്നത് ശുദ്ധ നുണയാണെന്ന് ഡിവൈഎഫ്‌ഐ നേതാവും എംപിയുമായ എഎ റഹീം. തനിക്ക് കൂടി ഒരു ടിക്കറ്റ് തരൂ. വണ്ടി നേരെ ഡിപ്പോയിലേക്ക് പോകട്ടെയെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. വഴിയില്‍ ഒരു കെഎസ്ആര്‍ടിസി ബസ് നിര്‍ത്തേണ്ടതായി വന്നാല്‍ സാധാരണനിലയില്‍ എന്താണോ ചെയ്യുക അതാണ് അവിടെ ഉണ്ടായതെന്നും റഹീം പറഞ്ഞു. ഇത് സംബന്ധിച്ച് രൂക്ഷമായ സൈബര്‍ ആക്രമാണ് ആര്യക്കെതിരെ നടത്തുന്നത്. മുന്‍പ് ഇത്തരത്തില്‍ ഏതെങ്കിലും തരത്തില്‍ വാഹനം തടഞ്ഞുനിര്‍ത്തിയതായി ആര്യക്കെതിരെ ആരോപണം ഉണ്ടോയെന്നും റഹീം ചോദിച്ചു. എന്നാല്‍ ഡ്രൈവര്‍ക്കെതിരെ മുന്‍പും ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റഹീം പറഞ്ഞു.
സംഭവം ഉണ്ടായതിന് പിന്നാലെ അവര്‍ ആദ്യം വിവരം പൊലീസിനെയാണ് അറിയിച്ചത്. തുടര്‍ന്ന് അവര്‍ വാഹനത്തെ പിന്തുടര്‍ന്നു. സിഗ്നലില്‍ വാഹനം നിര്‍ത്തിയതിന് പിന്നാലെ, കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി. അവര്‍ ഒരുതരത്തിലും നിയമം കൈയിലെടുത്തില്ല. ഡിവൈഎഫ്‌ഐക്കാരെ വിളിച്ചുവരുത്തിയിട്ടില്ല. പൊലീസ് വരുന്നതുവരെ ഡ്രൈവറെ തടഞ്ഞുനിര്‍ത്തി. ആരായാലും ഇങ്ങനെയല്ലേ കാര്യങ്ങള്‍ ചെയ്യുക?. ഇതാണ് അവിടെയും സംഭവിച്ചതെന്ന് റഹീം പറഞ്ഞു.

മുന്‍മന്ത്രിയും എംഎല്‍എയുമായ കെകെ ശൈലജ ടീച്ചര്‍ക്കെതിരെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയും എതിരെയും നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണമാണെന്നും അവര്‍ ഇടതുപക്ഷമായതു കൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്നും റഹീം പറഞ്ഞു എല്ലാവര്‍ക്കും കയറി കൊട്ടിയിട്ട് പോകുന്ന ചെണ്ടകളാണ് ചെങ്കൊടിപിടിക്കുന്ന വനിതകളെന്ന് ആര്‍ക്കെങ്കിലും മിഥ്യാധാരണയുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണമെന്നും ഏകപക്ഷീയമായി സൈബര്‍ ആക്രമണം നടത്തിയാല്‍ ഈ പണിയെല്ലാം നിര്‍ത്തിപ്പോയ്‌ക്കോളും എന്ന് ഒരാളും കരുതേണ്ടതില്ലെന്നും റഹീം തീരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇത്തരം സൈബര്‍ ആക്രമണം കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതാണോയെന്നും റഹിം ചോദിച്ചു, കോണ്‍ഗ്രസുകാര്‍ നട്ടുനനച്ച് വളര്‍ത്തുന്ന ഒരു സംഘം സൈബര്‍ ഗുണ്ടകളാണ് ഇത് ചെയ്യുന്നത്. സത്രീ അധിക്ഷേപവും വര്‍ഗിയതയുമാണ് അവരുടെ മുഖമദ്ര. ഇറക്കിവിട്ടിരിക്കുന്ന സൈബര്‍ ഗുണ്ടകളെ തിരിച്ചുവിളിക്കുന്നതാണ് കോണ്‍ഗ്രസിന് നല്ലത്. ഇത്തരം സൈബര്‍ ആക്രമണത്തിനെതിരെ രാഷ്ട്രീയത്തിന് അതീതമായി നിലപാട് സ്വീകരിച്ച് ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും റഹീം പറഞ്ഞു.
Recent Comments