by liji HP News | May 2, 2024 | Latest News, കേരളം
തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റുകള്‍ കൂട്ടാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചത്.
പ്ലസ് വണ്‍ പ്രവേശനത്തിനുശേഷം ആനുപാതികമായി വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അക്കാര്യം പിന്നീട് പരിഗണിക്കാമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷവും മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും സീറ്റുക്ഷാമം അനുഭവപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

by liji HP News | May 2, 2024 | Latest News, കേരളം
കൊച്ചി: വേനല്‍ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. അണക്കെട്ടിലെ ജലനിരപ്പ് 2337 അടിയായി. സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. മറ്റ് ഡാമുകളിലും ജലനിരപ്പ് ഗണ്യമായി കുറയുകയാണ്.
കഴിഞ്ഞ വര്‍ഷം ഇതേസമയം ജലനിരപ്പ് 2330 അടിയായിരുന്നു. എന്നാല്‍ ഉയര്‍ന്ന തോതിൽ വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. ഇത്തവണ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വൈദ്യുതോത്പാദനം കുറച്ചിരുന്നു. എന്നിട്ടും ജലനിരപ്പ് 2337 അടിയായി കുറഞ്ഞു. 2280 അടിയില്‍ താഴെ ജലനിരപ്പ് എത്തിയാല്‍ പെന്‍സ്റ്റോക്ക് പൈപ്പു വഴി മൂലമറ്റത്തേക്ക് വെള്ളമെത്തിക്കാന്‍ കഴിയാതെ വരും.

ഇത് ഒഴിവാക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്. നിലവില്‍ മൂലമറ്റത്തെ ആറു ജനറേറ്ററുകളില്‍ അഞ്ചെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഉത്പാദനശേഷം 45.349 ഘനമീറ്റര്‍ വെള്ളം ഒഴുകിപ്പോകുന്നുണ്ട്. വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തണമെന്നാണ് കെഎസ്ഇബി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
by liji HP News | May 2, 2024 | Latest News, കേരളം
തൃശ്ശൂർ: ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറുടെ മർദ്ദനത്തിന് ഇരയായ കരുവന്നൂർ സ്വദേശി പവിത്രൻ (68) ചികിത്സയിലിരിക്കെ മരിച്ചു. ഏപ്രിൽ രണ്ടിന് ഉച്ചയ്ക്ക് 12 ഓടെ തൃശൂർ –കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യബസിൻ്റെ കണ്ടക്ടർ ഊരകം സ്വദേശി രതീഷിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു.
ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ പുത്തന്‍തോട് ബസ് സ്‌റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ കണ്ടക്ടര്‍ രതീഷ് തള്ളി താഴെയിടുകയായിരുന്നു. റോഡരികിലെ കല്ലില്‍ തലയടിച്ചാണ് പവിത്രൻ വീണത്. സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞു വെച്ച് ഇരിങ്ങാലക്കുട പൊലീസിന് കൈമാറി. വയോധികൻ മരിച്ചതോടെ കണ്ടക്ടർക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.

by liji HP News | May 2, 2024 | Latest News, കേരളം
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവും, അപകടകരമായ രീതില്‍ വണ്ടിയോടിച്ചെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറെ വഴിയില്‍ തടഞ്ഞു ചോദ്യം ചെയ്തത് വലിയ ചര്‍ച്ചയും വിവാദവുമാണ് ഉയര്‍ത്തിവിട്ടത്. ഈ പശ്ചാത്തലത്തില്‍ പഴയൊരു അനുഭവം പങ്കുവയ്ക്കുകയാണ്, സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ ഇഎസ് ബിജിമോള്‍. ചില വിഷയങ്ങളില്‍ പ്രതികരിക്കേണ്ടത് അപ്പോള്‍ തന്നെയാണെന്ന്, ആര്യയ്ക്കു പിന്തുണ അറിയിച്ചുകൊണ്ടുള്ള കുറിപ്പില്‍ ബിജിമോള്‍ പറയുന്നു.
കുറിപ്പു വായിക്കാം:
ഞാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഞാനും എന്റെ അനുജത്തിയും കെ എസ് ആർ ടി സി ബസിൽ കോട്ടയത്ത് നിന്നു മടങ്ങി വരുകയായിരുന്നു. കട്ടപ്പനയ്ക്കുള്ള അവസാനത്തെ ബസിലാണ് മടക്കം. കാഞ്ഞിരപ്പള്ളി എത്തിയപ്പോൾ കണ്ടക്ടറും ഒരു മധ്യവയസ്ക്കയായ ഒരു സ്ത്രീയും തമ്മിൽ തർക്കം നടക്കുന്നു. ആ ബസിന് അവർക്ക് ഇറങ്ങേണ്ട കോളേജ് പടിയിൽ അന്ന് സ്റ്റോപ്പില്ല. അതിനാൽ രണ്ടു കിലോമീറ്റർ അകലെയുള്ള കാഞ്ഞിരപ്പള്ളിയിൽ ഇറങ്ങണമെന്നാണ് കണ്ടക്ടറുടെ ആവശ്യം. ഈ ബസിൽ ഞാനടക്കം മൂന്ന് സ്ത്രീകൾ മാത്രമാണ് ഉള്ളത്.
ബസിലെ മറ്റു പുരുഷ യാത്രക്കാരൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടിൽ നിശബ്ധരായിരിക്കുകയാണ്. അന്ന് മൊബെെൽ ഫോണുകളൊന്നും വ്യാപകമായിട്ടില്ല. അവരുടെ ഭർത്താവ് ആ സ്റ്റോപ്പിൽ അവരെ കാത്തു നിൽക്കുമെന്നും അവർ പെട്ടെന്ന് ഇറങ്ങാമെന്നും പറഞ്ഞിട്ടും കണ്ടക്ടർ അവിടെ നിർത്തില്ല എന്ന പിടിവാശിയിൽ തുടരുകയാണ്. അവർ കരച്ചിലിന്റെ വക്കിലാണ്. ആ രാത്രിയിൽ ബസിൽ നിന്നും അവരെ കയ്യിൽ പിടിച്ചു വലിച്ചിറക്കാൻ കണ്ടക്ടർ ശ്രമിച്ചപ്പോഴാണ് ഞാൻ ആ വിഷയത്തിൽ കയറി ഇടപെടുന്നത്.
ആ സ്ത്രീയെ ഈ രാത്രിയിൽ വണ്ടിയിൽ നിന്നു ഇറക്കാൻ പറ്റില്ലെന്നും അവർ പറയുന്നിടത്ത് വണ്ടി നിറുത്തി കൊടുക്കണമെന്നും ഞാൻ കട്ടായം പറഞ്ഞു. അതോടെ ഞാനും കണ്ടക്ടറും തമ്മിലായി വാക്കു തർക്കം. വിഷയം രൂക്ഷമായതോടെ അവർ വണ്ടിയിൽ നിന്നും പേടിച്ചിറങ്ങാൻ തയാറായി. അവരില്ലാതെ വണ്ടി മുന്നോട്ട് എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഞാൻ വണ്ടിയുടെ മുന്നിൽ കയറി നിന്നു. അപ്പോഴെയ്ക്കും മറ്റു യാത്രക്കാരും വിഷയത്തിൽ ഇടപെട്ടു. എന്തായാലും അവരെ സ്റ്റോപ്പിൽ തന്നെ ഇറക്കാൻ സാധിച്ചു.
പിന്നീട് ഈ വിഷയം ഞാനടക്കമുള്ള പല വനിത ജനപ്രതിനിധികളും സ്ത്രീ സംഘടനകളും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് രാത്രി കാലങ്ങളിൽ സ്ത്രീ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് വണ്ടി നിറുത്തണമെന്ന ഓർഡർ കെ എസ് ആർ ടി സി ഇറക്കുന്നത്. എങ്ങനെയാണ് ഒരു വിഷയത്തോട് ഒരു ജനപ്രതിനിധി പ്രതികരിക്കേണ്ടതെന്ന് ചോദിച്ചാൽ ഇങ്ങനെ തന്നെ പ്രതികരികണമെന്നാണ് സാധാരണ ജനങ്ങൾ ആഗ്രഹിക്കുക. ആ സ്ത്രീയ്ക്ക് നീതി കിട്ടേണ്ടത് ആ നിമിഷമാണ്. ഇത്തരം ദുരനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പിന്നീട് ഓർഡർ ഇറങ്ങുക വഴി എല്ലാ സ്ത്രീ യാത്രക്കാർക്കും ഗുണം ലഭിച്ചുവെന്നത് വസ്തുതയാണ്. ചിലപ്പോൾ ചില വിഷയങ്ങളിൽ പ്രതികരിക്കേണ്ടത് അപ്പോൾ തന്നെയാണ്. വെെകി വരുന്ന നീതി ചിലപ്പോൾ ഇല്ലാതാക്കുന്നത് വ്യക്തികളെയും കുടുംബങ്ങളെയുമാണ്.
ഓവർ സ്പീഡിൽ എത്തി മറ്റു വാഹന യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ അപകടകരമായി ഡ്രെെവ് ചെയ്യുകയും അശ്ലീല ആംഗ്യം കാണിക്കലിലൂടെ തന്റെ പ്രവൃത്തിയെ ന്യായികരിക്കുകയും ചെയ്ത ഡ്രെെവറെ ചോദ്യം ചെയ്യണമെന്നു ആര്യക്ക് തോന്നിയത് താൻ അനുഭവിച്ച അനീതി തന്നെപ്പോലെയുള്ള സാധാരണക്കാരായ മറ്റു യാത്രക്കാർക്ക് ഉണ്ടാകരുതെന്ന ചിന്തയിൽ നിന്നാണ്. അധികാര ദുർവിനയോഗം ചെയ്യുന്ന, അല്ലെങ്കിൽ അധികാരത്തിന്റെ ധാർഷ്ട്യമുള്ള ഒരു സ്ത്രീയായിരുന്നുവെങ്കിൽ, ആ മേയറും എംഎൽഎയും അങ്ങനെയാകില്ല പ്രതികരിക്കുക.
അനീതി കാണിക്കുന്നവരോട് അറിയാതെ പ്രതികരിച്ചു പോകുന്നവരെ മനസിലാക്കണമെങ്കിൽ ഇനിയും വറ്റാത്ത നന്മയുടെ ഇത്തിരി നനവെങ്കിലും മനസിൽ ബാക്കിയുണ്ടാവണം. പ്രതികരിക്കുന്ന സ്ത്രീകളോട് അങ്ങേയറ്റം അറപ്പുണ്ടാക്കുന്ന വിധത്തിൽ ലെെംഗിക വെെകൃതങ്ങൾ വിളിച്ചു പറയുന്നവരെക്കാൾ അപകടകാരികളാണ് ഇങ്ങനെ അവരെ പറയാൻ പ്രേരിപ്പിക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ കപട നിലപാടുകൾ.
by liji HP News | May 2, 2024 | Latest News, കേരളം
തൃശൂര്‍: തൃശൂരില്‍ ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കലാകാരി കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ അരിമ്പാല തണ്ടാശ്ശേരി സ്വദേശി സതി (67) ആണ് മരിച്ചത്. തൃശൂര്‍ കൂട്ടാല മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം.
വേദിയിൽ കൈകൊട്ടിക്കളി ആരംഭിച്ച് ഏതാനും സമയത്തിനകം സതി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

by Midhun HP News | May 2, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കായിക മത്സരങ്ങൾക്ക് നിയന്ത്രണവുമായി സർക്കാർ. രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നിർദേശപ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. കടുത്ത ചൂടു തുടരുന്നതു വരെ നിയന്ത്രണം നിലനിൽക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ കായിക താരങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്നും ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. പാലക്കാട്, തൃശൂർ, കോഴിക്കോട്, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, കാസർക്കോട്, മലപ്പുറം ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്.
Recent Comments