സംസ്ഥാനത്ത് കനത്ത ചൂട്; കായിക മത്സരങ്ങൾക്ക് നിയന്ത്രണവുമായി സർക്കാർ

സംസ്ഥാനത്ത് കനത്ത ചൂട്; കായിക മത്സരങ്ങൾക്ക് നിയന്ത്രണവുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കായിക മത്സരങ്ങൾക്ക് നിയന്ത്രണവുമായി സർക്കാർ. രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നിർദേശപ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. കടുത്ത ചൂടു തുടരുന്നതു വരെ നിയന്ത്രണം നിലനിൽക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ കായിക താരങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്നും ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. പാലക്കാട്, തൃശൂർ, കോഴിക്കോട്, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, കാസർക്കോട്, മലപ്പുറം ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് തടസപ്പെട്ടു; ഡ്രൈവിങ് സ്‌കൂളുകൾ ടെസ്റ്റ് ബഹിഷ്‌കരിച്ചു

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് തടസപ്പെട്ടു; ഡ്രൈവിങ് സ്‌കൂളുകൾ ടെസ്റ്റ് ബഹിഷ്‌കരിച്ചു

പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് തടസപ്പെട്ടു. ഡ്രൈവിങ് സ്‌കൂളുകൾ ടെസ്റ്റ് ബഹിഷ്‌കരിച്ചു. മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ട് പ്രതിഷേധക്കാർ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് നൽകില്ല. മുട്ടത്തറയിൽ പൊലീസ് ഏറ്റുമുട്ടൽ സംഭവിച്ചു. സൗകര്യങ്ങൾ ഒരുക്കാതെയുള്ള പരിഷ്‌ക്കരണം അപ്രായോഗികമെന്ന് ഡ്രൈവിങ് സ്‌കൂളുകളുടെ നിലപാട്. ഗതാഗത മന്ത്രി നടത്തിയത് വംശീയ പരാമർശമാണെന്നും മലപ്പുറം എന്ന പേര് കേൾക്കുമ്പോൾ തന്നെ പലർക്കുമുണ്ടാകുന്ന വൈഷമ്യം മന്ത്രിക്കുമുണ്ടെന്നും സിഐടിയു മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ പ്രതികരിച്ചു.

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഇന്ന് മുതൽ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ എവിടെയും ഇന്ന് ടെസ്റ്റുകൾ നടന്നിട്ടില്ല. എല്ലായിടത്തും ഡ്രൈവിങ് ടെസ്റ്റിനെതിരെ സിഐടിയു പ്രതിഷേധം നടത്തുകയാണ്. അടിമുടി മാറ്റം വരുത്തിയുള്ള പരിഷ്കാരങ്ങൾ ഇന്നുമുതലാണ് പ്രാബല്യത്തിൽ വരുന്നത്. ടെസ്റ്റിനായി പുതിയ ട്രാക്കുകള്‍ സജ്ജമായില്ലെങ്കിലും മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. വിഷയത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നാരംഭിക്കും. വലിയ പ്രതിഷേധത്തിനിടെയാണ് പുതിയ പരിഷ്കരണം നടപ്പാക്കുന്നത്. പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല എന്നിങ്ങനെ വലിയ പരിഷ്കാരത്തിനായിരുന്നു ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം.

“ബ്ലാക്ക്ബെൽറ്റ് 2024” സംഘടിപ്പിക്കുന്നു

“ബ്ലാക്ക്ബെൽറ്റ് 2024” സംഘടിപ്പിക്കുന്നു

വക്കം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിട്ടോ റിയു സ്പോർട്സ് കരാട്ടെ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2024 മെയ്‌ 5 ഞായറാഴ്ച ആലംകോട് ഹാരിസൺ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ചു “ബ്ലാക്ക്ബെൽറ്റ് 2024” എന്ന ചടങ്ങ് സംഘടിപ്പിക്കുന്നു. 55 പേർക്ക് ബ്ലാക്ക്ബെൽറ്റ് നൽകുന്ന പ്രസ്തുത ചടങ്ങിൽ സംസ്ഥാന ജില്ലാ സീനിയർ മാസ്റ്റർമാർ പങ്കെടുക്കുന്നു.

ബെവ്‌കോയിലെ മുഴുവൻ സെക്യൂരിറ്റി ജീവനക്കാരെയും പിരിച്ചു വീട്ടു. 100 ൽ പരം ജീവനക്കാരുടെ സ്ഥിതി ആശങ്കാജനകം

ബെവ്‌കോയിലെ മുഴുവൻ സെക്യൂരിറ്റി ജീവനക്കാരെയും പിരിച്ചു വീട്ടു. 100 ൽ പരം ജീവനക്കാരുടെ സ്ഥിതി ആശങ്കാജനകം

ആറ്റിങ്ങൽ: ലോക തൊഴിലാളി ദിനത്തിൽ ഒരു മുന്നറിയിപ്പും ഇല്ലാതെ ബെവ്‌കോയിലെ മുഴുവൻ സെക്യൂരിറ്റി ജീവനക്കാരെയും പിരിച്ചു വീട്ടു. 100 ൽ പരം ജീവനക്കാരുടെ സ്ഥിതി ആശങ്കാജനകമെന്ന് ഡോ. വി. എസ് അജിത് കുമാർ. ബെവ്‌കോയിലെ 100 ൽ പരം സെക്യൂരിറ്റി ജീവനക്കാരെ മെയ്‌ ദിന ദിവസം പിരിച്ചു വിട്ട നടപടി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിന് ഉദാഹരണമാണെന്ന് ഐ. എൻ. റ്റി. യു. സി ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ സൂചിപ്പിച്ചു.

മെയ്‌ ദിന ആഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ നടന്ന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാന്റു മേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച സമ്മേളനത്തിന് എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ, മണനാക്ക് ഷിഹാബുദീൻ, സലിം പാണന്റെ മുക്ക്, വി. ചന്ദ്രിക, ആർ. തുളസിദാസ്, വക്കം ലത, എ. ഗോപി, അൻസർ തൊട്ടികല്ല്, എസ്. വിജയകുമാർ, നാസ് പാലാംകോണം, നാസർ പള്ളിമുക്ക് എന്നിവർ നേതൃത്വം നൽകി.

സ്വർണം കടത്തിയ ആൾ തന്നെ അത് മോഷ്ടിക്കാനും ആളെയാക്കി; കരിപ്പൂരിൽ പോലീസ് പൊളിച്ചത് വൻ പദ്ധതി

സ്വർണം കടത്തിയ ആൾ തന്നെ അത് മോഷ്ടിക്കാനും ആളെയാക്കി; കരിപ്പൂരിൽ പോലീസ് പൊളിച്ചത് വൻ പദ്ധതി

കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്തുനിന്നും 56 ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയ യാത്രക്കാരനും കടത്തു സ്വർണ്ണം കവർച്ച ചെയ്യാനെത്തിയ ആറംഗ സംഘവും പിടിയിലായത്‌ പോലീസിന്റെ കൃത്യമായ നീക്കത്തിനൊടുവിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഓപ്പറേഷനിലാണ് കവർച്ചാ സംഘം പിടിയിലായത്. സ്വർണം കൊണ്ടുവന്ന കുറ്റ്യാടി സ്വദേശിയുടെ അറിവോടെയാണ് സംഘം കവർച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്ത് നിന്നും എത്തുന്ന കടത്തു സ്വർണ്ണം കവർച്ച ചെയ്യാനായി ആറംഗ സംഘം എത്തിയിട്ടുണ്ടെന്ന് മലപ്പുറം എസ്.പി എസ് ശശിധരനാണ് വിവരം ലഭിച്ചത്. പിന്നാലെ പോലീസ് രഹസ്യ ഓപ്പറേഷൻ തുടങ്ങി. വിമാനത്താവളത്തിലെ അറൈവൽ ഗേറ്റിൽ വെച്ച് പാനൂർ സ്വദേശി നിധിൻ, അഖിലേഷ്, മുജീബ് എന്നിവർ പിടിയിലായി. ഖത്തറിൽ നിന്നെത്തുന്ന യാത്രക്കാരനിൽ നിന്നും സ്വർണം കവരാനാണ് കാത്തു നിന്നതെന്നു ഇവർ പോലീസിനോട് വെളിപ്പെടുത്തി.

വിമാനത്താവളത്തിന് പുറത്ത് മൂന്നംഗ സംഘം കൂടി ഉണ്ടെന്നും ഇവർ പോലീസിനോട് പറഞ്ഞു. പിന്നാലെ ഖത്തറിൽ നിന്നും എത്തി കസ്റ്റംസ് പരിശോധന അതിജീവിച്ച് പുറത്തിറങ്ങിയ കുറ്റ്യാടി സ്വദേശി ലബീബ് സ്വർണ്ണവുമായി പോലീസ് പിടിയിലായി. ക്യാപ്‌സ്യൂൾ രൂപത്തിൽ കടത്തിയ സ്വർണ്ണം ഇയാളിൽ നിന്നും പോലീസ് കണ്ടെത്തി.

ലബീബ് പോലീസിന്റെ പിടിയിലായെന്ന വിവരം അറിഞ്ഞ് വിമാനത്താവളത്തിന് പുറത്തു കാത്തുനിന്ന മൂന്നംഗ സംഘം കാറിൽ സ്ഥലം വിട്ടു. കാറിനെ പിന്തുടർന്ന പോലീസ് ചൊക്ലിയിൽ വെച്ച് ഇവരെ പിടികൂടി. പാനൂർ സ്വദേശി അജ്മൽ, മുനീർ, നജീബ് എന്നിവരാണ് പിടിയിലായത്. കുറ്റ്യാടി സ്വദേശി ഫസൽ ആണ് സ്വർണ്ണവുമായി എത്തുന്ന ആളുടെ വിവരം സംഘത്തിന് കൈമാറിയത്.

ഫസലിനായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കടത്തു സ്വർണ്ണം കവർച്ച ചെയ്ത ശേഷം പങ്കിട്ടെടുക്കാൻ ആയിരുന്നു ഇവരുടെ പദ്ധതി. സ്വർണ്ണവുമായി എത്തിയ ലബീബിന്റെ അറിവോടെയാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് സംഘം പോലീസിനോട് പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള വിശദ റിപ്പോർട്ട് പോലീസ് പ്രിവൻറ്റീവ് കസ്റ്റംസിന് കൈമാറി.

പ്രതിഷേധങ്ങൾക്കിടയിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ഗതാഗത വകുപ്പ്; ഇന്നുമുതൽ പ്രാബല്യത്തിൽ

പ്രതിഷേധങ്ങൾക്കിടയിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ഗതാഗത വകുപ്പ്; ഇന്നുമുതൽ പ്രാബല്യത്തിൽ

പ്രതിഷേധങ്ങൾക്കിടയിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ഗതാഗത വകുപ്പ് മുന്നോട്ട്. അടിമുടി മാറ്റം വരുത്തിയുള്ള പരിഷ്കാരങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ടെസ്റ്റിനായി പുതിയ ട്രാക്കുകള്‍ സജ്ജമായില്ലെങ്കിലും മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. വിഷയത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നാരംഭിക്കും

വലിയ പ്രതിഷേധത്തിനിടെയാണ് പുതിയ പരിഷ്കരണം നടപ്പാക്കുന്നത്. പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല എന്നിങ്ങനെ വലിയ പരിഷ്കാരത്തിനായിരുന്നു മന്ത്രി ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം. പുതിയ ട്രാക്കൊരുക്കാന്‍ ഗതാഗതകമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും ഇതുവരെ സജ്ജമാക്കിയിട്ടില്ല.

എന്നാല്‍ ഇളവുകള്‍ വരുത്തി ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ട് പോകാനാണ് മന്ത്രി ഇന്നലെ നിര്‍ദ്ദേശിച്ചത്. പ്രതിദിന ടെസ്റ്റ് 60 ആക്കും എന്ന് അറിയിച്ചിരുന്നെങ്കിലും 30 ആക്കി നിജപ്പെടുത്തി. കൂടാതെ പുതിയ ട്രാക്ക് ഒരുക്കുന്നതുവരെ എച്ച് ടെസ്റ്റ് തുടരും, എച്ച് ടെസ്റ്റിന് മുമ്പ് റോഡ് ടെസ്റ്റ് നടത്തണം. എന്നാല്‍, പരിഷ്കരണത്തിനായി ഇറക്കിയ സര്‍ക്കുലര്‍ തന്നെ റദ്ദാക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയ പടി ആക്കണം എന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടനകൾ സംയുക്ത സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്കരിച്ചുകൊണ്ട് ടെസ്റ്റ് ഗ്രൗണ്ട് നിശ്ചലമാക്കി സമരം ചെയ്യുമെന്നാണ് സംഘടനകൾ വ്യക്തമാക്കുന്നത്. ഡ്രൈവിംഗ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഏകപക്ഷീയമായി ഇറക്കിയ സർക്കുലർ പിൻവലിക്കുന്നത് വരെ സമരം ചെയ്യുമെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കുമെന്ന് ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷനും അറിയിച്ചു.