അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം

എല്ലാവര്‍ഷവും മെയ് 1നാണ് തൊഴിലാളി ദിനം ആചരിക്കുന്നത്. തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കാനും സമൂഹത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കാനുമാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിക്കുന്നത്.

തൊഴിലാളി ദിനത്തിന്റെ ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ തൊഴിലാളികളുടെ അവകാശങ്ങളുടെ പോരാട്ടങ്ങളില്‍ നിന്നാണ് തൊഴിലാളി ദിനം എന്നതിന്റെ വേരുകള്‍ തുടങ്ങുന്നത്. 1884ലാണ് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്‌സ് ആന്റ് ലേബര്‍ യൂണിയനുകള്‍ തൊഴിലിടങ്ങളിലെ സമയം എട്ടു മണിക്കൂറാക്കി പരിഷ്‌കരിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെക്കുന്നത്. ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് 1886ല്‍ തൊഴിലാളികള്‍ സംഘടിച്ചു, സമരം ചെയ്തു. ഈ സമരത്തിന്റെ അനന്തരഫലമായി കലാപം പൊട്ടിപ്പുറപ്പെട്ടു. പിന്നീട് ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റ് സ്‌ക്വയറില്‍ സമാധാനപരമായ ഒരു സമ്മേളനം നടത്തി പിരിഞ്ഞു പോകാന്‍ ശ്രമിക്കുന്നതിനിടെ ബോംബ് സ്‌ഫോടനം ഉണ്ടാവുകയും സംഘര്‍ഷം ഉണ്ടാവുകയുമാണ് ചെയ്തത്. ഹേമാര്‍ക്കറ്റ് കൂട്ടക്കൊല എന്നും ഹേ മാര്‍ക്കറ്റ് കലാപം എന്നും ഈ സംഘര്‍ഷം അറിയപ്പെട്ടു. തൊഴിലാളികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. രക്തച്ചൊരിച്ചിലുണ്ടായി. ഈ കലാപം ലോകത്തെമ്പാടുമുള്ള തൊഴിലാളികളെ ഇളക്കി മറിച്ചു. ലോകത്തെ ഞെട്ടിച്ച ഈ കലാപം ആണ് പിന്നീട് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുന്നതിലേയ്ക്ക് എത്തിച്ചത്.

തൊഴിലാളി പ്രസ്ഥാനത്തെയും ഹേ മാര്‍ക്കറ്റ് സംഭവത്തെയും ബഹുമാനിക്കുന്നതിന്റെയും ഭാഗമായി അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സ് 1899ല്‍ മെയ് 1 തൊഴിലാളി ദിനമായി പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തിന് ശേഷം 1890ലാണ് ഔദ്യോഗികമായി ആദ്യ തൊഴിലാളി ദിനം ആചരിക്കുന്നത്.

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

തിരുവനന്തപുരം: ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ഐടിഐകള്‍ക്കും ഇന്നുമുതല്‍ മേയ് നാലുവരെ ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസിന് പകരം ഓണ്‍ലൈന്‍ ക്ലാസ് നടത്തും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ മെഡിക്കല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേയ് രണ്ടുവരെ അടച്ചിടാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ കലക്ടര്‍ ഡോ എസ് ചിത്ര നിര്‍ദേശിച്ചു. അവധിക്കാല ക്യാമ്പുകള്‍, ട്യൂട്ടോറിയലുകള്‍, ട്യൂഷന്‍ ക്ലാസുകള്‍ തുടങ്ങിയവയ്ക്കും നിര്‍ദേശം ബാധകമാണ്.

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ബ്രിട്ടീഷ് മരുന്നു കമ്പനിയായ ആസ്ട്രാസെനക. കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയില്‍ നല്‍കിയ രേഖകളിലാണ് കമ്പനി സമ്മതിച്ചത്. കോവിഡ് കാലത്ത് ഒക്‌സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ചാണ് ആസ്ട്രാസെനേക്ക വാക്‌സിന്‍ വികസിപ്പിച്ചത്. ഇത് ഉല്‍പ്പാദിപ്പിച്ച് ഇന്ത്യയില്‍ വിതരണം ചെയ്തത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്.

വാക്‌സിന്‍ നിരവധി മരണങ്ങള്‍ക്കും ഗുരുതരമായ പരിക്കുകള്‍ക്കും കാരണമായെന്ന അവകാശവാദത്തെ തുടര്‍ന്നാണ് ആസ്ട്രാസെനേക്ക ബ്രിട്ടനിലെ ഹൈക്കോടതിയില്‍ കേസ് നേരിടുന്നത്. 51 കേസുകളിലെ ഇരകള്‍ 10 കോടി പൗണ്ട് ആണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

വാക്സിന്‍ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുപറഞ്ഞ് 2021 ഏപ്രിലില്‍ ജെയ്മി സ്‌കോട്ട് എന്നയാളാണ് കേസിനു തുടക്കമിട്ടത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമാണ് അദ്ദേഹത്തെ ബാധിച്ചത്. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കോവിഷീല്‍ഡ് ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമിനും ഇടയാക്കുമെന്നും രേഖകളില്‍ ആസ്ട്രാസെനക സമ്മതിച്ചു. സുരക്ഷാ ആശങ്കയെ തുടര്‍ന്ന് ആസ്ട്രാസെനക- ഒക്‌സ്ഫഡ് വാക്‌സിന്റെ ഉപയോഗം ബ്രിട്ടന്‍ അവസാനിപ്പിച്ചിരുന്നു.

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

കോഴിക്കോട്: ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി ധനീഷ് ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് ഗാന്ധിനഗര്‍ സ്വദേശിയായ ശ്രീകാന്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.

കൊലപാതകത്തിനുംശേഷം പ്രതി ബൈക്കില്‍ വടിവാള്‍ കുത്തിവെച്ച് ഹെല്‍മറ്റ് ധരിച്ച ഒരാള്‍ വെള്ളയില്‍ ഭാഗത്തേക്ക് പോയതായി പൊലീസിന് ദൃക്‌സാക്ഷികളില്‍ ചിലര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

കൊല്ലപ്പെട്ട ശ്രീകാന്തിന്റെ സുഹൃത്താണ് പ്രതിയായ ധനീഷ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി രണ്ടു ദിവസം മുമ്പ് നിര്‍ത്തിയിട്ടിരുന്ന ശ്രീകാന്തിന്റെ കാര്‍ കത്തിച്ചിരുന്നു. ഭാര്യയുമായി അകന്നു കഴിയുന്ന ശ്രീകാന്ത് ഓട്ടോയില്‍ മദ്യപിച്ച് കിടന്നപ്പോള്‍, പ്രതി എത്തി റോഡിലേക്ക് വലിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

കൊച്ചി: ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെഎടി) ഉത്തരവ് നിലവില്‍ നടപ്പായ സ്ഥലംമാറ്റങ്ങള്‍ക്ക് തത്കാലം ബാധകമല്ലെന്ന് ഹൈക്കോടതി. ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്ത് ആലപ്പുഴ ചന്തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ജി വി പ്രീതി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വി ജി അരുണ്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ജൂണ്‍ മൂന്നുവരെയാണിത്. നിലവിലെ സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കണമെന്നും പട്ടിക റദ്ദാക്കിയത് തടയണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഉത്തരവ് പ്രകാരം പലരും സ്ഥലംമാറി പുതിയ സ്ഥലത്ത് ചുമതലയേറ്റതായും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി.

നാലു വിഭാഗങ്ങളിലായി അധ്യാപകരെ സ്ഥലം മാറ്റി 2024 ഫെബ്രുവരി 12നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് ചോദ്യംചെയ്ത് ഒരു കൂട്ടം അധ്യാപകര്‍ നല്‍കിയ ഹര്‍ജിയില്‍ സ്ഥലംമാറ്റപട്ടികകള്‍ കെഎടി റദ്ദാക്കുകയായിരുന്നു. ഒരു മാസത്തിനകം പട്ടിക പുതുക്കി കരട് പ്രസിദ്ധീകരിക്കണമെന്നും പരാതികള്‍ കേട്ട് ജൂണ്‍ ഒന്നിനകം പട്ടിക പ്രസിദ്ധീകരിക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു.

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഡല്‍ഹി: അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാകില്ലെന്ന് പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. പ്രധാനപ്പെട്ട വിഷയമെന്ന് ചീഫ് ജസ്റ്റിസ് വാദത്തിനിടെ നീരീക്ഷിച്ചു.

സ്വത്ത് അവകാശം സംബന്ധിച്ച് ശരിയത്ത് നിയമത്തിന് പകരം ഇന്ത്യന്‍ പിന്തുടര്‍ച്ച അവകാശ നിയമം ബാധകമാക്കണം എന്ന് ആവശ്യപ്പെട്ട് മലയാളിയായ സഫിയ പിഎം ആണ് ഹര്‍ജി നല്‍കിയത്. ആലപ്പുഴ പനവള്ളി സ്വദേശിനിയും, എക്സ് മുസ്ലിംസ് ഓഫ് കേരള എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമാണ് ഹര്‍ജിക്കാരിയായ സഫിയ. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഈ കേസിനായി പ്രത്യേക അഭിഭാഷകനെ ചുമതലപ്പെടുത്താന്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.