മുൻ കെ.പി.സി.സി സെക്രട്ടറി എം.എ ലത്തീഫിന് എതിരായ സസ്പെൻഷൻ നടപടി പിൻവലിച്ചതിനെതിരെ രാജി ഭീഷണി മുഴക്കി നേതാക്കൾ

ആറ്റിങ്ങൽ: മുൻ കെ.പി.സി.സി സെക്രട്ടറി എം.എ ലത്തീഫിന് എതിരായ സസ്പെൻഷൻ നടപടി പിൻവലിച്ചു. അതിനെതിരെ ഒരു വിഭാഗം നേതാക്കൾ രാജി ഭീഷണി മുഴക്കി പ്രതിഷേധിച്ചു. കെ പി സി സി പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനേയും തെറിവിളിക്കുകയും സഹപ്രവർത്തകരെ ആക്രമിച്ചതിന്റെ പേരിലും കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ ലത്തീഫിനെ തിരിച്ചെടുത്തത്തിൽ പ്രതിഷേധിച്ചാണ് നേതാക്കൾ രാജി സന്നദ്ധത അറിയിച്ചത്.

പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റെസിഡൻറ്സ് അസ്സോസിയേഷൻ വഴി
സി പി ഐ (എം) നു വേണ്ടി വോട്ട് അഭ്യർത്ഥിച്ചു എന്നതിന് വ്യക്തമായ തെളിവുകളുള്ള സാഹചര്യം കൂടി നിലനില്ക്കുമ്പോൾ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ ഒരാളെ ആക്ടിംഗ് പ്രസിഡന്റിന്റെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ നിന്നുള്ള ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് മണ്ഡലം പ്രസിഡൻറുമാർ, ഇതര ഭാരവാഹികൾ, യൂത്ത് കോൺഗ്രസ്സ്, കെ എസ് യു, ഐ എൻ റ്റി യു സി, മഹിളാ കോൺഗ്രസ്, ദളിത് കോൺഗ്രസ്, കർഷക കോൺഗ്രസ്, മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജില്ലാ-ബ്ലോക്ക്-മണ്ഡലം ഭാരവാഹികൾ രാജി സന്നദ്ധത അറിയിച്ചു.

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

തൃശൂര്‍: വെള്ളാനിക്കരയില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. കാര്‍ഷിക സര്‍വകലാശാല ക്യാംപസിലെ വെള്ളാനിക്കര സഹകരണ ബാങ്കിന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ ഉണ്ടായ ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് മണ്ണുത്തി പൊലീസ് അറിയിച്ചു. ഒരാളുടെ മൃതദേഹം നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. വര്‍ഷങ്ങളായി ഇരുവരും സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്ത് വരികയാണ്.

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കൊച്ചി: കെനിയൻ സ്വദേശിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന കെക്കെയ്ൻ പിടികൂടിയതിനു പിന്നാലെ കൊച്ചി വിമാനത്താവളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊക്കെയ്ൻ ​ഗുളികരൂപത്തിൽ വിഴുങ്ങിയ നിലയിലാണ് പിടികൂടിയത്. ആഫ്രിക്കൻ സ്വദേശികൾ ഇത്തരത്തിൽ വൻതോതിൽ ഇന്ത്യയിലേക്ക്‌ മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കൊച്ചിയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽ ആദ്യമായാണ് വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കൊക്കെയിൻ പിടികൂടുന്നത്.

ട്രോളി ബാ​ഗിനടിയിൽ അറയുണ്ടാക്കി മയക്കുമരുന്നു കടത്തുന്നത് കൂടുതൽ പിടിക്കപ്പെടാൻ തുടങ്ങിയതോടെയാണ് കൊക്കെയിനും മറ്റും വിഴുങ്ങി കടത്തിക്കൊണ്ടുവരാൻ തുടങ്ങിയത്. മുംബൈ, ബെംഗളൂരു, ഡൽഹി വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതോടെയാണ് കൊച്ചി ലക്ഷ്യമാക്കിയത്. കൊച്ചിയിൽ വന്നിറങ്ങുന്ന ആഫ്രിക്കൻ സ്വദേശികളെ പ്രത്യേകം നിരീക്ഷിക്കാൻ കസ്റ്റംസിന് നിർദേശം നൽകിയിട്ടുണ്ട്. ഇവരുടെ ആഗമനലക്ഷ്യം, വിസ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രത്യേകം പരിശോധിക്കാനാണ് നിർദേശം.

കെനിയൻ സ്വദേശി കരഞ്ച മൈക്കിൾ നംഗയാണ് കൊച്ചിയിൽ പിടിയിലായത്. ഈ മാസം 19-ന് എത്യോപ്യയിൽനിന്ന് മസ്കറ്റ് വഴിയാണ് ഇയാൾ കൊച്ചിയിൽ വന്നിറങ്ങിയത്. 6.68 കോടി രൂപ വിലവരുന്ന 668 ഗ്രാം കൊക്കെയിനാണ് ഇയാളിൽ നിന്ന് പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല തുടർന്ന് എക്സ്‌റേ പരിശോധന നടത്തുകയായിരുന്നു. അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളിൽ നിന്ന് ഒരാഴ്ച കൊണ്ടാണ്​ ​ഗുളികരൂപത്തിലാക്കിയ കൊക്കെയ്ൻ പുറത്തെടുത്തത്. 50 കൊക്കെയ്ൻ ​ഗുളികകളാണ് ഇയാളുടെ വയറ്റിലുണ്ടായത്. 85 ശതമാനം പരിശുദ്ധമായ കൊക്കയിനാണിത്. ഇതിൽ മറ്റു ചേരുവകൾ ചേർത്താണ് വിപണിയിൽ വിറ്റഴിക്കുന്നത്.

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിൽ വീണ് വീട്ടമ്മ മരിച്ചു. പരശുവയ്ക്കൽ രോഹിണി ഭവനിൽ കെ.രാജേന്ദ്രൻ നായരുടെ ഭാര്യ വി.എസ്.കുമാരി ഷീബ (57) ആണ് മരിച്ചത്. തിരുവനന്തപുരത്തേക്കു പോകാൻ മകൾക്കൊപ്പംകെ‍ാച്ചുവേളി–നാഗർകോവിൽ പാസഞ്ചറിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 7.50ന് ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. മൂത്ത മകൾ ലക്ഷ്മിയുടെയും ഭർത്താവ് അരുണിന്റെയും വീട്ടിലേക്കു പോകാനാണ് ഇളയ മകൾക്കൊപ്പം സ്റ്റേഷനിലെത്തിയത്. ഓടിക്കയറുന്നതിനിടെ ഷീബ ട്രാക്കിലേക്ക് വീണുപോവുകയായിരുന്നു.

പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട ഇവരെ പിടിച്ചുകയറ്റാൻ വാതിൽക്കൽ നിന്ന യാത്രക്കാരൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചക്രങ്ങൾക്കിടയിൽപ്പെട്ട് കുമാരിയുടെ കാലറ്റു. ആദ്യം കയറിയതിനാൽ അമ്മ അപകടത്തിൽപെട്ട വിവരം മകൾ അറിഞ്ഞില്ല. ഉടനടി ട്രെയിൻ നിർത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് മകൾ അറിഞ്ഞത്. സംഭവ സ്ഥലത്തുവച്ചുതന്നെ ഷീബ മരിച്ചു.

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

കല്‍പ്പറ്റ: വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ. നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അര്‍ജുന്‍-നെയാണ് കോടതി ശിക്ഷിച്ചത്. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എസ് കെ അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ 24-ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2021 ജൂൺ 10-ന് രാത്രി എട്ടരയോടെയായിരുന്നു കേസിനാസ്പദമായ കുറ്റകൃത്യം നടക്കുന്നത്. പത്മാലയത്തിൽ കേശവൻ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ കേശവൻ സംഭവസ്ഥലത്തുവെച്ചും ഭാര്യ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

മൂന്നുമാസത്തിനുശേഷം സെപ്റ്റംബർ 17-നാണ് പ്രതി അയൽവാസിയായ അർജുൻ അറസ്റ്റിലാവുന്നത്. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനുൾപ്പെടെ 75 സാക്ഷികളെയാണ് വിസ്തരിച്ചത്. 179 രേഖകളും 39 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ഡിസംബർ 20-നാണ് കേസിന്റെ വിചാരണ പൂർത്തിയായത്.

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ‘കള്ളക്കടലില്‍’ ജാഗ്രത

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ‘കള്ളക്കടലില്‍’ ജാഗ്രത

തിരുവനന്തപുരം: കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍:

പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക.

ധാരാളമായി വെള്ളം കുടിക്കുക.

അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.

നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.

വൈദ്യുത ഉപകരണങ്ങള്‍ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും, വയര്‍ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാല്‍ ഓഫീസുകളിലും, വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയില്‍ ഓഫീസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളും ഉള്ള ഫാന്‍, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.

വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്), ചപ്പ് ചവറുകളും, ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങളില്‍ എന്നിവടങ്ങളില്‍ തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

തൊഴിലുറപ്പ് പ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും, പുറം തൊഴിലില്‍ ഏര്‍പ്പെടുന്നവരും, പോലീസ് ഉദ്യോഗസ്ഥരും 11 am to 3 pm വരെ കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ പൊതു സമൂഹം സഹായിക്കുക.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന പരിപാടികള്‍ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am to 3 pm കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം.

എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.