by Midhun HP News | Jun 18, 2026 | Latest News, കേരളം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ അതോറിറ്റിയുടെ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് 300 കോടി രൂപയുടെ പദ്ധതി കരാര്‍ നേടിയെന്ന് കാണിച്ച് നിരവധി പേരെ കബളിപ്പിച്ച പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശി സല്‍മാനുല്‍ ഫാരിസ് പി ടി (45) ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ (വിഐഎസ്എല്‍) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വിഐഎസ്എല്‍ 300 കോടി രൂപയുടെ ടെന്‍ഡര്‍ തനിക്ക് ലഭിച്ചതായി അവകാശപ്പെടുന്ന വ്യാജ രേഖ പ്രതി നിര്‍മ്മിച്ചതായി പൊലീസ് പറഞ്ഞു. വിഐഎസ്എല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകളും ഈ രേഖയില്‍ വ്യാജമായി പതിച്ചിരുന്നു.
പ്രതി ഈ രേഖ ഉപയോഗിച്ച് ആളുകളെ വഞ്ചിക്കാനും അവരില്‍ നിന്ന് നിക്ഷേപം നേടാനും ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങി ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം സല്‍മാനുല്‍ ഫാരിസിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വഞ്ചിക്കപ്പെട്ടവരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഒളിവിലുള്ള പ്രതിയെ കണ്ടെത്താന്‍ നീക്കം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.
by Midhun HP News | Jun 18, 2026 | Latest News, കേരളം
തൃശൂർ: സ്കൂൾ വിദ്യാർഥികളെ ബസിൽ കയറ്റാതെ റോഡിൽ നിർത്തിയ സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ബസില്‍ കയറ്റണമെന്ന് യാചിക്കുന്ന വിദ്യാര്‍ഥികളുടെ വിഡിയോ ദൃശ്യം വൈറലായിരുന്നു. യാത്ര നിഷേധിച്ച കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം.
വടക്കാഞ്ചേരി ക്ലേലിയ ബാര്‍ബിയേറി ഹോളി ഏഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ട് കുട്ടികൾക്കാണ് ഏറെ നേരെ റോഡിൽ കാത്തു നിൽക്കേണ്ടി വന്നതും യാചിക്കേണ്ട അവസ്ഥയുണ്ടായതും. വടക്കാഞ്ചേരി – കുന്നംകുളം റൂട്ടിലെ മെജോമോന്‍ ബസിലെ കണ്ടക്ടര്‍ മംഗലം സ്വദേശി ദാസന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടിയെടുത്തതായി വടക്കാഞ്ചേരി സബ് ആര്‍ടി ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സെന്തില്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകീട്ടാണ് വിദ്യാര്‍ഥികളുടെ വൈറല്‍ ദൃശ്യത്തിന് അടിസ്ഥാനമായ സംഭവം വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ അരങ്ങേറിയത്. പത്താം ക്ലാസുകാരനായ ഒരു വിദ്യാർഥി കൈകൂപ്പി അപേക്ഷിക്കുന്നതാണ് വിഡിയോയില്‍ ഉണ്ടായിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ സംഭവം വലിയ ചർച്ചയായതോടെ കണ്ടക്ടറെ സബ് ആര്‍ടി ഓഫീസിലേക്ക് ഇന്നലെ വിളിച്ചു വരുത്തി ലൈസന്‍സ് കണ്ടുകെട്ടി, രേഖാമൂലം വിശദീകരണം തേടി.
സംഭവത്തിന്റെ നിജസ്ഥിതി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസിന് തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനാണ് നീക്കം. ശിക്ഷാ നടപടികളുടെ ഭാഗമായി ദാസനെ എടപ്പാളിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ അഞ്ച് ദിവസത്തെ ട്രെയിനിങിന് അയക്കുമെന്നും സെന്തില്‍ അറിയിച്ചു.
by Midhun HP News | Jun 18, 2026 | Latest News, കേരളം
തിരുവനന്തപുരം : എകെജി സെന്ററിലെ ഡ്രൈവറെ പൊലീസ് മര്‍ദിച്ചെന്ന പരാതി വ്യാജമെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്. എകെജി സെന്ററിലെ ഡ്രൈവര്‍ പി കെ അനൂപിന് മര്‍ദ്ദനമേറ്റിട്ടില്ലെന്നാണ് റെയില്‍വേ എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
പൊലീസും ഡ്രൈവറും തമ്മില്‍ ഉണ്ടായത് വാക്കുതര്‍ക്കം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ പൊലീസുകാര്‍ ആക്രമിച്ചെന്നാണ് പരാതി. മെയ് 30ന് പിണറായി വിജയനെ വന്ദേഭാരത് ട്രെയിനില്‍ കയറ്റി വിടാന്‍ വൈകിട്ടു നാലോടെ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം.
റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ശരത്, ജയന്‍ എന്നീ പൊലീസുകാര്‍ക്കെതിരെയാണ് അനൂപ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ‘വണ്ടി എടുത്തു മാറ്റെടാ’ എന്നാക്രോശിച്ചു കൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും ശരത് എന്ന പൊലീസുകാരന്‍ കഴുത്തിനു പിടിച്ചു തള്ളുകയും ചെയ്തു എന്നാണ് അനൂപിന്റെ പരാതിയില്‍ സൂചിപ്പിക്കുന്നത്.
by Midhun HP News | Jun 18, 2026 | Latest News, കേരളം
തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി മദ്യത്തിന് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് വില്‍ക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റില്‍ പ്രഖ്യാപിക്കും. പ്രതിമാസം ശരാശരി 4.9 കോടി കുപ്പി മദ്യം വിറ്റഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവഴി മാസം അഞ്ച് കോടിയോളം രൂപ സെസ് ഇനത്തില്‍ സമാഹരിക്കാനാകും. ലഹരിവിമുക്ത കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും എക്‌സൈസ് വകുപ്പിന് കീഴില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും ഈ തുക വിനിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ലഹരിമരുന്ന് ഉപയോഗം തടയുന്നതിനായി എക്‌സൈസ് വകുപ്പ് നടപ്പിലാക്കാന്‍ പോകുന്ന സമഗ്ര ലഹരി നയത്തിന് ഈ അധിക വരുമാനം വലിയ കരുത്താകുമെന്നാണ് പ്രതീക്ഷ. നിയമപാലനം, ബോധവല്‍ക്കരണം, ലഹരിവിമുക്തി, പുനരധിവാസം എന്നീ നാല് കാര്യങ്ങള്‍ക്കായാകും ഈ നയം പ്രവര്‍ത്തിക്കുക. ലഹരിവിരുദ്ധ നയത്തില്‍ പുനരധിവാസം കൂടി ഉള്‍പ്പെടുത്തുന്നത് ഇതാദ്യമായാണ്. സംസ്ഥാനത്ത് പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും കൂടുതല്‍ ലഹരിവിമുക്ത കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും എക്‌സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. സര്‍ക്കാര്‍ ഫണ്ടുകള്‍ക്ക് പുറമെ സിഎസ്ആര്‍ ഫണ്ടുകളും ഇതിനായി ഉപയോഗിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുനരധിവാസ മേഖലയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വിശദാംശങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു. ‘പുനരധിവാസ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രത്യേക പരിശീലനം നല്‍കും. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന്, ഒരു യുവാവിന് ക്രിക്കറ്റിനോടാണ് താല്പര്യമെങ്കില്‍ ഒരു അക്കാദമിയില്‍ ചേരാനുള്ള അവസരം നല്‍കും. കലാരംഗത്ത് താല്‍പര്യമുള്ളവര്‍ക്ക് അതിനനുസരിച്ചുള്ള സമീപനമായിരിക്കും. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരാന്‍ സാമൂഹിക സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കും’ -മന്ത്രി പറഞ്ഞു.
അതേസമയം, ഓരോ എക്‌സൈസ് മേഖലയിലും കുറഞ്ഞത് ഒരു പുനരധിവാസ കേന്ദ്രമെങ്കിലും സ്ഥാപിക്കാനാണ് പ്രാരംഭ ഘട്ടത്തില്‍ ലക്ഷ്യമിടുന്നതെന്ന് എക്‌സൈസ് വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍ എന്നിങ്ങനെ മൂന്ന് എക്‌സൈസ് സോണുകളാണ് സംസ്ഥാനത്തുള്ളത്. ലഹരിവിമുക്ത ചികിത്സ പൂര്‍ത്തിയാക്കിയവരെ ഈ പുനരധിവാസ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കും. അവിടെ അവര്‍ക്ക് ജോലി കണ്ടെത്തുന്നതിനോ സ്വന്തമായി തൊഴില്‍ ചെയ്യുന്നതിനോ ആവശ്യമായ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി സമൂഹത്തിലേക്ക് തിരികെ എത്തിക്കാന്‍ സഹായിക്കും.
by Midhun HP News | Jun 18, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,10,800 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്് 13,850 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേര്‍ക്കുമ്പോള്‍ വില ഇനിയും ഉയരും.
ശനിയാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയതോടെ വിലയില്‍ വര്‍ധനവിന്റെ ട്രെന്‍ഡ് തുടങ്ങിയത്. മൂന്നുദിവസത്തിനിടെ 4300 രൂപയാണ് വര്‍ധിച്ചു. കഴിഞ്ഞ ആഴ്ച 5000 രൂപയിലധികം ഇടിവുണ്ടായതിന് പിന്നാലെയാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Jun 18, 2026 | Latest News, കേരളം
കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപത് മണിക്കൂറോളമാണ് വീണയെ ഇ ഡി സംഘം ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വീണയോട് ചോദിച്ചത്. ചോദ്യം ചെയ്യൽ പൂര്‍ത്തിയാക്കി പുറത്തിങ്ങിയ വീണ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാൻ തയ്യാറായില്ല.
കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. ചോദ്യം ചെയ്യല്‍ കണക്കിലെടുത്ത് കൊച്ചി ഇഡി ഓഫീസിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എക്‌സാലോജിക് കമ്പനി ഉടമയായിരുന്ന ടി വീണയോട് ഇഡി വിശദമായി ചോദിച്ചു മനസിലാക്കി. ഈ മറുപടികൾ വിശകലനം ചെയ്ത ശേഷമാകും ചോദ്യം ചെയ്യാൻ വീണയ്ക്ക് ഇനി നോട്ടീസ് അയക്കണമോ എന്ന് ഇ ഡി തീരുമാനിക്കുക.
നേരത്തെ, ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാന്‍ വീണയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി സാവകാശം തേടുകയായിരുന്നു. വീണയുടെ പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും അടക്കം വിവിധയിടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ചില രേഖകള്‍ ലഭിച്ചുവെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.

Recent Comments