കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു, 18 പേര്‍ക്ക് പരിക്ക്

കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു, 18 പേര്‍ക്ക് പരിക്ക്

കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസ് ഫറോക്ക് മണ്ണൂര്‍ വളവില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മൂന്നാറില്‍ ജനവാസ മേഖലകളില്‍ മൂന്ന് കടുവകള്‍, ആശങ്ക

മൂന്നാറില്‍ ജനവാസ മേഖലകളില്‍ മൂന്ന് കടുവകള്‍, ആശങ്ക

മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലകളില്‍ കടുവകള്‍ ഇറങ്ങി. മൂന്നാര്‍ കന്നിമല ലോവര്‍ ഡിവിഷനിലാണ് കടുവകള്‍ ഇറങ്ങിയത്.

ജനവാസ മേഖലയില്‍ മൂന്ന് കടുവകള്‍ ഇറങ്ങിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കടുവകള്‍ എസ്‌റ്റേറ്റിലൂടെ നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്രദേശത്ത് സ്ഥിരമായി കടുവകള്‍ എത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കന്നിമലയിലെ കര്‍ഷകന്റെ പശുവിനെ കടുവ പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുവകളെ കൂട്ടത്തോടെ കണ്ടത്.

സംസ്ഥാനത്ത് വോട്ടിങ്ങിനിടെ കുഴഞ്ഞവീണ് മരിച്ചത് ഒന്‍പതുപേര്‍; പാലക്കാട് മാത്രം മൂന്നുപേര്‍

സംസ്ഥാനത്ത് വോട്ടിങ്ങിനിടെ കുഴഞ്ഞവീണ് മരിച്ചത് ഒന്‍പതുപേര്‍; പാലക്കാട് മാത്രം മൂന്നുപേര്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിനിടെ സംസ്ഥാനത്ത് ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് ജില്ലയില്‍ മാത്രം മൂന്നുപേരാണ് മരിച്ചത്. മരിച്ചവരില്‍ ഏറെയും പ്രായമുളളവരാണ്. പാലക്കാട് തേങ്കുറിശ്ശിയില്‍ വോട്ടുചെയ്തു മടങ്ങുന്നതിനിടെ 32 വയസ്സുള്ള യുവാവ് കുഴഞ്ഞു വീണ് മരിച്ചത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ബിമേഷ് (42) മാമി (63), കണ്ടന്‍ (73), കെ.എം.അനീസ് അഹമ്മദ് (71), മോഡന്‍ കാട്ടില്‍ ചന്ദ്രന്‍ (68), സിദ്ദീഖ് (63), സോമരാജന്‍ (82), സെയ്ദ് ഹാജി (75), എസ് ശബരി (32) എന്നിവരാണ് വോട്ടെടുപ്പിനിടെ കുഴഞ്ഞു വീണു മരിച്ചത്.

അതേസമയം, സംസ്ഥാനത്ത് വോട്ടെടുപ്പില്‍ 70.22 ശതമാനമാണ് പോളിങ്.തിരുവനന്തപുരം-66.41, ആറ്റിങ്ങല്‍-69.39, കൊല്ലം-67.82, പത്തനംതിട്ട-63.34%, മാവേലിക്കര-65.86, ആലപ്പുഴ-74.25, കോട്ടയം-65.59, ഇടുക്കി-66.37, എറണാകുളം-67.97, ചാലക്കുടി-71.59, തൃശൂര്‍-71.91, പാലക്കാട്-72.45, ആലത്തൂര്‍-72.42, പൊന്നാനി-67.69, മലപ്പുറം-71.49, കോഴിക്കോട്-73.09, വയനാട്-72.71, വടകര-73.09, കണ്ണൂര്‍-75.57, കാസര്‍ഗോഡ്-74.16 എന്നിങ്ങനെയാണ് പോളിങ്.

ലോക്‌സഭ തെഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കിയതായും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ചില ഇടങ്ങളില്‍ വേനല്‍ മഴ; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴ സാധ്യത. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.

ഈ ജില്ലകളില്‍ നാളെയും മഴ സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയയുണ്ട്. കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അവസാന വോട്ട് രേഖപ്പെടുത്തിയത് രാത്രി 11.43ന്, പോളിങ് 7.16% കുറഞ്ഞു; ഫലമറിയാന്‍ ഇനി 37 ദിനങ്ങള്‍

അവസാന വോട്ട് രേഖപ്പെടുത്തിയത് രാത്രി 11.43ന്, പോളിങ് 7.16% കുറഞ്ഞു; ഫലമറിയാന്‍ ഇനി 37 ദിനങ്ങള്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിരയായിരുന്നു ഇന്നലെ രാത്രി വൈകിയും അനുഭവപ്പെട്ടത്. ആറുമണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. പലയിടത്തും പോളിങ് അര്‍ധരാത്രിയോട് അടുത്തു.

വടകര കുറ്റ്യാടി മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍ പി സ്‌കൂള്‍) ഏറ്റവും അവസാനം പോളിങ് അവസാനിച്ചത്. 11.43 നാണ് അവസാനത്തെ ആള്‍ വോട്ട് ചെയ്തത്. വോട്ടിങ് വൈകിയതിനെത്തുടര്‍ന്ന് പലയിടത്തും പ്രശ്‌നങ്ങളുണ്ടായി. യുഡിഎഫിന് സ്വാധീനമുള്ള സ്ഥലത്താണ് വോട്ടിങ് വൈകിയതെന്നാണ് ആരോപണം. വോട്ടിങ് വൈകിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്ത് വന്നു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനത്തില്‍ വലിയ കുറവാണുണ്ടായത്. 2019 ല്‍ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിങ് ഇത്തവണ 70.35 ശതമാനമായി കുറഞ്ഞു. 7.16 ശതമാനത്തിന്റെ കുറവ്. വോട്ടു ചെയ്തവരുടെ എണ്ണത്തില്‍ ഏകദേശം 8 ലക്ഷത്തിന്റെ കുറവ്. പോളിങ് ഏറ്റവുമധികം കുറഞ്ഞതു പത്തനംതിട്ടയിലാണ്. 10.95% പോളിങ് കുറഞ്ഞു. ചാലക്കുടി മുതല്‍ പത്തനംതിട്ട വരെയുള്ള മണ്ഡലങ്ങളില്‍ പോളിങ് ഗണ്യമായി കുറഞ്ഞു.

പോളിങ് കുറയാന്‍ വിവിധ കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥ വലിയ തോതില്‍ തിരിച്ചടിയായി. സാമ്പത്തിക പ്രതിസന്ധി പ്രചാരണത്തെ ബാധിച്ചു. വിദേശത്തേക്ക് തൊഴിലും പഠനത്തിനുമായി പോയവരുടെ കണക്കിലുണ്ടായ വര്‍ധനയും ഒരു കാരമായി. വരും വര്‍ഷങ്ങളില്‍ ഇതിന്റെ തോത് വര്‍ധിക്കാനാണ് സാധ്യത. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

സഹോദരന്‍റെ പേരിൽ കള്ളവോട്ട് ചെയ്യാനെത്തി; യുവാവ് അറസ്റ്റിൽ

സഹോദരന്‍റെ പേരിൽ കള്ളവോട്ട് ചെയ്യാനെത്തി; യുവാവ് അറസ്റ്റിൽ

ഇടുക്കി: ഇടുക്കിയിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തിയയാളെ പോളിംഗ് ഉദ്യോഗസ്ഥർ പിടികൂടി. കുമ്പപ്പാറ പതിനാറാം ബൂത്തിലാണ് സംഭവം. കുമ്പപ്പാറ ആണ്ടവൻ എസ്റ്റേറ്റിലെ പൊന്നുപാണ്ടിയാണ് സഹോദരൻ പൊന്നുരാജയുടെ പേരിലുള്ള വോട്ട് ചെയ്യാനെത്തിയത്. ഇതോടെ ഉദ്യോഗസ്ഥർ ആൾമാറാട്ടത്തിന് കേസെടുക്കാൻ നിർദേശം നൽകി. പൊന്നുപാണ്ടിയെ പൊലീസിന് കൈമാറിയിരിക്കുകയാണ്. അതേസമയം ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു. ആറാം മൈൽ സ്വദേശി ബിജുവിനെയാണ് യുഡിഎഫ് ബൂത്ത് ഏജന്‍റുമാർ പിടികൂടിയത്. 77-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം 80-ാം നമ്പർ ബൂത്തിൽ എത്തിയപ്പോഴായിരുന്നു പിടികൂടിയത്