by Midhun HP News | Jun 17, 2026 | Latest News, കേരളം
തിരുവനന്തപുരം: കെഎസ്ആർടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി സംസ്ഥാനത്തെ വനിതകൾ ഉത്സവഛായയോടെയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഗതാഗത മന്ത്രി സിപി ജോൺ. സൗജന്യ യാത്രാ പദ്ധതി നിലവിലുണ്ടെങ്കിലും പണം നൽകി യാത്ര ചെയ്യാനാഗ്രഹിക്കുന്ന സ്ത്രീകൾക്ക് നിലവിൽ അത്തരത്തിലൊരു സംവിധാനമില്ലെന്നും സൗജന്യ യാത്ര ആഗ്രഹിക്കാത്തവർ ഓർഡിനറി ബസുകൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പണം നൽകാൻ സ്‌ത്രീ യാത്രക്കാർ ആഗ്രഹിച്ചാലും വാങ്ങാനാകില്ല. കണ്ടക്ടർക്ക് അധിനുള്ള അധികാരമില്ല. നമ്മൾ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ ലളിതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച യാത്രാ ആനുകൂല്യം അവർ പൂർണ്ണമായി അനുഭവിക്കട്ടെ. കെഎസ്ആർടിസി ബസിൽ കയറുമ്പോൾ ഒരു സ്ത്രീക്ക് പോലും താൻ പാവപ്പെട്ടവളാണെന്ന് പറയേണ്ടി വരുന്ന സാഹചര്യം ഉണ്ടാകരുത്. ‘ഞാനൊരു സ്ത്രീയാണ്, ആ ഒരു പരിഗണന തന്നെ ഈ ആനുകൂല്യത്തിന് ധാരാളമാണ്’ എന്ന വിപ്ലവകരമായ നിലപാടിലാണ് സർക്കാർ ഈ പദ്ധതി വിഭാവനം ചെയ്തത്. മാധ്യമങ്ങൾ ഈ പദ്ധതിക്ക് വലിയ പിന്തുണയാണ് നൽകിയത്. കഴിഞ്ഞ ദിവസം മാത്രം ഓർഡിനറി ബസുകളിൽ 11.84 ലക്ഷം സ്ത്രീകളാണ് സൗജന്യമായി യാത്ര ചെയ്തത്. ഈ ഇനത്തിൽ ഒരു ദിവസത്തെ യാത്രാ സബ്‌സിഡിയായി 2.46 കോടി രൂപയാണ് സർക്കാർ കെഎസ്ആർടിസിക്ക് നൽകേണ്ടത്. കോർപ്പറേഷന്റെ തിരിച്ചടവുകളിൽ യാതൊരുവിധ ബുദ്ധിമുട്ടുമില്ലെന്നും അതിനായി കൃത്യമായ ധനസമാഹരണ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ബസുകൾ സിറ്റി ഫാസ്റ്റാക്കിയെന്ന ആക്ഷേപം തള്ളി
ലാഭമുണ്ടാക്കാനായി ഓർഡിനറി ബസുകളുടെ എണ്ണം വെട്ടിച്ചുരുക്കി അവയെ ഉയർന്ന നിരക്കുള്ള സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റുന്നുവെന്ന പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം മന്ത്രി തള്ളി. നിലവിൽ തിരുവനന്തപുരം നഗരത്തിൽ 384 സിറ്റി ഫാസ്റ്റ് ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ ഒരൊറ്റ ഓർഡിനറി ബസുപോലും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ല. മറിച്ച് പൊഴിയൂർ – അഞ്ചുതെങ്ങ്, പാപ്പനംകോട് – വികാസ് ഭവൻ എന്നീ റൂട്ടുകളിൽ ഓടിക്കൊണ്ടിരുന്ന സിറ്റി ഫാസ്റ്റ് ബസുകളെ സാധാരണക്കാരായ യാത്രക്കാരുടെ സൗകര്യാർത്ഥം ഓർഡിനറി ബസുകളാക്കി മാറ്റുകയാണ് സർക്കാർ ചെയ്തത്.
വനിതകൾക്ക് സൗജന്യമില്ലാത്ത സിറ്റി ഫാസ്റ്റ് ബസുകൾ ഏതൊക്കെയെന്ന് സാധാരണക്കാരായ യാത്രക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടിയാണ് അവയിൽ പ്രത്യേക നിറത്തിലുള്ള സ്റ്റിക്കർ പതിപ്പിച്ചത്. ബസ് മാറി കയറിയിട്ട് ആളുക ടിക്കറ്റിന്റെ പേരിൽ ജീവനക്കാരുമായി തർക്കമുണ്ടാകാനും കണ്ടക്ടർമാർക്ക് അത് വലിയ ബുദ്ധിമുട്ടാകാനും പാടില്ലാത്തതുകൊണ്ടാണ് ഈ മുൻകരുതൽ. സ്വകാര്യ ബസ് വ്യവസായവുമായി യാതൊരുവിധ യുദ്ധ പ്രഖ്യാപനത്തിനും സംസ്ഥാന സർക്കാർ തയ്യാറല്ലെന്നും കെഎസ്ആർടിസിയെ ജനകീയമാക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

by Midhun HP News | Jun 17, 2026 | Latest News, കേരളം
തിരുവനന്തപുരം: പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. പിണറായിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എനിക്കെതിരായിട്ടാണ് ഫ്‌ലൈറ്റില്‍ വെച്ച് മുദ്രാവാക്യം വിളിക്കുന്നതെങ്കില്‍, മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്? എന്തുണ്ട് വിശേഷം എന്നു ചോദിച്ചിട്ട് വിടുമായിരുന്നു. ഭയങ്കര അക്രമാസക്തനല്ലെങ്കില്‍ എന്താണ് പ്രശ്‌നം?, എന്താണ് കാര്യം എന്നു ചോദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പിണറായിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. അതിന് പൊലീസ് കേസെടുത്തില്ല. ഇപ്പോള്‍ കോടതിയാണ് കേസെടുക്കണമെന്ന് നിര്‍ദേശിച്ചത്. അത് ഞങ്ങള്‍ ചെയ്തതല്ല. കോടതി ചെയ്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

by Midhun HP News | Jun 17, 2026 | Latest News, കേരളം
2026 ലോകകപ്പിലെ തങ്ങളുടെ കന്നി പോരാട്ടത്തിൽ ഓസ്ട്രിയയോട് പൊരുതിവീണ് ജോർദാൻ. ഗ്രൂപ്പ് ഘട്ടത്തിലെ ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട്രിയ വിജയം സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കുന്നതിന്റെ ആവേശവുമായി ഇറങ്ങിയ ജോർദാന് പരിചയസമ്പന്നരായ ഓസ്ട്രിയൻ പടയ്ക്ക് മുന്നിൽ പിഴയ്ക്കുകയായിരുന്നു.
മത്സരത്തിന്റെ 20-ാം മിനിറ്റിൽ സ്മിഡിലൂടെ ഓസ്ട്രിയയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ (50′) ഒൽവാനിലൂടെ മനോഹരമായ ഒരു ഗോൾ മടക്കി ജോർദാൻ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു.
സമനിലയ്ക്കായി ജോർദാൻ പൊരുതിയെങ്കിലും 76-ാം മിനിറ്റിൽ ഡിഫെൻഡർ അൽ-അറബിന്റെ കാൽപ്പാകിൽ നിന്നും പിറന്ന ഒരു നിർഭാഗ്യകരമായ ഓൺ ഗോൾ ജോർദാന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. തുടർന്ന് കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട സേവർ ഷ്ലാഗറുടെ നേതൃത്വത്തിൽ ഓസ്ട്രിയ കളം നിറഞ്ഞു. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ (90+12′) ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് സൂപ്പർ താരം മാർക്കോ അർനൗട്ടോവിച്ച് ഓസ്ട്രിയയുടെ തകർപ്പൻ വിജയം പൂർത്തിയാക്കി.

by Midhun HP News | Jun 17, 2026 | Latest News, കേരളം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കഴിഞ്ഞ ഇടതുസര്‍ക്കാരാണ് പദ്ധതിയില്‍ ഒപ്പിട്ടത്. ഫിനാന്‍സിന്റെ എല്ലാം അനുമതിയോടെ 2024 ല്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഒപ്പുവെച്ച് പണം വാങ്ങിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ പദ്ധതി തുടരാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി കാബിനറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വ്യക്തമാക്കി. സര്‍ക്കാരിനുള്ള അവകാശങ്ങള്‍ ബലി കഴിക്കാതെ എന്തു ചെയ്യാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിക്കുന്നതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം 99 കോടി രൂപ കേന്ദ്രത്തില്‍ നിന്നും വാങ്ങിച്ചിട്ടുണ്ട്. തടഞ്ഞുവെച്ച പണം തന്നിട്ടുണ്ട്. കൂടാതെ 106 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശയപരമായ എതിര്‍പ്പ് എന്താണെന്ന് വെച്ചാല്‍ കരിക്കുലം സ്വാതന്ത്ര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടരുത് എന്നതാണ്. നടപ്പാക്കുന്ന സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം കേരള സര്‍ക്കാരിന് നല്‍കണം എന്നതാണ്. കരിക്കുലം തീരുമാനിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. സ്‌കൂള്‍ സെലക്ഷന്‍ സംസ്ഥാനം തന്നെ തീരുമാനിക്കും.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട യുഡിഎഫ് സര്‍ക്കാരിന്റെ ആശയപരമായ നിലപാടുകള്‍ കേന്ദ്രത്തെ അറിയിക്കാനുള്ള കാര്യങ്ങള്‍ തയ്യാറാക്കാനായി പൊതു വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെട്ട മറ്റ് മന്ത്രിമാര്‍. പദ്ധതിയില്‍ ഒപ്പുവെച്ച ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളെ ബാധിക്കാത്ത തരത്തില്‍ തീരുമാനമെടുക്കാന്‍ സംയുക്തമായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയില്‍ ഒരു കാരണവശാലും ഒപ്പുവെക്കില്ലെന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ മന്ത്രിസഭാംഗങ്ങളെപ്പോലും അറിയിക്കാതെ ഒപ്പുവെക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും മാത്രമാണ് ഒപ്പുവെച്ചത് അറിയാമായിരുന്നത്. മന്ത്രിമാരെ ഇരുട്ടില്‍ നിര്‍ത്തിയാണ് തീരുമാനമെടുത്തത്. കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന പണം നമ്മുടെ അവകാശമാണ്, അല്ലാതെ ഔദാര്യമല്ല. ഒരു കാരണവശാലും വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ അനുവദിക്കാതെ, കരിക്കുലത്തിന് പൂര്‍ണ സ്വാതന്ത്ര്യത്തോടെ മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
by Midhun HP News | Jun 17, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
സോമാലിയന്‍ തീരം, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്കന്‍ ഒമാന്‍ തീരം, വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് വടക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യത.
ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, തെക്കന്‍ മ്യാന്മാര്‍ തീരം, അതിനോട് ചേര്‍ന്ന വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

by Midhun HP News | Jun 17, 2026 | Latest News, കേരളം
കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ വിജയൻ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ഹാജരായി. രാവിലെയാണ് വീണ ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തിയത്.
കറുത്ത കാവിൽ മുഹമ്മദ് റിയാസിന് ഒപ്പമാണ് വിണ എത്തിയത്. മാസ്ക് ധരിച്ച് എത്തിയ വീണ ഇഡി ഓഫീലേക്ക് നടന്നു പോയത്. അൽപ്പ സമയത്തിനകം തന്നെ ചോദ്യം ചെയ്യൽ തുടരും.
കേസുമായി ബന്ധപ്പെട്ട് ഇഡി നൽകിയ സമൻസിന്റെ അടിസ്ഥാനത്തിലാണ് ഹാജരാകൽ. കരിമണൽ കമ്പനിയായ സിഎംആർഎല്ലും (CMRL) വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക് സൊല്യൂഷൻസും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്.
Recent Comments