by liji HP News | Apr 10, 2024 | Latest News, കേരളം
അരവിന്ദ് കെജ്രിവാളിന് കൂടുതൽ ദിവസം അഭിഭാഷകനെ കാണാൻ അനുവാദം നിഷേധിച്ച് കോടതി. അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി റൗസ് അവന്യു കോടതി തള്ളി. തടവിൽ മുഖ്യമന്ത്രി പരിഗണന സാധ്യമല്ലെന്നും കോടതി അറിയിച്ചു.
അതേസമയം മദ്യനയ കേസിലെ അറസ്റ്റും റിമാൻഡും നിയമപരമാണെന്ന് വിധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അരവിന്ദ് കെജ്രിവാൾ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി ഉത്തരവ് തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും സ്ഥാപിക്കാൻ കെജ്രിവാൾ ഉന്നയിച്ച വാദങ്ങൾ തള്ളിയാണ് ഹൈക്കോടി ഉത്തരവിട്ടത്. മദ്യനയം രൂപീകരിച്ചത് കെജ്രിവാളിൻറെ അറിവോടെയാണെന്ന രേഖകളാണ് ഇഡി ഹാജരാക്കിയത്. ഇതിലൂടെ കിട്ടിയ പണം ഗോവ തെരഞ്ഞെടുപ്പിന് ചെലവാക്കിയെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികളുണ്ട്.
തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്താനാണ് അറസ്റ്റ് എന്ന കെജ്രിവാളിൻറെ വാദവും ഹൈക്കോടതി തള്ളി. ഇഡിയുടെ സമൻസ് നിരന്തരം തള്ളി കെജ്രിവാളാണ് നടപടികൾ വൈകിച്ചത്. മുഖ്യമന്ത്രിയും സാധാരണക്കാരും നിയമത്തിനു മുന്നിൽ തുല്യരാണെന്നും ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ അരവിന്ദ് കെജ്രിവാൾ ജയിൽ തുടരാനാണ് സാധ്യത.
by liji HP News | Apr 10, 2024 | Latest News, കേരളം
കോട്ടയം: കോട്ടയം വെള്ളൂരില്‍ ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. വെള്ളൂര്‍ സ്വദേശികളായ വൈഷ്ണവ് (21), ജിഷണു (21) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയായിരുന്നു അപകടം.
വടയാറില്‍ ഉത്സവം കൂടിയശേഷം വീട്ടിലേക്ക് തിരികെ വരുന്നവഴിയായിരുന്നു അപകടമുണ്ടായത്. കോട്ടയത്തെ സ്വകാര്യ കോളജിലെ ബിബിഎ വിദ്യാര്‍ത്ഥികളാണ് രണ്ടുപേരും.
by liji HP News | Apr 10, 2024 | Latest News, കേരളം
ആറ്റിങ്ങൽ: വിഷുക്കാലത്ത് സ്ഥാനാർത്ഥിപര്യടന കേന്ദ്രങ്ങളിലും കണിക്കൊന്ന പൂക്കൾ നിറയുന്നു. ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സ്വീകരണ കേന്ദ്രങ്ങളിൽ ഒരു സാമ്യമുണ്ട്. അത് സ്വീകരിക്കാനെത്തുന്നവരുടെ കൈകളിലെ കണിക്കൊന്നയാണ്. സ്ഥാനാർത്ഥികൾ പര്യടനം ആരംഭിച്ചത് മുതൽ കണിക്കൊന്നകൾ കൊണ്ടുള്ള വരവേൽക്കൽ പതിവാണ്. വിഷുക്കാലം ആയതിനാലും കൊന്നപ്പൂവിൻ്റെ സീസൺ ആയതിനാലും ഇതിൻ്റെ ലഭ്യതയും സുലഭമാണ്. അതിനാൽ നാട്ടിൻപുറങ്ങളിൽ സ്ഥാനാർത്ഥികളെ സ്വീകരിക്കുവാൻ എത്തുന്നവരുടെ കൈകളിൽ കണിക്കൊന്നയുടെ പൂങ്കുല ദൃശ്യമാണ്.
കാഴ്ച ഭംഗിയ്ക്ക് അപ്പുറം ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായും വിശ്വാസികൾ കണിക്കൊന്ന പൂവിനെ കാണുന്നുണ്ട്. അതും കൊന്നപ്പൂ കൊണ്ടുള്ള വരവേൽക്കൽ വ്യാപകമാകുവാൻ കാരണമായിട്ടുണ്ട്. ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയിക്കും യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിനും എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരനും എല്ലാ ദിവസവും നിരവധി പേരാണ് കൊന്നപ്പൂക്കൾ കൊണ്ട് സ്വീകരണം നൽകുന്നത്. കണിക്കൊന്ന പൂക്കൾ നേരിട്ട് നൽകിയും കണിക്കൊന്ന പൂക്കൾ കൊണ്ടുള്ള ഹാരം നിർമിച്ചും കൊന്നപ്പൂ കൊണ്ടുള്ള പൂച്ചെണ്ടു നിർമ്മിച്ചും കൊന്നപ്പൂ കൊണ്ടുള്ള കിരീടവും ചെങ്കോലും നിർമ്മിച്ചും സ്ഥാനാർത്ഥികൾക്ക് കൈമാറുന്നുണ്ട്.
കാടും മലയും താണ്ടി നാടും നാട്ടാരെയും കണ്ടു ആഘോഷങ്ങളിലും പര്യടന പരിപാടികളിലും പങ്കെടുത്ത് പ്രചരണത്തിൽ മുന്നേറുകയാണ് അടൂർ പ്രകാശ്. വികസനമില്ലാതെ ഇരുട്ടിലായിരുന്ന പെരിങ്ങമലയെ പ്രകാശപൂരിതമാക്കിയ അടൂർ പ്രകാശിനെ ആഘോഷപൂർവ്വമാണ് പെരിങ്ങമല വരവേറ്റത്. പൂച്ചെണ്ട് നൽകിയും തൊപ്പി സമ്മാനിച്ചും തോർത്ത് ഷാൾ അണിയിച്ചും സ്നേഹ സ്വീകരണമൊരുക്കി. മണ്ഡല പര്യടനത്തിന്റെ ഭാഗമായാണ് രാവിലെ പെരിങ്ങമലയിൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് എത്തിയത്. ഇടിഞ്ഞാർ വിട്ടിക്കാവ് പട്ടികവർഗ്ഗ കോളനിയിൽ കെപിസിസി മെമ്പർ ആനാട് ജയനാണ് സ്ഥാനാർത്ഥിപര്യടനം ഉദ്ഘാടനം ചെയ്തത്. കുട്ടികളും സ്ത്രീകളുമടക്കം നിരവധിപേർ പര്യടനകേന്ദ്രങ്ങളിൽ കാത്തുനിന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ്, ഡി രഘുനാഥൻ നായർ, താന്നിമൂട് ഷംസുദീൻ, വാർഡ് മെമ്പർ ഭാസുരാംഗി, എറവം ഷാലിദ്, കെ സി സോമരാജൻ, നജീം പെരിങ്ങമല, എറവം ഷാനവാസ്, ആർ ബി കുമാർ തുടങ്ങിയവർ പങ്കെടുത്തു.
എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി.ജോയിയുടെ ചൊവ്വാഴ്ചത്തെ തെരഞ്ഞെടുപ്പ് പര്യടനം വാമനപുരം നിയോജകമണ്ഡലം കേന്ദ്രീകരിച്ച് നടന്നു. രാവിലെ എട്ടിന് പാലംകോണത്ത് നിന്നും ആരംഭിച്ചു. വെള്ളമണ്ണടി, മരുതുംമൂട്, കൂനൻ മേഘ, ചുള്ളാളം, പനവൂർ, ആറ്റിൻപുറം, പാണയം, വിശ്വപുരം വഴി പേരയെത്തു സമാപിച്ചു. ഉച്ച വിശ്രമത്തിന് ശേഷം പനയ മുട്ടത്തു നിന്നും പുനരാരംഭിച്ചു. തെറ്റിമൂട് കാരിക്കോഴി ചുള്ളിമാനൂർ കോണം ആലംകോട് ദാകച്ചേരി ഇരിഞ്ചയം വേങ്ങവിള കുണ്ടറക്കുഴി പാങ്കോട് വഴി മൂഴിയിൽ സമാപിച്ചു. ആശിർവദിച്ചും ആലിംഗനം ചെയ്തും കൈ കൊടുത്തും ജനങ്ങൾ തങ്ങളുടെ പിന്തുണ അറിയിച്ചു. അവർ നൽകിയ സ്നേഹത്തിലൂടെ മണ്ഡലം തന്നെ കൈവിടില്ലെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് സ്ഥാനാർഥി വി.ജോയ് പറഞ്ഞു.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ ചൊവ്വാഴ്ച ആര്യനാടും മലയൻകീഴും നടന്ന വാഹനപര്യടനം ആവേശോജ്വലമായി സമാപിച്ചു. ആര്യനാട് മണ്ഡലത്തിൽ വിതുര, തൊളിക്കോട് പഞ്ചായത്തുകളിലും മലയൻകീഴ്
മണ്ഡലത്തിൽ മലയിൻകീഴ്, പള്ളിച്ചൽ പഞ്ചായത്തുകളിലുമാണ് പര്യടനം നടന്നത്.
ആര്യനാട് മണ്ഡലത്തിൽ ചേന്നൻ പാറയിൽ നിന്നും ആരംഭിച്ച പര്യടനം 25 ഇടങ്ങളിൽ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പുളിച്ചാമലയിൽ സമാപിച്ചു.
മലയൻകീഴ് മണ്ഡലത്തിലെ പര്യടനം ചപ്പാത്ത് നിന്നും തുടങ്ങി മുക്കം പാലമൂട് സമാപിച്ചു. ചപ്പാത്തിൽ നിന്നും പര്യടനം ആരംഭിച്ചു. ഗോവിന്ദമംഗലം, മണിയറമല, കോവിൽ വിള, ശിവജിപുരം, നരുവാമൂട്, ഗാന്ധി നഗർ, മണലുവിള, ഇടയ്ക്കോട്, പ്രാവചമ്പലം, പള്ളിച്ചൽ, പുന്നമൂട്, താന്നിവിള വഴി മുക്കം പാലമൂടിൽ സമാപിച്ചു. സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനക്കൂട്ടം സ്വീകരണ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നു. ഷാൾ അണിയിച്ചും പഴവർഗങ്ങളും പൂക്കളും സമ്മാനിച്ചും സ്ഥാനാർത്ഥിയെ സ്വീകരിച്ചു.
by liji HP News | Apr 10, 2024 | Latest News, കേരളം
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രില്‍ 26 വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനാ സമയം പുനഃക്രമീകരിക്കുമെന്ന് പാളയം ഇമാം. അന്ന് ഒരു മണിക്ക് തുടങ്ങി 1.20 വരെയായി പ്രാര്‍ത്ഥനാ സമയം ക്രമീകരിക്കുമെന്നാണ് പാളയം ഇമാം വിപി സുഹൈബ് മൗലവി വ്യക്തമാക്കിയത്.
നേരത്തെ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്തുന്നത് മാറ്റണമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിക വിശ്വാസികള്‍ പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കായി പോകുന്നതിനാല്‍ വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന പോളിങ് മാറ്റണമെന്നാണ് മുസ്ലിം ലീഗും മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നത്.
വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് മാറ്റണമെന്ന് കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച പോളിങ് നടത്തുന്നത് നിരവധി പോളിങ് ഉദ്യോഗസ്ഥർക്കും പോളിങ് ബൂത്ത് ഏജൻ്റുമാർക്കും വോട്ടർമാർക്കും അസൗകര്യമുണ്ടാക്കും. അതിനാൽ കേരളത്തിലെ പോളിങ് തീയതി മാറ്റണമെന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
by Midhun HP News | Apr 10, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രിൽ 26ന് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഐടി, തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള മുഴുവൻ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി ബാധകമായിരിക്കും. ഒരാളിന് അവധി അനുവദിക്കുന്നത് അയാൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്കരമാവാനോ സാരവത്തായ നഷ്ടം ഉണ്ടാകാനോ ഇടയുള്ള സാഹചര്യങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി അയാൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണം.
സ്വന്തം ജില്ലക്ക് പുറത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് അവരവരുടെ പോളിങ് സ്‌റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ മതിയായ അവധി തൊഴിലുടമ ഉറപ്പാക്കണമെന്നും കമ്മീഷണർ അറിയിച്ചു.
by Midhun HP News | Apr 10, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 13 വരെ ഉയർന്ന താപനില തുടർന്നേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കും.
പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ,എറണാകുളം, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Recent Comments