ചെറിയ പെരുന്നാൾ നിറവിൽ വിശ്വാസികൾ

ചെറിയ പെരുന്നാൾ നിറവിൽ വിശ്വാസികൾ

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. പെരുന്നാള്‍ നമസ്ക്കാരത്തിനായി ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങിക്കഴിഞ്ഞു. ഉത്തരേന്ത്യയിലും ദില്ലിയിലും നാളെയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. സംസ്ഥാനത്ത് 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

ചെറിയ പെരുന്നാൾ നിറവിൽ വിശ്വാസികൾ

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാള്‍

കോഴിക്കോട്: കേരളത്തില്‍ നാളെ ചെറിയപെരുന്നാള്‍. പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള ജിസിസി രാഷ്ട്രങ്ങളിലും നാളെയാണ് ചെറിയപെരുന്നാള്‍.

മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍,കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍,സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.

‘വീട്ടിലെ ബാര്‍’ പൂട്ടിച്ചു; ചിറ്റൂരില്‍ മദ്യ വില്‍പ്പന നടത്തിയ സ്ത്രീ അറസ്റ്റില്‍

‘വീട്ടിലെ ബാര്‍’ പൂട്ടിച്ചു; ചിറ്റൂരില്‍ മദ്യ വില്‍പ്പന നടത്തിയ സ്ത്രീ അറസ്റ്റില്‍

പാലക്കാട്: വീട് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തിയിരുന്ന സ്ത്രീ അറസ്റ്റില്‍. ചിറ്റൂര്‍ പട്ടഞ്ചേരി വണ്ടിതാവളത്ത് ദേവി ആണ് അറസ്റ്റിലായത്. ചിറ്റൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ അനീഷ് മോഹനും സംഘവുമാണ് ദേവിയെ അറസ്റ്റ് ചെയ്തത്.

ദേവിയുടെ ഭര്‍ത്താവ് ഹരിദാസിനെതിരെ അനധികൃത മദ്യ വില്പനയ്ക്കും മദ്യം സൂക്ഷിച്ചതിനും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു.എക്‌സൈസ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍, ഗോപകുമാരന്‍, രമേഷ് കുമാര്‍, രതീഷ്, ജോസ് പ്രകാശ്, പ്രജിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കാൻസർ കേസുകൾ കുതിക്കുന്നു; ഇന്ത്യ രോഗത്തിന്റെ തലസ്ഥാനം, പത്തിലൊരാൾ വിഷാദരോ​ഗി

കാൻസർ കേസുകൾ കുതിക്കുന്നു; ഇന്ത്യ രോഗത്തിന്റെ തലസ്ഥാനം, പത്തിലൊരാൾ വിഷാദരോ​ഗി

ഇന്ത്യയില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. അപ്പോളോ ഹോസ്പിറ്റല്‍സിന്റെ നാലാമത്തെ എഡിഷന്റെ ഹെല്‍ത്ത് ഓഫ് നേഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സാംക്രമികേതര രോഗങ്ങളും കുത്തനെ ഉയര്‍ന്നു. രാജ്യം കാന്‍സറിന്റെ തലസ്ഥാനമായി മാറിയിരിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ മൂന്നിലൊരാള്‍ പ്രീഡയബറ്റിക്കും മൂന്നില്‍ രണ്ടുപേര്‍ പ്രീ ഹൈപ്പര്‍ടെന്‍സീവും പത്തിലൊരാള്‍ വിഷാദരോഗികളും ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളില്‍ സ്തനാര്‍ബുദം, സെര്‍വിക്‌സ് കാന്‍സര്‍, ഒവേറിയന്‍ കാന്‍സറും പുരുഷന്മാരില്‍ ശ്വാസകോശ അര്‍ബുദം, വായിലെ കാന്‍സര്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്നിവയുമാണ് രാജ്യത്ത് ഉയര്‍ന്നു വരുന്നത്.

കൂടാതെ മറ്റുരാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവരുടെ പ്രായം കുറവാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ കാന്‍സര്‍ സ്‌ക്രീനിങ് നിരക്കും വളരെ കുറവാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ, അമിതവണ്ണക്കാരുടെ നിരക്ക് 2016-ൽ ഒമ്പതുശതമാനത്തിൽ നിന്നും 2023 ആയപ്പോഴേക്കും 20 ശതമാനമായി ഉയർന്നു. ഹൈപ്പർടെൻഷൻ കേസുകൾ ഇതേ കാലയളവിൽ തന്നെ ഒമ്പതിൽ നിന്ന് പതിമൂന്നായി ഉയർന്നു.

കൃത്യമായ ഇടവേളകളിൽ മെ‍ഡിക്കൽ പരിശോധനകളും നേരത്തെയുള്ള
രോ​ഗനിർണയവുമാണ് രോ​ഗങ്ങളെ പ്രതിരോധിക്കാനുള്ള മാർ​ഗം. അതിനായി രാജ്യമെമ്പാടും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആ​ഗോളതലത്തിൽ 2050 ആകുമ്പോഴേക്കും 77 ശതമാനം കാൻസർ കേസുകളിൽ എത്തിച്ചേരുമെന്നാണ് ലോകാരോ​ഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഓരോ രാജ്യങ്ങളും തങ്ങളുടെ ആരോ​ഗ്യ പദ്ധതികളിൽ കാൻസറിന് പ്രാമുഖ്യം നൽകുന്നത് ​രോ​ഗപ്രതിരോധത്തിന് ​ഗുണം ചെയ്യുമെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. കൂടാതെ ആരോ​ഗ്യകരമായ ഒരു ജീവിതശൈലിയും പിന്തുടരേണ്ടത് നിർബന്ധമാണ്.

ശനിയാഴ്ച വരെ കൊടും ചൂട് തുടരും; പാലക്കാട് 41 ഡിഗ്രി തന്നെ

ശനിയാഴ്ച വരെ കൊടും ചൂട് തുടരും; പാലക്കാട് 41 ഡിഗ്രി തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് തുടര്‍ച്ചയായ ആറാം ദിവസവും ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ,എറണാകുളം, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 4 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതിനിടെ വേനല്‍മഴ ലഭിക്കുമെന്ന പ്രവചനം നേരിയ ആശ്വാസമാകുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ വേനല്‍മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ബുധനാഴ്ചയും വ്യാഴാഴ്ചയും ചില ഒറ്റപ്പെട്ട മഴയ്ക്ക് മാത്രമാണ് സാധ്യത. എന്നാല്‍ വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരമാലയുടെ വേഗത സെക്കന്‍ഡില്‍ 20 cm നും 40 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മാര്‍ഗനിര്‍ദേശം:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

കുതിപ്പ് തുടരുന്നു; സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ

കുതിപ്പ് തുടരുന്നു; സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് വിലയിൽ നേരിയ വർധനയേ ഉണ്ടായുള്ളുവെങ്കിലും സ്വർണവില സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഗ്രാമിന് 10 രൂപ വർധിച്ച് ഇന്നത്തെ വില 6575 ൽ എത്തി. ഒരു പവൻ സ്വർണത്തിന്റെ വില 52600 രൂപയുമായി.

സ്വർണ്ണവില ഉയരങ്ങളിലേക്ക് തന്നെ പോവുകയാണ്. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ, അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കും എന്ന അനിശ്ചിതത്വം നിലനിൽക്കുന്നത്, ലോകമെമ്പാടുമുള്ള സ്വർണത്തോടുള്ള താൽപര്യം എന്നിവ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവില വർദ്ധനയ്ക്ക് കാരണമാകുന്നു.അന്താരാഷ്ട്ര സ്വർണ്ണവില 2400 ഡോളറിലേക്ക് എത്തും എന്നുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. വെള്ളി വിലയും വർധിക്കുകയാണ്. 27.85 ആണ് ഇപ്പോഴത്തെ ഡോളർ നിരക്ക്. 30 ഡോളർ മറികടക്കും എന്നാണ് വിപണി നൽകുന്ന സൂചന.