by liji HP News | Apr 9, 2024 | Latest News, കേരളം
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ആജീവനാന്ത തടവ് വിധിച്ച് കോടതി. ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 65 കാരനാണ് കോടതി മൂന്നു ജീവപര്യന്തം ശിക്ഷ വിധിച്ചത്. എറണാകുളം പോക്‌സോ കോടതിയുടേതാണ് ശിക്ഷാവിധി.
തോപ്പുംപടി മുണ്ടംവേലി സാന്തോം കോളനി സ്വദേശി ശിവനെയാണ് കോടതി ശിക്ഷിച്ചത്. മൂന്നു ജീവപര്യന്തം കൂടാതെ, 25 വര്‍ഷം അധിക തടവും വിധിച്ചിട്ടുണ്ട്. പ്രതിക്ക് 4.60 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തോപ്പുംപടിയില്‍ 2018 മെയിലാണ് കേസിന് ആസ്പദമായ കുറ്റകൃത്യം നടന്നത്. അരൂരിലെ വാടക വീട്ടിലേക്ക് പോകാന്‍ ഓട്ടോക്കാശ് ചോദിച്ചാണ് പെണ്‍കുട്ടി പരിചയമുള്ള പ്രതിയെ സമീപിക്കുന്നത്. പ്രതി പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി തോപ്പുംപടിയിലെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
കോടതി വിധി അനുസരിച്ച്, പ്രതി ആദ്യത്തെ 25 വര്‍ഷം കഠിനതടവ് അനുഭവിക്കുകയും മരണം വരെ ജയിലില്‍ കിടക്കുകയും വേണമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതിക്കെതിരെ പള്ളുരുത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
by liji HP News | Apr 9, 2024 | Latest News, കേരളം
തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരള പൊലീസ്. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നുവീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസ്.ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങളെ അറിയിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. താഴെപ്പറയുന്ന വാട്‌സാപ്പ് നമ്പറിലൂടെ വിവരം നല്‍കാം.
by liji HP News | Apr 9, 2024 | Latest News, കേരളം
കൊച്ചി: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അവകാശമാണെന്നു പറയാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പെന്‍ഷന്‍ എന്നാണു പേരെങ്കിലും അത് സര്‍ക്കാര്‍ നല്‍കുന്ന സഹായം മാത്രമാണ്. പെന്‍ഷന്‍ നല്‍കുന്നതിനായി സെസ് പിരിക്കുന്നുണ്ട് എന്നതുകൊണ്ട് അതു നിയമപരമായ അവകാശമായി മാറില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സെസ് പിരിച്ചിട്ടും പെന്‍ഷന്‍ നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി, അഡ്വ. എഎ ഷിബി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. മദ്യത്തിനും ഇന്ധനത്തിനും സെസ് പിരിച്ചിട്ടും സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി. പെട്രോള്‍ ലിറ്ററിന് രണ്ടു രൂപ വച്ചാണ് സെസ് പിരിക്കുന്നത്. മദ്യത്തിന് ആയിരം രൂപ വരെ 20ഉം ആയിരത്തിനു മുകളില്‍ 40ഉം സെസ് ആയി പിരിക്കുന്നുണ്ട്.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സര്‍ക്കാര്‍ പദ്ധതിയാണ്. ഫണ്ടിന്റെ ലഭ്യത അനുസരിച്ചാണ് അതു വിതരണം ചെയ്യുന്നത്. ഇന്ദിര ഗാന്ധി ദേശീയ വാര്‍ധക്യ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍ എന്നിവയ്ക്കു കേന്ദ്ര സഹായമുണ്ട്. ഇതിനു പുറമേ മൂന്നു ലക്ഷത്തിലേറെ കര്‍ഷകര്‍ക്കും 76,000ത്തോളം അവിവാഹിതകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നു. അഞ്ചു പെന്‍ഷന്‍ പദ്ധതിക്കും കൂടി വേണ്ടത് പ്രതിമാസം 900 കോടിയിലേറെ രൂപയാണ്. ഇതിനു പുറമേ ക്ഷേമനിധി പെന്‍ഷന്‍ നല്‍കാന്‍ പ്രതിമാസം 90 കോടി രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ട്. അന്‍പതു ലക്ഷത്തിലേറെ ഗുണഭോക്താക്കളാണ് പെന്‍ഷന്‍ പദ്ധതികള്‍ക്കായി സംസ്ഥാനത്തുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പെന്‍ഷന്‍ എപ്പോള്‍ നല്‍കണമെന്നും എത്ര നല്‍കണമെന്നും തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാരിനാണ്. തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ സമയത്തു പെന്‍ഷന്‍ വിതരണം നടക്കുന്നില്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
by Midhun HP News | Apr 9, 2024 | Latest News, കേരളം
തിരുവനന്തപുരം: വിഷുക്കൈനീട്ടം കൊടുക്കാന്‍ പുതുപുത്തന്‍ നോട്ടുകളും നാണയങ്ങളും വേണോ?. സൗകര്യമൊരുക്കി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരത്തെ മേഖലാ ഓഫീസിലും സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലുള്ള കറന്‍സി ചെസ്റ്റുകളില്‍ നിന്നും പുതുപുത്തന്‍ കറന്‍സി നോട്ടുകളും നാണയങ്ങളും വാങ്ങാം.
തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 നും ഉച്ചയ്ക്ക് 2.30 നും ഇടയിലാണ് ചില്ലറ വാങ്ങുന്നതിനുള്ള സമയം. അച്ചടി കുറച്ചതിനാല്‍ 10 രൂപ നോട്ടുകള്‍ക്ക് മാത്രമാണ് ക്ഷാമം.വിഷുക്കാലത്തു മാത്രമല്ല, എല്ലാക്കാലത്തും പുതിയ നോട്ടുകള്‍ക്കും ചില്ലറകള്‍ക്കും റിസര്‍വ് ബാങ്കിനെയും കറന്‍സി ചെസ്റ്റുകളെയും സമീപിക്കാവുന്നതാണ്.
by Midhun HP News | Apr 9, 2024 | Latest News, കേരളം
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം കോളജിൽ എത്തി പരിശോധന നടത്തി. കോളജിലെ റാഗിങ് വിരുദ്ധ സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടുകള്‍, ക്ലാസ് രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകൾ സിബിഐ പരിശോധിച്ചു. ഇന്ന് സിദ്ധാർത്ഥന്റെ അച്ഛന്റെയും അമ്മാവന്റെയും മൊഴി രേഖപ്പെടുത്തും.
കോളജ് ഹോസ്റ്റൽ, സിദ്ധാർഥൻ ആൾക്കൂട്ട വിചാരണയ്ക്കിരയായ 21-ാം നമ്പർ മുറി, നടുമുറ്റം, വാട്ടർ ടാങ്ക് സ്ഥാപിച്ച കോളജ് കാമ്പസിനകത്തെ കുന്ന് എന്നിവിടങ്ങളെല്ലാം കഴിഞ്ഞ ദിവസം അന്വേഷണസംഘമെത്തി പരിശോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റാഗിങ്ങുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും രേഖകളും പരിശോധിച്ചത്. റിപ്പോർട്ടുകൾ സിബിഐ കസ്റ്റഡിയിലെടുത്തു.
സംഭവ ദിവസം ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികളുടെയും സിദ്ധാർത്ഥന്റെ സഹപാഠികളുടെയും മൊഴി സിബിഐ രേഖപ്പെടുത്തി. ഇന്നും നാളെയുമായി കൂടുതൽ വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തും. വൈത്തിരി റെസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന ക്യാമ്പ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് വിദ്യാർഥികളുടെ മൊഴി സിബിഐ രേഖപ്പെടുത്തിയത്.
മുൻ ഡീൻ ഡോ. എംകെ നാരായണൻ, അസി.വാർഡൻ ഡോ. കാന്തനാഥൻ എന്നിവരെയും വിളിച്ചുവരുത്തും. കല്പറ്റ പൊലീസ് 20 പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. എന്നാൽ കേസിൽ കൂടുതൽ പ്രതികളുണ്ടാകുമെന്ന സൂചനയാണ് സിബിഐയുടെ എഫ്ഐആറിൽ പറയുന്നത്. 21-ാമത്തെ പ്രതിയുടെ സ്ഥാനത്ത് അജ്ഞാതൻ എന്നാണ് ചേർത്തിരിക്കുന്നത്.
Recent Comments