കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ മുളന്തുരുത്തി അരയന്‍കാവിന് സമീപം വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ ജോയല്‍ ജോസഫ് ആന്റണി, നിസാം എന്നിവരാണ് മരിച്ചത്.അരയന്‍കാവിന് സമീപം ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം. എതിര്‍ദിശകളില്‍ വന്ന കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരാണ് മരിച്ചത്.കാറിലിടിച്ച സ്‌കൂട്ടര്‍ സമീപത്തെ മതിലില്‍ ഇടിച്ച് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ഇന്നലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. രണ്ടാമത്തെയാള്‍ ഇന്നു പുലര്‍ച്ചെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം

തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം

തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ താഹിര്‍(20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ്(29) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍ മുക്കിലായിരുന്നു അപകടം. കഴക്കൂട്ടം ഭാഗത്തേക്ക് അമിത വേഗതയിലായിരുന്നു ബൈക്ക് വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അമിതവേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ അപകടം നടന്ന സ്ഥലത്തുനിന്നും 100 മീറ്റര്‍ മാറിയാണ് സുനീഷ് തെറിച്ചുവീണത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബൈക്കില്‍ ഉണ്ടായിരുന്ന മണക്കാട് സ്വദേശി അല്‍ അമാന്‍(19) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ബൈക്കുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടായതെന്ന് സൂചനയുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണവില കുതിയ്ക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണവില കുതിയ്ക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത് തുടരുന്നു. ഇന്ന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,520 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 6565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ ആയിരം രൂപ വര്‍ധിച്ച ശേഷം തുടര്‍ന്നുള്ള ദിവസങ്ങളിലും വില ഉയരുന്നത് തുടരുകയാണ്. ആറുദിവസത്തിനിടെ രണ്ടായിരത്തോളം രൂപയാണ് വര്‍ധിച്ചത്. ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് കഴിഞ്ഞദിവസങ്ങളില്‍ വിലയില്‍ പ്രതിഫലിച്ചത്.

പാനൂര്‍ ബോംബ് സ്ഫോടനം; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

പാനൂര്‍ ബോംബ് സ്ഫോടനം; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അമൽ ബാബു അറസ്റ്റിൽ. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് അമൽ‌ ബാബു. ഇയാൾ ബോംബ് നിർമാണത്തിൽ നേരിട്ടു പങ്കെടുത്തു എന്നാണ് പൊലീസ് പറയുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനായ മിഥുൻലാൽ പൊലീസ് കസ്റ്റഡിയിലാണ്.

മിഥുൻലാലിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ബോംബ് നിർമാണത്തക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും പൊലീസ് കരുതുന്നു. സംഭവം നടക്കുമ്പോൾ മിഥുൻലാൽ ബെംഗളൂരുവിൽ ആയിരുന്നു. ഇയാളെ ബെംഗളൂരുവിൽ നിന്നാണു പിടികൂടിയത്.

സംഭവുമായി ബന്ധപ്പെട്ട് സായൂജ് ഉൾപ്പെടെ നാല് പ്രതികളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29) എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നു പേർ. കോയമ്പത്തൂരിലേയ്ക്ക് രക്ഷപ്പെടുന്നതിനിടെ പാലക്കാട് നിന്നാണ് സായൂജ് പിടിയിലാകുന്നത്.

പാനൂർ കുന്നോത്ത് പറമ്പിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ മൂളിയാത്തോട് കാട്ടിൻറവിട ഷെറിൻ (31) ആണ് മരിച്ചത്. സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരായ അതുൽ, അരുൺ, ഷിബിൻ ലാൽ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

3200 കൈയില്‍ കിട്ടും; ചൊവ്വാഴ്ച മുതല്‍ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യും

3200 കൈയില്‍ കിട്ടും; ചൊവ്വാഴ്ച മുതല്‍ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യും

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. ഒരു ഗഡു കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു.

പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും.

62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ വിഹിതം മുടക്കിയ സാഹചര്യത്തിലാണ് കേരളം മുന്‍കൂറായി തുക നല്‍കുന്നത്.

വിഷു പൂജയ്ക്കായി ശബരിമല ഏപ്രില്‍ 10ന് തുറക്കും; വിപുലമായ യാത്രാ സൗകര്യവുമായി കെഎസ്ആര്‍ടിസി

ശബരിമല: മേട മാസപൂജകള്‍ക്കും വിഷു പൂജകള്‍ക്കുമായി ശബരിമല ക്ഷേത്രം ഏപ്രില്‍ 10 ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.ശേഷം ഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേല്‍ശാന്തി തുറന്ന് വിളക്കുകള്‍ തെളിക്കും.

പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ ശാന്തി അഗ്‌നി പകര്‍ന്നു കഴിഞ്ഞാല്‍ അയ്യപ്പഭക്തര്‍ക്ക് ശരണം വിളികളുമായി പതിനെട്ടാം പടി കയറി അയ്യനെ കണ്ടുതൊഴാനാകും. മാളികപ്പുറം മേല്‍ശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടതുറന്ന് ഭക്തര്‍ക്ക് മഞ്ഞള്‍പ്പൊടി പ്രസാദം വിതരണം ചെയ്യും.

നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടാവില്ല. 11 ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രനട തുറക്കും. പതിനൊന്നാം തീയതി മുതല്‍ നെയ്യഭിഷേകം ഉണ്ടായിരിക്കും. മേടം ഒന്നായ ഏപ്രില്‍ 14 ന് പുലര്‍ച്ചെ മൂന്നിന് തിരുനട തുറക്കും. തുടര്‍ന്ന് വിഷുക്കണി ദര്‍ശനവും കൈനീട്ടം നല്‍കലും. പിന്നേട് പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും. പൂജകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 18ന് നട അടക്കും.

ശബരിമല മേടമാസ പൂജയും, വിഷുദര്‍ശനവും പ്രമാണിച്ച് അയ്യപ്പ ഭക്തര്‍ക്ക് വിപുലമായ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. പത്താം തീയതി മുതല്‍ തിരുവനന്തപുരം,ചെങ്ങന്നൂര്‍, പത്തനംത്തിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേയ്ക്ക് സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്.

ട്രയിന്‍ മാര്‍ഗ്ഗം ചെങ്ങന്നൂരില്‍ എത്തുന്ന ഭക്തര്‍ക്ക് ഏത് സമയവും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരക്കനുസരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സര്‍വ്വീസുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വ്വീസുകള്‍ ഇടതടവില്ലാതെക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് ബസുകളുടെ മുന്‍കൂട്ടി ബുക്കിങ്ങ് സൗകര്യവും ഇതിനോടകം ഏര്‍പ്പെടുത്തിയതായും കെഎസ്ആര്‍ടിസി അറിയിച്ചു.