‘കടുത്ത വേനലാണ് ഇപ്പോള്‍’, അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണം; സംസ്ഥാന സിലബസ് സ്‌കൂളുകളോട് മന്ത്രി വി ശിവന്‍കുട്ടി

‘കടുത്ത വേനലാണ് ഇപ്പോള്‍’, അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണം; സംസ്ഥാന സിലബസ് സ്‌കൂളുകളോട് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: അവധിക്കാല ക്ലാസുകള്‍ സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ രക്ഷകര്‍ത്താക്കളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും ഉയരുന്നുണ്ട് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കേരള വിദ്യാഭ്യാസ നിയമം ചാപ്റ്റര്‍ 7 ചട്ടം ഒന്ന് പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങള്‍ പൂര്‍ണമായും വേനലവധി കാലഘട്ടമാണ്. മാര്‍ച്ച് അവസാനം സ്‌കൂള്‍ അടക്കുകയും ജൂണ്‍ ആദ്യം തുറക്കുകയും ചെയ്യും. അവധിക്കാല ക്ലാസുകള്‍ നടത്തുമ്പോള്‍ കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും സമ്മതമില്ലാതെ പണം പിരിക്കുന്നതായും ആക്ഷേപമുണ്ട്. ഇത് പാടില്ലെന്നും മന്ത്രി അറിയിച്ചു.

കടുത്ത വേനലാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കുട്ടികള്‍ക്ക് താങ്ങാന്‍ ആവാത്ത ചൂടാണിത്. അത് കുട്ടികളില്‍ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടാക്കും. കേരള വിദ്യാഭ്യാസ ചട്ടം ബാധകമല്ലാത്ത സ്‌കൂളുകളിലെ 10, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി രാവിലെ 7.30 മുതല്‍ 10.30 വരെ അവധിക്കാല ക്ലാസ് നടത്താമെന്ന് ഹൈകോടതി ഉത്തരവിട്ടുണ്ട്. അവധിക്കാല ക്ലാസുകളുമായി ബന്ധപ്പെട്ട ഭരണപരമായ ഉത്തരവിന് വിധേയമായിരിക്കും ഈ അനുമതിയെന്നും ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ കുട്ടികള്‍ക്കും തുല്യമായ നീതി ഉറപ്പാക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നയം. അതുകൊണ്ടുതന്നെ എല്ലാ സ്‌കൂളുകളും ഒരുപോലെ അടയ്ക്കുകയും തുറക്കുകയും ചെയ്യുക എന്നതാണ് സാമൂഹിക നീതി. രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും സ്വന്തം നിലയില്‍ അക്കാദമിക, അക്കാദമികേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. അതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ യാതൊരു ഉദ്ദേശവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

40 കടന്നും പൊള്ളുന്ന ചൂട്, വ്യാഴാഴ്ച വരെ തുടരും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

40 കടന്നും പൊള്ളുന്ന ചൂട്, വ്യാഴാഴ്ച വരെ തുടരും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട പാലക്കാട് ജില്ലയില്‍ ഈ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും തൃശൂര്‍ ജില്ലയില്‍ 39°C വരെയും കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38°C വരെയും എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

സാധാരണയെക്കാള്‍ 2 – 4 °C വരെ ചൂട് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കടുത്ത ചൂടിനിടെ തിങ്കളാഴ്ച മുതല്‍ വേനല്‍മഴ വ്യാപകമാകുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നേരിയ ആശ്വാസമാകും. നാളെ ഒന്‍പത് ജില്ലകളില്‍ വേനല്‍മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ചൊവ്വാഴ്ച സംസ്ഥാനമൊട്ടാകെ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.

വിനോദയാത്ര പോയ സൂപ്പർ ഡിലക്സ് എയർ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു അപകടം

വിനോദയാത്ര പോയ സൂപ്പർ ഡിലക്സ് എയർ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു അപകടം

കുളക്കട: കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്ര പോയ സൂപ്പർ ഡിലക്സ് എയർ ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് 15 മീറ്റർ അകലെ മരത്തിൽ ഇടിച്ചു നിന്നു. ഇന്ന് രാവിലെ 6.30ന് ഏനാത്ത് കുളക്കടയിൽ ആയിരുന്നു സംഭവം. ബസ്സിൽ 49 യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കില്ല. പുനലൂർ ഡിപ്പോയിലെതാണ് ബസ്. കൊല്ലം ഡിപ്പോയിലെ ഡ്രൈവർ ജെ.ഷാജിയാണ് ബസ് ഓടിച്ചിരുന്നത്. സ്റ്റിയറിങ് സ്റ്റക്കായി നിയന്ത്രണം വിട്ടതാണെന്ന് ഷാജി പറയുന്നു. ഇടതുവശം ചേർന്നുവന്ന ബസ് വലതുവശത്തേക്കാണ് ഇടിച്ചു കയറിയത്. എതിരെ നിന്ന് മറ്റു വാഹനങ്ങൾ വരാതിരുന്നതും വലതുവശത്ത് ഒഴിഞ്ഞ പറമ്പ് ആയിരുന്നതും അപകടത്തിന്റെ തീവ്രത കുറച്ചു.

അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു

അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു

പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു. ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷം പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി വീട്ടിലേക്ക് മടങ്ങി. 45 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആശുപത്രി വിട്ടെങ്കിലും ഡയാലിസിസ് അടക്കമുള്ള ചികിത്സ തുടരാൻ ഡോക്ടർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എറണാകുളത്തെ വീട്ടിലാണ് അദ്ദേഹം താമസിക്കുക. രാവിലെ ഡോക്ടർമാർ എത്തി പരിശോധിച്ച ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.

എല്ലാവരുടെയും പ്രാർഥനകൾ ഇനിയും തുടരണമെന്ന് മഅ്ദനി പറഞ്ഞു. 24 മണിക്കൂറും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയാണെന്ന് മഅ്ദനി പറഞ്ഞു. 24 മണിക്കൂറും വയറ്റിൽ ഡയാലിസിസിന്റെ ബാഗ് കിടക്കുകയാണ്. ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടിവന്നു. കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ട്. എല്ലാവരുടെയും പ്രാർഥനകൾ ഇനിയും തുടരണമെന്നും മഅ്ദനി പറഞ്ഞു.

കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷന് മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണം; കരട് ചട്ടമിറക്കി കേന്ദ്രം

കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷന് മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണം; കരട് ചട്ടമിറക്കി കേന്ദ്രം

കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷന് ഇനി മുതല്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട കരട് ചട്ടം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. മുന്‍പ് കുടുംബത്തിന്റെ മതം മാത്രമായിരുന്നു ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നത്.

കുട്ടിയുടെ ജനനം രജിസ്ട്രര്‍ ചെയ്യുമ്പോള്‍ പിതാവിന്റെയും മാതാവിന്റെയും മതം പ്രത്യേകം രേഖപ്പെടുത്തുന്നതിന് ഇനി മുതല്‍ കോളങ്ങള്‍ ഉണ്ടാകും. കുട്ടിയെ ദത്തെടുക്കലിലും ഈ നിയമം ബാധകമാകും. നിയമം പ്രാബല്യത്തിലാകുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാരുകള്‍ വിജ്ഞാപനം ചെയ്യണം. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും വേണം.

സ്‌കൂള്‍ പ്രവേശനം, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ പട്ടിക, ആധാര്‍ നമ്പര്‍, വിവാഹ രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ ജോലിയിലേക്കുള്ള നിയമനം എന്നിവയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഒരൊറ്റ രേഖയായി ഉപയോഗിക്കാന്‍ അനുവദിക്കുന്ന ജനന-മരണ രജിസ്‌ട്രേഷന്‍ ഭേദഗതി ബില്‍ 2023 കഴിഞ്ഞ മണ്‍സൂണ്‍ സമ്മേളനത്തില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. പൊതുസേവനങ്ങളും സാമൂഹിക ആനുകൂല്യങ്ങളും കാര്യക്ഷമവും സുതാര്യവുമാക്കുകയാണ് ഇത് സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

വിഷുദർശനം, ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി

വിഷുദർശനം, ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി

മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി ഫേസ്ബുക്കിൽ കുറിക്കുന്നു.
തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഏപ്രിൽ 10ന് പുലർച്ചെ നടതുറന്ന് 18ന് ദീപാരാധനയോടെയാണ് ശബരിമല നട അടയ്ക്കുക. ട്രെയിനിൽ ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയത്തും ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും തിരക്കനുസരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സർവ്വീസുകൾ ലഭ്യമാകും.
“സ്വാമിശരണം”

ശബരിമല മേടമാസ പൂജയും, വിഷുദർശനവും പ്രമാണിച്ച് കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ തിരുസന്നിധിയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് കെ എസ് ആർ ടി സി
വിപുലമായ യാത്രാ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

10/04/2024 പുലർച്ചെ നടതുറക്കുന്നതും 18/04/2024 ദീപാരാധനയോടെ നട
അടക്കുന്നതുമാണ്.

10/04/2024 മുതൽ കെ എസ് ആർ ടി സി യുടെ വിവിധ യൂണിറ്റുകളിൽ നിന്നും
സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം,ചെങ്ങന്നൂർ, പത്തനംത്തിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.

ട്രയിൻ മാർഗ്ഗം ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയവും ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും തിരക്കനുസ്സരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സർവ്വീസുകൾ ലഭ്യമാക്കിയിട്ടുണ്ട്.

നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെക്രമീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് ബസുകളുടെ മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്.

അഭൂതപൂർവ്വമായ തിരക്കനുഭവപെടുന്ന ദിവസങ്ങളിൽ അടുത്ത യൂണിറ്റുകളിൽ
നന്നും സർവ്വീസുകൾ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർടി സി പമ്പ

Phone:0473-5203445

ചെങ്ങന്നൂർ

Phone:0479-2452352

പത്തനംത്തിട്ട

Phone:0468-2222366

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 9497705222
ബന്ധപ്പെടാവുന്നതാണ്.