by liji HP News | Apr 5, 2024 | Latest News, കേരളം
സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് നഷ്ടമായത് നാല് കോടിയിലധികം രൂപ. തട്ടിപ്പ് വാട്‌സ്ആപ്പ് ടെലിഗ്രാം ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾ ഉപയോഗിച്ച്.
സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്.
കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് നാല് കോടി രൂപയിൽ അധികമാണ് തട്ടിപ്പുകൾ കൊണ്ട് പോയത്. വിവിധ തട്ടിപ്പുകളിൽ സൈബർ പോലീസ് മാത്രം രജിസ്റ്റർ ചെയ്ത് 10 എഫ്‌ഐആറുൾ. തിരുവനന്തപുരം തൃശൂർ ജില്ലകളിൽ മൂന്നും പാലക്കാട് വയനാട് ജില്ലകളിൽ രണ്ടു വീതം എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തത്.
വാട്‌സ്ആപ്പ് ടെലിഗ്രാം അക്കൗണ്ടുകൾ വഴിയാണ് ഭൂരിഭാഗം തട്ടിപ്പുകളും. തട്ടിപ്പിനിയാക്കുന്നവരിൽ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ്.തട്ടിപ്പുകൾ ആവർത്തിക്കുമ്പോഴും കേസെടുക്കുന്നതിനപ്പുറമുള്ള നടപടികളിലേക്ക് സാധിക്കാത്ത അവസ്ഥയിലാണ് പൊലീസ്.ദിവസങ്ങളിൽ സൈബർ തട്ടിപ്പ് കേസുകൾ ഇനിയും വരുമെന്നാണ് സൈബർ വിദഗ്ധരുടെ നിഗമനം.
by liji HP News | Apr 5, 2024 | Latest News, Uncategorized, കേരളം
സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ വേനൽ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.
അിതിനിടെ സംസ്ഥാനത്ത് താപനില മുന്നറിയിപ്പുമുണ്ട്. ഏപ്രിൽ 5 മുതൽ ഏപ്രിൽ 9 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ 37°C വരെയും, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 5 മുതൽ ഏപ്രിൽ 9 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
by liji HP News | Apr 5, 2024 | Latest News, കേരളം
തൃശൂര്‍: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു.വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. ഷോളയാര്‍ ഡാമിനോട് ചേര്‍ന്നുള്ള മുരുകാളി എസ്‌റ്റേറ്റിലെ അരുണ്‍ (51) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. താമസസ്ഥലത്ത് നിന്ന് ജോലിക്ക് പോകുമ്പോഴായിരുന്നു അരുണിനെ കാട്ടുപോത്ത് ആക്രമിച്ചത്. തോട്ടത്തില്‍ മറഞ്ഞുനിന്ന കാട്ടുപോത്ത് പാഞ്ഞെത്തി അരുണിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കുറച്ചുനേരം അവിടെ തന്നെ നിലയുറപ്പിച്ച ശേഷമാണ് കാട്ടുപോത്ത് പിന്‍വാങ്ങിയത്.അരുണിന്റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ ഒന്നുരണ്ടുമാസമായി പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടുപോത്തുകള്‍ കൂട്ടമായി ജനവാസകേന്ദ്രങ്ങളോട് ചേര്‍ന്ന് എത്തുന്ന സ്ഥിതി ഉണ്ട്. കാട്ടുപോത്തിനെയും കാട്ടാനയെയും പേടിച്ച് തൊഴിലാളികളില്‍ ചിലര്‍ ജോലി പോലും ഉപേക്ഷിക്കുന്ന സാഹചര്യമുണ്ട്. അതിനിടെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
by liji HP News | Apr 5, 2024 | Latest News, കേരളം
കൊച്ചി: എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിൻ സ്റ്റേഷനിൽ നിര്‍ത്താതെ മുന്നോട്ട് പോയത് വൻ ആശങ്കയ്ക്ക് വഴിവെച്ചു. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. ചൊവ്വര സ്റ്റേഷനിൽ നിര്‍ത്താതെ ട്രെയിൻ മുന്നോട്ട് പോവുകയായിരുന്നു.
ആലുവയ്ക്ക് അടുത്തുള്ള ചെറിയ സ്റ്റേഷനാണ് ചൊവ്വര. സ്റ്റേഷനിൽ ഇറങ്ങാൻ ആളുണ്ടായിരുന്നെങ്കിലും വണ്ടി നിർത്താതെ പോയത് യാത്രക്കാരെ അങ്കലാപ്പിലാക്കി. സ്റ്റേഷനിലെ ജീവനക്കാരൻ ട്രെയിനിലെ ഗാർഡിനെ വിവരം ധരിപ്പിച്ച ശേഷമാണ് തെറ്റ് മനസിലായത്. തുടർന്ന് പാതി വഴിയിൽ വണ്ടി നിർത്തി. ഇതോടെ സ്റ്റേഷനിൽ ഇറങ്ങേണ്ട പലരും ട്രെയിനിൽ നിന്ന് ചാടിയിറങ്ങുകയായിരുന്നു.
അപ്പോഴും ട്രെയിനിൽ കയറാൻ നിരവധി പേർ സ്റ്റേഷനിൽ കാത്തിരിക്കുകയായിരുന്നു. ഇതോടെ ട്രെയിന് പിന്നോട്ടെടുത്തു. കൂരിരുട്ടിൽ ദൂരെ ഇറങ്ങിയ യാത്രക്കാരിൽ പലര്‍ക്കും ട്രെയിൻ പിന്നോട്ടെടുത്തപ്പോൾ തിരികെ കയറാനുമായില്ല. രാത്രി 8.25 ഓടെ ചൊവ്വര സ്റ്റേഷനിൽ എത്തിയ ട്രെയിൻ വൈകിയാണ് പിന്നീട് സര്‍വീസ് നടത്തിയത്.
by liji HP News | Apr 5, 2024 | Latest News, കേരളം
കൊച്ചി: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ കേസ് ഏറ്റെടുക്കാന്‍ വേഗത്തില്‍ വിജ്ഞാപനം ഇറക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി. കേസ് സിബിഐ ഏറ്റെടുക്കുന്നത് വൈകുന്നത് അന്വേഷണത്തെ ബാധിച്ചേക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം വൈകുന്നതിനെതിരെ സിദ്ധാര്‍ത്ഥന്റെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.
സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്താല്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കേണ്ടതുണ്ടെന്ന് സിബിഐ വ്യക്തമാക്കി. അന്വേഷണം ഏറ്റെടുക്കാന്‍ ഇതുവരെ കേന്ദ്ര വിജ്ഞാപനം ഇറങ്ങിയിട്ടില്ലെന്ന് സിബിഐ മറുപടി നല്‍കിയപ്പോഴാണ് കേന്ദ്രസര്‍ക്കാരിന് കോടതിയുടെ ഇടക്കാല ഉത്തരവ്. ആരാണ് ഉത്തരവ് ഇറക്കുന്നതിന് വൈകീയതിന് കാരണമെന്നും കോടതി ചോദിച്ചു.
സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ വൈകുന്നത് പ്രതികള്‍ക്ക് ഗുണകരമാകുമെന്നും കോടതി നിരീക്ഷിച്ചു. വൈകുന്ന ഓരോ നിമിഷവും കേസന്വേഷണത്തെ ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്തുകൊണ്ട് ഫയലുകള്‍ കൈമാറാന്‍ കാലതാമസം ഉണ്ടായതെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. ഇങ്ങനെ കാലതാമസം ഉണ്ടാകുന്നത് കുറ്റവാളികള്‍ക്ക് കേസ് ഇല്ലാതാക്കാന്‍ സഹായകമാകുന്ന നിലപാടായിപ്പോകും.
അതിനാല്‍ സര്‍ക്കാര്‍ എന്തിനാണ് കാലതാമസം ഉണ്ടാക്കിയതെന്ന് കോടതി ചോദിച്ചു. മാര്‍ച്ച് 26 ന് തന്നെ കേസിന്റെ ഫയലുകള്‍ കൈമാറിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എത്രയും വേഗം സിബിഐക്ക് അന്വേഷണം കൈമാറി വിജ്ഞാപനം ഇറക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട കോടതി, വിജ്ഞാപന ഉത്തരവ് കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റിവെച്ചു.
by liji HP News | Apr 5, 2024 | Latest News, കേരളം
ഡല്‍ഹി: പലിശനിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐയുടെ പണവായ്പാ നയപ്രഖ്യാപനം. തുടര്‍ച്ചയായി ഏഴാം തവണയാണ് പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.
ഇതോടെ വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും. പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ പണനയസമിതി ഉറച്ചുനില്‍ക്കുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരിയില്‍ ഭക്ഷ്യവിലക്കയറ്റം രൂക്ഷമായി. പണപ്പെരുപ്പത്തിന്റെ അപകട സാധ്യതകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. അതിനിടെ ഗ്രാമീണ മേഖലയില്‍ ഉപഭോഗം വര്‍ധിച്ചത് സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തുപകരുമെന്ന് പ്രതീക്ഷിക്കുന്നതായും ശക്തികാന്ത ദാസ വ്യക്തമാക്കി.നടപ്പുസാമ്പത്തികവര്‍ഷം ഇന്ത്യ ഏഴു ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ആര്‍ബിഐയുടെ അനുമാനം.
Recent Comments