by Midhun HP News | Mar 22, 2024 | Latest News, കേരളം
തൊടുപുഴ: ഇടുക്കി കട്ടപ്പന ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി നീതിഷിനെതിരെ ബലാത്സംഗ കേസും. സുഹൃത്തിന്‍റെ അമ്മയെ ബലാത്സംഗം ചെയ്തതിനാണ് കേസെടുത്തത്. ഗന്ധർവൻ ചെയ്യുന്നതാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. 2016 നു ശേഷം പലതവണ ബലാത്സംഗം ചെയ്തുവെന്ന സ്ത്രീയുടെ പരാതിയിലാണ് നടപടി.
കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ നിതീഷിനെയും വിഷ്ണുവിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ബലാത്സംഗവിവരം പുറത്തുവന്നത്. പൂജയുടെ ഭാഗമായി ഗന്ധർവനെത്തുന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ച് പലതവണ സുഹൃത്തിന്‍റെ അമ്മയെ ബലാത്സംഗം ചെയ്തുവെന്ന് നിതീഷ് പൊലീസിനോട് സമ്മതിച്ചു. കെട്ടിട നിർമ്മാണ സ്ഥലത്തു നിന്നും കമ്പിയും സിമൻറും മോഷ്ടിച്ചതിന് ഇരുവർക്കുമെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. വർഷങ്ങളായി കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും നടന്ന നിരവധി മോഷണ കേസുകളിൽ ഇവർ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി.
വിജയന്‍റെ കുടുംബത്തിൽ എത്തിയ നിതീഷ് പലതും പറഞ്ഞ് കുടുംബത്തിലുള്ളവരെ തന്‍റെ വരുതിയിലാക്കി. വീട്ടിൽ ഗന്ധർവൻ എത്തുന്നുണ്ടെന്ന് വിശ്വസിപ്പിക്കാൻ പലവിധത്തിലുള്ള പൊടിക്കൈകളും പൂജകളും ഇയാൾ നടത്താറുണ്ടായിരുന്നു. ഗന്ധര്‍വന്‍റേതാണെന്ന് പറഞ്ഞ് കത്തുകള്‍ എഴുതി വീടിന്‍റെ പലഭാഗത്തു വെക്കുമായിരുന്നു. ഇയാള്‍ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വിഷ്ണുവിന്‍റെ അമ്മയേയും സഹോദരിയേയും കൗണ്‍സിലിങ്ങിന് വിധേയരാക്കുന്നുണ്ട്.
കൂട്ടുപ്രതിയായ വിഷ്ണുവിന്‍റെ അച്ഛന്‍ വിജയനേയും വിഷ്ണുവിന്‍റെ സഹോദരിക്ക് ജനിച്ച തന്‍റെ കുഞ്ഞിനേയുമാണ് നിതീഷ് കൊലപ്പെടുത്തിയത്. മോഷണക്കേസില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരട്ടക്കൊലപാതകം പുറത്തറിയുന്നത്.
by liji HP News | Mar 22, 2024 | Latest News, കേരളം
നടൻ കലഭാവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. ഞങ്ങൾക്ക് കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹിനിയാട്ടം മതിയെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ താരം കുറിച്ചു.
അധ്യാപികയും നർത്തകിയപമായ കലാമണ്ഡലം സത്യഭാമയെ പരിഹസിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. കൂടാതെ ഇനി മോഹിനിയാട്ടം അവതരിപ്പിക്കുമ്പോൾ പ്രതിഷേധമെന്ന നിലയ്ക്ക് മുഖത്ത് വെള്ളപൂശരതെന്നും ഭൂമി കുലുങ്ങുമോ എന്ന് നോക്കാമെന്നും രാമകൃഷ്ണനോട് അദ്ദേഹം അഭ്യർഥിച്ചു.
ഹരീഷ് പേരടിയും ഫെയ്സ്ബുക്ക് കുറിപ്പ്
മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി…രാമകൃഷ്ണനോടും ഒരു അഭിർത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം..കറുപ്പിനൊപ്പം..രാമകൃഷ്ണനൊപ്പം..
ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സത്യഭാമയുടെ പരാമർശം. മോഹിനി ആയിരിക്കണം മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറം. ഒരു പുരുഷൻ കാലും അകത്തി വച്ച് മോഹിനിയാട്ടം കളിക്കുക എന്നാൽ ഇതുപോലെ ഒരു അരോചകം ഇല്ല. മോഹിനിയാട്ടം ആൺപിള്ളേർക്ക് പറ്റണമെങ്കിൽ അതുപോലെ സൗന്ദര്യം ഉണ്ടാകണം. ആൺപിള്ളേരിൽ സൗന്ദര്യമുള്ളവരുണ്ട്. അവരായിരിക്കണം. ഇവനെ കണ്ടു കഴിഞ്ഞാൽ ദൈവം പോലും, പെറ്റ തള്ള സഹിക്കില്ല’- എന്നായിരുന്നു അവരുടെ വാക്കുകൾ
by liji HP News | Mar 22, 2024 | Latest News, കേരളം
തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും കണ്ടുകഴിഞ്ഞാല്‍ പെറ്റ തള്ള സഹിക്കില്ലെന്നുമായിരുന്നു സത്യഭാമയുടെ പരാമര്‍ശം.
”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്നവര്‍. ഇയാളെ കണ്ടു കഴിഞ്ഞാല്‍ കാക്കയുടെ നിറം. കാലുകുറച്ച് അകത്തിവച്ച് കളിക്കുന്നൊരു ആര്‍ട്ട് ഫോമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുക എന്നുപറഞ്ഞാല്‍ ഇതുപോലൊരു അരോചകമില്ല. മോഹിനിയാട്ടം ആണ്‍പിള്ളേര്‍ക്ക് പറ്റണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടാകണം. ആണ്‍പിള്ളേരില്‍ നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടുകഴിഞ്ഞാല്‍, ദൈവം പോലും, പെറ്റ തള്ള സഹിക്കില്ല,”- സത്യാഭാമ പറഞ്ഞു.
സത്യഭാമയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്‍, ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങി നിരവധി പേരാണ് സത്യഭാമയ്‌ക്കെതിരെയും ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ചും രംഗത്തെത്തിയത്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തടക്കമുള്ള നിരവധി പേര്‍ സത്യഭാമയെ പരാമര്‍ശത്തെ അപലപിച്ചു.
by liji HP News | Mar 22, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടില്‍ ആശ്വാസമായി വേനല്‍ മഴ. ഇന്ന് 11 ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ നേരിയ മഴയ്ക്കാണ് സാധ്യത. 15.6 മുതല്‍ 64.5 മില്ലീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം.
നാളെ എട്ട് ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. വയനാട്, പാലക്കാട്, തൃശൂര്‍,എറണാകുളം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. ജില്ലകളില്‍ മിതമായതോ നേരിയതോ ആയ മഴയ്ക്കാണ് സാധ്യത. 15.6 മുതല്‍ 64.5 മില്ലീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം.
ഇതിനിടെ, സംസ്ഥാനത്തെ ചൂട് 40 ഡിഗ്രിയോടടുക്കുന്നു. കഴിഞ്ഞ ശനിയാഴ്ച ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് കൊല്ലം ജില്ലയിലെ പുനലൂരില്‍ രേഖപ്പെടുത്തി -39.6 ഡിഗ്രി സെല്‍ഷ്യസ്. വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ ഈ മാസം തന്നെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
by liji HP News | Mar 22, 2024 | Latest News, കേരളം
തൊടുപുഴ: പൈപ്പിൽ നിന്ന് കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഗർഭിണിയെയും യുവാവിനെയും വെട്ടി പരിക്കേൽപ്പിച്ച് അയൽവാസി. ഇടുക്കി വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന തൊഴിലാളിയായ ചിന്നപ്പനും ഭാര്യ കവിതയ്ക്കുമാണ് പരിക്കേറ്റത്.
ഇവരുടെ തൊട്ടടുത്ത് ലയത്തിൽ താമസിക്കുന്ന ഗുരുചാർളിയാണ് ദമ്പതികളെ ആക്രമിച്ചത്. കവിത എസ്റ്റേറ്റിന്റെ പൈപ്പിൽ നിന്നും വെള്ളമെടുക്കാനെത്തിയപ്പോൾ ഗുരുചാർളി കവിതയെ അസഭ്യം പറഞ്ഞു. സംഭവമറിഞ്ഞെത്തിയ ഭർത്താവ് ചിന്നപ്പനുമായും പ്രതി വാക്കേറ്റവും അടിപിടിയുമുണ്ടായി. തുടർന്ന് ഗുരുചാർളി വീടിന്റെ ഉള്ളിൽ നിന്നും കത്തി എടുത്തു കൊണ്ട് വന്ന് ഇരുവരെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ രണ്ടു പേരെയും വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കവിതയുടെ പുറത്തും ചിന്നപ്പന്റെ നെഞ്ചിനും കൈക്കും ആണ് വെട്ടേറ്റിരിക്കുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി ഗുരുചാർളിയെ കസ്റ്റഡിയിലെടുത്തു.
by liji HP News | Mar 22, 2024 | Latest News, കേരളം
കോഴിക്കോട്: മുക്കം നെല്ലിക്കാപ്പൊയിലിൽ വിറക് ശേഖരിക്കാനിറങ്ങിയ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രണം. നെല്ലിക്കാപ്പൊയിലില്‍ സ്വദേശി ബിനുവിന്റെ ഭാര്യ മനീഷയെ (30) ആണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തിൽ മനീഷയുടെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. വലതു കാലില്‍ മൂന്നിടത്ത് പൊട്ടലേറ്റ മനീഷയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിന് മുകളിലുള്ള പറമ്പില്‍ വിറക് ശേഖരിക്കുന്നതിനിടെ ഓടിയെത്തിയ കാട്ടുപന്നി മനീഷയെ കുത്തിവീഴ്ത്തുകയായിരുന്നു. കുത്തിന്റെ ആഘാതത്തില്‍ മനീഷ താഴ്ചയിലേക്ക് വീണു. ഈ വീഴ്ചയിലാണ് കാലിന് പരുക്കേറ്റത്.മനീഷയെ ഇടിച്ചിട്ട കാട്ടുപന്നി വീടിന് സമീപത്ത് വസ്ത്രങ്ങള്‍ അലക്കുകയായിരുന്ന ബിനുവിന്റെ അമ്മയുടെ തൊട്ടടുത്ത് കൂടിയാണ് ഓടി മറഞ്ഞത്. മനീഷയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രദേശത്തെ ജനങ്ങള്‍ രാത്രി കാലങ്ങളില്‍ പന്നിയെ കണ്ടതായി പറയാറുണ്ടെങ്കിലും പകല്‍ സമയത്ത് ഇത്തരമൊരു ആക്രമണം നാട്ടില്‍ ആദ്യമായാണെന്ന് ബിനു പറയുന്നു.
Recent Comments